Representative Image: Canva.com
ഇന്ന് ദേശീയ വദനാർബുദാവബോധ ദിനം. ശാസ്ത്രീയമായ അറിവുകൾ മാത്രമേ പ്രചരിപ്പിക്കുകയുള്ളൂ തെറ്റിദ്ധരിപ്പിക്കുന്ന അശാസ്ത്രീയ സന്ദേശങ്ങളെ അപ്പാടെ തള്ളും എന്ന പ്രതിജ്ഞ ഓരോരുത്തരും കൈക്കൊള്ളണം. ഈ സന്ദർഭത്തിൽ വായിലെ ക്യാൻസറിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
പുകയില ജന്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, ഒരുപാട് സമയം പൊരിവെയിലത്ത് പണിയെടുക്കുന്നത്, ചില വൈറസുകൾ കാരണം, പോഷകരഹിതമായ ആഹാരശീലങ്ങൾ കൊണ്ട്, വിഷാദവും മാനസിക സമ്മർദവും കൊണ്ടെല്ലാം വായിലെ ക്യാൻസർ സംഭവിക്കുന്നു. വായിലെ അർബുദത്തിന് മുന്നോടിയായി ചില വ്യതിയാനങ്ങൾ സാധാരണയായി കാണപ്പെടുന്നു. ഇവയെ പൂർവ്വാർബുദ അവസ്ഥകൾ എന്ന് പറയുന്നു.
എത്ര മായ്ച്ചാലും മായാത്ത വെള്ളപ്പാടുകൾ (ധവളപടലം), ചുവന്ന പാടുകൾ (ശോണപടലം), മൂന്നാഴ്ചയിലേറെയായി ഉണങ്ങാതെ നിൽക്കുന്ന മുറിവുകൾ ഒക്കെ ശ്രദ്ധിക്കേണ്ടവയാണ്.
Also Read
ഒരു ചെറുപ്പക്കാരന്റെ മുഖം മനസിലേയ്ക്ക് ഓടിയെത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കോളേജിൽ അവസാന വർഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് ആ സുഹൃത്തിനെ കാണുന്നത്. കവിളിന്റെ ഉൾഭാഗത്ത് വേദനയില്ലാത്ത ഒരു മുഴ പോലെ ഒരു ദശാവളർച്ച. ആ പോസ്റ്റിംഗ് കഴിഞ്ഞു പോയി. പിന്നീട് ഹൗസ് സർജൻസി സമയത്ത് രക്തദാനത്തിനായി RCCയിൽ പോയ സമയം യാദൃശ്ചികമായി ആ സുഹൃത്തിനെ വീണ്ടും കണ്ടു. ശസ്ത്രക്രിയ ചെയ്ത് നാവിന്റെ പകുതിയോളവും താടിയെല്ലിന്റെ പകുതിയും മുറിച്ചു മാറ്റിയിരുന്നു. പ്രത്യാശയുടെ തിളക്കമുണ്ടായിരുന്ന അന്നത്തെ കണ്ണുകളിൽ ഇന്ന് നേർത്ത മൂടൽ. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളും ഒത്തിരി വ്യതിയാനങ്ങൾ ആ മുഖത്ത് വരുത്തിയിരുന്നു. മുടിയൊക്കെ കൊഴിഞ്ഞ് മുഖമൊക്കെ നീർവീക്കം വന്ന അവസ്ഥയിലായിരുന്നു. പതിയെ എന്നെ നോക്കി ചെറിയൊരു പുഞ്ചിരി തൂകി. ആ ചെറുപ്പക്കാരന് പ്രത്യേകിച്ച് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ തവണ ഒരു കൗതുകത്തിന് പുകവലിയും പാൻമസാലയും ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇന്നും സിനിമാ തിയേറ്ററിൽ പുകയിലയെക്കുറിച്ചുള്ള സന്ദേശവും അതിലെ ഓറൽ കാൻസർ വന്ന് ശസ്ത്രക്രിയ ചെയ്ത യുവതിയെ കാണിക്കുമ്പോൾ എന്റെ മനസിൽ ഈ സുഹൃത്തിന്റെ മുഖമാണ് ഓടിയെത്തുക.
പ്രിയപ്പെട്ടവരേ പറയാനുള്ള പ്രധാന കാര്യമിതാണ്. എല്ലാ ദിവസവും വായ സ്വയം പരിശോധന നടത്തണം. ചുണ്ടുകളുടെ പുറംഭാഗം, ഉൾഭാഗം, അരികുകൾ, നാവിന്റെ ഉപരിഭാഗം, അടി ഭാഗം, കവിളുകളുടെ ഉൾഭാഗം, മോണ,അണ്ണാക്ക് എന്നീ എട്ട് സ്ഥലങ്ങൾ ദിവസവും പരിശോധിക്കുക. ഓറൽ ക്യാൻസർ ക്യാമ്പുകളും അവബോധ ക്ലാസുകളും പരമാവധി പ്രയോജനപ്പെടുത്തണം.ബയോപ്സി വേണമെന്ന് നിർദ്ദേശിക്കുന്ന വേളയിൽ അതിന് സഹകരിക്കുകയും വേണം.
നാവും പല്ലുകളും അസ്ഥിയും അതിലുപരി നമ്മുടെ മുഖവും ലസികാ ഗ്രന്ഥികളുമൊക്കെ എന്നും ആരോഗ്യസ്ഥിതിയിൽ തന്നെ ഇരിക്കട്ടെ. ആ സുഹൃത്തിനെ പോലെ ഇനിയും ഒരുപാട് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ കാണാനിട വരാതിരിക്കട്ടെ. ഒരുമിക്കാം പോരാടാം തുടച്ചു മാറ്റാം വദനാർബുദം.
തിരുവനന്തപുരം ഗവ.അർബൻ ഡെന്റൽ ക്ലിനിക്കിൽ കൺസൾട്ടന്റ് പെരിയോഡെന്റിസ്റ്റ് ആണ് ലേഖകൻ
Content Highlights: mouth cancer awareness day, symptoms of oral cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..