ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. അതിനോടൊപ്പം തന്നെയാണ് ഇത്തവണ മഴക്കാലവുമെത്തുന്നത്. മഴക്കാലമെന്നത് സ്വാഭാവികമായും രോഗങ്ങളുടെ കാലം അതായത് പലതരം പനികളുടെ കാലമാണ്. കോവിഡിനോടൊപ്പം മഴക്കാലരോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്.  വായുവില്‍ നിന്ന് വരുന്നവ, ജന്തുക്കളില്‍ നിന്ന് വരുന്നവ, കൊതുകുകള്‍ മൂലം വരുന്നവ, ജലജന്യമായി വരുന്നവ എന്നിങ്ങനെ നാല് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ പടരുന്നത്. 80 ശതമാനം പനികളും വായുവില്‍ കൂടി പകരുന്നവയാണ്.കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ എന്നിവയിലൂടെമഴക്കാലരോഗങ്ങളെക്കൂടി പ്രതിരോധിക്കാനാവും.  

മഴക്കാലത്ത് പലതരം പനികള്‍ പകരാം

വൈറല്‍പ്പനി സാധാരണ കണ്ടുവരുന്നത് ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ്. വൈറല്‍ പനികളുടെ പൊതുവായ സ്വഭാവം ശക്തിയായ പനി, മൂക്കൊലിപ്പ്,തലവേദന, കണ്ണിനു പിറകില്‍വേദന, ശരീരവേദന എന്നിവയൊക്കെയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയുമുണ്ടാവാം. ഡെങ്കിപ്പനിയാണെങ്കില്‍ കണ്ണുകള്‍ക്കും ശരീരത്തിനും സാധാരണയില്‍ കവിഞ്ഞ് ചുവപ്പ് രാശികലര്‍ന്ന നിറംകാണാറുണ്ട്. ശരീരത്തില്‍ ചുവന്ന നിറത്തില്‍ ചെറിയ കുത്തുകള്‍ കണ്ടാല്‍ അത് ഡെങ്കിപ്പനിയാവാന്‍ സാധ്യതയേറെയാണ്. 

ചിക്കുന്‍ഗുനിയ ബാധിച്ചിട്ടുണ്ടെങ്കില്‍ കടുത്ത സന്ധിവേദനയും അസ്ഥിവേദനയുംഅനുഭവപ്പെടാം. എച്ച് വണ്‍ എന്‍ വണ്‍ പനി സാധാരണയില്‍ കവിഞ്ഞ കഠിനമായ പനിയും തലവേദനയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനോടൊപ്പം തൊണ്ടവേദനയും ചുമയും ജലദോഷവുമുണ്ടാകും. സാധാരണ മരുന്നുകള്‍ കൊണ്ട് പനി കുറയുന്നില്ലെങ്കില്‍ തൊണ്ടയിലെ ശ്രവങ്ങള്‍ എടുത്ത് പരിശോധന നടത്തേണ്ടി വരും.

ജപ്പാന്‍ജ്വരം ഒരു മസ്തിഷ്‌ക ജ്വര ബാധയായിട്ടാണ് കാണപ്പെടുന്നത്. കഠിനമായ പനി, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, പൊള്ളുന്ന തലവേദന, എന്നിവയില്‍ തുടങ്ങി രോഗിയുടെ ബോധമണ്ഡലത്തിലേക്ക് തന്നെ ആക്രമണം നടത്തുമ്പോഴാണ് ഇത് ഗുരുതരമാവുന്നത്. 

എലിമൂത്രത്തിലൂടെ വെള്ളത്തില്‍ കലരുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. കാലിലെ മുറിവിലൂടെയും വ്രണങ്ങളിലൂടെയും ഇത് ശരീരത്തില്‍ എത്തും. ആന്തരികാവയവങ്ങളെ ബാധിക്കുന്നത് മരണത്തിലേക്ക് പോലും നയിക്കാം. ശക്തിയായ പനിയും ഛര്‍ദ്ദിയുമായാണ് ഇതിന്റെ രോഗലക്ഷണം.കൂടാതെ ശരീരവേദന, കണ്ണുകള്‍ക്ക് മഞ്ഞയും ചുവപ്പും നിറം, മൂത്രത്തില്‍ രക്തം, നടുവേദന, പേശിവേദന എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു.  അസുഖം ഗുരുതരമാവുമ്പോള്‍ കരളിന്റെയും വൃക്കയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുമ്പോഴാണ്. ജീവന്‍രക്ഷാ ഔഷധങ്ങള്‍ നല്‍കുന്നതാണ് സാധാരണ അവലംബിക്കാറുള്ള ചികിത്സാക്രമം. വേദനയ്ക്കും പനിയ്ക്കുമൊക്കെ പാരസെറ്റാമോള്‍തുടങ്ങിയ മരുന്നുകളും മറ്റുസഹായ ഔഷധങ്ങളും നല്‍കാറുണ്ട്. 

തിരിച്ചറിയാം 

ഇന്നത്തെക്കാലത്ത് പനികളെ തിരിച്ചറിയാന്‍ മികച്ച ലബോറട്ടറി പരിശോധനകള്‍ ലഭ്യമാണ്. ഡെങ്കി, ചിക്കുന്‍ഗുനിയ പോലുള്ള പനികളെ രക്തപരിശോധനകള്‍ കൊണ്ട് കൃത്യമായി തിരിച്ചറിയാന്‍ കഴിയും. പന്നിപ്പനി (എച്ച് വണ്‍ എന്‍ വണ്‍) തൊണ്ടയിലെ സ്രവപരിശോധനവഴി നിര്‍ണയം ചെയ്യാം. ജപ്പാന്‍ ജ്വരം തിരിച്ചറിയുന്നത് ഐജിഎം-ഐജിജി പരിശോധനകള്‍ വഴിയാണ്. നട്ടെല്ലിലെ ദ്രാവകം(സിഎസ്എഫ്) പരിശോധനകള്‍ക്കുപയോഗിക്കാറുണ്ട്. ആന്റിജന്‍ പരിശോധനകളും സീറോളജിക്കല്‍ പരിശോധനകളും എലിപ്പനിയുടെ രോഗനിര്‍ണയം കൃത്യമാക്കും. 

പനി ബാധിച്ചാല്‍

  • ശാരീരികവിശ്രമം, ജലപാനം എന്നിവയാണ് അഭികാമ്യം. ശാരീരികമായ പൂര്‍ണവിശ്രമം രോഗാവസ്ഥയെ കഠിനമാക്കുന്നതില്‍ നിന്ന് ഒരു പരിധിവരെ തടയുന്ന ഘടകമാണ്. 
  • ധാരാളം ശുദ്ധജലം കുടിക്കണം. 
  • ഭക്ഷണം നന്നായി വിശക്കുന്നുവെങ്കില്‍ മാത്രം മതി. പെട്ടെന്ന് ദഹിക്കുന്ന കഞ്ഞിപോലെയുള്ള ഭക്ഷണങ്ങളാണുത്തമം. ശാരീരിക പ്രവര്‍ത്തനങ്ങളൊക്കെ പനിബാധയില്‍ മന്ദീഭവിക്കുന്നതിനാല്‍ കഴിയുന്നതും ദഹനേന്ദ്രിയങ്ങള്‍ക്കും വിശ്രമം നല്‍കേണ്ടതാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിശപ്പിനനുസരിച്ച്് കഴിയ്ക്കാം.
  •  പുസ്തകവായന, വ്യായാമങ്ങള്‍എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. കണ്ണിന് കൂടുതല്‍ ആയാസം കൊടുക്കാതിരിക്കുന്നതിനായി ടി.വി കാണുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 
  • ശുദ്ധവായു, വെളിച്ചം എന്നിവ രോഗിക്ക് ലഭ്യമാക്കണം.
  • സ്വയംചികിത്സ അപകടകരമായ ഒരുശീലമാണ്. അതിനാല്‍ സ്വയംചികിത്സ ഒഴിവാക്കിഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രം മരുന്ന് കഴിക്കുക.
  • പനി 100 ഡിഗ്രിസെല്‍ഷ്യസ് വരെ നമുക്ക് കാത്തിരിക്കാം. 100 ഡിഗ്രിക്ക് മുകളിലേക്ക് പോകുമ്പോള്‍ നിശ്ചയമായും മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങണം. ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനം മതിയാവുന്നില്ല എന്നതിന്റെ ലക്ഷണമാണിത്. 
  • പനിക്കാലത്തിനു മുന്‍പെങ്കിലും പ്രതിരോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, കൃത്യമായ ചികിത്സ തേടുക.

(വടകര ആശാ ഹോസ്പിറ്റലിലെ ഫെല്ലോ ഇന്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ (ഐഡിഎസ്എ) ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖകന്‍)

Content Highlights: monsoon diseases prevention during coronavirus