പരിക്കുകള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പിന്നീട് സന്ധിയില്‍ തേയ്മാനമുണ്ടാകാം


ഡോ.ഉണ്ണിക്കുട്ടൻ.ഡി

Representative Image | Photo: Canva.com

ഓടുകയും ചാടുകയും വേഗതയേറിയ കളികളില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യുമ്പോൾ കാല്‍ മുട്ടിനു പല തരത്തിലുള്ള പരിക്കുകള്‍ പറ്റാം. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാന്‍ കാല്‍മുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമര്‍) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു രൂപപ്പെടുന്ന വളരെ സങ്കുചിതമായ ഒരു സന്ധിയാണ് കാല്‍ മുട്ട്. ഈ രണ്ട് എല്ലുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം ലിഗമെന്റുകള്‍ ഉണ്ട്. ചിലത് മുട്ടിന് ഉള്ളിലും ചിലത് പുറമെയും ആയി സ്ഥിതി ചെയ്യുന്നു.

പ്രധാനപെട്ട ലിഗമെന്റുകള്‍ ഏതെല്ലാം?മുട്ടിന്റെ ഇരുവശങ്ങളിലായി കൊളാറ്ററല്‍ (MCL/LCL) ലിഗമെന്റുകള്‍ സ്ഥിതി ചെയുന്നു. ഇവ മുട്ടിനെ വശങ്ങളിലേക്ക് തെറ്റുന്നത് തടയുന്നു. ക്രൂശിയറ്റ് ലിഗമെന്റുകള്‍ മുട്ടിന്റെ ഉള്‍ഭാഗത്ത് കുരിശിന്റെ ആകൃതിയില്‍ പരസ്പരം പിണഞ്ഞു സ്ഥിതി ചെയ്യുന്നു. ഇവ മുട്ടിന്റെ എല്ലുകള്‍ മുന്‍പിലേക്കും പിറകിലേക്കും തെറ്റി പോകുന്നത് തടയുന്നു. മെനിസ്‌കസ് മുട്ടിന്റെ ഉള്ളില്‍ ഒരു കുഷ്യന്‍ പോലെ പ്രവര്‍ത്തിക്കുന്നു. ലിഗമെന്റുകളുടെ ഗണത്തില്‍ പെടാത്ത ഇവ കാല്‍മുട്ടിലെ പ്രതലങ്ങള്‍ തമ്മില്‍ ഉരസുന്നതും തമ്മില്‍ തെറ്റി പോകുന്നതും തടയുന്നു. കാല്‍മുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേര്‍ക്കുന്ന ലിഗമെന്റുണ്ട് (MPFL). ഇത് പൊട്ടുന്നത് കൂടെക്കൂടെ ചിരട്ട തെറ്റുവാന്‍ കാരണമാകുന്നു.

പരിക്കുകളുടെ ലക്ഷണം

വേഗത കൂടിയ കളികള്‍ക്കിടയിലാണ് കാല്‍മുട്ടിന് പൊതുവെ പരിക്കുകള്‍ പറ്റാറുള്ളത്. വേഗത്തില്‍ വന്നു കാല് കുത്തിയ ശേഷം വശങ്ങളിലേക്ക് തിരിയുന്നത് പരിക്കിന് കാരണമാകുന്നു. മുട്ടിനുള്ളില്‍ നീരും കാല്‍ അനക്കുമ്പോള്‍ അതിശക്തമായ വേദനയുമാണ് തുടക്കത്തില്‍ അനുഭവപ്പെടുക. ക്രൂശിയറ്റ്, കൊളാറ്ററല്‍ എന്നീ ലിഗമെന്റുകളുടെ ജോലി കാല്‍മുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നതാണ്. ഇവയ്ക്ക് പരിക്ക് പറ്റുമ്പോളുണ്ടാകുന്ന വേദനയും നീരും മൂന്ന് നാല് ആഴ്ചകളില്‍ മാറുകയും പിന്നീട് നടക്കുമ്പോള്‍ മുട്ട് തെന്നുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് മൂലം രോഗിക്ക് പടികള്‍ ഇറങ്ങുന്നതിനും കളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവു. മെനിസ്‌കസിനുണ്ടാകുന്ന പരിക്കുകളില്‍ നീര് മാറിയതിനു ശേഷവും വേദന നിലനില്‍ക്കുകയും മുട്ട് അനക്കുമ്പോള്‍ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവുകയും ചെയുന്നു. ചില അവസരങ്ങളില്‍ മെനിസ്‌കസിന്റെ കീറിയ ഭാഗം സന്ധിയുടെ ഇടയില്‍ കുടുങ്ങി മുട്ട് അനക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവാം (Locking). നേരിട്ടുള്ള പരിശോധയക്ക് ശേഷം Xray, MRI, CT എന്നിവ ഉപയോഗിച്ചാണ് കാല്‍മുട്ടിലെ പരിക്കുകള്‍ നിര്‍ണ്ണയിക്കുന്നത്.

ചികിത്സ

ചില ലിഗമെന്റുകള്‍ പൊട്ടിയാല്‍ തുന്നി ചേര്‍ക്കുക സാധ്യമല്ല. ക്രൂശിയറ്റ് (ACL / PCL) ലിഗമെന്റുകള്‍ ആണ് ഇതിന് ഉദാഹരണം. മറ്റുള്ളവ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ആണെങ്കില്‍ ശസ്ത്രക്രിയയിലൂടെ തുന്നി ചേര്‍ക്കുവാന്‍ സാധിക്കും.

ഒരു നിശ്ചിത കാലാവധിക്ക് ശേഷമാണ് ചികിത്സ തേടുന്നതെങ്കില്‍ തുന്നി ചേര്‍ക്കല്‍ (Repair) സാധ്യമല്ല. തുന്നി ചേര്‍ക്കല്‍ സാധ്യമല്ലാത്ത പരിക്കുകള്‍ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഗ്രാഫ്റ്റ് ഉപയോഗിച്ച് ലിഗമെന്റ് പുനര്‍ നിര്‍മ്മിക്കണം (Reconstruction). പേശികളുടെ നാരുകളാണ് (tendon) ലിഗമെന്റ് പുനര്‍ നിര്‍മ്മിക്കുന്നതിനായി പൊതുവെ ഉപയോഗിക്കുന്നത്. മെനിസ്‌കസിനുണ്ടാകുന്ന പരിക്കിന്റെ സ്ഥാനം, ആഴം, പാറ്റേണ്‍, കാലാവധി എന്നിവയെ ആസ്പദമാക്കിയാവും ചികിത്സ നിര്‍ണയിക്കുക. മെനിസ്‌കസ് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ വേദനയ്ക്ക് കാരണമായ കീറിയ ഭാഗം ഭേദപ്പെട്ട രീതിയില്‍ രൂപപ്പെടുത്തി എടുക്കുന്നതാണ് ചികിത്സ (Meniscal Balancing).

എന്താണ് ആര്‍ത്രോസ്‌കോപ്പി അഥവാ കീ ഹോള്‍ ശസ്ത്രക്രിയ?

ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച് സന്ധിയുടെ ഉള്‍ഭാഗം സ്‌ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്‌കോപ്പി (കീ ഹോള്‍ സര്‍ജറി). മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കാം. തുറന്നുള്ള ശസ്ത്രക്രിയയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സന്ധിയുടെ ഉള്‍ ഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങള്‍ പ്രവേശിപ്പിക്കുവാനും പ്രയാസമാണ്. ഇത് സാധിക്കും എന്നതാണ് ആര്‍ത്രോസ്‌കോപിയുടെ പ്രധാന പ്രയോജനം. മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണ്.

വ്യായാമവും പരിക്കുകളും

സന്ധികളുടെ ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് കളികള്‍ക്കിടയിലെ പരിക്കുകള്‍ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു തെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും രീതിയിലും വ്യായാമങ്ങള്‍ പരിശീലിക്കുന്നതാണ് ഉചിതം. ചികിത്സയുടെ ഭാഗമായും ശസ്ത്രക്രിയയ്ക്ക് ശേഷവും വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്.

പരിക്കുകള്‍ ഒഴിവാക്കാന്‍

കാല്‍മുട്ടിലെ പേശികള്‍ക്ക് ബലം കൂട്ടുക. ശരീരഭാരം കുറയ്ക്കുക. കളിക്കുന്നതിനുമുമ്പ് വാം അപ്പ് ചെയ്യുക. ശരിയായ പാദ സംരക്ഷകള്‍ ഉപയോഗിക്കുക.

ഉപസംഹാരം

സ്‌പോര്‍ട്‌സ് പരിക്കുകള്‍ കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ സന്ധിയില്‍ തേയ്മാനമുണ്ടാകാം. ഒരു ലിഗമെന്റിന്റെ പരിക്ക് പിന്നീട് മറ്റ് ലിഗമെന്റുകള്‍ക്കും മെനിസ്‌കസിനും പരിക്കുണ്ടാകുന്നതിനും മുട്ടിന്റെ കുഴ തെറ്റുന്നതിനും കാരണമായേക്കാം. തുടക്കത്തിലെ തന്നെ ആധുനിക അറിവും സംവിധാനവും ഉപയോഗിച്ച് രോഗനിര്‍ണയവും ചികിത്സയും തേടുന്നതാണ് ഉചിതം.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ് ലേഖകൻ

Content Highlights: ligament injury sports injuries types treatments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented