മങ്കിപോക്സും കുരങ്ങുപനിയും ഒന്നാണോ?; അറിയാനുണ്ട് ഏറെ, കരുതാനും


വീണ ചിറക്കൽ(veenacr@mpp.co.in)

4 min read
Read later
Print
Share

കുരങ്ങുപനിയുടെയും മങ്കിപോക്സിന്റെയും വ്യാപനരീതിയും രോ​ഗലക്ഷണങ്ങളുമെല്ലാം പാടേ വ്യത്യസ്തമാണ്. 

Representative Image | Photo: Reuters

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാ​ഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ ആഫ്രിക്കയിലുൾപ്പെടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മങ്കിപോക്സും ഇവിടെ കണ്ടുവരുന്ന കുരങ്ങുപനിയും ഒന്നാണോ എന്ന സംശയം പലർക്കുണ്ട്. പേരിലെ സാമ്യമൊഴിച്ചാൽ ഇരു രോ​ഗങ്ങളും തമ്മിൽ അജ​ഗജാന്തരമുണ്ട്. കുരങ്ങിൽ ആദ്യമായി കാണപ്പെട്ടു എന്നതുകൊണ്ടു മാത്രമാണ് ഇരുരോ​ഗങ്ങളും കുരങ്ങിന്റെ പേരിൽ പിന്നീട് അറിയപ്പെടാൻ കാരണമായത്. കുരങ്ങുപനിയുടെയും മങ്കിപോക്സിന്റെയും വ്യാപനരീതിയും രോ​ഗലക്ഷണങ്ങളുമെല്ലാം പാടേ വ്യത്യസ്തമാണ്.

മങ്കിപോക്സ് അല്ല കുരങ്ങുപനി

ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു കഴിഞ്ഞു. കുരങ്ങുപനി എന്ന് ഇവിടെ പറയുന്നത് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോ​ഗമാണ്. കർണാടകയിലെ ഷിമോ​ഗയിലും അതിർത്തിപ്രദേശമായ വയനാട് ഉൾപ്പെടെയുള്ള വനമേഖലകളിലുമാണ് കുരങ്ങുപനി കൂടുതലായി കാണുന്നത്. രണ്ടും വൈറൽ ഇൻഫെക്ഷൻ ആണ് എന്നതുമാത്രമാണ് ഇവ തമ്മിലുള്ള ഏക സാമ്യം. അല്ലാതെ പകർച്ചാരീതിയിലോ ലക്ഷണങ്ങളുടെ കാര്യത്തിലോ രണ്ടുരോ​ഗങ്ങള്‍ക്കും ബന്ധമില്ല.

ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് ബാധിച്ച ഇന്ത്യയിലെ സംസ്ഥാനങ്ങൾ | Photo: ncdc.gov.in

1957 മാർച്ച് പത്തൊമ്പതിന് കർണാടകത്തിലാണ് കുരങ്ങുപനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ക്യാസനൂർ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയ വൈറസ് എന്നതിനാലാണ് രോ​ഗത്തിന് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന പേരു വന്നത്. ആ സമയത്ത് ധാരാളം കുരങ്ങുകളിൽ വൈറസ് കാണപ്പെട്ടിരുന്നു, അങ്ങനെയാണ് പിന്നീട് കുരങ്ങുപനി എന്ന പേര് വരാൻ കാരണം.

ഡെങ്കി​വൈറസിന്റെ അതേ​ഗണത്തിൽ പെടുന്ന ഫ്ളാവിവിറിഡേ ആണ് കുരങ്ങുപനിയുടെ കാരണക്കാരൻ. ചെള്ള് കടിക്കുന്നതുവഴിയാണ് ഈ വൈറസ് കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. അതായത് കുരങ്ങുപനി പരത്തുന്നത് ചെള്ളാണ്. വൈറസ് ബാധിച്ച കുരങ്ങ് കടിക്കുകയോ മറ്റോ ചെയ്താൽ വൈറസ് ബാധിക്കാനിടയുണ്ട്. കുരങ്ങുകളെക്കൂടാതെ എലി-അണ്ണാൻ വർ​ഗത്തിൽപ്പെട്ട ജീവികളിലൂടെയും രോ​ഗവ്യാപനം സംഭവിക്കാം. ഡങ്കിപ്പനിയുടേ അതേ സ്വഭാവം തന്നെയാണ് കുരങ്ങുപനിയുടേതും. ലക്ഷണങ്ങളും ഏറെക്കുറെ അതിനു സമാനമാണ്. വനമ്പ്രദേശങ്ങളിൽ ഇടയ്ക്കിടെ പോവുകയും വൈറസ് ബാധിച്ച കുരങ്ങുമായി അടുത്തിടപഴകുകയും ചെയ്തവർക്കാണ് രോ​ഗം വരാൻ സാധ്യതയേറെയുള്ളത്.

കുരങ്ങുപനിയുടെ ലക്ഷണങ്ങളും ചികിത്സയും

പനി, ശരീരവേദന, ​ഗ്യാസ്ട്രൈറ്റിസ്, ശർദി തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ആദ്യഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ. ചികിത്സ ലഭിക്കാതെ രോ​ഗിയുടെ അവസ്ഥ ​ഗുരുതരമാകുമ്പോൾ ഡങ്കിപ്പനിക്ക് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോവുക. പ്ലേറ്റ്ലേറ്റ് കുറയുക, ബി.പി കുറയുക, രക്തസ്രാവം തുടങ്ങിയവ ​ഗുരുതരാവസ്ഥയിൽ സംഭവിക്കാം. ഡെങ്കിക്ക് സമാനമായി തലച്ചോറിനെ ബാധിച്ചാൽ തലവേദന, കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ, മാനസികാസ്വസ്ഥ്യം തുടങ്ങിയവയും സംഭവിക്കാം. രക്തസ്രാവം തലച്ചോറിൽ നിന്നോ വയറിൽ നിന്നോ ഒക്കെ സംഭവിക്കാം ഒപ്പം മെനിഞ്ചൈറ്റിസ് പോലുള്ള രോ​ഗാവസ്ഥയിലേക്കും എത്താം. ഡെങ്കിപ്പനി ചികിത്സിക്കാതെ ഇരിക്കുമ്പോൾ എന്തെല്ലാമാണോ സംഭവിക്കാൻ സാധ്യതയുള്ളത് അവ തന്നെ ഇവിടെയും ആവർത്തിക്കാം. ഡെങ്കിയിൽ കൊതുകാണ് വൈറസ് പരത്തുന്നത്, ഇവിടെ ചെള്ളാണ് എന്നതാണ് പ്രധാന വ്യത്യാസം.

ഇന്ത്യയിൽ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് ബാധിച്ച ഇടങ്ങളും വർഷവും | Photo: https://www.ncbi.nlm.nih.gov/pmc/articles/PMC6206778/

കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സിച്ചാൽ ഭയപ്പെടേണ്ടാത്ത രോ​ഗമാണ് കുരങ്ങുപനി. പക്ഷേ പലപ്പോഴും തുടക്കത്തിൽ വേണ്ട ടെസ്റ്റുകൾ നടത്തി കുരങ്ങുപനി ആണെന്ന് ഉറപ്പുവരുത്താത്തതിനാൽ പലർക്കും മതിയായ ചികിത്സ ലഭ്യമാകാതിരിക്കുന്നു. വ്യാപന സമയത്താണ് മിക്കയിടങ്ങളിലും ടെസ്റ്റുകൾ നടത്താറുള്ളത്. ആർടിപിസിആർ ടെസ്റ്റ് വഴി രക്തസാമ്പിളുകളെടുത്താണ് രോ​ഗ നിർണയം നടത്തുന്നത്. ഡെങ്കിക്ക് സമാനമായ ചികിത്സ തന്നെയാണ് കുരങ്ങുപനിക്കും കൊടുക്കുന്നത്. രോ​ഗിയെ നിരീക്ഷിച്ച് അതിനനുസരിച്ച ചികിത്സയാണ് നൽകുക. അഡ്മിറ്റ് ചെയ്ത് പനി കുറയ്ക്കാനുള്ള മരുന്ന് നൽകുന്നതിനൊപ്പം ബ്ലഡ് കൗണ്ട് നിരീക്ഷിച്ചു കൊണ്ടിരിക്കും. കൗണ്ട് കുറയുന്നുണ്ടെങ്കിൽ അതിനുള്ള ചികിത്സ നൽകും. രോ​ഗവ്യാപനമുള്ളപ്പോൾ ഫോർമാലിൻ ഇൻആക്റ്റിവേറ്റഡ് വാക്സിൻ എന്നൊരു വാക്സിനും രോ​ഗപ്രതിരോധത്തിനായി നൽകി വരുന്നുണ്ട്.

പകർച്ചാസ്വാഭാവം കോവിഡിലേതു പോലെ വ്യാപകമായി ഉണ്ടാവില്ല. ഒരാളിൽ നിന്ന് മറ്റൊരാൾക്ക് എന്ന രീതിയിൽ പകർച്ചാസാധ്യത വളരെ കുറവാണ്. ആദ്യം കുരങ്ങിൽ അതിൽ നിന്ന് ചെള്ളിലേക്ക്, ചെള്ളിൽ നിന്ന് മനുഷ്യനിലേക്ക് എന്നതാണ് പകർച്ചാരീതി. പക്ഷേ ഒരു സ്ഥലത്ത് ഔട്ട്ബ്രേക് വന്നാൽ പകർച്ചാസാധ്യത കൂടാം. കൊറോണ പോലൊരു വ്യാപനശേഷി കുരങ്ങുപനിക്ക് ഇല്ലെന്നതാണ് വാസ്തവം.

കുരങ്ങിൽ മാത്രമല്ല മങ്കിപോക്സ്

1958ൽ സെൻട്രൽ ആഫ്രിക്കയിലാണ് രോ​ഗം ആദ്യമായി കണ്ടെത്തിയത്. ലക്ഷണങ്ങളുള്ള ഒരു കുരങ്ങനിൽ രോ​ഗം കണ്ടെത്തിയതിനാൽ തന്നെ പിന്നീട് മങ്കിപോക്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്ത്യയിൽ ഉന്മൂലനം ചെയ്ത സ്മോൾ പോക്സിന് സമാനമാണ് മങ്കിപോക്സ്. ആ ജനുസ്സിൽപ്പെടുന്ന ഓർത്തോപോക്സ് വൈറസ് ആണ് ഈ മങ്കിപോക്സ് ഉണ്ടാക്കുന്നത്. ആഫ്രിക്കൻ വനമ്പ്രദേശങ്ങളിലാണ് വൈറസ് കൂടുതലായി കാണുന്നത്. വൈറസ് ബാധിച്ച കുരങ്ങുകളിൽ നിന്നും എലി-അണ്ണാൻ പോലുള്ള ജീവികളിൽ നിന്നുമാണ് മങ്കി പോക്സ് പിടിപെടാനുള്ള സാഹചര്യം ഉള്ളത്. അവയിൽ നിന്നുള്ള ഉമിനീര്, കടി, സ്രവങ്ങൾ തുടങ്ങിയവയിലൂടെയാണ് ഈ രോ​ഗം പകരുന്നത്. മങ്കിപോക്സിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡിന് സമാനമായി റെസ്പിറേറ്ററി ഡ്രോപ്ലെറ്റ്സിലൂടെയാണ് പകർച്ചാ സാധ്യത കൂടുതൽ. മങ്കിപോക്സ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് രോ​ഗം പകരാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങളും ചികിത്സയും

കുരങ്ങുപനിയിൽ നിന്ന് വ്യത്യസ്തമാണ് മങ്കിപോക്സിലെ ലക്ഷണങ്ങൾ. എല്ലാ വൈറൽ ഇൻഫെക്ഷനുകളിലും കാണാറുള്ള പനി, തലവേദന, സന്ധിവേദന തുടങ്ങിയവയൊക്കെ സാധാരണമാണ്. ഒപ്പം കഴലവീക്കം, സ്മോൾ പോക്സിന് സമാനമായി ശരീരത്തിൽ കുമിളകൾ പൊങ്ങുന്നത് എന്നിവ ഇവയുടെ പ്രധാന ലക്ഷണമാണ്. വൈറസ് ബാധിച്ച് പതിനാലു ദിവസത്തിനുള്ളിൽ ശരീരത്തിൽ കുമിളകൾ കണ്ടുതുടങ്ങുകയും ചെയ്യും.

മങ്കിപോക്സിന് brincidofovir, pecovirimat എന്നീ മരുന്നുകൾ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ വൈറൽ ഇൻഫെക്ഷനു വരുന്ന ചികിത്സ മാത്രമാണ് ഇവിടെയും സ്വീകരിക്കുന്നത്. കുമിളകളിൽ നിന്നെടുക്കുന്ന സ്രവത്തിലൂടെ ആർടിപിസിആർ ടെസ്റ്റിലൂടെയാണ് രോ​ഗനിർണയം നടത്തുന്നത്. കുമിളകളിൽ ഇൻഫെക്ഷൻ ബാധിക്കുകയും അത് രക്തത്തിൽ കലരുകവഴി ശരീരത്തിലെ മറ്റു പലഭാ​ഗങ്ങളെയും ബാധിക്കുന്നത് മങ്കിപോക്സിന്റെ ​ഗുരുതരാവസ്ഥയിൽ ഒന്നാണ്. ഒപ്പം തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മങ്കിപോസിന്റെ മരണസാധ്യത പത്തുശതമാനമാണ്.

സ്മോൾ പോക്സിന് നൽകിയിരുന്ന വാക്സിനുകൾ തന്നെയാണ് മങ്കിപോക്സിനും ഫലപ്രദമായി കണ്ടെത്തിയത്. സ്‌മോൾ പോക്‌സ് വാക്‌സിൻ ഈ രോഗത്തിനെതിരെ 85 ശതമാനത്തിലധികം രോഗപ്രതിരോധ ശേഷി നൽകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സ്മോൾ പോക്സ്പോ ഉന്മൂലനം ചെയ്തതോടെ വാക്സിൻ ലഭ്യമാകാത്തതാണ് ഈ സാഹചര്യത്തിൽ വെല്ലുവിളി ഉയർത്തുന്നത്.

മുൻകരുതലുകൾ

രണ്ടു രോ​ഗവും വനമേഖലയുമായി ബന്ധപ്പെട്ട് അടുത്തിടപഴകി ജീവിക്കുന്നവരിലാണ് കൂടുതൽ കണ്ടെത്തുന്നത്. അതിനാൽ അത്തരത്തിലുള്ള സമ്പർക്കം നേരിടുമ്പോൾ പരമാവധി കരുതൽ പുലർത്തുക എന്നതാണ് പ്രധാനം. മങ്കിപോക്സിന് വ്യാപനം കൂടുതലായതിനാൽ വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവരും കൂടുതൽ ശ്രദ്ധിക്കുക. കോവിഡിൽ പുലർത്തിയിരുന്ന മുൻകരുതലുകൾ തന്നെയാണ് മങ്കിപോക്സിലും പാലിക്കേണ്ടത്. രോ​ഗിയുമായി ഇടപഴകുന്ന സാഹചര്യങ്ങളിൽ മാസ്ക് വെക്കുകയും സാനിറ്റൈസർ ഉപയോ​ഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. ഒപ്പം ചെള്ള് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും പാലിക്കുക. കൂടാതെ രോ​ഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മതിയായ ചികിത്സ തേടുക എന്നതാണ് ഇരു രോ​ഗങ്ങളിലും പ്രധാനം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സൗമ്യ സത്യൻ
കൺസൾട്ടന്റ് ഫിസിഷ്യൻ
മൗലാന ഹോസ്പിറ്റൽ
പെരിന്തൽമണ്ണ

Content Highlights: monkeypox and kyasanur forest disease, viral fever, monkey fever

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


kidney

2 min

പുകവലിയും മദ്യപാനവും നിർത്താം, ഡയറ്റ് ക്രമീകരിക്കാം; വൃക്കരോ​ഗത്തെ പ്രതിരോധിക്കാനുള്ള വഴികൾ

Mar 9, 2023


suicide
Premium

4 min

പ്രണയനൈരാശ്യം മുതൽ ഫോൺ കിട്ടാത്തതുവരെ ആത്മഹത്യയിൽ അവസാനിക്കുന്ന അവസ്ഥ !

Sep 10, 2023


Most Commented