മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ മൈഗ്രേന്‍ വന്നാല്‍ ഏത് ചികിത്സ തേടണം എന്ന ആശയക്കുഴപ്പത്തിലാകാറുണ്ട് പലരും. ചില തെറ്റിദ്ധാരണകള്‍ മൂലം മൈഗ്രേന്‍ തിരിച്ചറിയപ്പെടാതെ പോകാറുമുണ്ട്. അത്തരം തെറ്റിദ്ധാരണകള്‍ ഇവയാണ്. 

കഴുത്തുവേദന

മൈഗ്രേന്‍ മൂലമുള്ള വേദന പലപ്പോഴും കഴുത്തിന് പിന്നിലാണ് ചിലരില്‍ അനുഭവപ്പെടുക. അങ്ങനെയുള്ളവരില്‍ കഴുത്തിന്റെ എക്സ് റേ അല്ലെങ്കില്‍ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കുമ്പോള്‍ പ്രായം മൂലമുണ്ടാകുന്ന തേയ്മാനം കണ്ടെത്തിയെന്നുവരാം. അതിന്റെ അടിസ്ഥാനത്തില്‍ സ്പോണ്‍ഡിലോസിസിന് മാത്രം ചികിത്സ തുടരുകയും ചെയ്യും. മൈഗ്രേന്‍ ചികിത്സിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. വേദന സംഹാരികളും കാല്‍സ്യം ടാബ്‌ലറ്റുകളും കഴിക്കുന്നത് ഇതിനു ചികിത്സയല്ല. എന്നുമാത്രമല്ല, അമിതമായ വേദനസംഹാരികള്‍ ഈ തരത്തിലുള്ള വേദന കൂട്ടുകയേ ഉള്ളു.
ചില ആളുകള്‍ക്ക് സെര്‍വിക്കോജനിക് ഹെഡ്എയ്ക് (Cervicogenic Headache) ഉണ്ടാകാം. ഇങ്ങനെയുള്ളവരുടെ തലവേദനയുടെ കാരണം കഴുത്തിലെ പ്രശ്നങ്ങളാണെന്നു മനസ്സിലാക്കാന്‍ വേണ്ടിയുള്ള സ്പെഷ്യല്‍ പരിശോധനകളും ഇന്റര്‍വെന്‍ഷനല്‍ ടെസ്റ്റുകളും ഉണ്ട്. സൂചികൊണ്ട് ചില ഞരമ്പുകളെ ബ്ലോക്കുചെയ്തു നോക്കുന്ന ടെസ്റ്റുകളെയാണ് ഇന്റര്‍വെന്‍ഷനല്‍ ടെസ്റ്റുകളെന്ന് പറയുന്നത്.

കണ്ണടയുടെ പവര്‍ മാറിയതുകൊണ്ടാണോ തലവേദന

പല രോഗികളും മൈഗ്രേന്‍മൂലം തലവേദനയുണ്ടാകുമ്പോള്‍ കണ്ണ് ടെസ്റ്റു ചെയ്യുകയും അവരുടെ കണ്ണിന് പവര്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും കണ്ണട വയ്ക്കുകയും ചെയ്യും. അതോടുകൂടി തലവേദന താത്കാലികമായി ശമിക്കും. എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം മനസ്സിലാകും, കണ്ണടവെച്ചതുകൊണ്ട് തലവേദനയ്ക്കു കുറവില്ലെന്ന്.കണ്ണിന്റെ പവര്‍ വ്യത്യാസം മൈഗ്രേന് കാരണമല്ല. എന്നാല്‍ കാഴ്ചയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മൈഗ്രേനെ പ്രകോപിപ്പിക്കുന്നത് (Provoke) ഇടക്കിടെ തലവേദനയുണ്ടാക്കും.

സൈനസൈറ്റിസാണെന്ന് പറയാന്‍വരട്ടെ

പല രോഗികള്‍ക്കും നെറ്റിക്കോ അല്ലെങ്കില്‍ കവിളിനു മുകളിലോ വേദനയുണ്ടാകാറുണ്ട്. അതോടൊപ്പം മൂക്കടപ്പോ മൂക്കില്‍നിന്ന് വെള്ളം വരുകയോ ചെയ്യാം. അപ്പോള്‍ അത് സൈനസൈറ്റിസ് ആണെന്ന് സ്വയം ഉറപ്പിക്കും. മുഖത്തിന് എക്സ് റേയോ എം.ആര്‍.ഐ. സ്‌കാനിങ്ങോ ചെയ്യുമ്പോള്‍ സൈനസൈറ്റിസ് ലക്ഷണങ്ങള്‍ കണ്ടേക്കാം.

എന്നാല്‍ മൈഗ്രേന്‍ ലക്ഷണങ്ങള്‍ മുഖത്തും ഉണ്ടാകാം. മുഖത്തുണ്ടാകുന്ന വേദന, മൂക്കില്‍നിന്നും വെള്ളംവരുക, മൂക്കടപ്പ് എന്നിവയെല്ലാം നേരത്തേ സൂചിപ്പിച്ച മൈഗ്രേന്റെ ഓട്ടോണമിക് സിംപ്റ്റംസ് (Autonomic Symptoms) ആണ്. എക്സ് റേയിലോ സ്‌കാനിങ്ങിലോ കണ്ട വ്യത്യാസം പണ്ടുണ്ടായ വൈറല്‍ ഇന്‍ഫക്ഷന്റെയോ ജലദോഷപ്പനിയുടെയോ കഫക്കെട്ടിന്റെയോ ആവാം. ഓട്ടോണമിക് ചെയ്ഞ്ചസ് (Autonomic Changes) മൂലം ചെറിയ പനിയും ഉണ്ടാകാം. അപ്പോള്‍ എങ്ങനെയാണ് സൈനസൈറ്റിസ് ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്? ശക്തമായ പനിയും കഫത്തിന് മഞ്ഞയോ, ചുവപ്പോ പച്ചയോ നിറവുമുണ്ടെങ്കില്‍ ഇന്‍ഫക്ഷന്‍ ഉണ്ടെന്നു കരുതണം. മൈഗ്രേന്‍ ഉണ്ടാകുന്നവര്‍ക്ക് ചലനം പ്രശ്നമാണ്്. അപ്പോള്‍ തലയിലുണ്ടാകുന്ന അനക്കം മൈഗ്രേന്‍ വേദന കൂട്ടുന്നു.

മുഖത്തുണ്ടാകുന്ന വേദന കൃത്യമായി പരിശോധിക്കാതെ, സൈനസൈറ്റിസ് എന്നു കരുതി ആന്റി ബയോട്ടിക്സും വേദനസംഹാരികളും കഴിക്കുന്നത് മൈഗ്രേന്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ.

പല്ലുവേദനയാണോ എല്ലാത്തിനും കാരണം

മോണയിലോ മുഖത്തോ അനുഭവപ്പെടുന്ന വേദന ഫേഷ്യല്‍ മൈഗ്രേന്‍ മൂലമാകാം. ഇതോടൊപ്പം പല്ലിന് പഴുപ്പ് ഉണ്ടാവാനും സാധ്യതയുണ്ട്. പല്ലുവേദനമൂലം തലയിലേക്ക് വേദന വ്യാപിക്കാം. പല്ലുപറിച്ചുകളഞ്ഞതുകൊണ്ടുമാത്രം ഈ തലവേദനയ്ക്ക് ശമനമുണ്ടാവില്ല.  എന്നുമാത്രമല്ല പല്ലുവേദനയും സൈനസൈറ്റിസ് വേദനയുമൊക്കെ മൈഗ്രേന്‍ വേദനയെ പ്രകോപിപ്പിക്കും. ഈ വേദനയോടൊപ്പം വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍, ശബ്ദം കേള്‍ക്കുമ്പോള്‍ ഒക്കെ ബുദ്ധിമുട്ട്, മനംപുരട്ടല്‍, തലകറക്കം, കാഴ്ചപ്രശ്നം എന്നിവയുണ്ടെങ്കില്‍ മൈഗ്രേനാണെന്ന് ഉറപ്പിക്കാം.

തലകറക്കം എന്തുകൊണ്ട്

പല രോഗികള്‍ക്കും തലകറക്കം ഉണ്ടാകാറുണ്ട്. ഇത് ഹീമോഗ്ലോബിന്റെ കുറവാണെന്ന് കരുതും. എന്നാല്‍ തലകറക്കമുണ്ടാകണമെങ്കില്‍ ഹീമോഗ്ലോബിന്‍ വളരെയധികം കുറയണം. പല തലകറക്കങ്ങള്‍ക്കും കാരണം മൈഗ്രേനാണ്.

arogyamasika
ആരോഗ്യമാസിക വാങ്ങാം

ചെവിയുടെ ബാലന്‍സ് തെറ്റിയതാണോ

തലകറക്കമുണ്ടാകുമ്പോള്‍ ചെവിയുടെ ബാലന്‍സ് തെറ്റിയതാണെന്ന് കരുതി ചികിത്സ തേടുന്ന നിരവധി രോഗികളുണ്ട്. എന്നാല്‍ മൈഗ്രേന്‍ മൂലമുണ്ടാകുന്ന പ്രത്യേക ലക്ഷണമാണ് തലകറക്കം. വെസ്റ്റിബുലാര്‍ (Vtseibular) മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇങ്ങനെയുള്ള രോഗികള്‍ക്ക് ഇയര്‍ബാലന്‍സ് ചികിത്സകൊണ്ട് പൂര്‍ണമായും മോചനം ലഭിക്കാറില്ല. തലകറക്കം, തലയ്ക്ക് ഭാരം, കിടക്കാന്‍ തോന്നുക, മനംപുരട്ടല്‍, വെളിച്ചം കാണുമ്പോളുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഇത് മൈഗ്രേനാണെന്ന് തിരിച്ചറിയാം.

അപസ്മാരമാണോ

മൈഗ്രേനിലുണ്ടാകുന്ന ഓറ ലക്ഷണങ്ങള്‍ അപസ്മാരത്തിലും ഉണ്ടാകാറുണ്ട്. വിദഗ്ധമായ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ ഇത് അപസ്മാരം എന്നു കരുതി അനാവശ്യമായ ചികിത്സകള്‍ തേടും.

ഈ ബുദ്ധിമുട്ടുകള്‍ സ്ട്രോക് അല്ല

മൈഗ്രേന്‍ രോഗികളില്‍ കൈകാലുകള്‍ക്ക് തളര്‍ച്ചയോ സ്പര്‍ശനശേഷിക്കുറവോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മുഖത്തും ഉണ്ടാകാം. മിനിസ്‌ട്രോക്ക് (Transient Ischemic ttAack TIA) എന്നു കരുതി തെറ്റായ ചികിത്സ സ്വീകരിക്കാം. ചിലപ്പോള്‍ സംസാരത്തിലുണ്ടാകുന്ന ബുദ്ധിമുട്ട്, ഓര്‍മക്കുറവ്, വാക്കുകള്‍ കിട്ടാതാവുക, ആളെ തിരിച്ചറിയാതിരിക്കുക എന്നീ ബുദ്ധിമുട്ടുകള്‍, മൈഗ്രേന്റെ ഭാഗമായി ഉണ്ടാകാം.

(കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് & ചീഫ് ഓഫ് ഹെഡ്എയ്ക്ക് മെഡിസിന്‍, ബാസില്‍ഡന്‍ & തുറോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രസ്റ്റ്, യു.കെ. ആണ് ലേഖകന്‍)

Content Highlights: Migraine and some misconceptions, Health