കുഞ്ഞിന് പാല്‍ അലര്‍ജിയാണോ? മാതാപിതാക്കള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍


ഡോ. വിദ്യ വിമല്‍

പാല്‍ കൊണ്ടുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ ധാരാളം കുട്ടികളില്‍ കാണാറുണ്ട്. പാലിലെ പ്രോട്ടീന്‍ ഘടകങ്ങളാണ് അലര്‍ജിക്ക്  കാരണമാകുന്നത്

Representative Image| Photo: Gettyimages

കൈക്കുഞ്ഞുമായി ഒരമ്മ. കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുന്നതാണ് പ്രശ്‌നം. പരിശോധനയില്‍ കുട്ടിക്ക് നല്ല വിളര്‍ച്ചയും ഉണ്ട്. പരിശോധനയ്ക്കുശേഷം അമ്മയോട് കുഞ്ഞിന് പശുവിന്‍ പാലും പാല്‍ ചേര്‍ന്ന ഭക്ഷണവും നല്‍കരുതെന്ന് നിര്‍ദേശിച്ചു. മുലയൂട്ടുന്നതിനാല്‍ അമ്മയും പാല്‍ ഒഴിവാക്കുവാന്‍ നിര്‍ദേശിച്ചു. കുഞ്ഞിന് പശുവിന്‍ പാല്‍ കൊണ്ടുള്ള അലര്‍ജി ആയിരുന്നു പ്രശ്‌നം.

പാല്‍ കൊണ്ടുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ ധാരാളം കുട്ടികളില്‍ കാണാറുണ്ട്. പാലിലെ പ്രോട്ടീന്‍ ഘടകങ്ങളാണ് അലര്‍ജിക്ക് കാരണമാകുന്നത്. ഏറ്റവും സാധാരണയായി കാണുന്നത് പശുവിന്‍ പാല്‍ അലര്‍ജിയാണ്. മറ്റു പാലുകളോടും അലര്‍ജി വരാം- ആട്, എരുമ അങ്ങനെ ഏതു പാലിനോടും. ഈ അലര്‍ജി രണ്ടു തരത്തില്‍ കാണാം.
1) പാല്‍ കുടിച്ച് മിനിറ്റുകള്‍ക്കകം ഉണ്ടാകുന്ന അലര്‍ജി (Immediate cosw milk protein allergy).
2) പാല്‍ കുടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന അലര്‍ജി (late onset type)

മണിക്കൂറുകള്‍ക്കുള്ളില്‍ ആണെങ്കില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ ദിവസങ്ങളെടുക്കും. ഓരോ കുട്ടികളിലും ഓരോ തരത്തിലായിരിക്കും. ചിലരില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ആണെങ്കില്‍ മറ്റു ചിലരില്‍ ചെറിയ അളവ് ഉള്ളില്‍ ചെന്നാല്‍ പോലും ഗുരുതര രോഗാവസ്ഥ ഉണ്ടാക്കാം.

1) പാല്‍ അലര്‍ജിയുള്ള കുട്ടികളിലെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

നവജാത ശിശുക്കള്‍ മുതല്‍ ഈ പ്രശ്‌നം കാണാറുണ്ട്. പ്രധാനമായും അലര്‍ജിയുള്ള കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങള്‍ ഛര്‍ദ്ദി, ഓക്കാനം, വയറുവേദന, നിര്‍ത്താതെയുള്ള കരച്ചില്‍, അമിത വാശി, വയറിളക്കം, മലബന്ധം, മലം പോകുമ്പോള്‍ രക്തം, മലദ്വാരത്തിനു ചുറ്റും ചുവപ്പും പാടുകളും, ഭാരക്കുറവ്, തൂക്കം വര്‍ധിക്കാതിരിക്കുക, മുഖത്തും ദേഹത്തും ചുവന്ന പാടുകള്‍, വിട്ടുമാറാത്ത ചുമ, വലിവ്(wheeze) ശ്വാസംമുട്ട്, വിട്ടുമാറാത്ത മൂക്കൊലിപ്പ് മൂക്കടപ്പ്, ചൊറിച്ചില്‍, കണ്ണില്‍ നിന്നും വെള്ളം വരുക, അനഫിലാക്‌സിസ്(Anaphylaxis) എന്ന ഗുരുതര അലര്‍ജി അവസ്ഥ എന്നിവ. വിട്ടുമാറാത്ത വയറുവേദനയുമായി വരുന്ന ചില മുതിര്‍ന്ന കുട്ടികളില്‍പോലും പശുവിന്‍ പാല്‍ നിര്‍ത്തിയശേഷം വേദനയ്ക്ക് ശമനം വരുന്നതായി കാണാറുണ്ട്.

2. പാല്‍ അലര്‍ജി ഉറപ്പിക്കാനുള്ള ടെസ്റ്റുകള്‍ എന്തൊക്കെയാണ്?

രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളില്‍ പശുവിന്‍പാല്‍ നിര്‍ത്തിയ ശേഷം ഈ ലക്ഷണങ്ങള്‍ കുറയുകയും, വീണ്ടും തുടങ്ങുമ്പോള്‍ ലക്ഷണങ്ങള്‍ വരികയും ചെയ്യുന്നത് ഏറ്റവും പ്രധാനമായ ഒരു സൂചനയാണ്. തൊലിപ്പുറത്തെ ടെസ്റ്റ് (Skin prick test), രക്തത്തിലെ ആന്റി ബോഡി പരിശോധന (RAST), മില്‍ക്ക് ചേഞ്ച് ടെസ്റ്റ് (Milk challenge test) എന്നിവയാണ് രോഗം ഉറപ്പിക്കുവാനുള്ള ടെസ്റ്റുകള്‍.

3. കുട്ടികളിലെ ചികിത്സ എങ്ങനെ?

പശുവിന്‍ പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ സ്വാഭാവികമായും പാലും, പാല്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക തന്നെ വേണം. ഒഴിവാക്കുമ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറുകയാണെങ്കില്‍ പാല്‍ കൊണ്ടുള്ള അലര്‍ജി ഉറപ്പിക്കാം. ഒരുവയസ്സിനു ശേഷം വീണ്ടും അല്പാല്പമായി മാത്രം പശുവിന്‍ പാല്‍ കൊടുത്തു നോക്കുക. പശുവിന്‍ പാല്‍ അലര്‍ജി ആണെങ്കില്‍ ആട്ടിന്‍ പാല്‍, സോയാ പാല്‍ എന്നിവ നല്‍കാവുന്നതാണ് (ഇവയ്ക്ക് അലര്‍ജി ഇല്ല എങ്കില്‍). മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങളില്‍ ഫോര്‍മുല അല്ലെങ്കില്‍ പൊടിപ്പാല്‍ നല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിക്ക് കാരണമായ പ്രോട്ടീനുകളെ ഘടകീകരിച്ചുള്ള ഫോര്‍മുല (extensively Hydrolysed formula) ഇപ്പോള്‍ ലഭ്യമാണ്. അതുപോലെതന്നെ അമിനോആസിഡ്(aminoacid) ഫോര്‍മുല, സോയ ഫോര്‍മുല എന്നിവയും.

മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ അമ്മമാരും കുഞ്ഞിന് പാല്‍ അലര്‍ജിയുണ്ടെങ്കില്‍ പശുവിന്‍ പാലും, പാല്‍ ചേര്‍ന്ന് ഭക്ഷണപദാര്‍ഥങ്ങളും ഒഴിവാക്കുക തന്നെ വേണം.

4. കുട്ടികള്‍ക്ക് പാലിനോടുള്ള അലര്‍ജി മാറുമോ?

80 ശതമാനത്തിന് മുകളില്‍ കുട്ടികളിലും മൂന്നു വയസ്സാകുമ്പോഴേക്കും പശുവിന്‍പാല്‍ അലര്‍ജി പ്രശ്‌നം പൂര്‍ണമായും മാറും. അമ്പത് ശതമാനം കുട്ടികളിലും ഒരു വയസ്സാകുമ്പോഴേക്കും രോഗം കുറഞ്ഞുതുടങ്ങും. ഭൂരിഭാഗം കുട്ടികള്‍ക്കും ഈ അലര്‍ജി മുതിര്‍ന്നു വരുമ്പോള്‍ ഉണ്ടാകാറില്ല. പക്ഷേ കുട്ടികളില്‍ മറ്റ് അലര്‍ജികള്‍ കൂടെ ഉള്ളവരിലും ഗുരുതര അലര്‍ജി പ്രശ്‌നമുള്ളവരിലും, ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരിലും ഈ അലര്‍ജി ലക്ഷണങ്ങള്‍ നീണ്ടകാലം തുടര്‍ന്നേക്കാം.

5. പാല്‍ പ്രോട്ടീന്‍ അലര്‍ജിയും, ലാക്ടോസ് ഇന്‍ടോളറന്‍സ് (lactose intolerance) എന്ന രോഗാവസ്ഥയും കുട്ടികളില്‍ കാണുന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

ലാക്ടോസ് ഇന്‍ടോളറന്‍സ് (lactose intolerance) എന്ന അവസ്ഥ പാലിലെ പ്രോട്ടീനുകള്‍ മൂലം അല്ല. മറിച്ച് ലാക്ടോസ് (lactose)എന്ന കാര്‍ബോഹൈഡ്രേറ്റ് ഘടകം ദഹിപ്പിക്കുവാന്‍ ആവശ്യമായ ലാക്ടേസ് എന്‍സൈം കുറവ് വരുന്നതു മൂലം സംഭവിക്കുന്ന ഒന്നാണ്. ഇത് ജന്മനാല്‍ തന്നെ വളരെ അപൂര്‍വ്വമായി ചില കുട്ടികളില്‍ കാണാം. പക്ഷേ സാധാരണയായി കാണാറുള്ളത് വയറിളക്കത്തിന് ശേഷം ഈ എന്‍സൈമില്‍ കുറവ് വരുന്നത് മൂലമുണ്ടാകുന്ന സെക്കണ്ടറി ലാക്ടോസ് ഇന്‍ടോളറന്‍സ് (secondary lactoseintolerance) ആണ്. കുട്ടികളില്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കം, മലദ്വാരത്തിനു സമീപം ചുവപ്പ്, വയര്‍ വീക്കം, തൊലിപ്പുറത്ത് പാടുകള്‍, തൂക്കം കുറയുക എന്നിവ കാണാറുണ്ട്. ഇതിന് പരിഹാരമായി ലാക്ടോസ്(lactose) അളവ് കുറഞ്ഞ ഫോര്‍മുല ലഭ്യമാണ്.

പാല്‍ പ്രോട്ടീന്‍ അലര്‍ജി ലക്ഷണങ്ങള്‍ കുട്ടികളില്‍ പലവിധത്തില്‍ പ്രകടമാകാം. പലപ്പോഴും വിട്ടുമാറാതെ നില്‍ക്കുന്ന ചുമയും മൂക്കടപ്പും അതുപോലെ ക്രീമുകള്‍ പുരട്ടിയിട്ടും മാറാതെ നില്‍ക്കുന്ന മുഖത്തെയും ദേഹത്തെയും പാടുകളും ചുവന്ന പാടുകളും പശുവിന്‍ പാല്‍ ഒഴിവാക്കിയ ശേഷം വളരെ പെട്ടെന്ന് മാറുന്നതായി കാണാറുണ്ട്. കുട്ടികളിലെ അലര്‍ജി നേരത്തെ തന്നെ തിരിച്ചറിയുന്നതു വഴി കുഞ്ഞിന്റെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കാതെ നോക്കാന്‍ സാധിക്കും.

(തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യനാണ് ലേഖിക)

Content Highlights: Milk Allergy in Children, Health, Parenting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented