Representative Image| Photo: GettyImages
കോവിഡിന് മുമ്പും ശേഷവും സാധാരണയായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശ്വാസകോശ അണുബാധ അഥവാ ന്യൂമോണിയ. ഇന്ന് കോവിഡ് മൂലം മരണപ്പെടുന്ന ഒട്ടുമിക്ക രോഗികളുടെയും മരണകാരണം ഇത്തരം പള്‍മനറി കോംപ്ലിക്കേഷനുകൾ തന്നെയാണ്. പല രോഗികളിലും ചെറിയ പനിയും ചുമയുമായി തുടങ്ങുന്ന രോഗം ക്രമേണ മൂര്‍ച്ഛിച്ച് ന്യുമോണിയയും മറ്റും ആയി മാറുകയാണ് പതിവ്. ഇത്തരം സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ ചെയ്യാവുന്ന ചില ലളിതമായ വ്യായാമങ്ങളെക്കുറിച്ച് അറിയാം
1. പർസ്-ലിപ് ബ്രീത്തിങ്
വളരെ ലളിതവും ഫലപ്രദവുമായ ഒരു വ്യായാമമാണ് പർസ്-ലിപ് ബ്രീത്തിങ് (Purse-lip Breathing). രോഗിക്ക് തനിയെ ആയാസമില്ലാതെ ചെയ്യാവുന്നതാണ്. മൂക്കിലൂടെ ശ്വാസം വലിച്ചെടുത്ത ശേഷം ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് വായിലൂടെ ശ്വാസം പുറത്തേക്ക് ഊതിക്കളയുക. അകത്തേക്ക് എടുക്കുന്നതിന്റെ ഇരട്ടി ശ്വാസം പുറത്തേക്ക് ഊതി കളയാന്‍ ശ്രമിക്കണം. അതുവഴി ഓക്‌സിജന്റെ അളവ് കൂട്ടുകയും കാര്‍ബണ്‍ഡയോക്‌സെെഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.
2. ഡയഫ്രമാറ്റിക് ബ്രീത്തിങ്
ശ്വാസകോശ രോഗികള്‍ക്ക് വളരെ ഫലപ്രദമായ ഒരു വ്യായാമം ആണ് ഡയഫ്രമാറ്റിക് ബ്രീത്തിങ് (Diaphramatic Breathing). ഐ.സി.യുവില്‍ ഒക്കെ കിടക്കുന്ന പ്രായമായ രോഗികള്‍ക്ക് പോലും അനായാസം ചെയ്യാവുന്ന ഒന്നാണിത്. ഇതില്‍ രോഗിയുടെ ഒരു കൈപ്പത്തി കോളര്‍ ബോണിന് തൊട്ട് താഴെ അഥവാ നെഞ്ചിന് മുകളിലായി വയ്ക്കുക. മറ്റേ കൈപ്പത്തി നെഞ്ചിൻകൂടിന് തൊട്ട് താഴെയായി അഥവാ വയറിന് തൊട്ട് മുകളിലായി വെച്ചശേഷം ശ്വാസം മൂക്ക് വഴി വലിച്ചെടുക്കുകയും വായ് വഴി പുറത്തേക്ക് ഊതുകയും ചെയ്യുക. അകത്തേക്ക് 3 സെക്കന്‍ഡ് ശ്വാസം വലിച്ചെടുക്കുമ്പോള്‍ പുറത്തേക്ക് 6 - 7 സെക്കന്‍ഡ് ഊതി കളയുക.
3. ഇന്റർകോസ്റ്റൽ ബ്രീത്തിങ്
ഇന്റർകോസ്റ്റൽ ബ്രീത്തിങ് (Intercostal Breathing) ഇതാണ്. രോഗിയുടെ കൈപ്പത്തി രണ്ടും റിബ്‌കേജിന്റെ അവസാനഭാഗത്ത് രണ്ട് വശത്തായി വയ്ക്കുക. വിരളിന്റെ തുമ്പുകള്‍ രണ്ടും നെഞ്ചിന്റെ നടുക്ക് വരത്തക്കരീതിയില്‍ വച്ചശേഷം നേരത്തെ ചെയ്ത പോലെ തന്നെ ശ്വാസം അകത്തേക്ക് വലിച്ചെടുക്കുകയും പുറത്തേക്ക് ഊതി കളയുകയും ചെയ്യുക. വ്യായാമം ചെയ്യുന്ന സമയത്ത് രോഗിക്ക് വിരളിന്റെ തുമ്പുകള്‍ രണ്ട് വശത്തേക്കും അകലുന്നതും ശ്വാസകോശം വികസിക്കുകയും തിരികെ ചുരുങ്ങുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നു.
4. ബ്രീത്ത്- ഹോൾഡ് ടെക്നിക്
ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടുന്ന കഫത്തെ പുറംതള്ളാന്‍ സ്വയം ചെയ്യാവുന്ന ഫലപ്രദമായ ഒരു വ്യായാമമാണ് ബ്രീത്ത്- ഹോൾഡ് ടെക്നിക് (Breath - Hold Technique). ഇവിടെ രോഗിയോട് 3 സെക്കന്‍ഡ് ശ്വാസം വലിച്ചെടുക്കുകയും 4 സെക്കന്‍ഡ് അത് ഹോള്‍ഡ് ചെയ്ത ശേഷം അകത്തേക്ക് എടുത്തതിന്റെ ഇരട്ടി സമയം അതായത് 6 - 7 സെക്കന്‍ഡ് പുറത്തേക്ക് ഊതേണ്ടതുമാണ്. പുറത്തേക്ക് ഊതിയശേഷം ശക്തമായി ഒന്ന് ചുമച്ച് കഫത്തെ പുറംതള്ളാന്‍ ശ്രമിക്കാവുന്നതാണ്.
5. സ്പെെറോമീറ്റർ
ശ്വാസകോശ വ്യായാമത്തില്‍ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് സ്‌പൈറോമീറ്റര്‍ (Spirometer). ഇതില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നത് ട്രെെബാൾ എക്സർസെെസും (Triball excerciser) വോള്യം ബേസ്ഡ് സ്പെെറോമീറ്ററും (Volume based spirometer) ആണ്.
ട്രെെബാൾ എക്സർസെെസില്‍ മൂന്ന് ബോളുകളും ഉയര്‍ത്തുമ്പോള്‍ 1200/cc വരെയും വോള്യം ബേസ്ഡ് സ്പെെറോമീറ്ററില്‍ ശ്വാസം അകത്തേക്ക് വലിക്കുമ്പോള്‍ 2500/cc വരെ പിസ്റ്റണ്‍ ഉയര്‍ത്താവുന്നതുമാണ്. ഉള്ളിലേക്ക് ശ്വാസം വലിക്കുമ്പോള്‍ പിസ്റ്റണ്‍ അല്ലെങ്കില്‍ ബോളുകള്‍ ഉയരുകയും ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും അകത്തേക്ക് വലിച്ച ശേഷം മൗത്ത് പീസ് മാറ്റി പുറത്തേക്ക് ശ്വാസം ഊതി കളയണം. ഒരാള്‍ ഉപയോഗിച്ച സ്‌പൈറോമീറ്റര്‍ മറ്റൊരു വ്യക്തി ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
6. പ്രോൺ പൊസിഷനിങ്
ശരീരത്തിലെ ഓക്‌സിജന്റെ അളവ് Spo2 level കൂട്ടുവാന്‍ ഐ.സി.യുകളില്‍ വെന്റിലേറ്റര്‍ രോഗികളില്‍ ഉള്‍പ്പെടെ ചെയ്തു വരുന്ന ഒരു ഫലപ്രദമായ വ്യായാമ രീതിയാണ് പ്രോൺ പൊസിഷനിങ് (Prone positioning). അസുഖങ്ങള്‍ ഉള്ളവര്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികള്‍ എന്നിവർ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഡോക്ടറുടെയോ നിര്‍ദ്ദേശപ്രകാരം മാത്രം ഈ വ്യായാമം ചെയ്യാന്‍ പാടുള്ളൂ.
കിടക്ക ഫ്ളാറ്റാക്കിയ ശേഷം രോഗിയെ കമിഴ്ത്തിക്കിടത്തി നെഞ്ചിന് അടിയിലായി തലയണ വെച്ച് 20 - 30 മിനിറ്റ് കിടത്തുക. അതിനുശേഷം 15 മിനിറ്റ് രോഗിയെ ഇടതുവശത്തേക്ക് ചരിച്ച് കിടത്തുക. തുടര്‍ന്ന് 15 മിനിറ്റ് വലതുവശത്തേക്കും ശേഷം കുറച്ചു നേരം നിവര്‍ന്നു കിടക്കുകയും ചെയ്യണം. പല പ്രാവശ്യം ഇതേ രീതിയില്‍ തുടരുക.
7. ഗ്ലാസ് ആൻഡ് സ്ട്രോ എക്സർസെെസ്
ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളം നിറച്ചശേഷം രോഗിയോട് ഒരു സ്‌ട്രോ ഉപയോഗിച്ച് ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ശക്തമായി ഊതി കുമിളകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇതാണ് ഗ്ലാസ് ആൻഡ് സ്ട്രോ എക്സർസെെസ് (Glass and straw exercise). പലപ്രാവശ്യം ഈ വ്യായാമം ആവര്‍ത്തിക്കുക.
8. ബലൂൺ എക്സർസെെസ്
പ്രായംചെന്ന രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ബലൂൺ എക്സർസെെസ് (Balloon exercises). രോഗിയോട് ശ്വാസം മൂക്ക് വഴി വലിച്ചെടുത്ത ശേഷം സാമാന്യം വലിയ ബലൂണ്‍ എടുത്ത് അതിലേക്ക് ഊതി വീര്‍പ്പിക്കാന്‍ പറയുക. ഇത് വളരെ ലളിതമായി തോന്നുമെങ്കിലും വളരെ ഫലപ്രദമായ ഒരു വ്യായാമ രീതിയാണ്.
മേല്‍പ്പറഞ്ഞ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക വഴി കോവിഡിന് മുന്‍പും ശേഷവുമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ വളരെ ഫലപ്രദമായി തടയുവാന്‍ സാധിക്കും.
(പട്ടം എസ്.യു.ടി. ആശുപത്രിയിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകൻ)
Content Highlights: Lung exercises to cure post-covid lung problems, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..