
അനന്തു ഭരതൻ
''ടൈഫോയ്ഡ് ബാധിച്ച് പനിച്ചു വിറച്ച നിമിഷങ്ങളില്‍ ആകെ വേണമെന്ന് തോന്നിയത് ഇത്തരി കഞ്ഞിയാണ്, പക്ഷേ കൊറോണ ഭീതി നിറഞ്ഞുനില്ക്കുന്ന സമയമല്ലേ.. എന്റെ അടുത്തോക്ക് വരാന്‍ പോലും ആളുകള്‍ക്ക് ഭയമായിരുന്നു. മൂന്ന് ദിവസം മുന്‍പ് വാങ്ങിയ ബ്രെഡ് പായ്ക്കറ്റിലാണ് വിശപ്പടക്കിയത്''- ലോക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ കുടുങ്ങിപ്പോയ നാളുകളെ കുറിച്ച് അനന്തു ഭരതന്. പടരുന്ന കൊറോണയില്‍ വിറങ്ങലിച്ച് നില്ക്കുന്ന ചെന്നൈയിലെ ആ നാളുകള്‍ ഓര്‍ക്കുമ്പോള്‍ ഒരു പേടിസ്വപ്നം പോലെയാണ്. എറണാകുളം ഞാറക്കല്‍ സ്വദേശിയായ അനന്തു സിനിമാസംവിധായകന് ഭരതന് ഞാറക്കലിന്റെ മകനാണ്. ചെന്നൈ ടൈഡല്‍ പാര്‍ക്കില്‍ കാരക്ടര്‍ ഡിസൈനറായ അപ്രതീക്ഷിതമായി വന്ന ലോക്ഡൗണിലാണ് ഹോസ്റ്റല്‍ മുറിയില്‍ കുടുങ്ങിപ്പോയത്.
ഹോസ്റ്റലില്‍ ആദ്യ ദിനങ്ങളില്‍ ഭക്ഷണം കിട്ടിയിരുന്നെങ്കിലും പിന്നീട് മെസ് അടച്ചു. കൊറോണ കേസുകള്‍ വര്‍ധിച്ചതോടെ ആ പരിസരം റെഡ് സോണ്‍ ആയി. കടകളെല്ലാം അടച്ചു. 150 പേരുടെ ഹോസ്റ്റലില്‍ 15 പേരായി. ആ സമയത്താണ് പനി ബാധിക്കുന്നത്.
ഭക്ഷണമില്ലാതെ ഒരു ദിവസം. മുറിയില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നില്ല, അടുത്തേക്ക് വരാന്‍ പോലും ഹോസ്റ്റലില്‍ ബാക്കിയുള്ളവര്‍ക്ക് ഭയമായിരുന്നു. കൈയില്‍ പണമുണ്ടെങ്കിലും ഓണ്‍ലൈനായി പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പറ്റാത്ത തരത്തില്‍ പരിസരം ബ്ലോക്ക് ചെയ്തിരുന്നു. തനിക്ക് കൊറോണയാണോയെന്ന് പലര്‍ക്കും സംശയം. അടുത്ത ദിവസം തന്നെ സമീപത്തെ ക്ലിനിക്കില്‍ പോയി രക്തം പരിശോധിച്ചു.
ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കൊറോണ പരിശോധന ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. വീണ്ടും ഹോസ്റ്റലിലേക്ക്. കുറച്ച് കഞ്ഞി കുടിക്കാനുള്ള ആഗ്രഹം പോലും സാധിക്കുന്നില്ല.ആകെ തളര്‍ന്നു പോയ ദിനങ്ങള്‍. കാര്‍ട്ടൂണ്‍ അക്കാദമി അംഗമായ താന്‍ ആ സമയത്ത്,ഡല്‍ഹിയിലുള്ള കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിനെ വിളിച്ച് കാര്യം പറഞ്ഞു.
സുധീര്‍നാഥ് ചെന്നൈയില്‍ പരിചയമുള്ള പലരെയും ബന്ധപ്പെട്ടെങ്കിലും കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ആരും വരാന്‍ തയ്യാറായില്ല. അഞ്ചാം ദിവസം രാവിലെ ചെന്നൈ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനായ കാര്‍ട്ടൂണിസ്റ്റ് ബാലകൃഷ്ണന് ആനാട്ട് തിരക്കുകള്‍ക്കിടയില്‍ ഭക്ഷണവുമായെത്തി.അടുത്തു വരേണ്ട, ഭക്ഷണം വാതില്ക്കല് വെച്ച് പൊയ്ക്കോളാനാണ് ഞാന്‍ അന്ന് പറഞ്ഞത് - അനന്തു പറയുന്നു.
കഞ്ഞി കുടിച്ച് ഒരു ഉറക്കം കഴിഞ്ഞപ്പോഴാണ് പനി വിട്ടത്. രണ്ടാഴ്ചത്തെ ആന്റിബയോട്ടിക് മരുന്നില്‍ പനി മാറി. പിന്നീട് മേയില്‍ യാത്രാനുമതി ലഭിക്കാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ ഒരു ട്രാവലറില്‍ കയറിക്കൂടി. വാളയാര്‍ വഴി മേയ് 29-ന് രാത്രി ചെന്നൈയില്‍നിന്ന് അനന്തു വീട്ടിലേക്ക് എത്തിയത്. ''ഞങ്ങള്‍ പോന്നതിനു ശേഷം ആ പരിസരത്ത് നിരവധി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടെ ആരും മാസ്ക് കെട്ടുന്നില്ല, അകലവും പാലിക്കുന്നില്ല, ലോക്ഡൗണുണ്ടോയെന്നു പോലും സംശയിക്കുമാറ് തിരക്ക്. അതുകൊണ്ടാണ് ഇത്ര കേസുകള്‍ കൂടിയത്'' - അനന്തു പറയുന്നു. ഇപ്പോള്‍ അനന്തു ക്വാറന്റീനിലാണ്. ആശ്വാസമായി വീട്ടിലെ സുരക്ഷിതത്വവും.
Content Highlights: Man diagnosed with Typhoid shares his experience during Covid19 at Chennai, CoronaVirus outbreak, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..