രീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കാത്തവരില്ല. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് അതിന് ശ്രമിച്ചവർക്കറിയാം. ആരോഗ്യകരമായ ജീവിതശൈലിയും കഠിനമായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ വെയ്റ്റ് ലോസ് എന്ന ലക്ഷ്യത്തിലെത്താനാവൂ. എന്നാൽ ഭാരം കുറയ്ക്കാൻ പുരുഷൻമാരുടെ അത്രയും എളുപ്പത്തിൽ സ്ത്രീകൾക്ക് സാധിക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്.

സ്ത്രീയും പുരുഷനും ഒരേ ഡയറ്റും വ്യായാമങ്ങളും ശീലിച്ചാലും സ്ത്രീകളേക്കാൾ വേഗത്തിൽ പുരുഷൻമാർക്ക് ഭാരം കുറയ്ക്കാൻ സാധിക്കാറുണ്ട്. പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പ്. രണ്ടുപേരുടെയും ജൈവീക വ്യത്യാസങ്ങളും ജീനിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.

കൊഴുപ്പ് പേശികളുടെ വ്യത്യാസം

കൊഴുപ്പ് കുറഞ്ഞ പേശീ കോശങ്ങൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലാണ്. അതിനാൽ തന്നെ സ്ത്രീകളേക്കാൾ വേഗത്തിൽ കൂടുതൽ കലോറി എരിച്ചുകളയാൻ പുരുഷൻമാർക്ക് സാധിക്കുന്നു. ഒരേ അളവ് കലോറി ഡയറ്റിൽ നിന്നും ഇരുവരും ഒരുപോലെ കുറച്ചാലും പുരുഷൻമാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതിന്റെ കാരണം ഇതാണ്.

ഹോർമോൺ

സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിലെ ഹോർമോണുകൾ വ്യത്യസ്തമാണ്. ഇവ ഭാരം കുറയ്ക്കുന്നതിലും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. പുരുഷൻമാർക്ക് ടെസ്റ്റോസ്റ്റീറോൺ കൂടുതലും ഈസ്ട്രജൻ കുറവുമായിരിക്കും. സ്ത്രീകൾക്കാകട്ടെ ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റീറോൺ കുറവുമായിരിക്കും. ഇതും ഭാരം കുറയ്ക്കുന്നതിൽ സ്ത്രീകൾ പിന്നിലാവുന്നതിന്റെ ഒരു ഘടകമാണ്.

വിശപ്പിന് കാരണമായ ഗ്രെലിൻ എന്ന ഹോർമോൺ ആണ് സ്ത്രീകൾക്ക് ഭാരം കുറയ്ക്കൽ വലിയൊരു ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ഘടകം. അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി റെഗുലേറ്ററി, ഇന്റഗ്രൽ ആന്റ കംപാരബിൾ ഫിസിയോളജി പറയുന്നത് വർക്ക്ഔട്ടിന് ശേഷം ഈ ഹോർമോണിന്റെ അളവ് സ്ത്രീകളിൽ കൂടുമെന്നാണ്. അതിനാൽ തന്നെ വർക്ക്ഔട്ട് കഴിഞ്ഞാൽ സ്ത്രീകളിൽ വിശപ്പ് കൂടുകയും അവർ ഭക്ഷണം കഴിക്കുകയും ചെയ്യുമെന്നാണ്.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ്

പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പുരുഷൻമാരുടെ ശരീരത്തേക്കാൾ ആറു മുതൽ 11 ശതമാനം വരെ കൊഴുപ്പ് കൂടുതലാണ്. ഇത് സ്വാഭാവിക പ്രക്രിയയാണ്. ഈ കൊഴുപ്പ് ഗർഭകാലത്ത് വളരെ സഹായകരമാണ്. ആർത്തവം തുടങ്ങുന്ന കാലം മുതൽ സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ കൂടുതൽ കൊഴുപ്പ് ശരീരത്തിൽ ഉണ്ടായിരിക്കും.

സ്ത്രീകൾക്ക് ശരീരഭാരം കുറയ്ക്കാൻ ടിപ്സ്

ഒരുപാട് ബുദ്ധിമുട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കുക എന്നത് സ്ത്രീകൾക്കും നേടിയെടുക്കാനാകും. അതിന് ചില വഴികളുണ്ട്.

  • വ്യത്യസ്തങ്ങളായ വർക്ക്ഔട്ടുകൾ പരീക്ഷിക്കണം.
  • സ്ഥിരം ഒരു വർക്ക്ഔട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്.
  • പുതിയ പുതിയ വർക്ക്ഔട്ടുകൾ ചെയ്യുക.
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുക.
  • ഓരോരുത്തരുടെയും മെറ്റബോളിസം നിരക്ക് വ്യത്യസ്തമായതിനാൽ നിങ്ങൾക്ക് യോജിച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക.
  • നല്ല ആരോഗ്യശീലങ്ങൾ വളർത്തുക.
  • ഒരുപാട് വ്യായാമം ചെയ്യുന്നതും അതികഠിനമായി ഡയറ്റ് ചെയ്യുന്നതും ഗുണം ചെയ്യില്ല. നല്ല ജീവിതശൈലി ശീലമാക്കിയാൽ അതുവഴി കൊഴുപ്പ് കുറയ്ക്കാനും ഭാരം കുറയ്ക്കാനും സാധിക്കും.

Content Highlights:Men can lose weight fast but not so easily for women this is the reason, Health,Women's Health