ജീവിതാനുഭവങ്ങളെ മസ്തിഷ്‌കത്തിലേക്ക് രേഖപ്പെടുത്തുന്നത് ഓര്‍മയുടെ ഭാഷയിലാണ്. ആഹ്ലാദകരമായ അനുഭവങ്ങളുടെ ഓര്‍മകള്‍ മധുരമുള്ളതായിരിക്കും.  മുറിപ്പെടുത്തുന്ന ഓര്‍മകള്‍ വേദനാ നിര്‍ഭരമായൊരു മാനസികാനുഭവവുമായിരിക്കും. മറക്കാനാഗ്രഹിക്കുന്ന പല അനുഭവങ്ങളും ഓര്‍മകളുടെ രൂപത്തില്‍ നമ്മെ അലട്ടിക്കൊണ്ടേയിരിക്കും.  ഓര്‍ത്തിരിക്കണമെന്നാഗ്രഹിക്കുന്ന പല കാര്യങ്ങളും പലപ്പോഴും മറന്നുപോവുകയുംചെയ്യും. വിരസവും അതിസാധാരണവുമായ ദൈനംദിനാനുഭവങ്ങള്‍ ഓര്‍മയില്‍നിന്ന് വേഗത്തില്‍ മാഞ്ഞുപോകും. തീവ്രമായ വൈകാരികാനുഭവങ്ങള്‍ ഓര്‍മയില്‍ ആഴത്തില്‍ മുദ്രിതമാവുകയുംചെയ്യും.  ചിലകാര്യങ്ങള്‍ നമ്മുടെ ഇച്ഛയ്ക്കനുസരിച്ച് ഓര്‍ത്തെടുക്കാന്‍ സാധിക്കും. ചില ഓര്‍മകള്‍ എവിടെനിന്നോ പെട്ടെന്ന് മനസ്സിലേക്കു കടന്നുവരികയുംചെയ്യും. എത്ര ശ്രമിച്ചാലും ചില ഓര്‍മകള്‍ മനസ്സില്‍ നിന്ന് വിട്ടുപോവാതെ നമ്മെ വേട്ടയാടും. അത്തരമൊരവസരത്തിലാണ് ലേഡി മാക്ബത്തിനെ ചികിത്സിക്കാന്‍ വന്ന ഡോക്ടറോട് മാക്ബത്ത് ഇങ്ങനെ ചോദിക്കുന്നത്.

Cans't thou not minister to a mind diseased; 
Pluck from the memory a rooted sorrow ;
Raze out the writtent roubles of the brain;  
And with some sweet oblivious antidote cleanse the stuff'd bosom of that perilous stuff which weighs up on the heart.

ഹൃദയത്തിനുഭാരമായ തീരാസങ്കടങ്ങളുടെ ഓര്‍മകളെ മനസ്സില്‍നിന്ന് പിഴുതുകളയാന്‍ സഹായിക്കുന്ന ഒരൗഷധം കൊടുത്തുകൂടെയെന്നാണ് മാക്ബത്ത് ഡോക്ടറോട് ചോദിക്കുന്നത്. പക്ഷേ, അത്തരമൊരൗഷധമില്ലെന്നും ലേഡീ മാക്ബത്ത് സ്വയമേവ ഈ ഓര്‍മകളെ മറന്നുകളയുകമാത്രമേ വഴിയുള്ളൂ എന്നുമാണ് ഡോക്ടര്‍ പ്രതിവചിക്കുന്നത്.  എന്നാല്‍ വേദനാനിര്‍ഭരമായ ഓര്‍മകള്‍ ബോധപൂര്‍വം വിസ്മരിച്ച് സ്വസ്ഥരാവാന്‍ ശ്രമിക്കുക എന്നത് വളരെ പ്രയാസംനിറഞ്ഞ, ഏറക്കുറെ അസാധ്യമെന്നു തോന്നുന്ന ഒരു പ്രക്രിയയാണെന്ന് അത്തരം ഓര്‍മകളെ കൈകാര്യംചെയ്തവര്‍ക്കെല്ലാം അറിയാമായിരിക്കും. ഒരുപക്ഷേ, അത്തരം ഓര്‍മകളെക്കുറിച്ചായിരിക്കും വിജയലക്ഷ്മി ഇങ്ങനെ എഴുതിയത്...
''ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മകള്‍ക്കില്ലാ ചാവും ചിതകളും
ഊന്നുകോലും ജരാനരദുഃഖവും'' (മഴ)

'പോയ്‌പോയ കാലംതേടി' (In search of lost time) മാര്‍സല്‍ പ്രൂസ്റ്റിന്റെ വിഖ്യാതമായ കൃതിയാണ്. ഫ്രഞ്ച് നോവലിസ്റ്റായ പ്രൂസ്റ്റ് ഏഴു വാല്യങ്ങളിലായി എഴുതിയ ബൃഹത് നോവലാണിത്. ആഖ്യാതാവിന്റെ ബാല്യകൗമാരങ്ങളിലെ അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോവുന്നത്. ഈ നോവലിന്റെ ഓന്നാംവാല്യമാണ് Swann's way. ഇതിലെ ഒരുഭാഗം ഓര്‍മയെക്കുറിച്ചുള്ള പഠനങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്.

മാദ്എലെയ്ന്‍ അനുഭവം (Madeleine Experience) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു കഥാസന്ദര്‍ഭമാണിത്. മാദ് എലെയ്ന്‍ കെയ്ക്കുപോലുള്ള ഒരു പലഹാരമാണ്. അതു ചായയില്‍ മുക്കികഴിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍, അദ്ദേഹത്തിന്റെ മനസ്സിലേക്ക് താന്‍ ബാല്യകാലത്ത് അമ്മായിയോടൊപ്പം ഇങ്ങനെ ചായയില്‍ മുക്കി മാദ് എലെയ്ന്‍  കഴിക്കുന്ന ഓര്‍മകള്‍ എവിടെന്നെന്നില്ലാതെ അതിശക്തമായി കടന്നുവരികയാണ്. ആ ബാല്യകാലാനുഭവത്തിന്റെ വൈകാരിക അന്തരീക്ഷവും ആഹ്ലാദ സമൃദ്ധിയും ആ നിമിഷത്തില്‍ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.  ചായയിലെ രുചി ഗന്ധങ്ങളുടെ ചിറകിലേറി വന്ന ഓര്‍മകളുടെ ഒരു കുത്തൊഴുക്ക്. 

ഈ അനുഭവത്തില്‍നിന്ന് അന്ന് താന്‍ താമസിച്ചിരുന്ന പ്രദേശത്തെക്കുറിച്ചും നടന്നിരുന്ന വഴികളെക്കുറിച്ചും നോവലിസ്റ്റ് ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് അന്നുണ്ടായിരുന്ന മറ്റനുഭവങ്ങളിലേക്കും നോവല്‍ വികസിക്കുന്നു.  ഇന്ദ്രിയാനുഭവങ്ങളിലൂടെ ഇത്തരത്തില്‍ സാധ്യമാകുന്ന ഓര്‍ത്തെടുക്കലും ഓര്‍ത്തെടുത്ത അത്തരം സന്ദര്‍ഭങ്ങളുടെ വിവരണങ്ങളിലൂടെ കഥാഗതിയെ മുന്നോട്ടുകൊണ്ടുപോവുന്ന രീതിയും ഒരു ആഖ്യാനതന്ത്രമായി തന്നെ മാര്‍സല്‍ പ്രൂസ്റ്റ് ഈ നോവലിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കുന്നതായി കാണാം.  ഇത്തരം ഓര്‍മകളെ അനൈച്ഛിക ഓര്‍മകള്‍ (Involuntary Memories) എന്നാണ് പ്രൂസ്റ്റ് വിശേഷിപ്പിച്ചത്. ഗന്ധവും രുചിയും വൈകാരികപ്രാധാന്യമുള്ള ഓര്‍മകളെ അതിവേഗം മനസ്സിലേക്കു കൊണ്ടുവരുമെന്നും അതിനു കാരണം ഈ ഇന്ദ്രിയാനുഭവങ്ങളുടെ മസ്തിഷ്‌കത്തിലെ നിര്‍ദ്ധാരണ സ്ഥാനങ്ങള്‍ക്ക് ഓര്‍മയുടെ കേന്ദ്രങ്ങളായ ഹിപ്പോകാമ്പസിനും അമിഗ്ഡലയുമായുള്ള സാമീപ്യമാണെന്നും കരുതപ്പെടുന്നു. ഇത്തരം ഓര്‍മകളെ പ്രൂസ്റ്റിയന്‍ ഓര്‍മകള്‍ (Proustian Memories) എന്നും വിളിക്കാറുണ്ട്. 

വര്‍ത്തമാനകാലത്തില്‍ സ്തംഭിച്ചുപോയ ഒരാള്‍ ഓര്‍മകള്‍ കഴിഞ്ഞുപോയ കാലത്തിന്റെ ദിശാസൂചികളാണ്.  ആത്മകഥാപരമായ ഓര്‍മകളുടെ (Autobiographical Memory) അനസ്യൂതതയിലാണ് ജീവിതാനുഭവങ്ങള്‍ അര്‍ഥവത്താവുന്നത്. എന്നാല്‍ ഓര്‍മകള്‍ സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ എന്തു സംഭവിക്കും? അത്തരമൊരു കഥയാണ് H.Mന്റേത്.  ഓര്‍മയെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായം കൂടിയാണിത്. H.M. എന്നത് ഹെന്റി ഗുസ്താവ് മൊളെയ്‌സണ്‍ (Henry Gustav Molaison) എന്നതിന്റെ ചുരുക്കപ്പേരാണ്.  ഒ.ങന് ശക്തമായ അപസ്മാര രോഗമുണ്ടായിരുന്നു.  മരുന്നുകള്‍കൊണ്ട് നിയന്ത്രണവിധേയമാകാത്ത തരത്തിലുള്ള തീവ്രമായ രോഗമായിരുന്നു H.Mന്റേത്.  ഈ അപസ്മാരത്തിന്റെ ഉറവിടം തലച്ചോറിലെ ഇരുവശത്തുമുള്ള മീഡിയല്‍ ടെമ്പറല്‍ ലോബുകളാണെന്ന് ഒ.ങന്റെ ഡോക്ടര്‍ വില്യം സ്‌കൊവില്ലെ (William Scoville) മനസ്സിലാക്കി.  അപസ്മാരം മാറാന്‍ ഈ ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കാനും തീരുമാനിച്ചു.  27ാം വയസ്സില്‍ ശസ്ത്രക്രിയ നടത്തി. അപസ്മാരം അപ്രത്യക്ഷമാവുകയുംചെയ്തു. ശസ്ത്രക്രിയക്കുശേഷം H.M പൊതുവേ വലിയ പ്രശ്‌നങ്ങളില്ലാതെ കാണപ്പെട്ടു. 

നടക്കാനോ സംസാരിക്കാനോ പ്രയാസമൊന്നുമില്ല.  കണക്കുചെയ്യാം.  പക്ഷേ, ദൈനംദിന ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെയും അപ്പോള്‍ത്തന്നെ മറന്നുപോകുന്നു.  ഭക്ഷണം കഴിച്ചതോ, തൊട്ടുമുന്നേ നടത്തിയ സംഭാഷണമോ ഒന്നും H.M ന് ഓര്‍മയുണ്ടാവില്ല. ഏകദേശം അമ്പതോളം കൊല്ലം ഈയവസ്ഥയിലാണ് H.M. ചെലവഴിച്ചത്. ഈ കാലഘട്ടത്തില്‍ ഒ.ങ. നിരവധിയായ ഓര്‍മഗവേഷണങ്ങളോട് സഹകരിക്കുകയും ഓര്‍മയെക്കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം വിപുലപ്പെടുത്തുന്നതില്‍ സഹായിക്കുകയും ചെയ്തു. ഇതില്‍ ഏറെക്കാലം H.Mനോട് ഒത്ത് ചെലവഴിച്ച ബ്രെണ്ട മില്‍നര്‍ എന്ന ഗവേഷകയെ ഓരോ ദിവസവും ഒരു പുതിയ ആളിനെ പരിചയപ്പെടുന്നു എന്ന രീതിയിലായിരുന്നു H.M. കണ്ടിരുന്നത്. മുമ്പ് കണ്ടതും പരിചയപ്പെട്ടതും പരീക്ഷണങ്ങളില്‍ പങ്കെടുത്തതുമെല്ലാം പൂര്‍ണമായും H.M. മറന്നുപോയിരിക്കുന്നു. H.Mന്റെ തലച്ചോറിലെ ഹിപ്പോകാമ്പസും പാരാഹിപ്പോക്കമ്പല്‍ ഏരിയകളും ആണ് സ്‌കൊവില്ലെ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങള്‍ ഓര്‍മശക്തിയെ നിര്‍ണയിക്കുന്നതില്‍ വഹിക്കുന്ന സുപ്രധാനമായ സഥാനം പുറത്തുകൊണ്ടുവന്നത് H.Mന്റെ ഈ സവിശേഷരോഗാവസ്ഥയുമായി ബന്ധപ്പെടുത്തിയ പഠനങ്ങളാണ്. 27 വയസ്സിനുശേഷം ഓര്‍മകളൊന്നും രൂപപ്പെടാത്ത മസ്തിഷ്‌കമായിരുന്നു H.Mന്റെത്. അയാളുടെ ആത്മനിഷ്ഠമായ കാലാനുഭവം അവിടെ വെച്ച് നിശ്ചലമാവുകയായിരുന്നു. കാലം അയാള്‍ക്ക് വര്‍ത്തമാനത്തിന്റെ നിരന്തരമായ നൈമിഷികതയായിരുന്നു. ക്ഷണികതയുടെ ശാപമാണ് (The Sin of Transience) H.Mന്റെ ഓര്‍മകള്‍ക്കെന്ന് ഹാര്‍വാഡിലെ സൈക്കോളജി പ്രൊഫസറായ ഡാനിയല്‍ ഷാക്ടര്‍ എഴുതുന്നുണ്ട് 

(Daniel L.Schacter – How the mind forgets and remembers the seven sins of memory). ഈയര്‍ഥത്തിലാണ് H.Mനെക്കുറിച്ച് എഴുതിയ പുസ്തകത്തിന് ന്യൂറോ സയന്റിസ്റ്റായ സൂസന്‍ കോര്‍ക്കിന്‍ (Suzanne Corkin)Permanent Present tense എന്നു പേരിട്ടിരിക്കുന്നത്. ആ അനുഭവത്തെക്കുറിച്ച് പ്രൂസ്റ്റ് എഴുതുന്നതിങ്ങനെയാണ്.

But when from a long distant past nothing subsists, after the people are dead, after the things are broken and scattered, taste and smell alone, more fragile but more enduring, more persistent, more faithful, remain poised a long time, like souls, remembering, waiting, hoping amid the ruins of all the rest; and bear unflinchingly in the tiny and almost impalpable drop of their essence, the vast  tsructure of recollection.

കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ സൈക്യാട്രിസ്റ്റാണ് ലേഖകന്‍