മിൽക്ക് ബിസ്കറ്റ് സിൻഡ്രം അഥവാ മിൽക്ക് കുക്കീസ് ഡിസീസ് കുട്ടികളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ധാരാളം കുട്ടികളെ ഇത് ബാധിക്കാറുണ്ടെങ്കിലും പലപ്പോഴും തിരിച്ചറിയാറില്ലെന്ന് മാത്രം. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളാണ് ഈ രോഗത്തിന് പിന്നിലെ കാരണം. പ്രത്യേകിച്ചും പഞ്ചസാരയുടെ അമിത ഉപയോഗം, സംസ്കരിച്ച കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഉപയോഗം എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങൾ. പ്രത്യേകിച്ചും രാത്രി വൈകി ഇത്തരം ഭക്ഷണസാധനങ്ങൾ കുട്ടികൾ കഴിക്കുന്നതും ഈ രോഗത്തെ ക്ഷണിച്ചു വരുത്തും. സാധാരണയായി ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ദഹനക്കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ

പേരുപോലെ പാലും ബിസ്കറ്റും മാത്രമല്ല പ്രശ്നക്കാർ അമിതമായ സോഡയുടെ ഉപയോഗം, സംസ്കരിച്ച ശീതളപാനീയങ്ങൾ, പാലിന്റെ അമിത ഉപയോഗം, തൈര് അമിതമായ കുടിക്കുക, മധുര പലഹാരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ് ഇവയുടെ എല്ലാം രാത്രിയിലെ ഉപയോഗം ഈ രോഗത്തിന് കാരണമാകാം.

ഇത്തരമൊരു അവസ്ഥയെ പറ്റി ആരും ചിന്തിക്കാത്തതിനാൽ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും അലർജ്ജിയായും മറ്റും കരുതിയാണ് ആളുകൾ ചികിത്സ തേടുന്നത്. എന്നാൽ ഈ ഭക്ഷണ രീതി തുടരുകയും രോഗം മാറാതിരിക്കുകയും ചെയ്യും. സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ അമിത ഉപയോഗം ആമാശയത്തിലെ ആസിഡ് നില ഉയർത്തും. എന്നാൽ കുട്ടികളിൽ മുതിർന്നവരുടേത് പോലെ നെഞ്ചെരിച്ചിലും മറ്റും ഉണ്ടാവില്ല. പകരം തൊണ്ടവേദനയായും ചുമയായും ആകും ഇത് പ്രത്യക്ഷപ്പെടുക. പാലുത്‌പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷണസാധനങ്ങളുടെയും അമിത ഉപയോഗം കുറയ്ക്കുകയാണ് രോഗം തടയാൻ ആദ്യം വേണ്ടത്.

Content Highlights:Milk Biscuit Syndrome among kids