നിസ്സാരമല്ല ലൂപസ്;ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ച് ജീവന് തന്നെ അപകടമാകാം


ഡോ. ​ഗ്ലാക്സൺ അലക്സ്

3 min read
Read later
Print
Share

ഇത് ഒരു നിസ്സാര രോഗമല്ല. ജനങ്ങള്‍ക്കിടയില്‍ ഈ അസുഖത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്

Representative Image | Photo: Getty images.in

സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് വരാനുള്ള കാരണം. ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കളെ ചെറുക്കാന്‍ സുസജ്ജമായ രോഗപ്രതിരോധ സംവിധാനം നമുക്കെതിരെ തിരിഞ്ഞ് നമ്മുടെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 'വേലി തന്നെ വിളവ് തിന്നുന്ന' അവസ്ഥ.

ഓട്ടോഇമ്മ്യൂണ്‍ അസുഖങ്ങളുടെ ഒരു പ്രധാന ഉദാഹരണമായാണ് ലൂപസ് കണക്കാക്കപ്പെടുന്നത്. ഈ അസുഖം നമ്മുടെ ത്വക്ക്, സന്ധികള്‍, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികള്‍ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാം. ആയതുകൊണ്ട് തന്നെ ഇത് ഒരു നിസ്സാര രോഗമല്ല. ജനങ്ങള്‍ക്കിടയില്‍ ഈ അസുഖത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും കുറവാണ്. ലൂപസ് ഒരു അപൂര്‍വ്വ രോഗമായി പണ്ട് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ആളുകളെ വരെ നമ്മുടെ കൊച്ചു കേരളത്തില്‍ ബാധിതരായിട്ടുണ്ട് എന്ന് വ്യക്തമാണ്. മെയ് 10-ന് ലോകമെമ്പാടും 'ലോക ലൂപസ് ദിന'മായി ആചരിക്കുന്നത്. ഈ രോഗത്തിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനും തെറ്റിദ്ധാരണകള്‍ മാറ്റാനുമാണ്.

ആരെയാണ് ലൂപ്പസ് ബാധിക്കുന്നത്?

വളരെ ചെറിയ കുട്ടികളെ മുതല്‍ വൃദ്ധരെ വരെ ഈ രോഗം ബാധിക്കുമെങ്കിലും അധികവും 15 - 45 മദ്ധ്യേ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. സ്ത്രീ പുരുഷ അനുപാതം 9:1 എന്ന അളവിലാണ്.

ലൂപ്പസ് വരാനുള്ള കാരണങ്ങള്‍?

സൂര്യനില്‍ നിന്നുമേല്‍ക്കുന്ന അള്‍ട്രാവയലറ്റ് ബി രശ്മികള്‍, സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണും ചില ജനിതക കാരണങ്ങളും ഇതിനു കാരണമായി പഠനങ്ങള്‍ കാണിക്കുന്നു.

എന്താണ് ലൂപസ് രോഗലക്ഷണങ്ങള്‍?

ലൂപസ് ഏതവയവത്തെയും ബാധിക്കാമെന്നുള്ളതിനാല്‍ അവയ്ക്കനുസരിച്ച് ഓരോ രോഗികളിലും ലക്ഷണങ്ങള്‍ വിഭിന്നമായിരിക്കും. രോഗത്തിന്റെ തുടക്കാവസ്ഥയില്‍ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെന്‍സിറ്റീവ് പാടുകളായോ കവിള്‍ത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം. ചിലര്‍ക്ക് അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകളായോ, സന്ധികളില്‍ ഉണ്ടാകുന്ന വേദനയും നീര്‍ക്കെട്ടായോ അനുഭവപ്പെടാം. എന്നാല്‍ മറ്റു ചിലര്‍ക്ക് വിട്ടുമാറാത്ത പനിയോ, അതിയായ ക്ഷീണമായോ, തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിലോ ആയും ആരംഭ കാലങ്ങളില്‍ ലൂപസ് വരാം. ഈ സമയത്ത് തന്നെ അസുഖം കണ്ടുപിടിച്ച് ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഇത് ആന്തരിക അവയവങ്ങളെ സാരമായി ബാധിക്കാനും ജീവന് തന്നെ അപകടകരവുമാകാം. പ്രധാനമായും വൃക്കകള്‍, ശ്വാസകോശം, മസ്തിഷ്‌കം, നാഡികള്‍ മുതലായ അവയവങ്ങളാണ് ലൂപസ് രോഗത്താല്‍ ബാധിതമാകുന്നത്.

രോഗലക്ഷണങ്ങളിലെ ഈ വൈവിധ്യം കൊണ്ടു തന്നെ പല ഡോക്ടര്‍മാരെയും കണ്ടു ശരിയായ രോഗനിര്‍ണ്ണയം നടത്താന്‍ കാലതാമസം വരുന്നതായി കണ്ടു വരാറുണ്ട്. ഈ കാരണം കൊണ്ടു തന്നെയാണ് 'The Great Mimicker' എന്നു വൈദ്യശാസ്ത്രത്തില്‍ ലൂപസ് അസുഖത്തെ വിശേഷിപ്പിക്കാറുള്ളത്.

രോഗ നിര്‍ണ്ണയം എങ്ങനെ നടത്താം?

ഒരു ടെസ്റ്റ് കൊണ്ട് SLE രോഗനിര്‍ണ്ണയം സാദ്ധ്യമല്ല. ആദ്യഘട്ടത്തില്‍ ആദ്യഘട്ടങ്ങളില്‍ ESR വളരെ കൂടുതലായിരിക്കും. ചിലപ്പോള്‍ ഹീമോഗ്ലോബിന്‍, വെള്ള കോശങ്ങള്‍, ചുവന്ന കോശങ്ങള്‍ തുടങ്ങിയവയുടെ അളവില്‍ കുറവായി കാണാറുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ ലൂപസ് ബാധിച്ച അവയവങ്ങളുടെ അനുസൃതമായി മറ്റു ചില ടെസ്റ്റുകളും ആവശ്യമായി വരാം. ഉദാഹരണമായി യൂറിന്‍ പരിശോധനയിലെ പ്രോട്ടീന്‍ ലീക്ക്, ശ്വാസകോശത്തിന്റെയും മസ്തിഷ്‌കത്തിന്റെയും സ്‌കാനുകളും രോഗനിര്‍ണ്ണയത്തിനു ആവശ്യമായി വന്നേക്കാം. രോഗനിര്‍ണ്ണയത്തിലെ ഈ സങ്കീര്‍ണ്ണത കാരണം മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരംഭഘട്ടത്തില്‍ തന്നെ ഒരു റുമറ്റോജിസ്റ്റിനെ കാണേണ്ടതാണ്. ലൂപസ് ഏതൊക്കെ അവയവങ്ങളെ ബാധിച്ചു എന്ന് തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുന്നതാണ് ഒരു റുമറ്റോളജിസ്റ്റിന്റെ പ്രധമ ധര്‍മ്മം.

ANA അഥവാ Anti Nuclear Antibody പരിശോധനയാണ് രോഗനിര്‍ണ്ണയത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. ഇത് ഇമ്മുണോഫ്‌ലൂറസന്‍സ് എന്ന രീതിയില്‍ ചെയ്താല്‍ 99% രോഗികളിലും പോസിറ്റീവായി കാണാറുണ്ട്. എന്നാല്‍ ANA പോസിറ്റീവ് ആയ എല്ലാവരിലും ലൂപസ് ആകണമെന്നില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ രോഗലക്ഷണങ്ങളും ക്ലിനിക്കല്‍ പരിശോധനയും അതനുസരിച്ചുള്ള മറ്റു രക്ത പരിശോധനകളും ശരിയായ രോഗനിര്‍ണ്ണയത്തിന് ആവശ്യമായി വരാം.

എന്തൊക്കെയാണ് ചികിത്സാരീതികള്‍?

രോഗപ്രതിരോധ ശക്തിയെ മരുന്നുകള്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ മടക്കി കൊണ്ടുവരിക എന്നതാണ് SLE ചികിത്സയില്‍ പ്രധാനം. രണ്ടു പതിറ്റാണ്ട് മുന്‍പ് വരെ സ്റ്റിറോയ്ഡുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ റുമറ്റോളജിയിലും ഇമ്മ്യുനോളജിയിലും വന്ന പുരോഗതി കാരണം സ്റ്റിറോയിഡിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എംഎംഎഫ്, ടാക്രോലിമസ് മുതലായ ഇമ്മ്യുണോ മോഡുലേറ്ററി ചികിത്സയാണ് ഇന്ന് ലൂപസിന് പ്രധാനമായും ഉപയോഗിക്കുന്നത്. Rituximab, Belimumab മുതലായ ബയോളജിക്കല്‍ കല്‍ ചികിത്സകളും വളരെ ഫലപ്രദമായി ഉപയോഗത്തിലുണ്ട്.

ഏതു മരുന്ന് കൊടുക്കണം എന്നുള്ളത് ഏതൊക്കെ അവയവങ്ങളെ ബാധിച്ചിട്ടുണ്ട്, രോഗത്തിന്റെ തീവ്രത എത്ര എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മരുന്നുകളുടെ അളവ് കൂട്ടുന്നതും കുറക്കുന്നതും ഒരു റുമറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം.

SLE രോഗിക്ക് ഗര്‍ഭധാരണം, മുലയൂട്ടല്‍, എന്നിവ സാദ്ധ്യമാണോ?

SLE രോഗികളില്‍ ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുണ്ട്. എന്നാല്‍ പുതിയ ഇമ്മ്യുണോ മോഡുലേറ്ററി ചികിത്സയിലൂടെ അസുഖം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നതിനാല്‍ ലൂപസ് രോഗികളില്‍ സാധാരണ സ്ത്രീകളെപ്പോലെ ഗര്‍ഭധാരണം സാദ്ധ്യമാണ്. അതുപോലെ സുരക്ഷിതമായ മരുന്നുകള്‍ ഉപയോഗിച്ചു മുലയൂട്ടലും സാദ്ധ്യമാണ്.

ലൂപ്പസ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പ്രധാനമായും ത്വക്കിനെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക (Ultraviolet B rays).

· ഒരു റുമറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം മരുന്നുകള്‍ കഴിക്കുക.

· ഗര്‍ഭിണിയാണെങ്കിലും ഗര്‍ഭധാരണം ഉദ്ദേശിക്കുന്നെങ്കിലും അത് ഡോക്ടറെ മുന്‍കൂട്ടി അറിയിക്കുക.

· ഡോക്ടര്‍ പറയാതെ മരുന്നുകള്‍ നിര്‍ത്തുകയോ സ്വയം ചികിത്സ ചെയ്യുവാനോ പാടില്ല.


പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൽട്ടന്റ് റുമാറ്റോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: lupus disease symptoms causes diagnosis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dementia

6 min

ഓര്‍മകള്‍ മാഞ്ഞുപോകുമ്പോള്‍; അല്‍ഷിമേഴ്ഷിനെ കരുതലോടെ ചെറുക്കാം, ഒട്ടുംവൈകാതെ ചികിത്സിക്കാം

Sep 21, 2023


manju pathrose

2 min

ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവ​ഗണിക്കരുത്; സർജറിക്കു പിന്നാലെ അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

Sep 18, 2023


weight loss

2 min

വണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണോ? ഈ അഞ്ചുകാര്യങ്ങളിൽ വിട്ടുവീഴ്ച്ച വേണ്ട

Sep 18, 2023


Most Commented