ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവിഭാജ്യ ഘടകങ്ങളാണ് ഇലക്ട്രോലൈറ്റ്‌സ്. അതില്‍ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാര്‍ബണേറ്റ്, ക്ലോറൈഡ് മുതലായവ. ഇവയുടെ അനുവദനീയമായ അളവില്‍ വരുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ശരീരകോശങ്ങള്‍ക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങള്‍ക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്തുന്നത്.
സോഡിയത്തിന്റെ പങ്ക്
ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മര്‍ദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തില്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ സ്ഥിരമായി കേട്ടുതുടങ്ങിയിരിക്കുന്നു.
ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. മത്സ്യം, മാംസം, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, റൊട്ടി എന്നിവയാണ് മറ്റ് സ്രോതസ്സുകള്‍.
ശരീരത്തില്‍ എത്തിപ്പെടുന്ന സോഡിയം വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകള്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കും.
സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും കോശങ്ങള്‍ക്ക് ചുറ്റുമുള്ള പ്ലാസ്മ ദ്രവത്തിലുമാണ് കാണപ്പെടുന്നത്. രക്തത്തിലെ സോഡിയത്തിന്റെ നോര്‍മല്‍ അളവ് 135-145 mmol\ltr ആണ്. തലച്ചോറിലെ ഹൈപ്പോതലാമസ്, വൃക്കകള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ മുതലായവയാണ് സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുമൂലം ശരീരത്തിലെ സോഡിയത്തിന്റെ സന്തുലിതാവസ്ഥ താറുമാറാകാം.
പ്രായം കൂടുമ്പോള്‍
പ്രായമായവരിലാണ് സോഡിയം അസന്തുലിതാവസ്ഥ കൂടുതലായി കാണുന്നത്. പ്രായമാകുമ്പോള്‍ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നു. ഇവയ്ക്ക് പുറമേ പ്രഷറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കഴിക്കുന്ന ചില മരുന്നുകളുടെ പ്രവര്‍ത്തനവും കരള്‍ രോഗങ്ങള്‍ മൂലമുണ്ടായേക്കാവുന്ന അമിത നീരുകെട്ടല്‍ മുഖേനയും സോഡിയം അസന്തുലിതാവസ്ഥ കാണപ്പെടുന്നു.
ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്. രോഗനിര്‍ണയവും ചികിത്സയും എളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാന്‍ വൈകാറുണ്ട്.
സോഡിയം കുറയുന്ന അവസ്ഥ
രക്തത്തില്‍ സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ. രക്തത്തില്‍ സോഡിയത്തിന്റെ അളവ് 135mmol\ltr ല്‍ കുറഞ്ഞാല്‍ ഈ അവസ്ഥയുണ്ടെന്ന് നിര്‍ണയിക്കാം. നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. അതുപോലെ ദീര്‍ഘകാലം കൊണ്ട് സോഡിയം കുറയുമ്പോഴും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
തലവേദന, ഓക്കാനം, മയക്കംവരല്‍, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങള്‍. ഗുരുതരമായ വിധതതില്‍ സോഡിയം കുറഞ്ഞുപോയാല്‍ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചില അവസരങ്ങളില്‍ ബോധം നശിച്ച് കോമ അവസ്ഥയില്‍ എത്തിപ്പെടാനും സാധ്യതയുണ്ട്.
ചികിത്സ
നേരിയ തോതില്‍ സോഡിയം കുറയുന്നതിന് ചികിത്സ വേണ്ടിവരാറില്ല. ഭക്ഷണത്തിനോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങവെള്ളം, ഒ.ആര്‍.എസ്. ലായനി മുതലായവ ഫലപ്രദമാണ്. ഗുളികകളുടെ പാര്‍ശ്വഫലമായി സോഡിയം കുറയുന്നതിന് മരുന്നുപയോഗത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മതി.
സോഡിയം ഡ്രിപ്പായി നല്‍കുന്ന സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സാവധാനമേ ഇത് ചെയ്യാവൂ. അനുവദനീയമായ അളവിലും വേണ്ടത്ര സമയമെടുത്തുമല്ലാതെ സോഡിയം അസന്തുലിതാവസ്ഥ നേരെയാക്കാന്‍ ശ്രമിച്ചാല്‍ തലച്ചോറിനെ ബാധിക്കുന്ന എക്‌സ്ട്രപോന്റിന്‍ മൈലിനോലിസിസ് എന്ന മാരക അവസ്ഥ ഉണ്ടായേക്കാം. സ്വയം ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.
മുന്‍കരുതലുകള്‍
- അതിസാരം മൂലം ശരീരത്തില്‍ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം നല്‍കുന്നതാണ് ഉത്തമം.
- വെയിലത്ത് പണിയെടുക്കുമ്പോഴോ അമിതമായി വ്യായാമം ചെയ്യുമ്പോഴോ വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഉപ്പുചേര്‍ത്ത പാനീയങ്ങളാണ് ധാരാളം കുടിക്കേണ്ടത്.
- ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടുപിടിക്കാനും ശരിയായി ചികിത്സിച്ചാല്‍ പെട്ടെന്ന് ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പറ്റുന്ന അവസ്ഥയായതുകൊണ്ട്, സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ വിദഗ്ധ ഡോക്ടറുടെ പരിചരണം തേടണം.
സോഡിയം കൂടുന്ന അവസ്ഥ
സോഡിയം കൂടിപ്പോകുന്ന അവസ്ഥയാണ് ഹൈപ്പര്‍നട്രീമിയ. വാര്‍ധക്യത്തില്‍ മാത്രമല്ല ശിശുക്കളിലും ഈ അവസ്ഥ കണ്ടുവരുന്നു. ദഹനസംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വരുമ്പോഴും അമിതമായി ജലനഷ്ടം വരുമ്പോഴുമാണ് സോഡിയം നില കൂടുക. ക്ഷീണം, ദാഹം, നിര്‍ജ്ജലീകരണം, പരവേശം, മയക്കം എന്നിവയാണ് ലക്ഷണങ്ങള്‍.
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Low blood sodium level cause risk to life what is the treatment, Health, Sodium imbalance