'പത്തു രൂപ കിട്ടിയാലും ഇപ്പോള്‍ ഞങ്ങള്‍ വാങ്ങും സിസ്റ്ററെ'.എനിക്ക് ജീവിക്കണം. എന്റെ കുഞ്ഞുങ്ങളെ വളര്‍ത്തണം. ഞങ്ങള്‍ക്ക് വീട് വേണം.' കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ശസ്ത്രക്രിയ ചെയ്യാന്‍ പോകുന്നതിനു മുമ്പ് മഞ്ജു പാലിയേറ്റീവ് കെയറിലെ നഴ്‌സായ ഷീലാറാണിയോട് പറഞ്ഞതാണ് ഇത്. 

ലോട്ടറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന മണിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ വാളമ്പറമ്പിലെ വാടകവീട്ടിലാണ് മണിയും ഭാര്യയും താമസിക്കുന്നത്. അപ്രതീക്ഷിതമായി ജീവിതം വഴിമുട്ടിയ കഥയാണ് മണിക്ക് പറയാനുള്ളത്. '2004 ഡിസംബറില്‍ ഒരു അപകടത്തില്‍ എന്റെ ഭാര്യ മരിച്ചു. രണ്ടു മക്കള്‍ ഞങ്ങള്‍ക്കുണ്ട്. ഏഴു വര്‍ഷം കഴിഞ്ഞ് രണ്ടാമതൊരു വിവാഹം കഴിച്ചു. മകന് മൂന്ന് വയസായപ്പോളാണ് ഭാര്യയ്ക്ക്‌ ബ്രസ്റ്റ് കാന്‍സറാണെന്നറിഞ്ഞത്. ലോട്ടറി ടിക്കറ്റുകള്‍ ബൈക്കില്‍ കൊണ്ടു നടന്ന് വിറ്റഴിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. അവള്‍ക്ക് എഴുന്നേറ്റ് നടക്കാനായാലേ ഇനി എനിക്ക് ജോലിക്ക് പോകാന്‍ കഴിയുകയുള്ളു.' 

നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോന്നതാണ് മണിയുടെ ജീവിതം. ഭാര്യ മരിച്ച് ഏഴു വര്‍ഷം കഴിഞ്ഞപ്പോളാണ് രണ്ടാമത്തെ കല്യാണം നടത്തിയത്. അങ്ങനെയാണ് മണിയുടെ ജീവിതപങ്കാളിയായി മഞ്ജു കടന്നുവരുന്നത്. ഇവരുടെ കുഞ്ഞിന് മൂന്ന് വയസായപ്പോളാണ് മഞ്ജുവിന് സ്തനാര്‍ബുദം ബാധിച്ചത്. 5 വര്‍ഷം മരുന്ന് കഴിക്കണമെന്നായിരുന്നു. 4 വര്‍ഷം തുടര്‍ച്ചയായി ചികിത്സിച്ചു.

ജീവിക്കാനനുവദിക്കാതെ ദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അനുഭവിക്കേണ്ടി വന്ന ആ ദിനങ്ങളെക്കുറിച്ചാണ് മണി പറയുന്നത്. 'ഒരു ദിവസം മഞ്ജുവിന് പനിയും ചുമയും വന്നപ്പോള്‍ കാരിത്താസ് ആസ്പത്രിയില്‍ ചികിത്സയ്ക്ക് പോയി. സ്വകാര്യ ആസ്പത്രിയില്‍ ഫിസിഷ്യനെ കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. അതുപ്രകാരം ചെയ്തപ്പോള്‍ പനി കുറഞ്ഞു. എന്നാല്‍ ചുമയ്ക്ക് മാറ്റമില്ലായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കാന്‍സറിന്റെ ഗുളികകള്‍ കഴിക്കുന്നുണ്ടായിരുന്നു. കാരിത്താസില്‍ നിന്ന് എക്‌സ്‌റേ എടുത്തു. ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് ഉണ്ടെന്ന് പറഞ്ഞു. അതിനോടനുബന്ധിച്ചുള്ള പരിശോധനകള്‍ നടത്തി. അപ്പോഴാണ് പ്രശ്‌നം ശ്വാസകോശത്തിനല്ലെന്ന് മനസിലാകുന്നത്. '

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സി.ടി സ്‌കാന്‍ ചെയ്തു. വയറില്‍ നിന്ന് നീര് കുത്തിയെടുത്തു. അപ്പോഴാണ് മഞ്ജുവിന്റെ ഇടത്തേ അണ്ഡാശയത്തില്‍ രണ്ട് മുഴകള്‍ കണ്ടെത്തിയത്. മൂന്ന് പ്രാവശ്യം കീമോ തെറാപ്പി നടത്തി. 21 ദിവസത്തെ ഇടവേള നല്‍കിയായിരുന്നു കീമോതെറാപ്പി. അത് കഴിഞ്ഞപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം ബാക്കിയുള്ള മൂന്ന് കീമോ ചെയ്താല്‍ മതിയെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അപ്പോളാണ് വലത്തെ അണ്ഡാശയത്തിലും കാന്‍സര്‍ ബാധിച്ചുവെന്ന് മനസിലായത്. 

'ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു അഞ്ചു മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍. 45 ദിവസത്തെ വിശ്രമം അത്യാവശ്യമാണ്. അത് കഴിഞ്ഞ് ബാക്കി മൂന്ന് കീമോ തെറാപ്പി ചെയ്യണം. 3500 രൂപ വാടക നല്‍കിയാണ് ഇവര്‍ താമസിക്കുന്നത്. മഞ്ജുവിന്റെ ഈ അവസ്ഥ കാരണം മണിക്ക് ലോട്ടറി വില്‍പ്പന നടത്താനും കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാന്‍ പി.കെ.വി ലൈബ്രറിയും മറ്റ് സ്ഥാപനങ്ങളുമാണ് സഹായിച്ചത്. പാലിയേറ്റീവ് കെയറിലെ എന്റെ പേഷ്യന്റാണ് മഞ്ജു. ഇവരുടെ ദുരിതങ്ങള്‍ മുതിര്‍ന്ന പൗരന്‍മാരുടെയും യുവജനവേദിയുടെയും മീറ്റിങ്ങിലും ക്ലാസെടുക്കുമ്പോഴുമൊക്കെ ഞാന്‍ അവതരിപ്പിക്കാറുണ്ട്. പലരും സാമ്പത്തികമായി സഹായിക്കാറുണ്ട്'. പാലിയേറ്റീവ് കെയറിലെ നഴ്‌സായ ഷീലാറാണി പറയുന്നു. 

ദുരന്തങ്ങളില്‍ നിന്ന് അല്‍പ്പമൊരാശ്വാസമാണ് ഇവര്‍ക്ക് ആവശ്യം. കണ്‍മുന്നില്‍ ജീവിതം കൈവിട്ടുപോകുന്നത് കണ്ടുനില്‍ക്കാനേ ഈ ദമ്പതിമാര്‍ക്ക് കഴിയുന്നുള്ളു. ഭാഗ്യദേവതയുടെ കടാക്ഷത്തിനായി കാത്തിരിക്കുമ്പോഴും ഇതുവരെ അകമഴിഞ്ഞ് സഹായിച്ച ഒരാളെപ്പോലും ഇവര്‍ മറക്കുന്നില്ല. 

A/C No. 67198769073

IFSC SBIN0070106

Phone: 9747981841

Adress: Mani. VM, Vazhamparambil house, Kidangur South, Kottayam,686 583