രശ്മി പ്രകാശ്
ഓരോ ദിനങ്ങളും ഓരോ ഓർമപ്പെടുത്തലുകളാണ്." മെയ് 12" എങ്ങനെ ഭൂമിയിലെ മാലാഖമാരുടെ ദിനമായി. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപക ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. അതുകൊണ്ടാണ് ലോകമെമ്പാടും നേഴ്സസ് ദിനമായി ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് നഴ്‌സുമാർ മാലാഖാമാരായത്? ഈ ചോദ്യം പലപ്പോഴും നമ്മൾ കേട്ടിട്ടില്ലേ? ആരോഗ്യ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ പരിചരണവും ശുശ്രൂഷയും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. എന്ത് കാര്യവും അനുഭവത്തിൽ വരുമ്പോഴേ മനസ്സിലാകൂ എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? രോഗിയായി ആശുപത്രിയിൽ കിടക്കുമ്പോൾ, പ്രിയപ്പെട്ടവർ കൂടെയില്ലാതെ ഒറ്റക്കാകുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി, തുണയായി എത്തുന്നത് എപ്പോഴും നഴ്സുമാർ തന്നെയാണ്. കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ നിന്നും ലോകം പതിയെ ഉയർത്തെഴുന്നേൽക്കുമ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത എത്രയോ നഴ്‌സുമാർ ഉണ്ടായിരുന്നു എന്ന് കൂടി ഓർക്കുക.
രാത്രിയും പകലും മാറി മാറി വരുന്ന ഡ്യൂട്ടികൾ. ഉറക്കത്തെയും ആരോഗ്യത്തെയും മാത്രമല്ല കുടുംബ ജീവിതത്തെ പോലും ബാധിക്കുമ്പോഴും ഏറെ ഇഷ്ടത്തോടെ ഓരോ രോഗികളെയും പരിചരിക്കുന്നവർ മാലാഖാമാർക്കും എത്രയോ മുകളിലാണ്.
ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ കീമോതെറാപ്പി നേഴ്സ് പ്രാക്റ്റിഷണർ ആയാണ് ഞാൻ ജോലി ചെയ്യുന്നത്. കഴിഞ്ഞ 2 -3 വർഷങ്ങളായി പാതി മറച്ച മുഖവും കണ്ണ് നിറയെ സ്നേഹവും പുഞ്ചിരിയുമായി സ്വന്തം ആരോഗ്യം പോലും മറന്ന് ജോലി ചെയ്ത ഞങ്ങൾ കീമോതെറാപ്പി ടീമിന് കഴിഞ്ഞ ദിവസം ഒരുപാട് സന്തോഷമുള്ള ഒരു കാര്യമുണ്ടായി. രാവിലെ ജോലിക്ക് കയറിയ ഉടനെ ഞങ്ങളുടെ കൺസൾറ്റൻറ് കീമോതെറാപ്പി ലീഡ് ലിസ, ടീം മെമ്പേഴ്സിനോട് പറയാൻ ഒരു സന്തോഷ വാർത്തയുമായി വന്നു. ഇനി മുതൽ നിങ്ങൾ ആരും തന്നെ ഹോസ്പിറ്റലിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല.ഇത് കേട്ട ഉടൻ തന്നെ ഞങ്ങൾ എല്ലാവരും മാസ്‌ക് ഊരി ബിന്നിൽ ഇട്ടു. പല രോഗികൾക്കും ഞങ്ങളെ തിരിച്ചറിയാൻ പറ്റിയില്ല. പേര് സഹിതം ഇത് ഞാൻ ആണ് എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞു, ചിലർ സന്തോഷം കൊണ്ട് ഉറക്കെ ചിരിച്ചു. കഴിഞ്ഞ ഒരു വർഷമായി കീമോതെറാപ്പി എടുക്കുന്ന ടോം Pseudonym ട്രീറ്റ്മെൻറ് കഴിഞ്ഞു ഓരോ സ്റ്റാഫിന്റേയും അടുത്ത് വന്നു, നിങ്ങളുടെ മുഖം ഇതുവരെ കാണാൻ പറ്റിയിട്ടില്ല. എല്ലാരുടെയും ചിരിക്കുന്ന മുഖം കാണാൻ പറ്റിയല്ലോ ,ഇതെനിക്ക് ഏറ്റവും സന്തോഷം തന്ന ഒരു ദിവസമാണ് എന്ന് ഏറെ വികാരാധീനനായി പറഞ്ഞു.
എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നിട്ടും ടോം അതെടുത്തു പറഞ്ഞപ്പോൾ,ഒരുപാട് സന്തോഷത്തോടെ ഞങ്ങളുടെ മുഖങ്ങളിലേക്ക് നോക്കിയപ്പോൾ ആ സന്തോഷത്തിൽ നിറഞ്ഞ മനസ്സോടെ ഞങ്ങളും ചേർന്നു.
വായിക്കുമ്പോൾ ഇതൊരു ചെറിയ സംഭവം മാത്രമാണ് പക്ഷേ കാൻസർ രോഗികളായ രോഗികളും ഞങ്ങളുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. അവരുടെ കൃതജ്ഞത നിറഞ്ഞ കണ്ണുകളും സുഭഗമായ പെരുമാറ്റവും ഞങ്ങളുടെ മുന്നോട്ടുള്ള പഠനവും, ജോലിയും സുഗമമാക്കുന്നു.
കോവിഡിന്റെ കാഠിന്യം കുറയുമ്പോൾ ഞങ്ങളുടെ രോഗികൾ കുറച്ചു കൂടി സുരക്ഷിതരാകുന്നു എന്ന ചിന്ത നൽകുന്ന സന്തോഷത്തോടെ ഞങ്ങൾ വീണ്ടും ജോലിയുടെ തിരക്കുകളിലേക്ക് തിരിയുന്നു. ഒരുപാട് കണ്ണുകൾ ഞങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾക്കായി കാത്തിരിക്കുന്നു.
യു.കെ.യിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ കീമോതെറാപ്പി നേഴ്‌സ് പ്രാക്ടീഷണർ ആയ രശ്മി എഴുത്തുകാരിയും ഗാനരചയിതാവുമാണ്. ഭർത്താവ് രാജേഷ് കരുണാകരൻ. മകൻ ആദിത്യ തേജസ്.
Content Highlights: life of a nurse, international nurses day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..