ക്താർബുദം ബാധിച്ച ഒരാൾക്ക് കായികരം​ഗത്തേക്ക് തിരിച്ചുവരാൻ സാധിക്കുമോ? സാധിക്കുമെന്ന് മാത്രമല്ല കായിക മാമാങ്കമായ ഒളിമ്പിക്സിൽ പങ്കെടുക്കാനും കഴിയുമെന്ന് തെളിയിക്കുകയാണ് ജപ്പാന്റെ വനിതാ നീന്തൽ താരം ഐകി റികാകോ  എന്ന 21കാരി. 

2000 ൽ ടോക്യോയിലാണ് ഐകിയുടെ ജനനം. മൂന്നാം വയസ്സിൽ കുഞ്ഞ് ഐകി നീന്തൽ തുടങ്ങി. അഞ്ചുവയസ്സാകുമ്പോഴേക്കും ഐകി ഫ്രീസ്റ്റെെൽ, ബാക്ക്സ്ട്രോക്ക്, ബട്ടർഫ്ളെെ, ബ്രെസ്റ്റ്സ്ട്രോക്ക് എന്നീ വിഭാ​ഗങ്ങളിൽ അമ്പത് മീറ്റർ നീന്താൻ തുടങ്ങി. 2014 മാർച്ചിൽ ജെ.ഒ.സി. സ്പ്രിങ് മീറ്റ് 13-14 വയസ്സുകാർക്ക് നടത്തിയ മത്സരത്തിൽ 50,100 വിഭാ​ഗങ്ങളിലായി ഫ്രീസ്റ്റെെലിൽ സ്വർണം നേടി ജൂനിയർ ഹെെസ്കൂൾ റെക്കോർഡിട്ടു. 50 മീറ്റർ ബട്ടർഫ്ളെെ ഇനത്തിലും ഐകി സ്വർണം നേടി. 

തന്റെ പതിനാറാം വയസ്സിൽ 2016 ൽ ആണ് ഐകി ആദ്യമായി ഒളിമ്പിക്സിനെത്തുന്നത്. റിയോഡിജനീറോയിൽ നടന്ന ഒളിമ്പിക്സിനായി നീന്തലിന്റെ ഏഴ് ഈവന്റുകൾക്കാണ് ഐകി യോ​ഗ്യത നേടിയത്. ഇത്തരത്തിൽ ഒളിമ്പിക്സിന് ഏഴ് ഈവന്റുകൾക്ക് യോ​ഗ്യത നേടുന്ന ആദ്യ ജപ്പാനീസ് താരമാണ് ഐകി. നൂറ് മീറ്റർ ബട്ടർഫ്ളെെെ ഇനത്തിൽ അഞ്ചാംസ്ഥാനവും ഐകി നേടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rikako Ikee (@ikee.rikako)

പിന്നീട് 2017 ൽ ജപ്പാനിൽ വെച്ചു നടന്ന 93ാം ജപ്പാൻ സ്വിമ്മിൽ റെക്കോർഡ് തിരുത്തിക്കൊണ്ട് അഞ്ച് സ്വർണം നേടി. ഇതിനുപിന്നാലെ 94ാം ജപ്പാൻ സ്വിമ്മിൽ നാലിനത്തിലായി ആറ് ജപ്പാനീസ് റെക്കോർഡുകളാണ് തകർത്തത്. 2018 ഏഷ്യൻ ​ഗെയിംസിൽ ആറ് സ്വർണവും നേടി. ഇതോടെ ഈ നേട്ടം കൊയ്യുന്ന ആദ്യ നീന്തൽ താരമായി മാറുകയും ചെയ്തു. 

ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഐകിയുടെ ജീവിതം ഇരുട്ടിലാവുന്നത്. 2019 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ നടന്ന പരിശീലന ക്യാംപിനിടെ ശ്വസതടസ്സമുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് അക്യൂട്ട് ലിംഫോസെെറ്റിക് ലൂക്കേമിയ എന്ന  കാൻസർ ബാധിച്ചതായി ഐകി  തിരിച്ചറിയുന്നത്.  കായിക ലോകത്തിന് അത് ഒരു ആഘാതമായിരുന്നു.  പിന്നീട് പത്ത് മാസത്തോളം ആശുപത്രി വാസവും ചികിത്സയും.  കീമോതെറാപ്പിക്കും  ബോൺ മാരോ ട്രാൻസ്പ്ലാന്റിനും ഐകി  വിധേയയായി. രാജ്യത്തിന്റെ അഭിമാനമായ കൗമാര താരത്തിന്റെ ചികിത്സയ്ക്കായി ബോൺ മാരോ ​ദാതാക്കളായി ജപ്പാനിൽ  രജിസ്റ്റർ ചെയ്തത് നൂറുകണക്കിന് ആളുകളാണ്. 

''ആ സമയത്ത് മരണമാണ് ഞാൻ ആ​ഗ്രഹിച്ചത്. ആ കടുത്ത വേദന അനുഭവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ ചിന്തിച്ചതിൽ ഞാൻ ഖേദിക്കുകയാണ്''- ഐകി പറയുന്നു. 

ചികിത്സയ്ക്ക് ശേഷം 2020 മാർച്ചിലാണ് ഐകി നീന്തൽക്കുളത്തിലേക്ക് തിരിച്ചെത്തിയത്. 406 ദിവസത്തിന് ശേഷമുള്ള ഐകിയുടെ ആദ്യ നീന്തൽ ആയിരുന്നു അത്. 

''നീന്തൽക്കുളത്തിലേക്ക് തിരിച്ചുപോകാം എന്ന ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എത്രമാത്രം സന്തോഷിച്ചുവെന്ന് പറഞ്ഞറിയിക്കാനാവില്ല. ഞാൻ വളരെ ഭാ​ഗ്യവതിയാണ്''- ഐകി പറയുന്നു. തന്റെ രോ​ഗമുക്തി ഒരു അദ്ഭുതം എന്നാണ് ഐകി വിശേഷിപ്പിച്ചത്. 

ചികിത്സയ്ക്ക് ശേഷം നീന്തൽക്കുളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഐകിയുടെ കായിക ക്ഷമത അപ്പോഴേക്കും വല്ലാതെ കുറഞ്ഞിരുന്നു. അപ്പോഴും അവൾ ഒളിമ്പിക്സ് സ്വപ്നം കണ്ടു... അതിന് വേണ്ടി കഠിനപരിശീലനമാരംഭിച്ചു. ചെറിയ ക്ലാസിൽ പഠിക്കുന്ന കാലത്തെ അത്രയും മാത്രമേ തനിക്ക് ഇപ്പോൾ നീന്താൻ സാധിക്കുന്നുള്ളൂ എന്നായിരുന്നു ചികിത്സയ്ക്ക് ശേഷമുള്ള കാലത്തെ നീന്തൽ പരിശീലനത്തെക്കുറിച്ച് ഐകി പറഞ്ഞത്. രോ​ഗത്തെത്തുടർന്ന് കായികക്ഷമത അത്രത്തോളം കുറഞ്ഞിരുന്നു.  എങ്കിലും തളരാതെ തന്റെ പ്രയത്നം തുടർന്നു. 

കഠിനാധ്വാനത്തിലൂടെ തന്റെ ഫിറ്റ്നസ്സ് തിരിച്ചുപിടിച്ച ഐകി  ഏപ്രിലിൽ 4x100 ഫ്രീസ്റ്റെെൽ റിലേ ടീമിൽ യോ​ഗ്യത നേടിയാണ് ജൻമനാട്ടിൽ നടക്കുന്ന  ഒളിമ്പിക്സ് വേദിയിലെത്തിയത്. ഒളിമ്പിക്സിൽ സ്വർണമാണ് ഐകിയുടെ ഏറ്റവും വലിയ ആ​ഗ്രഹം. അതിനുള്ള കഠിനാധ്വാനത്തിലാണ് ഈ യുവ നീന്തൽ താരം. 

എന്താണ് അക്യൂട്ട് ലിംഫോസെെസ്റ്റിക് ലുക്കീമിയ?

രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഒരു തരം കാൻസറാണ് അക്യൂട്ട് ലിംഫോസെെസ്റ്റിക് ലുക്കീമിയ. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്നും ഇത് അറിയപ്പെടുന്നു. വളരെ പെട്ടെന്ന് രക്തകോശങ്ങളെ ബാധിക്കുന്ന രോ​ഗമാണിത്. രക്തപരിശോധന, അസ്ഥിമജ്ജ പരിശോധന, സി.ടി. സ്കാൻ പരിശോധന, സ്പെെനൽ ഫ്ളൂയിഡ് പരിശോധന എന്നിവ വഴി രോ​ഗനിർണയം നടത്താം. കീമോതെറാപ്പി, അസ്ഥിമജ്ജ മാറ്റിവെക്കൽ(ബോൺ മാരോ ട്രാൻസ്പ്ലാന്റ്, സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ്) എന്നിവ ഈ രോ​ഗത്തിന്റെ ചികിത്സകളിൽ ഉൾപ്പെടുന്നു. രോ​ഗമുള്ള അസ്ഥിമജ്ജയ്ക്ക് പകരം രോ​ഗമില്ലാത്ത ദാതാക്കളിൽ നിന്ന് എടുക്കുന്ന അസ്ഥിമജ്ജ രോ​ഗിയിൽ മാറ്റിവെക്കുകയാണ് ബോൺമാരോ ട്രാൻസ്പ്ലാന്റ് വഴി ചെയ്യുന്നത്. 

Content Highlights: Leukemia Cancer Survivor Ikee Rikako participating Swimming Tokyo Olympics 2020, Health, Tokyo 2020