കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം മുഴുവനും. ഈ സമയത്താണ് മറ്റൊരു വലിയ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസിനൊപ്പം തന്നെ മാരകമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന് ഫംഗസ് ബാധയാണ് അത്. കൊറോണ വൈറസിനെതിരേ പോരാടുന്നതിനിടയില്‍ വെല്ലുവിളിയായി എത്തിയ പുതിയ ശത്രുവിനെ ബ്ലാക്ക് ഫംഗസ് എന്നാണ് ആരോഗ്യരംഗം പേരിട്ടുവിളിക്കുന്നത്. 

മ്യൂക്കോര്‍മൈക്കോസിസ് അപകടകരമോ

70 ശതമാനം മരണകരമായേക്കാം എന്നതാണ് ഈ ഫംഗസ് ബാധയെ പേടിക്കാനുള്ള പ്രധാന കാരണം. ഫംഗസ് ബാധയേറ്റാല്‍ പലപ്പോളും ആന്റിഫംഗല്‍ തെറാപ്പി മാത്രമല്ല ശരീരഭാഗങ്ങളായ മുഖത്തെ എല്ലുകളും കണ്ണും വരെ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥവരെ വരാം. ഇത് പലപ്പോഴും പൂര്‍ണമായോ ഭാഗികമായോ രോഗിയുടെ കാഴ്ചയെ നശിപ്പിക്കും, ഒപ്പം വായിലൂടെ ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ട്യൂബുകള്‍ പോലുള്ള സംവിധാനത്തെ ആശ്രയിക്കേണ്ടിയും വരാം. നേരത്തെ തന്നെ കണ്ടെത്തിയാല്‍ കൃത്യമായി ചികിത്സിക്കാം. എന്നാല്‍ കണ്ടെത്താനുള്ള താമസം, ആന്റി ഫംഗല്‍ മരുന്നുകളുടെ കുറവ്, ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം ഈ കൊറോണക്കാലത്ത് ഭീക്ഷണിയായി നിലനില്‍ക്കുന്നുണ്ട്. 

എന്താണ് മ്യൂക്കോര്‍മൈക്കോസ്

മറ്റു പൂപ്പല്‍ രോഗങ്ങള്‍ പോലെ മ്യൂക്കോര്‍മൈക്കോസിസിന്റെ കണങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍, പ്രത്യേകിച്ച് മണ്ണില്‍ ധാരാളം ഉണ്ട്. അത് പൂപ്പലുകളുടെ ജീവിത ചക്രത്തിലെ ഒരു രൂപമാണ്. അതിനു മോശം കാലാവസ്ഥകളെയും ചൂടും തണുപ്പും ഒക്കെ അതിജീവിച്ചു കൊണ്ട്, ഭക്ഷണമോ വായുവോ വെള്ളമോ ആവശ്യമില്ലാതെ അന്തരീക്ഷത്തില്‍ നിലനില്ക്കാന്‍ സാധിക്കുന്നു. എന്നാല്‍ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ ഈ കണങ്ങള്‍ ഉള്ളില്‍ പ്രവേശിച്ച് അപകടകാരികളാവുന്നു. സാധാരണയായി നമ്മുടെ ശ്വാസത്തിലൂടെയാണ്  ഇത്തരം ഫംഗസ് കണങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അപൂര്‍വ്വമായി ചിലരുടെ മൂക്കിലോ ശ്വാസക്കുഴലിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ഇവന്‍ ശരീരത്തില്‍ പ്രവേശിക്കാം. എങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷി ഇവയെ നശിപ്പിക്കും. എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ഇവ ഇത്തരം കണങ്ങള്‍ വളരുകയും മാരകമായി മാറുകയും ചെയ്യും. കണ്ണ്, തലച്ചോറ്, സൈനസ് എന്നിവയെ ബാധിക്കുമ്പോള്‍ കൂടുതല്‍ മാരകമായിത്തീരുകയും ചെയ്യുന്നു.  

ആര്‍ക്കൊക്കെ ബാധിക്കാം

അങ്ങനെ രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനം ഡയബെറ്റിസ് അഥവാ പ്രമേഹം തന്നെയാണ് മുന്‍പില്‍.  ചെറിയപ്രമേഹം ഉള്ളവരില്‍ അല്ല അനിയന്ത്രിതമായ പ്രമേഹമുള്ള രോഗികളിലാണ് ഈ പൂപ്പലുകള്‍ മാരകമാകുന്നത്. 
മറ്റു രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥകളിലും മ്യൂക്കോര്‍മൈക്കോസിസ് കാണാം. ഉദാഹരണമായി രക്താര്‍ബുദം ബാധിച്ചവര്‍, കാന്‍സര്‍ ചികിത്സയായി കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ എടുക്കുന്നവര്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റഷന്‍ നടത്തപ്പെട്ടവര്‍, അവയവമാറ്റ ശസ്ത്രക്രിയ നടന്നവരില്‍, എച്ച്.ഐ.വി രോഗബാധിതരില്‍ എന്നിവരാണ് ഈ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍.

എന്തുകൊണ്ട് കോവിഡ്ബാധിതരില്‍ ഈ അണുബാധ വരുന്നു ?

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ കണ്ണ്, മൂക്ക്, സൈനസ്, തലച്ചോറ് എന്നീ ഭാഗങ്ങളെ ഈ ഫംഗസ് ബാധിക്കുന്നതായാണ് പഠനങ്ങള്‍. കോവിഡ് രോഗം മൂലം പ്രതിരോധശക്തി കുറയുന്നതാണ് പ്രധാന കാരണം. കോവിഡ് ബാധയ്‌ക്കൊപ്പം അനിയന്ത്രിത പ്രമേഹബാധയും ഗുരുതര വൃക്കരോഗവും ഉള്ളവരില്‍ ഫംഗസ്ബാധ മാരകമാകുന്നു. കോവിഡ് രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് ട്രീറ്റ്‌മെന്റ് എടുക്കുന്നവരിലും ഫംഗസ്ബാധ ഉണ്ടാകുന്നുണ്ട്. 

ഇത്തരം രോഗികളില്‍ ചിലര്‍ കോവിഡ് ബാധയുടെ സമയത്ത് അനിയന്ത്രിതമായ പ്രമേഹം ഉണ്ടായിരുന്നവരാണ്. ചിലര്‍ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നവരും. ചില രോഗികള്‍ കോവിഡ് ബാധമൂലം സ്റ്റിറോയിഡുകള്‍ ഉപയോഗിക്കേണ്ടി വരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുകയും ചെയ്തവരാണ്. ഇങ്ങനെയുള്ള രോഗികളിലും മ്യൂക്കോര്‍മൈക്കോസിസ് ബാധ കണ്ടെത്തിയിരുന്നു. പ്രമേഹമില്ലാത്തവരും എന്നാല്‍ മാരകമായ വൃക്കരോഗം മൂലം ഡയാലിസിസിന് വിധേയരാവുന്നവരിലും മ്യൂക്കോര്‍മൈക്കോസിസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കൊറോണ ബാധിച്ചശേഷം സ്റ്റിറോയിഡ് ചികിത്സ തേടേണ്ടി വരുന്ന രോഗികളെ കൃത്യമായി നിരീക്ഷിക്കുകയും ഫംഗസ്ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കുകയും വേണം. 

ലക്ഷണങ്ങള്‍: 

മുഖത്തെ നീര്, കണ്ണിനു ചുറ്റുമുള്ള നീര്, ഞരമ്പുകളുടെ തളര്‍ച്ച, രണ്ടായി കാണുക , കാഴ്ച മങ്ങുക, പല്ലിലോ താടിയിലോ ഉള്ള വേദന, തലവേദന, മൂക്കില്‍ നിന്നും നീരൊലിപ്പ്, മൂക്കടപ്പ്,  മൂക്കിലോ മൂക്കിനും കണ്ണിനും ഇടയിലോ ശരീരഭാഗങ്ങള്‍ കറുത്ത നിറമാവുക.  ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. 

എങ്ങനെ കണ്ടെത്താം

സംശയമുള്ള ഭാഗത്തെ ബയോപ്‌സി പരിശോധനയും നേസല്‍ എന്‍ഡോസ്‌കോപ്പിയും രോഗം കണ്ടെത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങളാണ്. രോഗബാധയേറ്റ ഭാഗത്തിന് സ്പര്‍ശനശേഷിയോ വേദനയോ ഉണ്ടാവാറില്ല. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ശേഖരിച്ച സ്‌പെസിമെന്‍ സാംപിളുകള്‍ മൈക്രോബയോളജിക്കല്‍ ടെസ്റ്റിന് വിധേയമാക്കിയും രോഗം കണ്ടെത്താം. സൈനസിന്റെയും തലച്ചോറിന്റയും എം.ആര്‍.ഐ സ്‌കാനിലൂടെയും രോഗം കണ്ടെത്താനാവും.

ചികിത്സ

ഇത് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍ -ബി എന്ന മരുന്നാണ് ഉപയോഗിക്കുന്നത്.കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടതായി വരും. കോവിഡ് ബാധിച്ച പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഉപയോഗിച്ച് കൃത്യമായി ഷുഗറിന്റെ അളവ് നിയന്ത്രിക്കണം.

എങ്ങനെ തടയാം 

പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക, പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗികള്‍ക്ക് മാസ്‌ക് ധരിപ്പിക്കുക, ആശുപത്രികളിലും രോഗികള്‍ കിടക്കുന്നിടത്തുമെല്ലാം ശുചിത്വം പ്രധാനകാര്യമാക്കുക തുടങ്ങിയവയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. 

മ്യൂക്കോര്‍മൈക്കോസിസ് പേടിക്കേണ്ട ഒരു രോഗമല്ല. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല. ആയതിനാല്‍ കൃത്യമായ രോഗി പരിചരണവും പ്രമേഹനിയന്ത്രണവും ഉണ്ടെങ്കില്‍ ഈ അണുബാധയെ അകറ്റി നിര്‍ത്താം.

Content Highlights: Mucormycosis or Black Fungus  The new face of the Covid-19 pandemic