രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനെക്കുറിച്ച് അമ്മമാര്‍ രണ്ടുവട്ടം ആലോചിക്കുന്നതായി പഠനം. കോവിഡ് 19 ഉണ്ടാക്കിയ നിലവിലെ സാഹചര്യമാണ് കാരണം. കോവിഡ് വരുന്നതിന് തൊട്ട് മുമ്പ് രണ്ടാമത്തെ കുഞ്ഞിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു ഇവര്‍. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇക്കാര്യമേ വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ജാമ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

എന്‍.വൈ.യു. ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് സിറ്റിയിലുള്ള 1179 അമ്മമാരാണ് പഠനത്തില്‍ പങ്കെടുത്തത്. 

കോവിഡ് സൃഷ്ടിച്ച ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കപ്പുറം അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ എപിഡമോളജിസ്റ്റ് ലിന്‍ഡ കാഹന്‍ പറഞ്ഞു. അമ്മമാരുടെ പ്രായം കൂടുന്നത് ഗര്‍ഭാവസ്ഥ കൂടുതല്‍ അപകടകരമാക്കും. ഒപ്പം ഗര്‍ഭിണിയാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അതിനാല്‍, കോവിഡ് കാരണം ഗര്‍ഭിണിയാകാനുള്ള തയ്യാറെടുപ്പുകള്‍ നീട്ടി വെക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടമാണ്-അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വയസ്സിനും അതിനുതാഴെയോ പ്രായമുള്ള കുട്ടികളുള്ള അമ്മമാരാണ് പഠനത്തില്‍ പങ്കെടുത്തവരെല്ലാം. കോവിഡ് തുടങ്ങിയതിനുശേഷം യു.എസില്‍ ജനനനിരക്കില്‍ കുത്തനെ ഇടിവുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോഗ്യവിദഗ്ധര്‍ കണക്കാക്കിയതിനേക്കാള്‍ 2020-ല്‍ മൂന്ന് ലക്ഷം കുറവ് ജനനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകളില്‍ കണ്ടെത്തിയിരുന്നു. 

കൂടുതല്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നതും സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരും രണ്ടാമത് ഒരു കുഞ്ഞിനുകൂടി ജന്മം കൊടുക്കാനുള്ള തീരുമാനം മാറ്റിവെക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്തതായി പഠനം കൂട്ടിച്ചേര്‍ത്തു.

Content highlights: mothers are thinking twice about having more children and its because of the covid 19pandemic