വ്യാജപ്രചരണങ്ങള്‍ക്ക് വിട നല്‍കി സംസ്ഥാനത്തെ റൂബെല്ല പ്രതിരോധകുത്തിവെപ്പ് ക്യാമ്പിന് ഇന്ന് തുടക്കമാകും. തെറ്റായ പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്ക് അഞ്ചാംപനിയില്‍ (മീസില്‍സ്) നിന്നും റുബെല്ലയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി  സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മീസില്‍സ് റൂബെല്ല (എം.ആര്‍) പ്രതിരോധ പരിപാടി ആരോഗ്യരംഗത്തെ വന്‍നേട്ടം തന്നെയാണ്.

ഈ പ്രതിരോധ ദൗത്യനിര്‍വഹണത്തിനായി കുത്തിവെയ്പ്പ് നല്‍കുന്ന കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനകം തന്നെ ആവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള കുട്ടികള്‍ക്ക് വീടുകളില്‍ പോയി പ്രതിരോധമരുന്ന് നല്‍കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഈ പ്രതിരോധ ദൗത്യത്തിനെതിരെയുളള പ്രചരണങ്ങള്‍ കുട്ടികളെ ദോഷമായി ബാധിക്കാതിരിക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ നടത്തി വരികയാണ്. 

നവംബര്‍ മൂന്നുവരെയാണ് കുത്തിവെപ്പ് പരിപാടി നടക്കുന്നത്. ആകെ 12,60,493 കുട്ടികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ മാത്രം വാക്‌സിന്‍ നല്‍കേണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതും മലപ്പുറത്താണ്. 10 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ജില്ലയിലാണ്. ഇതിനായി ഒന്നേകാല്‍ ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലയ്ക്ക് വേണ്ടത്. ക്യാമ്പിനായി 99,000 വയല്‍ (കുപ്പി) വാക്‌സിനുകളാണ് മലപ്പുറം ജില്ലയിലേക്കെത്തിയത്. പുണെ ആസ്ഥാനമായുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വാക്‌സിന്‍ എത്തിച്ചത്. എം.ആര്‍. വാക്‌സിന്റെ ഒരു വയലില്‍ പത്ത് ഡോസ് മരുന്നാണുണ്ടാവുക. അതിനാല്‍ ഒരു വയല്‍ വാക്‌സിന്‍ 10 കുട്ടികള്‍ക്ക് ഉപയോഗിക്കാനാകും. 

rubella
ചിത്രങ്ങള്‍ കടപ്പാട്; കേരള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

മീസില്‍സ് അഥവാ അഞ്ചാംപനി, റുബെല്ലാ അഥവാ ജര്‍മന്‍ മീസില്‍സ് എന്നീ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന് നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം തന്നെ തുടങ്ങികഴിഞ്ഞു.  വിവിധ പഞ്ചായത്തുകളിലുമായി 87,500 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ്  പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഭൂരിഭാഗം സ്‌കൂളുകളിലും പ്രത്യേക പി.ടി.എ. യോഗങ്ങളിലൂടെ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കി. 

ആരോഗ്യ, അങ്കണവാടി, ആശാപ്രവര്ത്തകരിലൂടെ വ്യാപകമായ ബോധവത്കരണവും നടക്കുന്നുണ്ട്.മീസില്‍സ്, റുബെല്ല വാക്‌സിന്‍ ഒന്‍പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. 

നിങ്ങളുടെ നാട്ടില്‍ റൂബെല്ല പ്രതിരോധയജ്ഞം വിജയകരമാകാന്‍ ചെയ്യേണ്ടത്

rubella2

1. മീസല്‍സ്-റൂബെല്ല പ്രതിരോധകുത്തിവെപ്പിനെക്കുറിച്ചുളള പരിശീലന പരിപാടികളില്‍ പങ്കെടുത്ത് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക
2.  എം.ആര്‍ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുളള ബോധവത്ക്കരണപരിപാടികള്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക
3.  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിന് 2-3 ദിവസം മുമ്പെങ്കിലും പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ഓര്‍മപ്പെടുത്തുക
4.  പ്രതിരോധ മരുന്ന് നല്‍കുന്ന സ്ഥലം, തിയതി എന്നിവ കുടുംബങ്ങളെ അറിയിക്കുകയും ഇതു സംബന്ധിച്ച ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് നല്‍കുകയും ചെയ്യുക. പ്രദേശത്തെ വീടുകളില്‍ പോകുമ്പോഴും ആളുകളെ കാണുമ്പോഴും എംആര്‍ പ്രതിരോധത്തിന്റെ പ്രാധാന്യം എടുത്തു പറയുക.
5.  ഒന്‍പതു മാസം മുതല്‍ 15 വയസുവരെയുളളവരെ പ്രതിരോധ മരുന്ന് നല്‍കുന്ന സ്ഥലത്തേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കളെ ഓര്‍മിപ്പിക്കുക. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറെടുക്കുക.
6.  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന സ്ഥലത്തേക്ക് ആര്‍ക്കെങ്കിലും എത്താനാകാതെ പോയാല്‍ കുത്തിവെപ്പ് ലഭിക്കാനായി അവര്‍ എവിടെ പോകണമെന്ന് മനസിലാക്കിവെക്കുക.
7.  സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് കുട്ടികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ചും മാതാപിതാക്കളെ ഓര്‍മിപ്പിക്കുക.
8. കുത്തിവെപ്പിനു ശേഷം ഏതെങ്കിലും കുട്ടിയില്‍ ദോഷഫലങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ സഹായിക്കുക

ഓര്‍മിക്കുക

1. ഒന്‍പതുമാസം മുതല്‍ 15 വയസ്സുവരെയുളള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുക
2.  നേരത്തെ എം.ആര്‍ പ്രതിരോധമരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടിക്ക് പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായുളള കുത്തിവയ്പ് നിര്‍ബന്ധമായും നല്‍കുക
3. മീസില്‍സ്-റൂബെല്ല എന്നിവമൂലമുണ്ടാകുന്ന മരണകാരണമായ പ്രത്യാഘാതങ്ങള്‍ (ന്യുമോണിയ, വയറിളക്കം, മസ്തിഷ്‌ക ജ്വരം) എന്നിവക്കെതിരെയുളള ഏക പ്രതിരോധമാര്‍ഗമാണ് പ്രതിരോധ കുത്തിവെപ്പ്.
4.  എല്ലാ ഗവ. ആശുപത്രികളിലും എം.ആര്‍ കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നു.
5.  കുട്ടിയ പ്രതിരോധ കുത്തിവെപ്പിനായി കൊണ്ടുപോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍/ മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് മറക്കാതിരിക്കുക.
6.  പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ-അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരില്‍ നിന്ന് ലഭ്യമാണ്

നിങ്ങളുടെ കുട്ടിയുടെ പ്രായം ഒന്‍പതുമാസം മുതല്‍ 15 വയസുവരെയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

rubella4

1. നിങ്ങള്‍ക്ക് ഒന്‍പതാം മാസം മുതല്‍ 15 വയസുവരെ പ്രായപരിധിയിലുളള കുട്ടികളുണ്ടെങ്കില്‍ ഏറ്റവുമടുത്ത കേന്ദ്രത്തിലെത്തി മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുക.
2. ഇതു സംബന്ധിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
3. നിങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നുണ്ടെങ്കില്‍, ഇത് കുട്ടിക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക
4. പ്രതിരോധ കുത്തിവെപ്പിനെ തുടര്‍ന്ന് എന്തെങ്കിലും അസ്വസ്ഥതകള്‍ കുട്ടിയില്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുകയോ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിക്കുകയോ ചെയ്യുക.
5. പ്രതിരോധ കുത്തിവെപ്പ് കുട്ടിക്ക് നല്‍കാനായി കൊണ്ടു പോകുമ്പോള്‍ ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് മറക്കാതിരിക്കുക.
6. മീസില്‍സ്-റൂബെല്ല പ്രതിരോധത്തിന്റെ ഭാഗമായുളള കുത്തിവെപ്പുകളടക്കം എല്ലാ പ്രതിരോധ മരുന്നുകളും കുട്ടിക്ക് നല്‍കുക.

അധ്യാപകര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാനാവും

rubella3

1. മീസില്‍സ്- റുബെല്ല പ്രതിരോധമരുന്ന് വിതരണത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ സജീവമായി പങ്കെടുക്കുക
2. പ്രതിരോധമരുന്ന് നല്‍കുന്നതിന് നിങ്ങളുടെ സ്‌കൂളുകളില്‍ അനുയോജ്യമായ സ്ഥലവും സമയവും ആരോഗ്യവകുപ്പ് ജീവനക്കാരുമായി ആലോചിച്ച് ക്രമീകരിക്കുക.
3. ക്ലാസ് മുറികളിലെ ചര്‍ച്ചകള്‍, പിടി ഐ യോഗങ്ങള്‍ എന്നിവ വഴി രോഗ പ്രതിരോധത്തെപ്പറ്റി അവബോധം വളര്‍ത്തുക. എല്ലാകുട്ടികള്‍ക്കും ഇമ്മ്യുണൈസേഷന്‍ കാര്‍ഡ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുക
4. മീസില്‍സ് റൂബെല്ല രോഗങ്ങള്‍ വിഷയമാക്കി ചിത്രരചനാ മല്‍സരം നടത്തുക. മികച്ച ചിത്രങ്ങള്‍ കുത്തിവയ്പ്പ്  നല്‍കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കുക.
5. പ്രതിരോധമരുന്ന് നല്‍കുന്ന ദിവസം കുട്ടികളെ സ്‌കൂളില്‍ വരാന്‍ പ്രേരിപ്പിക്കുക. കുത്തിവെപ്പിന് മുന്‍പ് കുട്ടികള്‍ ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പുവരുത്തുക.
6. ഈ പ്രതിരോധമരുന്ന് സാധാരണഗതിയില്‍ ദോഷഫലങ്ങളുണ്ടാവില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.(കുത്തിവെപ്പ് നല്‍കുമ്പോള്‍ ചില കുട്ടികള്‍ക്ക് പനി, ചെറിയ നീര് എന്നിവ അനുഭവപ്പെട്ടേക്കാം).
7. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന സ്ഥലത്തെത്തി കുട്ടികള്‍ക്ക് ധൈര്യം പകരുക.
8. കുട്ടിയുടെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുക. ആവശ്യമെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നിടത്തേക്ക് കുട്ടിക്കൊപ്പം പോകാന്‍ മാതാപിതാക്കളെ അനുവദിക്കുക.
9. പ്രതിരോധ കുത്തിവെപ്പിനെ തുടര്‍ന്ന് എന്തെങ്കിലും അസ്വസ്ഥതകള്‍ കുട്ടിയില്‍ കണ്ടാല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നിടത്തുളള ഡോക്ടറേയോ നഴ്‌സിനേയോ ഉടന്‍ വിവരം അറിയിക്കുക.

 എവിടെനിന്ന് ലഭിക്കും?

ഒരുമാസക്കാലമാണ് കുത്തിവെപ്പ് കാമ്പയിന്‍. ആദ്യ മൂന്നാഴ്ച എല്ലാ സ്‌കൂളുകളിലും കുത്തിവെപ്പ് കാമ്പയിനുകളുണ്ടാകും. ശേഷമുള്ള രണ്ടാഴ്ച അങ്കണവാടികള്‍, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. നവംബര്‍ മൂന്നിന് കാമ്പയിന്‍ സമാപിക്കും. ഇതിനകം എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

 ആശങ്ക വേണ്ട

ഓട്ടോ ഡിസേബ്ള്‍ഡ് സിറിഞ്ച് ഉപയോഗിച്ചാണ് മീസില്‍സ് റൂെബല്ല വാക്‌സിന്‍ കുത്തിവെക്കുന്നത്. അതിനാല്‍ ഒരു കുട്ടിക്ക് ഉപയോഗിച്ച സിറിഞ്ച് പിന്നീട് ഉപയോഗിക്കാനാവില്ല. ഒരു തവണ ഉപയോഗിച്ചത് രണ്ടാമത് ഉപയോഗിക്കുന്നതിനായി മരുന്ന് നിറയ്ക്കാനാവില്ല. കൂടാതെ ശീതീകരണ സംവിധാനം ഉപയോഗിച്ചാണ് വാക്‌സിന്‍ സൂക്ഷിക്കുന്നതും. അതുകൊണ്ട് സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക വേണ്ട.
  
ആര്‍ക്കൊക്കെ നല്‍കരുത്?

ശക്തമായ പനി, ബോധക്ഷയം, അപസ്മാരം എന്നിവയുള്ളതും മുന്‍പ് കുത്തിവെപ്പെടുത്തപ്പോള്‍ വലിയ തോതിലുള്ള അലര്‍ജിയുണ്ടായതുമായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഗുണകരമല്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുമുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം. 
 
പാര്‍ശ്വഫലത്തെ പേടിവേണ്ട

എം.ആര്‍. കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയും അംഗീകരിച്ചതാണ് എം.ആര്‍. വാക്‌സിന്‍. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ അംഗീകാരം നേടിയതുമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചരക്കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

പതിവ് പ്രതിരോധ കുത്തിവെപ്പ് എപ്പോള്‍?

മീസില്‍സ് റൂെബല്ല കുത്തിവെപ്പെടുത്ത കുട്ടിക്ക് നാലാഴ്ചയ്ക്കുശേഷം മാത്രമേ മറ്റേതെങ്കിലും വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂ. വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ച വേണമെന്നതിനാലാണിത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്- 04712552056, 1056

(വിവരങ്ങൾക്ക് അവലംബം: സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ചത്)