പ്പോഴത്തെ കോവിഡ് രണ്ടാം തരംഗവും ഇനി പ്രതീക്ഷിക്കുന്ന മൂന്നാം തരംഗവും കുട്ടികളെ കൂടുതലായി ബാധിച്ചേക്കാം എന്നൊരു ആശങ്ക പലര്‍ക്കുമുണ്ട്. ആദ്യമായി ഇതിന്റെ ശരിയായ വശം ഒന്ന് പരിശോധിക്കാം. 

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ടാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് അണുബാധ വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും ലഭ്യമായ കണക്കുകള്‍ പ്രകാരം അണുബാധ വന്നിട്ടുള്ള 10 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ഒരു ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് ഐ.സി.യു. അഡ്മിഷന്‍ ആവശ്യമായി വന്നത്. കോവിഡ് ന്യൂമോണിയ വരുന്ന കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. 

അമിത വണ്ണമുള്ളവര്‍ (പ്രത്യേകിച്ച് കൗമാര പ്രായത്തിലുള്ളവര്‍) ജന്മനാല്‍ ഹൃദയരോഗം, പ്രതിരോധക്കുറവ്, ജനിതകപരമായ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് മൂലമുള്ള സങ്കീര്‍ണതകള്‍ കൂടുതലായി കാണാന്‍ സാധ്യതയുള്ളത്. കോവിഡ് ന്യൂമോണിയ ബാധിച്ച കുട്ടികള്‍ക്കുള്ള ചികിത്സാരീതികളും മരുന്നുകളും ഏകദേശം മുതിര്‍ന്നവരുടെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിന് സമാനമാണ്.

മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ലക്ഷണം
രോ​ഗലക്ഷണം

രണ്ടാം തരംഗത്തില്‍ കുട്ടികളിലെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ശിശുരോഗവിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ (ഐ.സി.യു. പ്രവേശനം) ആവശ്യം വന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ കോവിഡ് അണുബാധ മൂലം നേരിട്ടുള്ള മരണങ്ങള്‍ കുട്ടികളില്‍ വളരെ കുറവാണ്.

കരുതിയിരിക്കേണ്ടത് പോസ്റ്റ് കോവിഡ് MISC യെ

കാവസാക്കി രോഗവുമായി വളരെ സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണപ്പെടുന്ന ഈ അസുഖം കോവിഡ് വൈറസ് ബാധ (ലക്ഷണങ്ങള്‍ ഇല്ലാത്തതുമാവാം- Sub clinical infection) യ്ക്ക് ശേഷം 2 മുതല്‍ 8 ആഴ്ച വരെയ്ക്കുള്ളില്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം മൂലം സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ മിക്ക കുട്ടികളിലും കോവിഡ് പി.സി.ആര്‍. ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ് മുതലായവ നെഗറ്റീവും ആന്റിബോഡി ടെസ്റ്റുകള്‍ പോസിറ്റീവുമായിട്ടുമാണ് സാധാരണ കാണപ്പെടുന്നത്. അതിനാല്‍ തന്നെ ഈ അസുഖം കുട്ടികളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയില്ല. തുടക്കത്തില്‍ 5 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന കുട്ടികളിലാണ് ഈ അസുഖം കൂടുതല്‍ കാണപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ മൂന്നുമാസം മുതലുള്ള ചെറിയ കുട്ടകളില്‍ പോലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
 
പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

കടുത്ത പനി, കണ്ണിലും വായിലുമുള്ള ചുവപ്പുനിറം, ശരീരത്തിലെ പാടുകള്‍ (റാഷസ്), അസുഖത്തിന്റെ തുടക്കത്തിലെ ഉണ്ടാവുന്ന ശക്തമായ വയറുവേദന, വയറിളക്കം എന്നിവ 60 ശതമാനത്തിലേറെ കുട്ടികളില്‍ കാണപ്പെടുന്നു. രോഗതീവ്രത കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദം കുറയല്‍ (ഷോക്ക്), ഹൃദയത്തിന്റെ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കല്‍( മയോകാര്‍ഡൈറ്റിസ്),  ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കല്‍, വൃക്കകള്‍, കരള്‍ തുടങ്ങിയ അവയവങ്ങളെയും ബാധിക്കാവുന്നതാണ്. 

health
രോ​ഗലക്ഷണങ്ങൾ ഉള്ള കുട്ടി

സാധാരണ ചെയ്യുന്ന ബ്ലഡ് ടെസ്റ്റായ  ക്ലംപീറ്റ് ബ്ലഡ് കൗണ്ടില്‍ ഡബ്ല്യു.ബി.സി.(പ്രത്യേകിച്ച് ലിംഫോസൈറ്റ് കൗണ്ട്), പ്ലേറ്റ്ലെറ്റ് എന്നിവയുടെ കൗണ്ട് കുറവായിട്ടാണ്  കാണപ്പെടുന്നത്. സി.ആര്‍.പി. തുടങ്ങിയ ഇന്‍ഫ്ളമേറ്ററി മാര്‍ക്കറുകള്‍ വളരെ കൂടിയതായും കാണപ്പെടുന്നു. എക്കോ ടെസ്റ്റ് മുതലായ ടെസ്റ്റുകള്‍ ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും രക്തക്കുഴലുകളെയും പരിശോധിക്കേണ്ടതുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായി ആശങ്കപ്പെടേണ്ടതില്ല. യഥാസമയം രോഗനിര്‍ണയം നടത്തി ചികിത്സ ലഭിച്ചാല്‍ മിക്ക കുട്ടികളിലും രോഗശമനം ഉണ്ടാകും. എന്നാല്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ കുട്ടികള്‍ ഗുരുതരാവസ്ഥയിലാകാന്‍ ഇടയുണ്ട്. 

പ്രധാനമായും ചികിത്സയ്ക്കായി ഐ. വി ഇമ്മ്യൂണോഗ്ലോബുലിന്‍, സ്റ്റിറോയ്ഡ്സ്, ആസ്പിരിന്‍ എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. 
  
ഇപ്പോള്‍ രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചകളില്‍ നിരവധി MISC കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കഴിഞ്ഞ ആഴ്ചകളില്‍ ഇത്തരം കേസുകള്‍ കൂടുതലായി   റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
 
2020 മെയ് മാസത്തില്‍ ഈ അസുഖം ഏഷ്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ബേബി  മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നാണ്. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നാല്‍പതിലേറെ കുട്ടികളെ ഈ അസുഖത്തില്‍ നിന്നും ചികിത്സയിലൂടെ രോഗവിമുക്തരാക്കാന്‍ സാധിച്ചു. കേരളത്തിലെ മിക്ക ശിശുരോഗ വിദഗ്ധരും ഈ അസുഖത്തെക്കുറിച്ച് ഇപ്പോള്‍ ബോധവാന്മാരാണ്. അതിനാല്‍ തന്നെ കേരളത്തിലെ മിക്ക ആശുപത്രികളിലും ഈ രോഗത്തിനുള്ള ചികിത്സയും ലഭ്യമാണ്. അതിനാല്‍ രക്ഷിതാക്കള്‍ അടുത്ത രണ്ട് മൂന്ന് മാസത്തില്‍, അതായത് കോവിഡ് അണുബാധ നിരക്ക് കുറയുന്ന സമയത്ത് കുട്ടികളിലെ ഈ കോവിഡാനന്തര സങ്കീര്‍ണതകളെക്കുറിച്ച് ( പോസ്റ്റ് കോവിഡ് കോംപ്ലിക്കേഷനുകള്‍)  ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അസുഖത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ശിശുരോ?ഗവിദഗ്ധനെ കാണിച്ച് വേണ്ട ചികിത്സ ഉറപ്പാക്കണം.

കോവിഡ് മൂന്നാം തരംഗവും കുട്ടികളും

അടുത്തതായി വന്നേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ വളരെ ഗുരുതരമായി ബാധിച്ചേക്കാം എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ പല രക്ഷിതാക്കളും ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ എന്താണ് വസ്തുത എന്ന് നോക്കാം.

health
രോ​ഗലക്ഷണങ്ങൾ ഉള്ള കുട്ടി

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പൊള്‍ ലഭ്യമല്ലാത്തതിനാല്‍   കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നാം തരംഗത്തില്‍ വര്‍ധനവുണ്ടായേക്കാമെങ്കിലും കുട്ടികളെ ഗുരുതരമായി ബാധിക്കാം എന്നത് ശക്തമായ ശാസ്ത്രീയ അടിത്തറ ഇല്ലാത്ത വാദമാണ്. എങ്കിലും കുട്ടികളില്‍ കോവിഡ് ഗുരുതരമായാല്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സ്വീകരിച്ചത് വളരെ ആശാവഹമായ കാര്യം തന്നെയാണ്. 

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

സാധാരണ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാക്സിനെടുക്കാന്‍ ആരും മടികാണിക്കരുത്. കുട്ടികള്‍ക്കുള്ള വാക്സിന്റെ ട്രയല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് രോഗസാധ്യത ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള വാക്സിന്‍ ലഭ്യമായാല്‍ ഒട്ടും വൈകാതെ അത് സ്വീകരിക്കുക.

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്

രോഗം വന്നവരില്‍ 10 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായി വരുന്നുള്ളൂ. ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. ഇവര്‍ക്ക് ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് ആവശ്യം. 

പനിക്കുള്ള മരുന്നുകള്‍,വിശ്രമം, വൈറ്റമിന്‍ സപ്ലിമെന്റുകള്‍, എന്നിവ മതിയാകും. ഒപ്പം കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും വേണം. അമിതമായ ക്ഷീണം, നീണ്ടുനില്‍ക്കുന്ന പനി, ശ്വാസതടസ്സം ഇത്തരം എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍(warning  signs) എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

(പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് , ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്)

തയ്യാറാക്കിയത്- അനു സോളമന്‍

Content Highlights: Multisystem Inflammatory Syndrome in Children (MIS-C) associated with COVID-19