ഫ്‌ളോറിഡ: ജനിച്ച് ഏഴ് മാസത്തിനു ശേഷം സയാമീസ് ഇരട്ടകളായ ജെസ്സിയും റെമിയും വേര്‍പിരിഞ്ഞു. ഇനിയവര്‍ രണ്ട് ശരീരങ്ങളായി ജീവിക്കും. ശരീരം വേര്‍തിരിക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞതിനു ശേഷം ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. 

ഇക്കഴിഞ്ഞ മെയ്യിലാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള അങ്കി-ആന്‍ഡ്രെ ദമ്പതികള്‍ക്ക് ശരീരങ്ങള്‍ കൂടിച്ചേര്‍ന്ന നിലയില്‍ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങള്‍ പിറന്നത്. വയറും നെഞ്ചും തുടങ്ങി ആന്തരികാവയവങ്ങളില്‍ മിക്കതും കൂടിച്ചേര്‍ന്ന നിലയിലായിരുന്നു കുഞ്ഞുങ്ങള്‍. 

ശരീരഭാഗങ്ങള്‍ വലിപ്പം വെയ്ക്കുന്നതിനു മുന്‍പ് ശസ്ത്രക്രിയ നടത്തുന്നതാവും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ ഹെല്‍ത്ത് ഷാന്റ്‌സ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വെച്ച് ശരീരം വേര്‍തിരിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഏഴ് മാസത്തിനിടെ ഏഴോളം ശസ്ത്രക്രിയകള്‍ നടത്തിയാണ് കുട്ടികളെ വേര്‍തിരിച്ചത്. പത്ത് ആഴ്ച പ്രായമുള്ളപ്പോഴായിരുന്നു ആദ്യ ശസ്ത്രക്രിയ. ശരീരം വേര്‍തിരിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

twins
Image: Facebook/Andre pitre 

"2016ലാണ് അങ്കിയും ആന്‍ഡ്രേയും വിവാഹിതരായത്. തുടര്‍ന്ന് 2017ല്‍ അങ്കി ഗര്‍ഭം ധരിച്ചു. ആദ്യ സ്‌കാനിംഗില്‍ തന്നെ ഇരുവര്‍ക്കും ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശരീരം ചേര്‍ന്ന നിലയിലാണെന്ന് അറിഞ്ഞപ്പോഴേക്കും വളരെ വൈകി. വലിയ സങ്കടമായിരുന്നു അതറിഞ്ഞപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. ഏഴ് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഞങ്ങളുടെ കുട്ടികള്‍ പൂര്‍ണ ആരോഗ്യത്തോടെയാണുള്ളത്" - അങ്കിയും ആന്‍ഡ്രേയും പറയുന്നു.

Content Highlight: conjoined twin girls, Florida Conjoined twins, Conjoined twins from Apopka