ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചു തണുപ്പിച്ച പുകപാറുന്ന ഐസ്‌ക്രീമുകളും വേഫറുകളും ഡ്രിങ്കുകളും കേരളത്തില്‍ ക്ലിക്കായത് വളരെപ്പെട്ടെന്നാണ്. എന്നാല്‍ അതിലും പെട്ടെന്ന് ഇവ വില്‍ക്കുന്ന കടകള്‍ക്ക് സര്‍ക്കാറിന്റെ താഴു വീഴുകയും ചെയ്തു. സര്‍ക്കാര്‍ നിരോധനം വരും മുമ്പ് ഇവ കഴിച്ച ഉപഭോക്താക്കളും ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം കടകള്‍ ആരംഭിക്കാന്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയ വ്യാപാരികളും ഇപ്പോള്‍ ഒരേപോലെ അങ്കലാപ്പിലാണ്. എന്താണ് ലിക്വിഡ് നൈട്രജന്‍? എത്രത്തോളം വലിയ അപകടമാണ് ഇതടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്നത്? ഇക്കാര്യങ്ങള്‍ക്ക്  ശാസ്ത്രീയമായ എന്തു വിശദീകരണമാണുള്ളത് എന്നു നമുക്ക് പരിശോധിക്കാം .

എന്താണ് ലിക്വിഡ് നൈട്രജന്‍?

അന്തരീക്ഷവായുവില്‍ 78 ശതമാനവും നൈട്രജന്‍ എന്ന വാതകമാണെന്നു നാം ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. വളരെ താഴ്ന്ന താപനിലയില്‍ (മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ്) നൈട്രജന്‍ വാതകം ദ്രാവകമാകുന്നു. ഇതാണ് ദ്രവനൈട്രജന്‍ അഥവാ ലിക്വിഡ് നൈട്രജന്‍. വാതകാവസ്ഥയില്‍ തന്നെ നൈട്രജന്‍ ഒരു നിഷ്‌ക്രിയ വാതകമാണ്. അതായത് പെട്ടെന്നൊന്നും മറ്റ് രാസവസ്തുക്കളുമായി പ്രതി പ്രവര്‍ത്തിക്കാന്‍ നൈട്രജനു താല്‍പര്യമില്ല. അതുകൊണ്ടുതന്നെ നൈട്രജന്‍ ഒരു വിഷവാതകവുമല്ല. എന്നാല്‍ ദ്രവനൈട്രജന്റെ വളരെ താഴ്ന്ന താപനില ശരീരകലകള്‍ക്ക് അപകടകരമാണ്. ദ്രവനൈട്രജന്റെ ഈ സ്വഭാവം ആധുനിക വൈദ്യശാസ്ത്രം ചില ചികിത്സാരീതികള്‍ക്ക് ഉപയോഗിക്കാറുണ്ട്. ക്രയോസര്‍ജറി അഥവാ താഴ്ന്ന താപനില ഉപയോഗിച്ചു നടത്തുന്ന ശസ്ത്രക്രിയകളാണ് ഒരുദാഹരണം. ലിക്വിഡ് നൈട്രജന്റെ താഴ്ന്ന താപനില ഉപയോഗിച്ച് ശരീരകലകളെ കരിച്ചുകളയുകയാണ് ഇതില്‍ ചെയ്യുന്നത്. അരിമ്പാറ പോലെയുള്ള രോഗങ്ങളും  ചെറിയ ക്യാന്‍സറുകളും ഈ രീതിയില്‍ കരിച്ചുകളയാന്‍ സാധിക്കും. വളരെ താഴ്ന്ന താപനിലയില്‍ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ രൂപംകൊള്ളുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണു ലിക്വിഡ് നൈട്രജന്‍ ശരീരത്തില്‍ നാശം വിതയ്ക്കുന്നത്. ശരീരകലകള്‍, പുംബീജം, അണ്ഠം എന്നിവയൊക്കെ താഴ്ന്ന താപനിലയില്‍ സൂക്ഷിച്ചുവയ്ക്കാനും ദ്രവനൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്.

ലിക്വിഡ് നൈട്രജന് മറ്റു വ്യാവസായിക ഉപയോഗങ്ങളുമുണ്ട്. വളരെ താഴ്ന്ന താപനിലയില്‍ ഭക്ഷണം തണുപ്പിച്ചു സൂക്ഷിക്കുക എന്നത് ഒരുപയോഗമാണ്. ചൂടാവാന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഭാഗങ്ങളെയും കമ്പ്യൂട്ടറുകളെയും തണുപ്പിച്ചു സൂക്ഷിക്കാനും ലിക്വിഡ് നൈട്രജന്‍ പ്രയോജനപ്പെടുത്താറുണ്ട് .

എന്തിനാണ് ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീമിലും ഡ്രിങ്കുകളിലും ഒഴിക്കുന്നത് ?

വളരെപ്പെട്ടെന്ന് തണുപ്പിക്കാനുള്ള ലിക്വിഡ് നൈട്രജന്റെ കഴിവിനെപ്പറ്റി പറഞ്ഞല്ലോ. ഐസ്‌ക്രീം മിശ്രിതം തയ്യാറാക്കിയശേഷം ഉപഭോക്താവിന്റെ ആവശ്യാനുസരണം നിമിഷങ്ങള്‍ കൊണ്ട് തന്നെ തണുപ്പിച്ച് ഐസ്‌ക്രീം ആക്കി നല്‍കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാല്‍ സാധിക്കും. ഇത്ര പെട്ടെന്ന് തണുപ്പിക്കാന്‍ ഫ്രീസറുകള്‍ക്ക് സാധ്യമല്ല. കൂടാതെ ഇത്രയും വേഗത്തില്‍ ഐസ്‌ക്രീം മിശ്രിതം തണുപ്പിക്കുമ്പോള്‍ വലിപ്പമുള്ള ഐസ് പരലുകള്‍ മിശ്രിതത്തില്‍ രൂപപ്പെടാതിരിക്കും. പരലുകളുടെ വലിപ്പം കുറയുന്നത് ഐസ്‌ക്രീമിന് കൂടുതല്‍ മൃദുത്വം നല്‍കുകയും ഐസ്‌ക്രീമിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഡ്രിങ്കുകളില്‍ ലിക്വിഡ് നൈട്രജന്‍ ഒഴിച്ചാല്‍ അവ പെട്ടെന്ന് തണുക്കുകയും ആവിയായി പോകുന്ന നൈട്രജന്‍ വാതകം ഡ്രിങ്കുകള്‍ നുരഞ്ഞു പതയുന്നതിനു സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ലിക്വിഡ് നൈട്രജന്‍ ഒഴിച്ച ഡ്രിങ്കുകള്‍ക്കും ഐസ്‌ക്രീമുകള്‍ക്കും മുകളില്‍ പൊങ്ങിപ്പറക്കുന്ന പുക ഇവയ്ക്ക് പ്രത്യേക ഭംഗിയും മാസ്മരികതയും നല്‍കുന്നു. ഇതാണ് മിക്കവരെയും ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പുകപോലെ കാണപ്പെടുന്ന ഈ വസ്തു നൈട്രജന്‍ വാതകമല്ല. മറിച്ച്, താഴ്ന്ന താപനിലയില്‍ ഘനീഭവിച്ച അന്തരീക്ഷത്തിലെ നീരാവിയാണ് പുകയായി തോന്നുന്നത്. ഇത്തരത്തില്‍ ഘനീഭവിച്ച നീരാവിയാണ് മേഘങ്ങളും.

ലിക്വിഡ് നൈട്രജന്‍ അപകടമാണോ ?

ഇത്രയും വായിച്ചതില്‍ നിന്ന് ഈ ചോദ്യത്തിന് ഏതാണ്ട് ഉത്തരം കിട്ടിക്കാണുമല്ലോ. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ലിക്വിഡ് നൈട്രജന്‍ അപകടകാരിയാണ്. അതിന്റെ വളരെ താഴ്ന്ന താപനിലയും നൈട്രജന്‍ വാതകമായി വളരെപ്പെട്ടെന്ന് വികസിക്കാനുള്ള ശേഷിയുമാണ് അതിനെ അപകടകരമാക്കുന്നത്. ഐസ്‌ക്രീമിലോ ഡ്രിങ്കിലോ ചേര്‍ത്ത ലിക്വിഡ് നൈട്രജന്‍ മുഴുവന്‍ വാതകമായി അന്തരീക്ഷത്തിലേക്ക് പോകുന്നതിനുമുമ്പ് അവ കഴിച്ചാല്‍ വായിലേയും അന്നനാളത്തിലെയും ആമാശയത്തിലെയും കലകളെ നശിപ്പിക്കാന്‍ അതിനു സാധിക്കും. ലിക്വിഡ് നൈട്രജന്‍ വാതകമായി മാറുമ്പോള്‍ 694 ഇരട്ടി വികസിക്കുന്നതിനാല്‍ ശരീരത്തിനകത്ത് വലിയ മര്‍ദ്ദം സൃഷ്ടിക്കാനും ഇതിനു സാധിക്കും. ഇത് ആമാശയത്തില്‍ തുളവീഴുന്നതിലേക്ക് വരെ നയിക്കാം. ജീവനു ഭീഷണിയായ ഗുരുതരമായ അവസ്ഥയാണ് ഇത്. ഇത്തരമൊരു സംഭവം 2017 ജൂലായില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ ഓക്‌സിജന്റെ അളവ് കുറയാനും അതു ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്. കൈകാര്യംചെയ്യുന്ന ജീവനക്കാരുടെ കൈകളിലോ മറ്റോ ദ്രവനൈട്രജന്‍ പറ്റിയാല്‍ അവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട് . ശുദ്ധമായ ലിക്വിഡ് നൈട്രജനു പകരം വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച മാലിന്യങ്ങള്‍ കലര്‍ന്ന നൈട്രജനാണ് ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നതെങ്കില്‍ വിഷബാധകള്‍ക്കും സാധ്യതയുണ്ട്.

നമ്മുടെ നാട്ടിലെ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല എന്നും ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന് വേണ്ടത്ര നിലവാരമില്ല എന്നുമുള്ള സംശയം സര്‍ക്കാറിനുണ്ടായാല്‍ കുറ്റംപറയാനാകില്ല. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നതുവരെ ഈ ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചത് ന്യായമാണ്. സുരക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്ന്, ലിക്വിഡ് നൈട്രജന്‍ മുഴുവന്‍ ആവിയായിപ്പോയി എന്നുറപ്പുവരുത്തിയശേഷം ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എങ്കിലും ഈയിടെയായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ചില വീഡിയോകളില്‍ കാണുന്നതുപോലെ ലിക്വിഡ് നൈട്രജന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വായിലിട്ട് മൂക്കിലൂടെ പുക വിടുന്ന രീതി ഒട്ടും സുരക്ഷിതമല്ല. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി  വിഭാഗം ഡോക്ടറാണ് ലേഖകന്‍