പ്രതീകാത്മക ചിത്രം | Mathrubhumi (Photo: T. Mohandas Kozhikode)
അഞ്ചാം പനി വീണ്ടും വാര്‍ത്തയാവുകയാണ്. അഞ്ചാംപനി ഏതു പ്രായക്കാരെയും ബാധിക്കാം, എന്നാല്‍, ആഗോളതലത്തില്‍ രോഗത്തിന്റെ ഭൂരിഭാഗവും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലാണ് കണ്ടുവരുന്നത്.
രോഗലക്ഷണങ്ങള്‍
ചുമ, മൂക്കൊലിപ്പ്, ചെങ്കണ്ണ്, മുടിക്ക് ചുറ്റും ആരംഭിച്ച് മുഖത്തും കഴുത്തിലും ചെവിക്ക് പിന്നിലും പടര്‍ന്നു നെഞ്ചിലേക്കിറങ്ങി കൈകാലുകളെയും അവസാനം ശരീരമാസകലം ബാധിക്കുന്ന ചുവപ്പുകലര്‍ന്ന മാക്യുലോപാപ്പുലാര്‍ തിണര്‍പ്പുകള്‍, കഠിനമായ പനി, ക്ഷീണം, മീസില്സിന്റെ തുടക്കത്തില്‍ കവിള്‍ത്തടങ്ങളില്‍ ഉണ്ടാകുന്ന ചെറിയ വെളുത്ത പാടുകള്‍ (പലപ്പോഴും ചുവന്ന പശ്ചാത്തലത്തില്‍)അതായത് കോപ്ലിക് പാടുകള്‍ തുടങ്ങിയവ.
സങ്കീര്‍ണാവസ്ഥകള്‍
ആരോഗ്യമുള്ള കുട്ടികളിലും മുതിര്‍ന്നവരിലും അഞ്ചാംപനി മരണനിരക്ക് കുറവാണ്, കൂടാതെ മീസില്‍സ് വൈറസ് ബാധിച്ച മിക്ക ആളുകളും പൂര്‍ണമായും സുഖംപ്രാപിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏകദേശം 30 ശതമാനം പ്രായത്തിനനുസരിച്ച് സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവരാണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍, 20 വയസ്സിനു മുകളിലുള്ള ആരോഗ്യപ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍, പോഷകാഹാരക്കുറവുള്ള വ്യക്തികള്‍, വിറ്റാമിന്‍ എ കുറവുള്ള ആളുകള്‍ എന്നിവരില്‍ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കൂടുതലാണ്.
ഓട്ടിറ്റിസ് മീഡിയ, ശ്വാസനാളത്തെ ബാധിക്കുന്ന ക്രൂപ്പ്, വയറിളക്കം, ന്യുമോണിയ, അന്ധത, ഗര്‍ഭമലസല്‍ അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവം പോലുള്ള ഗര്‍ഭധാരണ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. പകര്ച്ചവ്യാധിക്കുശേഷമുള്ള അഞ്ചാംപനി എന്‍സെഫലൈറ്റിസ്, കൂടാതെ അണുബാധയ്ക്ക് വര്‍ഷങ്ങള്‍ക്കുശേഷം സാവധാനത്തില്‍ പുരോഗമിക്കുന്ന കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അണുബാധയായ സബ് അക്യൂട്ട് സ്ക്ലിറോസിങ് പാന്സെഫലൈറ്റിസും (SSPE) അപൂര്‍വമായി വരാം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില്‍ പെട്ടെന്ന് പുരോഗമിക്കുന്ന എന്‍സെഫലൈറ്റിസ്, മീസില്‍സ് ഇന്ക്ലൂഷന്ബോഡി എന്‍സെഫലൈറ്റിസ്, ജയന്റ് സെല്‍ ന്യുമോണിയ എന്നിവയും അപൂര്‍വമായി വരാം.വികസ്വരരാജ്യങ്ങളില്‍, പ്രോട്ടീന്‍ നഷ്ടപ്പെടുന്ന എന്ററോപതിക്കൊപ്പം സ്ഥിരമായ വയറിളക്കവും ഉണ്ടായേക്കാം
പകര്‍ച്ച
അഞ്ചാംപനി രോഗിയുമായി അടുത്തസമ്പര്‍ക്കം പുലര്‍ത്തുന്ന പത്തില്‍ ഒമ്പതുപേര്‍ക്കും അഞ്ചാംപനി പിടിപെടാം. അണുബാധയുള്ള തുള്ളികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ രോഗബാധിതനായ ഒരാള്‍ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലേക്ക് തെറിക്കുന്ന കണങ്ങള്‍ വഴിയോ വൈറസ് പകരുന്നു. ഏകദേശം രണ്ടു മണിക്കൂര്‍വരെ വൈറസുകള്‍ക്ക് വായുവില്‍ നില്‍ക്കാനും രോഗം പടര്‍ത്താനും കഴിയും. തിണര്‍പ്പ് പ്രത്യക്ഷപ്പെടുന്നതിന് നാലുദിവസങ്ങള്‍ക്കു മുമ്പുമുതല്‍ നാലു ദിവസങ്ങള്‍ക്കുശേഷം വരെ ശ്വാസകോശ മേഖലയില്‍ വൈറസ് ഏറ്റവും കൂടുതലായതിനാല്‍ അസുഖം പകരാന്‍ സാധ്യതയുണ്ട്
പ്രതിരോധം
കുട്ടികളില്‍ ഒമ്പതുമാസത്തിനു ശേഷം ഒരു കുത്തിവെപ്പും ഒന്നരവയസ്സില്‍ ബൂസ്റ്റര്‍ കുത്തിവെപ്പും എടുക്കേണ്ടതാണ്. വലിയവര്‍ക്കും ആവശ്യമെങ്കില്‍ കുത്തിവെപ്പെടുക്കാം. മീസില്‍സ്, മുണ്ടിനീര്, റുെബല്ല, ചിക്കന്‍പോക്സ് തുടങ്ങിയവയുടെ മിശ്രിതങ്ങള്‍ അടങ്ങിയ MR, MMR, MMVR തുടങ്ങിയ കുത്തിവെപ്പുകള്‍ ലഭ്യമാണ്. നല്ല ശുചിത്വം ശീലിക്കുക പ്രധാനമാണ്. അസുഖമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പരമാവധി ഒഴിവാക്കുകയും വേണം.
കഴിഞ്ഞ തവണത്തെ ഫിഫ വേള്‍ഡ് കപ്പ് ഫുട്ബാള്‍ നടന്ന റഷ്യയില്‍ ആ സമയത്തു മീസല്‍സ് പടര്‍ന്നുപിടിക്കുകയുണ്ടായി. അന്ന് അവരും നമ്മളോട് പറഞ്ഞത് മീസില്‍സ് പ്രതിരോധ കുത്തിവെപ്പിന്റെ ഗുണത്തെ കുറിച്ചാണ്. ഫുട്ബാള്പനി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ അസുഖം വന്ന് ചികിത്സിക്കാന്‍ കൃത്യമായ ഒരു മരുന്നില്ലാത്ത ഒരു പനിക്ക് സൗജന്യമായി ലഭിക്കുന്ന കുത്തിവെപ്പെടുത്തു നല്ലൊരു ഡിഫന്‍ഡര്‍ ആകാന്‍ ശ്രമിക്കുക. കുത്തിവെപ്പെടുക്കുക, പ്രതിരോധം തീര്‍ക്കുക.
(ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖിക)
Content Highlights: measles symptoms causes and treatments, health,measles in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..