ഇതാണ് നമ്മുടെ നാട്ടിലെ പ്രമുഖര്‍ ചികിത്സയ്ക്ക് പോകുന്ന മയോക്ലിനിക്; ചികിത്സാനുഭവം പങ്കുവെച്ച് മലയാളി


ജെയിന്‍ ജോസഫ്| janejoseph.123@gmail.com

ഡോക്ടര്‍മാര്‍തൊട്ട് കോഫീഷോപ്പിലെ ജോലിക്കാര്‍വരെ ഉറപ്പുവരുത്തുന്ന സൗഹൃദപരമായ പെരുമാറ്റം. അതുതന്നെയാണ് മയോക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നതും

Photo: Getty Images

മയോക്ലിനിക് എന്ന വാക്ക് മലയാളികള്‍ കേള്‍ക്കുന്നത് ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുമ്പോഴാണ്. യഥാര്‍ഥ മയോക്ലിനിക് അനുഭവവും ആ ലോകത്തിന്റെ പ്രത്യേകതകളുമാണ് ഈ കുറിപ്പ്. ഒരു ചെറുനഗരമായിപ്പടര്‍ന്ന ഈ ആശുപത്രിയില്‍ പ്രതിവര്‍ഷം 130 രാജ്യങ്ങളില്‍നിന്ന് പതിമ്മൂന്ന് ലക്ഷത്തോളം രോഗികള്‍ എത്തുന്നു

ഞാന്‍ നില്‍ക്കുന്നത് ഒരു ഇരുപത്തിയൊന്നുനില കെട്ടിടത്തിന്റെ മനോഹരമായി അലങ്കരിച്ച പ്രവേശനമുറിയിലാണ്. മൂന്ന് നിലയോളം ഉയരമുള്ള സീലിങ്; അത്രയുംതന്നെ ഉയരത്തില്‍ ഗ്‌ളാസ് ജനാലകള്‍. എന്റെ മുമ്പില്‍ ആകാശത്തിലേക്ക് ശിരസ്സുയര്‍ത്തി കൈകള്‍ വിരിച്ചുനില്‍ക്കുന്ന മുപ്പതടിയോളം ഉയരമുള്ള ഒരു നഗ്‌നമനുഷ്യപ്രതിമ.

ആശുപത്രിയുടെ പ്രവേശന മുറിയില്‍ സ്ഥാപിച്ചിട്ടുള്ള 'മനുഷ്യനും സ്വാതന്ത്ര്യവും' എന്ന ശില്പം
ആശുപത്രിയുടെ പ്രവേശന മുറിയില്‍ സ്ഥാപിച്ചിട്ടുള്ള 'മനുഷ്യനും സ്വാതന്ത്ര്യവും' എന്ന ശില്പം

'മനുഷ്യനും സ്വാതന്ത്ര്യവും' എന്നതാണ് യുഗോസ്ലാവിയന്‍ ശില്പിയായ ഐവാന്‍ മെസ്ട്രോവിച്ച് നിര്‍മിച്ച ഈ പ്രതിമയുടെ പേര്. ആരോഗ്യമാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്നതാണ് പ്രതിമ അര്‍ഥമാക്കുന്നത്.

കുറച്ചായി എനിക്ക് നഷ്ടപ്പെട്ട ആ സ്വാതന്ത്ര്യം നേടിയെടുക്കാനാണ് ഏറെദൂരം സഞ്ചരിച്ച് ലോകപ്രശസ്തമായ ഈ ചികിത്സാലയത്തില്‍ ഞാന്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍ മിനസോട്ട സംസ്ഥാനത്തില്‍ റോച്ചസ്റ്റര്‍ എന്ന ചെറിയ നഗരത്തില്‍ സ്ഥിതിചെയ്യുന്ന മയോക്ലിനിക്കിലാണ് എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ ക്ലിനിക്കല്ല ഇത്; മറിച്ച് റോച്ചസ്റ്റര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി പടര്‍ന്നുകിടക്കുന്ന ആശുപത്രി സമുച്ചയം. അതോടൊപ്പം മെഡിക്കല്‍ സ്‌കൂള്‍, ഗവേഷണകേന്ദ്രങ്ങള്‍, ലബോറട്ടറികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ പരസ്പരബന്ധിതമായ ഒരു സൗഖ്യാലയം!

അമേരിക്കയില്‍നിന്ന് മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ ഇവിടെയെത്തുന്നു. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വേണ്ട കാര്യങ്ങള്‍ ചെയ്ത് മടങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ മയോക്ലിനിക് സ്റ്റാഫ് അവര്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. ആവശ്യമെങ്കില്‍ പരിഭാഷകരെയും ബൈസ്റ്റാന്‍ഡര്‍ സേവനങ്ങളും ലഭ്യമാക്കുന്നു. അര്‍ഹരായവര്‍ക്ക് ചികിത്സയ്ക്കുവേണ്ടുന്ന സാമ്പത്തികസഹായങ്ങള്‍ നല്‍കാനും ശ്രമിക്കുന്നു. ഏകദേശം 130 രാജ്യങ്ങളില്‍നിന്ന് പതിമ്മൂന്ന് ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം ഇവിടെയെത്തുന്നു. കേരളത്തില്‍നിന്ന് ഒട്ടേറെ രോഗികള്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. മലയാളികളായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, റിസര്‍ച്ചിലും മെഡിക്കല്‍ സ്‌കൂളിലുമായി കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മലയാളി വിദ്യാര്‍ഥികളും!

രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ അവസാനവാക്കാണ് മയോക്ലിനിക്. മയോക്ലിനിക്കിലെ അക്കാദമിക് വൈദഗ്ധ്യത്തെക്കുറിച്ചോ, ചികിത്സയിലെ നൂതനരീതികളെക്കുറിച്ചോ അല്ല ഈ ലേഖനം. അത് വിവരിക്കാന്‍ ഏതാനും താളുകള്‍ മതിയാവില്ല. മറിച്ച് മയോക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ ഒരു രോഗി എന്നനിലയില്‍ എനിക്കുണ്ടായ വ്യത്യസ്തവും ആര്‍ദ്രവുമായ അനുഭവങ്ങളും സഹാനുഭൂതിയില്‍ അധിഷ്ഠിതമായ സേവനത്തിന്റെ ചില നേര്‍ക്കാഴ്ചകളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.

ഓസ്റ്റിനില്‍നിന്ന് പതിനാറു മണിക്കൂര്‍ കരമാര്‍ഗം യാത്രചെയ്താണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ആദ്യം വന്നത് കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. അന്നെത്തിയത് രോഗനിര്‍ണയത്തിനാണെങ്കില്‍ ഈ വരവ് തുടര്‍ചികിത്സയ്ക്കുവേണ്ടിയാണ്. ചെറുതായി തുടങ്ങുന്ന ചില അസുഖങ്ങള്‍ എങ്ങനെ ജീവിതത്തിന്റെ താളംതെറ്റിക്കുമെന്ന് അനുഭവംകൊണ്ട് ഞാന്‍ മനസ്സിലാക്കി. പല സ്‌പെഷ്യലിസ്റ്റുകളെ കാണുകയും ചികിത്സകള്‍ പരീക്ഷിക്കുകയും ചെയ്തിട്ടും പരിഹാരംകിട്ടാതെ വന്നപ്പോഴാണ് ചികിത്സയില്‍ 'ഡയഗ്‌നോസിസ്' അഥവാ രോഗനിര്‍ണയം എന്നതിന്റെ പ്രസക്തി എത്ര വലുതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഫെബ്രുവരി 2020-ല്‍ ആദ്യമായി മയോക്ലിനിക്കിലെത്തുന്നത്. നാലാഴ്ചനീണ്ട പരിശോധനകള്‍ക്കുശേഷം രോഗനിര്‍ണയത്തിലേക്കെത്തുകയും ചികിത്സതുടങ്ങുകയും ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ വീഡിയോ കോളുകളിലൂടെ ഡോക്ടര്‍ എനിക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും മയോക്ലിനിക്കിന്റെ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ അയച്ചുതരികയും ചെയ്തിരുന്നു.

വാക്‌സിന്‍ രണ്ടുഡോസും എടുത്തതിനുശേഷമാണ് ഈ യാത്ര. കോവിഡ് ടെസ്റ്റ് ചെയ്തതിനുശേഷമാണ് മറ്റു ടെസ്റ്റുകള്‍ തുടങ്ങുന്നത്. മയോക്ലിനിക് ആപ്പില്‍ നോക്കി: ആദ്യത്തേത് ബ്ലഡ് ടെസ്റ്റാണ്. രോഗിയുടെ സന്ദര്‍ശനം ഏറ്റവും സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മയോക്ലിനിക് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മയോക്ലിനിക് നമ്പര്‍ വഴി ലോഗിന്‍ചെയ്തു കഴിഞ്ഞാല്‍ തങ്ങളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രോഗിക്ക് ലഭിക്കും. ഓരോ ടെസ്റ്റും എന്താണെന്നും അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണെന്നും എവിടെയാണെത്തേണ്ടതെന്നുമെല്ലാം. ടെസ്റ്റുകള്‍ കഴിയുന്നതിനനുസരിച്ച് റിസല്‍റ്റുകളും ഡോക്ടര്‍മാരുടെ വിശദമായ റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളുമുള്‍പ്പെടെ വ്യക്തമായി വിവരിച്ചിട്ടുണ്ടാവും.

എന്റെ ബ്ലഡ് ടെസ്റ്റ് അടുത്തുള്ള കെട്ടിടത്തിലാണ്. മിക്ക കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ഗ്രൗണ്ട് ടണലുകളും സ്‌കൈവേകളുമുണ്ട.് ടണലുകള്‍ക്ക് സബ്വേ എന്നാണ് ഇവിടെ വിളിപ്പേര്. ശൈത്യകാലത്ത് താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുകയും മഞ്ഞിനാല്‍ ആവൃതമാവുകയും ചെയ്യുന്ന സ്ഥലമാണ് റോച്ചസ്റ്റര്‍. പുറത്തിറങ്ങി കഷ്ടപ്പെടാതെ അടുത്തകെട്ടിടത്തിലേക്ക് രോഗിക്ക് എത്താന്‍ സാധിക്കും എന്നതാണ് ടണലുകളുടെ ഉദ്ദേശ്യം. ഞാന്‍ സബ്വേയിലൂടെ നടന്നു. വഴിയില്‍ പലയിടങ്ങളിലായി ഗ്രീറ്റേഴ്സ് നില്‍ക്കുന്നുണ്ട്. സന്ദര്‍ശകരുടെ സംശയനിവാരണം ആണ് പ്രഥമകര്‍ത്തവ്യമെങ്കിലും പലപ്പോഴും സംഭാഷണം കുശലാന്വേഷണങ്ങളിലേക്കും നീളും. ഓരോരുത്തരെയും എത്ര സ്‌നേഹത്തോടെയും നിറപുഞ്ചിരിയോടെയുമാണ് അവര്‍ സ്വീകരിക്കുന്നത്! കാതങ്ങള്‍ കടന്ന് ഇവിടെയെത്തുന്ന ഓരോ രോഗിയുടെയും ചിരിയുടെ പിന്നിലെ സഹനത്തിന്റെയും അതിജീവനത്തിന്റെയും വേദന അവര്‍ മനസ്സിലാക്കുന്നു.

ലാബിനുമുമ്പില്‍ തിരക്കുണ്ടെങ്കിലും വളരെ വേഗമാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ധാരാളം ഇരിപ്പിടങ്ങള്‍. നഴ്സ് വാതിലിനടുത്തുവന്ന് പേരുവിളിച്ച് എന്നെ അകത്തേക്ക് നയിച്ചു. ആദ്യത്തെ 'ഹലോ'തൊട്ട് സ്‌നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവും. അനുകമ്പ എന്നത് മയോക്ലിനിക്കിലെ ഓരോ ജീവനക്കാരുടെയും രക്തത്തിലലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒന്നാണ്. അങ്ങനെയാണ് അവരെ പരിശീലിപ്പിച്ചിരിക്കുന്നത്. മയോക്ലിനിക്കിന്റെ വാതില്‍കടന്ന് അകത്തുകടന്നിട്ടുള്ള ഓരോരുത്തരും സമ്മതിക്കുന്ന ഒരു കാര്യമാണത്; ഡോക്ടര്‍മാര്‍തൊട്ട് കോഫീഷോപ്പിലെ ജോലിക്കാര്‍വരെ ഉറപ്പുവരുത്തുന്ന സൗഹൃദപരമായ പെരുമാറ്റം. അതുതന്നെയാണ് മയോക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നതും.

'The needs of the patient comes first' എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായാണ് ഡോ.ഡബ്ല്യു.ഡബ്ല്യു. മയോ ഈ ചികിത്സാലയം സ്ഥാപിച്ചത്. പ്രസിഡന്റ് എബ്രഹാം ലിങ്കനാണ് ഡോ. മയോയുടെ കഴിവുകള്‍ മനസ്സിലാക്കി 1863-ല്‍ യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കുന്നതിനായി റോച്ചസ്റ്റര്‍ യൂണിറ്റിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അവിടെയുള്ള സേവനം കഴിഞ്ഞപ്പോഴേക്കും റോച്ചസ്റ്റര്‍ ഡോ. മയോക്കും കുടുംബത്തിനും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. 1883-ല്‍ റോച്ചസ്റ്ററിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു ചുഴലിക്കൊടുങ്കാറ്റ് വീശി. സ്‌കൂള്‍ അധ്യാപകരായിരുന്ന സെയ്ന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ ഒരു താത്കാലിക ചികിത്സാകേന്ദ്രം ഡോ. മയോ സജ്ജമാക്കി. നാടുമുഴുവന്‍ അവരുടെ കൂടെനിന്നു. അതിനുശേഷം റോച്ചസ്റ്ററില്‍ ഒരു ആശുപത്രി തുടങ്ങാന്‍ കന്യാസ്ത്രീകള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1889-ല്‍ കന്യാസ്ത്രീകളുമായി സഹകരിച്ച് ഡോ. മയോ ആശുപത്രി സജ്ജമാക്കി.

Dr. Mayo
ഡോ.ഡബ്ല്യു.ഡബ്ല്യു.മയോ

ഡോ. മയോയുടെ മക്കളായ ഡോ. വില്ലും ഡോ. ചാര്‍ളിയും അദ്ദേഹത്തിന്റെ കൂടെച്ചേര്‍ന്നു. ടീം വര്‍ക്കിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഡോ. മയോ മറ്റ് ദേശങ്ങളില്‍നിന്നുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. എന്‍ജിനിയറും ഡോക്ടറുമായിരുന്ന ഡോ. പ്ലാമറിന്റെ വരവോടെ ടെക്നോളജി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആശുപത്രിയുടെ ഖ്യാതി വര്‍ധിച്ചു. വിജ്ഞാനവര്‍ധനയ്ക്കായി ഡോ. മയോയും മക്കളും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയും അവ തങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുകയും ചെയ്തു. മയോക്ലിനിക് എന്ന വിളിപ്പേരില്‍ ആ ചെറിയ ഗ്രാമത്തില്‍ സേവനത്തിലധിഷ്ഠിതമായ മൂല്യങ്ങളിലൂടെ ആ ചികിത്സാലയം വളര്‍ന്നു. ഇന്ന് ലോകംമുഴുവനും മനുഷ്യര്‍ തങ്ങളെ തളര്‍ത്തുന്ന അസുഖങ്ങള്‍ക്ക് ഒറ്റമൂലിതേടി ഇവിടെയെത്തുന്നു.

അടുത്ത ടെസ്റ്റിനുമുമ്പ് കുറച്ചുസമയമുണ്ട്. എന്തെങ്കിലും കഴിക്കണം. ഭക്ഷണശാലകളും കോഫീഷോപ്പുകളും സബ്വേയുടെ വശങ്ങളിലും ഓരോ കെട്ടിടത്തിലുണ്ട്. ഞാന്‍ പ്രധാന കെട്ടിടമായ ഗോണ്ട ബില്‍ഡിങ്ങിലെ കഫ്റ്റേരിയയിലേക്ക് നടന്നു. സമയം രാവിലെ ഏഴുമണിയേ ആവുന്നുള്ളൂവെങ്കിലും കഫ്റ്റേരിയയില്‍ നല്ല തിരക്കുണ്ട്. പല രൂപഭാവങ്ങളില്‍ വ്യത്യസ്തരായ മനുഷ്യര്‍; പല ദേശങ്ങളില്‍നിന്നു വന്നവര്‍; പല ഭാഷ സംസാരിക്കുന്നവര്‍. എല്ലാവരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഒന്നുമാത്രം; ശരീരത്തിനെയും മനസ്സിനെയും തളര്‍ത്തുന്ന അസുഖങ്ങള്‍. ആ പ്രതിമയെപ്പോലെ ഞാനും ഇവരും കൈനീട്ടുന്നത് ദൈവത്തിന്റെ കരസ്പര്‍ശമുള്ള വൈദ്യന്മാരിലേക്കാണ്.

എവിടെയും ഒരു ആശുപത്രിയാണ് എന്ന പ്രതീതിയേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കെട്ടിടങ്ങളുടെ മതിലുകളില്‍ മനോഹരമായ ചിത്രങ്ങളും ലോകത്തിന്റെ വിവിധസ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച കൗതുകവസ്തുക്കളും. ഓരോന്നും കുറച്ചുസമയം ചെലവഴിച്ച് ആസ്വദിക്കേണ്ടവ. അതുകൂടാതെ മയോ കുടുംബത്തെക്കുറിച്ചുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട്. ഞാനിപ്പോള്‍ എത്തിയിരിക്കുന്ന ലോബിയില്‍ സീലിങ്ങില്‍നിന്ന് തൂങ്ങിക്കിടക്കുന്ന ഗ്‌ളാസുകൊണ്ട് നിര്‍മിച്ച നീലയും മഞ്ഞയും നിറങ്ങളില്‍ കടല്‍ജീവികളെപ്പോലെ തോന്നിക്കുന്ന കൂറ്റന്‍ ശില്പങ്ങള്‍.

mayo
ആശുപത്രിയുടെ മേൽത്തട്ടിലെ ഹെലിപ്പാഡിൽനിന്നും രോഗിയുമായി പറന്നുയരുന്ന ഹെലികോപ്‌റ്റർ

ഡെയില്‍ ചിഹൂലി എന്ന ശില്പി നിര്‍മിച്ചതാണിത്. മയോക്ലിനിക്കിലെ നഴ്സിങ് കെയറിനെ ആദരിക്കുന്നതിനായി ഇത് സമര്‍പ്പിച്ചിരിക്കുന്നു. സെയ്ന്റ് ഫ്രാന്‍സിസ് കന്യാസ്ത്രീകളുടെ നിസ്സ്വാര്‍ഥമായ ആതുരസേവനമൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഇവിടത്തെ നഴ്സിങ് കെയര്‍.

കുറച്ച് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്ന ചില ഗാസ്ട്രോ ടെസ്റ്റുകളായിരുന്നു അടുത്തത്. ടെക്നീഷ്യന്റെ വൈദഗ്ധ്യം കൊണ്ടും അതിലുപരി സഹാനുഭൂതി നിറഞ്ഞ പെരുമാറ്റം കൊണ്ടും ടെസ്റ്റിന്റെ കാഠിന്യം കുറഞ്ഞതുപോലെ! ഇതേ ടെസ്റ്റുകള്‍ മറ്റു പലയിടങ്ങളില്‍ ചെയ്തപ്പോഴും യാന്ത്രികമായ ഇടപെടലുകളും തിരക്കിട്ട് തീര്‍ക്കാനുള്ള ശ്രമം കൊണ്ടുണ്ടായ അസ്വസ്ഥതകളുമായിരുന്നു അനുഭവം. ഇവിടെ രോഗനിര്‍ണയത്തിന് ആവശ്യമായിട്ടുള്ളവ മാത്രം ചെയ്യുക എന്നതും രോഗിയുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഞാന്‍ ഒന്ന് വിശ്രമിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. പലയിടങ്ങളിലും ഫോണ്‍ ചാര്‍ജ് ചെയ്യാനും വിശ്രമിക്കാനുമുള്ള ഇരിപ്പിടങ്ങളും ശബ്ദശല്യങ്ങള്‍ ഇല്ലാതെ ഉറങ്ങാന്‍ പറ്റുന്ന മുറികളുമൊക്കെയുണ്ട്. അതുകൂടാതെ രോഗിയുടെ കൂടെവരുന്നവര്‍ക്ക് സ്വന്തം ജോലി ചെയ്യാന്‍ സാധിക്കുന്ന ക്യുബിക്കിളുകളും കോഫീഷോപ്പുകളും മറ്റു കടകളുമൊക്കെയുണ്ട്. അസുഖം ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒപ്പംനിന്ന് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്ത് അവരെ മാനസികമായി ബലപ്പെടുത്തി മുന്നോട്ടുപോവുക എന്നത് കുടുംബാംഗങ്ങളെ സംബന്ധിച്ചും അതിഊര്‍ജം വേണ്ടുന്ന ഒന്നാണ്. അടുത്ത അപ്പോയിന്റ്മെന്റ് ഗാസ്ട്രോ എന്‍ട്രോളജിസ്റ്റുമായാണ്; അമേരിക്കയിലെ മുന്‍നിരയിലെ ഡോക്ടര്‍മാരിലൊരാള്‍. കാണാന്‍ എത്തുന്നതിനുമുമ്പ് രോഗികളുടെ വിശദവിവരങ്ങളും ടെസ്റ്റ് റിസള്‍റ്റുകളുമെല്ലാം പഠിച്ചിട്ടാണ് ഓരോ ഡോക്ടറും എത്തുന്നത്. രോഗവിവരങ്ങള്‍ നഴ്സ് തൊട്ട് ഓരോരുത്തരോടും ആവര്‍ത്തിക്കേണ്ട യാതനകള്‍ ഇല്ല എന്നുസാരം.

സൗമ്യനായ ഡോക്ടര്‍. വളരെ വിശദമായി മുന്നോട്ടുള്ള പദ്ധതികള്‍ വിവരിച്ചു. ഇവിടെ ഡോക്ടറിന് വെള്ളക്കോട്ടില്ല. സ്യൂട്ടാണ് വേഷം. എന്റെ ചോദ്യങ്ങള്‍ എല്ലാം തീര്‍ന്നിട്ടും ഡോക്ടര്‍ പിന്നെയും സംസാരിക്കാന്‍ തയ്യാറായിരുന്നു. മുക്കാല്‍ മണിക്കൂറാണ് ഒരു രോഗിക്കായുള്ള സമയം. അത് പലപ്പോഴും ഒരു മണിക്കൂറിലേക്ക് കടക്കും. പ്രത്യേകിച്ചും ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍. ഓരോ രോഗിയും കടന്നുവന്നിട്ടുള്ള ശാരീരികവും മാനസികവുമായ യാത്രയെക്കുറിച്ച് പൂര്‍ണ അവബോധത്തോടെയും ആര്‍ദ്രതയോടെയുമാണ് ഇടപെടല്‍. മയോക്ലിനിക്കിലെ വ്യവസ്ഥിതി അവര്‍ക്ക് സഹായകമാണ്. കൂടുതല്‍ രോഗികളെ കാണണമെന്നോ കൂടുതല്‍ ടെസ്റ്റുകള്‍ എഴുതി ഹോസ്പിറ്റലിന് ലാഭമുണ്ടാക്കണമെന്നോ ഉള്ള ഒരു സമ്മര്‍ദവും ഇവര്‍ക്കില്ല. എല്ലാവരും ശമ്പളാടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. മയോക്ലിനിക്ക് ഇന്ന് ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ്. നടത്തിപ്പിനുള്ള ചെലവുകള്‍ കഴിഞ്ഞുള്ള തുക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും രോഗികളുടെ സേവനപദ്ധതികള്‍ക്കുമാണ് ഉപയോഗിക്കുന്നത്.

ആദ്യദിവസം കഴിഞ്ഞു. അഞ്ചുദിവസംകൂടി നില്‍ക്കണം. ഞങ്ങള്‍ താമസിക്കുന്നത് ഹോസ്പിറ്റലിന് അടുത്തുതന്നെ ഒരുവീട് വാടകയ്‌ക്കെടുത്താണ്. ഹോട്ടലുകളും ഫ്‌ളാറ്റുകളും വീടുകളും തുടങ്ങി പല രീതിയിലുള്ള താമസസൗകര്യങ്ങള്‍ ചുറ്റുവട്ടത്ത് തന്നെയുണ്ട്. പ്രധാന ആശുപത്രിയെ മറ്റ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന ഷട്ടില്‍ സര്‍വീസുകളും ഉണ്ട്.

mayo clinic campus
മയോക്ളിനിക്‌ കാമ്പസ്‌. ഒരു രാത്രി ദൃശ്യം

ചുറ്റുവട്ടത്തുള്ള കടകളിലും റെസ്റ്റോറന്റുകളിലുമൊക്കെയും മയോക്ലിനിക്കിനുള്ളില്‍ കണ്ട സൗഹാര്‍ദപരമായ പെരുമാറ്റം ദൃശ്യമാണ് ഈയൊരു കൊച്ചുനഗരം മയോകുടുംബത്തില്‍നിന്ന് പകര്‍ന്നുകിട്ടിയ സഹാനുഭൂതിയാല്‍ സമൃദ്ധമാണ്.

രണ്ടാമത്തെദിവസം കഫ്റ്റേരിയയില്‍നിന്ന് തുടങ്ങി. ഇന്ന് മകള്‍ കൂടെയുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അടുത്ത ഇരിപ്പിടങ്ങളില്‍ ഇരുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഞങ്ങള്‍ പരിചയപ്പെട്ടു. ഭാര്യ കാന്‍സര്‍ രോഗിയാണ്. എല്ലാവര്‍ഷവും ചികിത്സയ്ക്കായി രണ്ടായിരം മൈലുകള്‍ ദൂരത്തുനിന്ന് അവര്‍ ഇവിടെയെത്തുന്നു. മയോക്ലിനിക്കില്‍ എത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ആറുവര്‍ഷംമുമ്പ് താന്‍ മരിക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ നിറകണ്ണുകളോടെ ചിരിച്ചു. വളരെ ദുര്‍ഘടം പിടിച്ച ശസ്ത്രക്രിയകളിലൂടെ ഏറ്റവും നൂതനമായ ചികിത്സിയിലൂടെ ദിനംതോറും വളരുന്ന റിസര്‍ച്ചിലൂടെ ഇതുപോലെ എത്രയോ രോഗികളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് തിരികെ നടത്താന്‍ ഈ സൗഖ്യാലയത്തിന് സാധിച്ചിരിക്കുന്നു.

ഉച്ചവരെ തുടരെയുള്ള ടെസ്റ്റുകളായിരുന്നു. ഓരോ ടെസ്റ്റുകളിലും ഒപ്പംനില്‍ക്കുമ്പോള്‍ മകള്‍ക്ക് പക്വത കൂടിവരുന്നതുപോലെ എനിക്കുതോന്നി. ജീവിതത്തിലെ കഷ്ടപ്പാടിന്റെയും വേദനയുടെയും വശങ്ങള്‍ക്കൂടി മനസ്സിലാവുമ്പോഴാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ തേജസ്സ് കൂടുന്നത്.

മയോക്ലിനിക്കിന്റെ ലോഗോ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് പരിചകളാണ്. നടുക്കുള്ളത് രോഗീശുശ്രൂഷയെയും വശങ്ങളിലുള്ളത് വിദ്യാഭ്യാസം, ഗവേഷണം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. രോഗിയുടെ സൗഖ്യം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഏകോപിതമായ പ്രവര്‍ത്തനം ആണ് മയോക്ലിനിക്കിന്റെ മുഖമുദ്ര. ലോബിയിലെത്തിയപ്പോള്‍ ഒഴുകിവരുന്ന പിയാനോ സംഗീതം. ഗ്‌ളാസ് ജനാലകള്‍ക്കടുത്ത് സ്ഥാപിച്ചിരിക്കുന്ന ഗ്രാന്‍ഡ് പിയാനോ വായിക്കുന്നത് മകളുടെ പ്രായംതോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ്. വന്നവരെല്ലാം നിന്ന് സംഗീതം ആസ്വദിക്കുന്നു. ഗോണ്ടാ ബില്‍ഡിങ്ങിന്റെ ഉദ്ഘാടനച്ചടങ്ങിനായി 2001-ല്‍ കൊണ്ടുവന്ന പിയാനോയാണിത്. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മയോയില്‍ വന്ന ഒരു രോഗി പിയാനോ വായിച്ചു. അതുകഴിഞ്ഞപ്പോള്‍ മറ്റൊരാള്‍. ഒന്നുരണ്ടുദിവസം ഇതുതുടര്‍ന്നു. ഇതറിഞ്ഞ പിയാനോയുടെ ഉടമസ്ഥന്‍ പിയോനോ സന്ദര്‍ശകര്‍ക്ക് സാന്ത്വനമായി മയോയില്‍ തുടരട്ടെയെന്നു തീരുമാനിച്ചു. ഒട്ടേറെയാളുകള്‍ ഇടയ്ക്കിടെ ഇന്നും പിയാനോ വായിക്കുന്നു. പെണ്‍കുട്ടി വായിച്ചുനിര്‍ത്തിയപ്പോള്‍ ഉയരുന്ന കരഘോഷം. അവള്‍ താനിരിക്കുന്ന വീല്‍ച്ചെയറുതട്ടി മാതാപിതാക്കളോടൊപ്പം നീങ്ങി. എന്തായിരിക്കും അവളുടെ അസുഖം?

തുടര്‍ന്നുള്ള ദിവസങ്ങളും തിരക്കേറിയതായിരുന്നു. അവസാനത്തെ ദിവസം എന്റെ ചികിത്സകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡോക്ടറെ കാണാന്‍ ഭര്‍ത്താവുമൊത്ത് ഞാന്‍ ഗോണ്ടാബില്‍ഡിങ്ങിന്റെ ഒമ്പതാം നിലയിലെത്തി. ഇവിടെ ഓരോ രോഗിക്കും വേണ്ടി ഡോക്ടേഴ്സിന്റെ ഒരു പാനല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സ്‌പെഷ്യലിസ്റ്റുകളുമായി പ്രധാന ഡോക്ടര്‍ രൂപവത്കരിക്കുന്ന പാനല്‍. ഇവര്‍ ഒരുമിച്ച് തീരുമാനിക്കുന്നതനുസരിച്ച് ചികിത്സ.

ഡോക്ടര്‍ മുന്നോട്ടുള്ള ചികിത്സയെക്കുറിച്ച് വിശദമായി സംസാരിച്ചു. മനുഷ്യശരീരം എത്ര സങ്കീര്‍ണമായ യന്ത്രമാണെന്നും അതിനുമുമ്പില്‍ വൈദ്യശാസ്ത്രം എത്ര പരിമിതമാണുമെന്നുള്ള ചിന്തയിലധിഷ്ഠിതമായ സംസാരം. സങ്കീര്‍ണമായ മെഡിക്കല്‍ പദങ്ങളുപയോഗിച്ച് രോഗിയെ ആശയക്കുഴപ്പത്തിലാക്കുന്ന വിദ്യകളൊന്നുമില്ല. ഡോക്ടര്‍ തമിഴ്നാട്ടുകാരനാണ്. കേരളത്തെക്കുറിച്ചറിയാം എന്റെ ചില പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മറ്റ് വൈദ്യശാഖകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം പ്രകടമായിരുന്നു; ബൗദ്ധികമായ വിനയവും.

mayo
മയോ ക്ളിനിക്കിന്റെ സ്ഥാപകൻ ഡോ. മയോയുടെ മക്കളായ ഡോ. വില്ല്യം, ഡോ. ചാൾസ്‌ മയോ എന്നിവരുടെ പ്രതിമ കാമ്പസിൽ

ഡോ.ഡബ്ല്യു.ഡബ്ല്യു.മയോ വിഭാവനം ചെയ്തതുപോലെ നാട്ടിന്‍പുറത്തിന്റെ നന്മകളിലും നിസ്സ്വാര്‍ഥവും സേവനത്തിലുമധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ സൗഖ്യംതേടി വരുന്നവര്‍ക്ക് ഈ മയോനഗരം പ്രതീക്ഷയുടെ പ്രതീകമാണ്; പഴമയിലേക്കുള്ള കണ്ണിയും ഭാവിയുടെ താക്കോലും.

Content Highlights: Mayo Clinic Medical research institute and hospital, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented