'ഛെ, എന്തോ ഒന്ന് പറയാന്‍ വന്നു, മറന്നു'(കൂട്ടുകാരുടെ സംസാരത്തിനിടയില്‍ പെട്ടെന്നുണ്ടാകുന്നത്)
'തിന്നാന്‍ മറവിയൊന്നുമില്ലല്ലോ'(പറഞ്ഞ വീട്ടുസാധനം വാങ്ങാതെയെത്തിയാല്‍ വീട്ടിലുണ്ടാകുന്നത്)
'എന്നെ മറക്കാന്‍ മാത്രം വേറെയാരാ മനസ്സില്‍'(വാഗ്ദാനം ചെയ്ത സാധനം കൊടുത്തില്ലെങ്കില്‍ കാമുകിയുടെ പ്രതികരണം)
'പഠിക്കുന്ന കാര്യത്തില്‍ മാത്രമല്ലേ മറവിയുള്ളൂ'(ഹോംവര്‍ക്ക് ചെയ്യാതെ ചെന്നാല്‍ അധ്യാപകരുടെ പ്രതികരണം)
'നിന്റെ മറവി ഞങ്ങള്‍ മാറ്റിത്തരാമെടാ' (തൊണ്ടിമുതലിന്റെ കാര്യം മറച്ചുവെയ്ക്കുമ്പോള്‍ പോലീസിന്റെ ഭേദ്യം)
'ഈ മറവി പ്രതീക്ഷിച്ചതാ' (വാക്കുനല്‍കിയ സാധനം മറവിനടിച്ച് വാങ്ങാതെയെത്തുമ്പോള്‍ കൂട്ടുകാരുടെ പ്രതികരണം)

സാധാരണ മറവിയെയും അതിന്റെ വിലയെയുംപറ്റി പറയും മുന്‍പ് ചില സ്വാഭാവികരംഗങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം. മറവിയെന്ന രോഗത്തെക്കാളേറെ സാധാരണ മറവിയുടെ തീവ്രത കൂടുകയാണെന്നാണ് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയിടെ യൂബര്‍ ടാക്‌സി അവരുടെ വാഹനങ്ങളില്‍ മറന്നുവെച്ചുകിട്ടുന്ന വസ്തുക്കളുടെ വിശദമായ കണക്കെടുത്തു. ഏഷ്യാപസഫിക് മേഖലയിലെ രാജ്യങ്ങളിലായിരുന്നു കണക്കെടുപ്പ്. അതില്‍ സാധനങ്ങള്‍ വാഹനത്തില്‍ മറന്നുവെയ്ക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍.

ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് ബെംഗളൂരുനഗരമാണ്. കേരളത്തിലേക്ക് യൂബര്‍ വ്യാപകമാകുന്നതേയുള്ളൂ. എങ്കിലും കണക്കു നോക്കിയപ്പോള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തിനുവേണ്ടി കൊച്ചി കുതിക്കുകയാണെന്നാണ് അവരുടെ റിപ്പോര്‍ട്ട്. മറവിക്കാരുടെ രാജ്യങ്ങളില്‍ രണ്ടാമത് ഓസ്‌ട്രേലിയയാണ്. മൂന്നാമത് ഫിലിപ്പീന്‍സും.

താത്കാലിക മറവിയെന്നത് ഉണ്ടാകാത്തവരുണ്ടാകില്ല. അത് ഓര്‍മയോടൊപ്പം ഉണ്ടാകുന്നതാണ്. എന്നാല്‍ ബസുകളില്‍ കുട്ടികളെ മറന്നുവെച്ച് ഇറങ്ങിപ്പോരുന്നവരും കല്യാണത്തിനെടുത്ത സ്വര്‍ണാഭരണങ്ങള്‍ ടാക്‌സിയിലും ഓട്ടോറിക്ഷായിലും വെച്ച് മറക്കുന്നതുമെല്ലാം സാധാരണ മറവിയായി കണക്കാക്കാനാവില്ല. അതിനെ അസാധാരണ മറവിയെന്ന് വിശേഷിപ്പിക്കണം. സ്വന്തം കല്യാണദിവസം മറന്നുപോയ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ നാട്ടില്‍ ഇപ്പോള്‍ കുഞ്ഞുങ്ങളെയല്ലേ മാതാപിതാക്കള്‍ മറന്നുവെയ്ക്കുന്നുള്ളൂ എന്നുവേണമെങ്കില്‍ ആശ്വസിക്കാം.

തൃശ്ശൂര്‍ ജില്ലയില്‍ ഓട്ടോറിക്ഷായില്‍ പണവും സ്വര്‍ണവുമടങ്ങുന്ന ബാഗ് മറന്നുവെച്ച്് ഡ്രൈവര്‍മാരുടെ നല്ല മനസ്സുകൊണ്ട് തിരികെക്കൊടുത്തതിന്റെ കണക്കെടുത്താല്‍ പ്രതിവര്‍ഷം ശരാശരി നാലുലക്ഷത്തോളം രൂപ വരും. വിവിധ പോലീസ് സ്റ്റേഷനുകള്‍ മുഖാന്തരം കൊടുത്ത സാധനങ്ങളുടെ ശരാശരിയാണിത്. തിരികെക്കിട്ടാത്തവിധം നഷ്ടപ്പെട്ടതെടുത്താല്‍ മറവിയുടെ വില ലക്ഷക്കണക്കിന് വരും.

യാത്രക്കാരുടെ മറവികൊണ്ട് നഷ്ടം ചെറുതായി നികത്തുന്ന സ്ഥാപനമുണ്ട്. അത് കെ.എസ്.ആര്‍.ടി.സി.യാണ്. യാത്രക്കാര്‍ ബസില്‍ മറന്നുവെച്ച സാധനങ്ങള്‍ ലേലംചെയ്ത് കെ.എസ്.ആര്‍.ടി.സി. വര്‍ഷന്തോറും ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്നുണ്ട്. തൃശ്ശൂര്‍ ഡിപ്പോയില്‍ മാത്രം കഴിഞ്ഞവര്‍ഷം ഈയിനത്തില്‍ 20,539 രൂപയാണ് കിട്ടിയത്. ഈവര്‍ഷം ഇതേവരെ 7655 രൂപയും. ബസില്‍ കളഞ്ഞുകിട്ടുന്ന സാധാരണ വസ്തുക്കളുടെ വിലയാണിത്. വിലപിടിപ്പുള്ള സ്വര്‍ണം പോലുള്ളവ തിരുവന്തപുരത്തെ പ്രധാന ഓഫീസിലേക്ക് അയയ്ക്കും. അവിടെയാണ് അതിന്റെ ലേലം. ആ വരുമാനം വേറെയും.

ഇനി യൂബറിന്റെ കണക്കുകളിലേക്ക് കണ്ണോടിക്കാം.

വാഹനങ്ങളില്‍ മറന്നുവെയ്ക്കുന്ന സാധനങ്ങളില്‍ ഒന്നാംസ്ഥാനത്ത് മൊബൈല്‍ ഫോണാണ്. രണ്ടാമത് ബാഗും. ഈ ബാഗിനുള്ളില്‍ ഏറ്റവും കൂടുതലായി കണ്ടെത്തുന്ന സാധനവും മൊബൈല്‍ഫോണ്‍ തന്നെ. രണ്ടാമതാണ് കല്യാണ ഉപഹാരങ്ങള്‍. മൂന്നാമതായി സ്വര്‍ണാഭരണങ്ങളും.

ഏതുദിവസമാണ് മറവി കൂടുതലെന്നു ചോദിച്ചാല്‍ അത് ശനിയും ഞായറുമെന്ന് ഉത്തരം. പിന്നീട് തിങ്കളും വെള്ളിയും. ഏതുതരം ഇനങ്ങളാണ് കൂടുതലെന്നു ചോദിച്ചാല്‍ വലിയപട്ടികയാകും കിട്ടുക. തിരിച്ചറിയല്‍ രേഖകള്‍, കണ്ണടകള്‍, കാര്‍ഡ് വാലറ്റ്, കുടിവെള്ളക്കുപ്പി, കര്‍ച്ചീഫ്, താക്കോല്‍, കുട മുതലായവയാണ് പട്ടികയില്‍ മുന്നില്‍.

ചെറിയസാധനങ്ങള്‍ മാത്രമാണ് മറന്നുവെയ്ക്കുന്നതെന്നു കരുതിയാല്‍ തെറ്റി. കുട്ടികളുടെ കളിവീട്, കുട്ടികളുടെ സൈക്കിള്‍, ടെലിവിഷന്‍, ഫോട്ടോഫ്രെയിം, കൊതുകുവല, ക്രിക്കറ്റ് ബാറ്റിങ് പാഡ് തുടങ്ങിയവയാണ് നഷ്ടപ്പെടുത്തുന്നവയില്‍ മുന്നില്‍.

മറന്നുവെയ്ക്കുന്ന സാധനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മൊബൈല്‍ ഫോണാണ് മറവിയുടെ പ്രധാന കാരണക്കാരന്‍. ഇത് യൂബറിന്റെ കണ്ടെത്തലല്ല. സാധാരണക്കാരായ വ്യാപാരികള്‍ പറയുന്നതാണ്. സാധനങ്ങള്‍ വാങ്ങി പണം കൊടുക്കാതെ പോകുന്നവര്‍, വാങ്ങിയ സാധനം എടുക്കാതെ പോകുന്നവര്‍, വാങ്ങിയ സാധനത്തിന്റെ പണത്തിന്റെ ബാക്കിവാങ്ങാതെ പോകുന്നവര്‍, വാങ്ങിയ സാധനത്തിനുപകരം മറ്റു സാധനങ്ങളെടുത്തു പോകുന്നവര്‍..അങ്ങനെ എത്രപേരെ കാണുന്നവരാണ് വ്യാപാരികള്‍. ഇത്തരം അബദ്ധങ്ങളെല്ലാം നടത്തുന്നവരുടെ കാതില്‍ മൊബൈല്‍ ഫോണുണ്ടാകുമെന്നാണ് വ്യാപാരികള്‍ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.

ഓര്‍മക്കുറവല്ല മറവി. മൊബൈല്‍ ഫോണ്‍ എത്തിയതോടെ പലകാര്യങ്ങളിലും ഓര്‍മക്കുറവുണ്ടായി. സ്വന്തം മൊബൈലില്‍ ഉപയോഗിക്കുന്ന രണ്ടാം സിം കാര്‍ഡിന്റെ നമ്പര്‍ പോലും പലരും ഓര്‍ത്തിരിക്കാറില്ല. മൊബൈല്‍ എത്തിയതോടെ ശ്രദ്ധയും കുറഞ്ഞു. എന്നാല്‍ ശ്രദ്ധക്കുറവും സാധാരണ മറവിയുമായി ബന്ധമില്ലെന്നാണ് പറയപ്പെടുന്നത്.

സാധാരണ മറവിയുടെ പ്രധാന കാരണമെന്താണെന്ന് പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സി.ജെ. ജോണ്‍ പറയുന്നത് ശ്രദ്ധിക്കാം. അക്ഷമയാണ് സാധാരണ മറവിക്ക് പ്രധാന കരാണമെന്ന് അദ്ദേഹം പറയുന്നു. വണ്ടിയില്‍ കയറിയാല്‍ പിന്നെ സ്ഥലത്തെത്തിയാല്‍ ചാടിയിറങ്ങാനാണ് നോക്കുക. വണ്ടിയില്‍ കയറിയാല്‍ സാധനങ്ങള്‍ അതില്‍ വെയ്ക്കുകയും പിന്നീട് ചിന്ത ലക്ഷ്യത്തെക്കുറിച്ച് മാത്രമാകുകയും ചെയ്യും. അതാണ് മറവിക്ക് വഴിതെളിക്കുന്നത്.

മറവി ഇല്ലാതാക്കാന്‍ മലയാളികള്‍ പ്രത്യേകമായി ശീലിക്കേണ്ടത് ഓര്‍മശേഷി വര്‍ധിപ്പിക്കലല്ല. പകരം ക്ഷമ ശീലിക്കുകയാണെന്നും അദ്ദേഹം പറയുന്നു.