അടച്ചിടല്‍ നിലവില്‍വന്നശേഷം ഡല്‍ഹിയുള്‍പ്പെടെ ഇന്ത്യയിലെ 90-ലേറെ നഗരങ്ങളിലെ വായുമലിനീകരണം കുറഞ്ഞു. പരിസ്ഥിതിയെ പണയംവെച്ചുകൊണ്ടുള്ള വികസനം അവസാനിപ്പിക്കാന്‍ നേരമായെന്നതിന്റെ സൂചനയായി ഇതിനെ കാണണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (സഫര്‍) പറയുന്നു. അഹമ്മദാബാദിലും (ഗുജറാത്ത്) പുണെയിലും (മഹാരാഷ്ട്ര) ഇത് 15 ശതമാനമായിക്കുറഞ്ഞു.
ശ്വാസകോശപ്രശ്‌നങ്ങള്‍ വഷളാക്കുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പുണെയില്‍ 43 ശതമാനമായും മുംബൈയില്‍ 38 ശതമാനമായും അഹമ്മദാബാദില്‍ 50 ശതമാനമായും കുറഞ്ഞു. വാഹനങ്ങളാണ് നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നത്.
സാധാരണഗതിയില്‍ മാര്‍ച്ചില്‍ വായുമലിനീകരണം 'തരക്കേടില്ല' എന്ന നിലയില്‍ (മലിനീകരണസൂചികയില്‍ നൂറിനും ഇരുനൂറിനും ഇടയില്‍) നില്‍ക്കാറാണു പതിവ്. എന്നാല്‍, ഇപ്പോഴത് തൃപ്തികരമോ (50-100) നല്ലതോ (0-50) ആണെന്ന് സഫറിലെ ശാസ്ത്രജ്ഞനായ ഗുര്‍ഫാന്‍ ബെയ്ഗ് പറഞ്ഞു. ''അടച്ചിടലിന്റെ ഫലമാണിത്. വ്യവസായശാലകള്‍ പൂട്ടുകയും നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കുകയും ഗതാഗതം തീരെക്കുറയുകയും ചെയ്തതോടെ വായുവിന്റെ നിലവാരം മെച്ചപ്പെട്ടു''വെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.) രേഖയനുസരിച്ച് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'നല്ലത്' എന്ന വിഭാഗത്തിലാണ്. സാധാരണനിലയില്‍ മലിനീകരണത്തോതു കൂടുതലായ കാന്‍പുരിലാകട്ടെ (യു.പി.) 'തൃപ്തികരം' എന്ന വിഭാഗത്തിലാണിത്. സി.പി.സി.ബി.യുടെ നിരീക്ഷണത്തിലുള്ള 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലേയുള്ളൂ. 39 നഗരങ്ങള്‍ 'നല്ലത്' എന്ന വിഭാഗത്തിലും 51 എണ്ണം 'തൃപ്തികരം' എന്ന വിഭാഗത്തിലുമാണ്.
പരിസ്ഥിതിയുടെ ചെലവില്‍ വികസനം എന്ന ഭ്രമവുമായി നടക്കുന്ന സര്‍ക്കാരുകള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ് ഈ വിവരമെന്ന് പരിസ്ഥിതിപ്രവര്‍ത്തകയും 'മൈ റൈറ്റ് ടു ബ്രെത്ത്' പ്രചാരകയുമായ രവീണ കോലി പറഞ്ഞു.
Content Highlights: Lockdown air pollution decreased