• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Health
More
  • News
  • Features
  • MyPost
  • Videos
  • Hair & Beauty
  • Yoga
  • Diseases
  • Parenting
  • ArogyaMasika
  • Dr.V.P.Gangadharan
  • Mental Health
  • Sexual Health
  • Women's Health
  • Fitness
  • Blood Donors Club
  • Preg. Calendar

'ആദ്യമൊക്കെ ചോദിക്കുമ്പോള്‍ ഇല്ലെന്ന് പറയുമായിരുന്നു ഇപ്പോള്‍ അവള്‍ മറുപടി പറയാറില്ല'

Feb 12, 2019, 10:19 PM IST
A A A

ഏത് പ്രായത്തിലായാലും ഈ ശൈലി നൈരാശ്യത്തിലേക്കും വിഷാദത്തിലേക്കുമുള്ള വഴിവെട്ടും. ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ ഈ പ്രവണത കൂടുതലായി കാണാറുണ്ട്. മറ്റുള്ളവരുമായി സ്വയം താരതമ്യംചെയ്ത് പോരായ്മകളുടെ പട്ടിക തയ്യാറാക്കും. അതോടെ മുന്‍പോട്ടു പോകാനുള്ള ഊര്‍ജം കൈമോശം വന്നുപോകും.

letter to the doctor
X

സൃഷ്ടിപരമായ പരിഹാരം തേടലുകള്‍ക്കായി ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് തീര്‍ച്ചയായും നല്ലതാണ്. വര്‍ത്തമാനകാലത്തെയും ഭാവിയെയും അവഗണിച്ചുകൊണ്ട് പിന്നിട്ടനാളുകളിലെ വീഴ്ചകളെക്കുറിച്ചും നിര്‍ഭാഗ്യങ്ങളെക്കുറിച്ചുമുള്ള ചിന്തകളില്‍ അഭിരമിച്ചാല്‍ അത് അപകടമാകും. ഏത് പ്രായത്തിലായാലും ഈ ശൈലി നൈരാശ്യത്തിലേക്കും വിഷാദത്തിലേക്കുമുള്ള വഴിവെട്ടും. ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ ഈ പ്രവണത കൂടുതലായി കാണാറുണ്ട്. മറ്റുള്ളവരുമായി സ്വയം താരതമ്യംചെയ്ത് പോരായ്മകളുടെ പട്ടിക തയ്യാറാക്കും. അതോടെ മുന്‍പോട്ടു പോകാനുള്ള ഊര്‍ജം കൈമോശം വന്നുപോകും. അങ്ങനെ സംഭവിക്കരുതെന്ന ഓര്‍മപ്പെടുത്തലിനായി ഈ കത്ത് വായിക്കുക. 45 വയസ്സുള്ള മധ്യവയസ്‌കനാണ് ഞാന്‍. ഒരു സര്‍ക്കാര്‍സ്ഥാപനത്തില്‍ യു.ഡി. ക്ലാര്‍ക്കാണ്. ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തിലാണ് രണ്ടുവര്‍ഷമായി. 

പഠനത്തില്‍ ഞാന്‍ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാമനായിരുന്നു. സാമ്പത്തികമായി പിന്നാക്കമായിരുന്ന കുടുംബമായിരുന്നു എന്റെത്. പിതാവ് ദിവസക്കൂലിക്കാരനായിരുന്നു; മദ്യപാനിയും. അമ്മ വീട്ടുപണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഞങ്ങള്‍ മക്കള്‍ അഞ്ചുപേരാണ്. മൂന്ന് സഹോദരിമാര്‍. അവരുടെയൊക്കെ വിവാഹം എനിക്ക് ജോലി കിട്ടിയതിന് ശേഷമാണ് നടന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ പലപ്പോഴും പട്ടിണിയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും ഞാന്‍ നന്നായി പഠിച്ചു. പ്ലസ്ടുവില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങി. എന്‍ട്രന്‍സ് കോച്ചിങ്ങിനൊന്നും വിടാനുള്ള കഴിവ് ഇല്ലായിരുന്നു. നിവൃത്തിയില്ലാത്തതു കൊണ്ട് ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നു. എത്രയും വേഗം ഒരു ജോലി കിട്ടുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. വീട്ടിലെ ബഹളങ്ങള്‍ ബാധിക്കാതെ ശ്രദ്ധിച്ചു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി. പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ കയറിപ്പറ്റി ജോലിക്കായി കാത്തിരുന്നു. ആ കാലഘട്ടത്തില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയും ചെയ്തു. പഠിക്കുന്ന കാലത്ത് പത്രമിടാനൊക്കെ പോയി ചെലവിനുള്ള കാശ് കണ്ടെത്തുമായിരുന്നു.

ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് നല്ല സാമ്പത്തികസ്ഥിതിയുള്ള വീട്ടിലെ ഒരു കുട്ടി ജൂനിയറായി ചേര്‍ന്നു. അവള്‍ക്ക് എന്നോട് പതുക്കെ പ്രണയമായി.  ഞാന്‍ കോളേജില്‍ ഒരു താരമായിരുന്നു. നേതൃത്വപാടവത്തിലും സാംസ്‌കാരികകാര്യങ്ങളിലും ശ്രദ്ധേയമായ മികവ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടായിരിക്കും അവള്‍ക്ക് എന്നോട് ഇഷ്ടം തോന്നിയത്. പക്ഷേ, അത് പ്രണയമായി മാറി. ഞങ്ങള്‍ തമ്മില്‍ സാമൂഹികമായി ഒട്ടും ചേരില്ലായിരുന്നു. അത് അവളെ ഓര്‍മിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ഒട്ടേറെ ശ്രമിച്ചു. അവള്‍ പിന്‍വാങ്ങിയില്ല.  അവള്‍ ബി.എഡിന് ചേര്‍ന്ന് പാസായി. ഇതിനിടെ എനിക്ക് സര്‍ക്കാര്‍ജോലി കിട്ടി. ഞങ്ങള്‍ തമ്മിലുള്ള ബന്ധമറിഞ്ഞ് അവളുടെ വീട്ടുകാര്‍  എന്നെ മറക്കാനും നല്ല വിവാഹത്തില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ചുതുടങ്ങി. അവളെ ജോലിക്ക് വിടാതെ വീട്ടിലിരുത്തി. ഒരുദിവസം അവള്‍ സ്വന്തം വീടുവിട്ടിറങ്ങി എന്റെ വീട്ടിലെത്തി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കണമെന്ന് ശഠിച്ചു. എനിക്കും അവളെ വലിയ ഇഷ്ടമായിരുന്നു. വിവാഹം നടന്നു.

അതോടെ വീട്ടുകാര്‍ അവളെ ഉപേക്ഷിച്ചു. ഇതൊക്കെ സംഭവിച്ചിട്ട് ഇപ്പോള്‍ 20 വര്‍ഷം കഴിഞ്ഞു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുമായി. എന്റെ കൂരവീട്ടില്‍ അവള്‍ അന്ന് താമസമാക്കി. രണ്ടുവര്‍ഷം കഴിഞ്ഞ് അവള്‍ക്ക് ഒരു പ്രൈവറ്റ് സ്‌കൂളില്‍ ജോലി കിട്ടി. പലയിടത്തും അപേക്ഷ നല്‍കുമ്പോള്‍ അവളുടെ വീട്ടുകാര്‍ ഉടക്ക് വെക്കുമായിരുന്നു. എന്നെ ദൂരസ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാനും ശ്രമിക്കുമായിരുന്നു. അവള്‍ ഇതെല്ലാം സഹിച്ച് എന്റെകൂടെ ജീവിച്ചു; ഒരു മുറുമുറുപ്പും പറയാതെ. പക്ഷേ, എനിക്ക് വലിയ കുറ്റബോധമുണ്ടായിരുന്നു. അവള്‍ക്കില്ലാത്ത വിഷമം എനിക്കെന്തിനാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ സ്വന്തമായി ഒരു ചെറിയ വീടുവെച്ചു. കുട്ടികളെ നല്ല സ്‌കൂളുകളില്‍ ചേര്‍ത്തു. രണ്ടാളുടെയും വരുമാനം ഉണ്ടെങ്കില്‍പ്പോലും വലിയ ഞെരുക്കമായിരുന്നു. ഒരു ടൂവീലര്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. 

ഇതിനിടെ ഞാന്‍ ഫേസ്ബുക്കില്‍ സജീവമായി. എന്നോടൊപ്പം പഠിച്ച പലരും പല രാജ്യങ്ങളിലായി നല്ല നിലയിലാണെന്ന് മനസ്സിലാക്കി. എന്നെക്കാള്‍ പഠിക്കാത്തവരും ഉഴപ്പിനടന്നവരുമൊക്കെ ഉയര്‍ന്ന വരുമാനം ഉള്ളവരാണ്. സുഖജീവിതം നയിക്കുന്നവരാണ്. ഏറ്റവും മിടുക്കനും കാര്യപ്രാപ്തിയുള്ളവനുമായ ഞാന്‍ ഒരു സര്‍ക്കാര്‍ ഗുമസ്തന്‍മാത്രം. തിരിഞ്ഞുനോക്കുമ്പോള്‍ സ്വയം പുച്ഛം തോന്നും. ഭാര്യയുടെ ഇളയസഹോദരി മുന്തിയ കാറില്‍ പോകുന്നത് കാണാറുണ്ട്. ഇതുപോലെ ജീവിക്കാന്‍ പറ്റാത്തതില്‍ സങ്കടമില്ലേയെന്ന് ചോദിക്കും. ആദ്യമൊക്കെ അവള്‍ ഇല്ലെന്ന് പറയുമായിരുന്നു. ഇപ്പോള്‍ മറുപടി പറയാറില്ല. ഇതുകേട്ട് മടുത്തിട്ടാണോയെന്നറിയില്ല. അതോ അവള്‍ക്കും എന്റെപോലെയുള്ള വിചാരമുണ്ടായിട്ടാകുമോ? മറുപടി പറഞ്ഞിരുന്നെങ്കില്‍ ആശ്വാസമായേനെ. അവളുടെ കൂട്ടുകാരും ഉയര്‍ന്ന നിലയിലാണ്. എന്നെപ്പോലെ വാശിയോടെ പഠിക്കുന്നവരല്ല എന്റെ കുട്ടികള്‍. വലിയ ഫീസ് കൊടുത്ത് സ്വാശ്രയകോളേജുകളില്‍ വിടാനുള്ള സാമ്പത്തികസ്ഥിതി ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. മൊത്തത്തില്‍ ജീവിതം ഒരു പരാജയമാണെന്ന ചിന്തയിലാണ്. അതുകൊണ്ട് വിഷാദത്തിന്റെ പിടിയിലുമാണ്. എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കും. ജോലിയിലെ ഏകാഗ്രതയും നഷ്ടമാകുന്നു. വീട്ടില്‍ കുട്ടികളുമായോ ഭാര്യയുമായോ വലുതായി ഇപ്പോള്‍ മിണ്ടാറുമില്ല.ആശ്വാസം കിട്ടാനായി ഞാന്‍ സ്വയം മറന്ന് മൊബൈലുമായി ഇരിക്കും.

പഴയ കൂട്ടുകാരുമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. ഫേസ്ബുക്ക് സൗഹൃദവുമുണ്ട്. പലരും അവരുടെ നേട്ടങ്ങള്‍ നിരത്തിയ പോസ്റ്റുകള്‍ ഇടാറുണ്ട്. വിദേശത്തൊക്കെ ടൂറിനുപോയ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. എന്റെ സ്ഥിതി ഇതാണ് എങ്കിലും ഞാന്‍ ഇല്ലാത്ത കാര്യങ്ങള്‍ പോസ്റ്റ് ചെയ്യും. കുട്ടികള്‍ സൂപ്പറായി പഠിക്കുമെന്ന്, പാഠ്യേതര കാര്യങ്ങളില്‍ എന്നെക്കാള്‍ മിടുക്കരാണെന്നുമൊക്കെ എഴുതിവിടും. ലൈക്കും അഭിനന്ദനവുമൊക്കെ ഉണ്ടാകുമ്പോള്‍ ഒരു താത്കാലിക സുഖം. ഇങ്ങനെ പൊങ്ങച്ചം വിളമ്പരുതെന്ന് തോന്നും. ചെയ്യുന്നതില്‍ വിഷമം തോന്നും. വീട്ടിലെത്തിയാല്‍ മിക്കവാറും സമയം ഞാന്‍ മൊബൈലിലാണ്. ഉള്‍വലിയല്‍ പോലെ കുഴപ്പമുണ്ടാക്കുന്നതാണ് മൊബൈല്‍വലിയലെന്ന് ഭാര്യ തമാശയായി പറയും. ഞാനപ്പോള്‍ ദേഷ്യപ്പെടും. പിന്നെ അവള്‍ മിണ്ടില്ല. ബാല്യത്തിലും യുവത്വത്തിലുമൊന്നും തോന്നാത്ത അപകര്‍ഷബോധമാണ് രണ്ടുമൂന്നുവര്‍ഷമായി എന്നെ ബാധിച്ചിരിക്കുന്നത്. എന്തിനാണ് ജീവിക്കുന്നതെന്നുപോലും തോന്നും. മദ്യപാനത്തിലേക്കോ പുകവലിയിലേക്കോ പോകാന്‍ വയ്യ. പക്ഷേ, ഈ മൊബൈല്‍ ഉപയോഗം പരിധി വിടുന്നുണ്ട്. ഇതില്‍ നിന്ന് കരകയറാനായി ഞാനെന്താണ് ചെയ്യേണ്ടത്?

മനസ്സിന്റെ ചലനാത്മകതയൊക്കെ നഷ്ടമായ ഒരു വ്യക്തിയുടെ കത്താണിത്. പോരാട്ടവീര്യം ചോര്‍ന്നുപോകാതെ പയറ്റിനിന്ന ഉജ്ജ്വലമായൊരു ഭൂതകാലം ഇദ്ദേഹത്തിനുണ്ട്. എന്നാലിപ്പോള്‍ സ്വയം ഇടിച്ചുതാഴ്ത്തി ദുഃഖിക്കുന്ന അവസ്ഥയിലാണ്. കഴിവുകെട്ടവനെന്നും വേണ്ടത്ര ഉയര്‍ച്ച കൈവരിക്കാത്തവനെന്നുമുള്ള മുദ്രചാര്‍ത്തി വിഷാദമൂകനായിരിക്കുകയാണ്. പിതാവ് മദ്യപാനിയായിരുന്നു. പട്ടിണി കിടക്കേണ്ടിവന്ന ജീവിതസാഹചര്യങ്ങളുമുണ്ടായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍ പഠനത്തെ പരിമിതപ്പെടുത്തിയെന്നത് വാസ്തവം. പക്ഷേ, അപ്പോഴൊക്കെ അവനവനിലുള്ള വിശ്വാസം തുണച്ചു. അതില്ലായിരുന്നുവെങ്കില്‍ ഒരു ദിവസക്കൂലിക്കാരനായി മാറിപ്പോയേനെ. പ്രതിസന്ധികളെ നേരിടാനുള്ള ഉള്‍പ്രേരണകള്‍ ശക്തമാണെങ്കില്‍ ഒന്നും തടസ്സമാകില്ലെന്ന സാക്ഷ്യം ഈ ജീവിതത്തിലുണ്ട്. ഈ ആത്മധൈര്യമാണ് മധ്യവയസ്സിലെത്തിയപ്പോള്‍ ഇല്ലാതായിരിക്കുന്നത്. 

വിപ്ലവകരമായ ഒരു പ്രണയത്തിനുശേഷം എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് ഒപ്പം കൂടിയ ഭാര്യ ഇയാളെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. യാതൊരു മുറുമുറുപ്പും പ്രകടിപ്പിക്കുന്നതായി സൂചനയുമില്ല. അവളുടെ ചില മൗനങ്ങളെ ഇദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ഭാര്യ തീവ്രമായി ഇഷ്ടപ്പെട്ട ആ സ്വഭാവഗുണങ്ങളെയാണ് ഇപ്പോള്‍ നിഷേധവികാരങ്ങള്‍കൊണ്ട് ശ്വാസം മുട്ടിക്കുന്നത്. ഒരു മധ്യവര്‍ഗജീവിതത്തിലേക്ക് ഒതുങ്ങേണ്ടിവന്നതിനെക്കാള്‍ ഇവളെ നോവിക്കുന്നത് അതായിരിക്കുമെന്ന് തോന്നുന്നു.എന്റെ നേട്ടങ്ങള്‍ പോരായെന്ന തോന്നലുകള്‍മൂലമുണ്ടാകുന്ന തകരാറുകള്‍ അനവധിയാണ്. ഏകാഗ്രത കുറഞ്ഞുവെന്നതും വിഷാദം പിടികൂടിയെന്നതും വ്യക്തിപരമായ കോട്ടങ്ങള്‍. ഭാര്യയോടും കുട്ടികളോടും സ്‌നേഹപൂര്‍വം ഇടപെടാനുള്ള താത്പര്യം നഷ്ടമായി എന്നത് മറ്റൊരു ന്യൂനത. സ്വയം സൃഷ്ടിച്ചെടുത്ത ഒരു സങ്കടക്കണ്ണിലൂടെയാണ് ഇപ്പോള്‍ ജീവിതത്തെ കണ്ടുകൊണ്ടിരിക്കുന്നത്. 

സമ്പത്ത് തീര്‍ച്ചയായും ആഹ്ലാദം നല്‍കുന്ന ഒരു ഘടകമാണ്. ആര്‍ഭാടജീവിതവും ഇടയ്ക്കിടെയുള്ള വിദേശ ടൂറുകളും നടത്തുന്നവര്‍ സന്തോഷവും സമാധാനവുമുള്ളവരാണെന്ന കാഴ്ചപ്പാട് എപ്പോഴും ശരിയാകണമെന്നില്ല. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സങ്കടക്കടലില്‍ വീഴുന്നവര്‍ ഇത് ഓര്‍ക്കണം. ധനം അധ്വാനത്തിലൂടെ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍ സമാധാനവും സന്തോഷവും മനസ്സിന്റെ സൃഷ്ടികളാണ്. പണത്തിന്റെ കിലുക്കമില്ലാതെ ഇതൊക്കെ സാധ്യവുമാണ്. ലക്ഷ്യബോധത്തോടെയുള്ള പഠനകാലത്ത് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ച നോവിന്റെ മുള്‍വേലിയിലായിരുന്നു. ഭാര്യവീട്ടുകാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെ ഇടയിലായിരുന്നു മധുവിധുകാലം. എന്നിട്ടും ചുമതലകള്‍ നിറവേറ്റിയില്ലേ? സഹോദരിമാരുടെ വിവാഹം നടത്തിയില്ലേ? സ്വന്തമായി ചെറിയ വീടുംവെച്ചു. ഇച്ഛാശക്തിയാണ് ഇന്ധനമെന്ന് അനുഭവത്തിലൂടെ അറിയാവുന്നതാണ്. അന്നത്തെക്കാള്‍ വലിയ പ്രതിസന്ധികള്‍ സത്യത്തില്‍ ഇപ്പോഴില്ല. എന്നിട്ടും എവിടെപ്പോയി ആ ആവേശമെന്ന് വിശകലനം ചെയ്യണം .

ഒരുപക്ഷേ, മധ്യവയസ്സിലെത്തിയപ്പോള്‍ നടത്തിയ ഒരു തിരിഞ്ഞുനോട്ടം ചെയ്ത ചതിയാകാം ഇത്. കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്നും പണിതെടുത്ത സ്വന്തം ജീവിതത്തിന്റെ മഹത്ത്വം ഓര്‍ക്കാതെ മറ്റുള്ളവരുടെ ഉയര്‍ച്ചകളെ കണ്ടതിന്റെ കുഴപ്പവുമാകാം. ഇതിനൊക്കെ തുണയായത് നവസാങ്കേതികവിദ്യയും! ജീവിതം ശൂന്യമെന്ന് തോന്നിയ വേളയില്‍ സ്‌നേഹിക്കുന്ന പെണ്ണിനേയും സ്‌നേഹിക്കുന്ന മക്കളേയും വിട്ട് മൊബൈല്‍ഫോണിനെ കൂട്ടുകാരനാക്കി. വിഷാദം വര്‍ധിപ്പിക്കാനിടയുള്ള പലതിലേക്കും ഈ ഓണ്‍ലൈന്‍ ശീലം വലിച്ചിഴയ്ക്കും.അപകര്‍ഷബോധം സൃഷ്ടിച്ച ഉള്‍വലിയലിനും വിഷാദത്തിനും പരിഹാരമെന്ന നിലയിലാണ് ഈ മൊബൈല്‍ശീലത്തെ സ്വീകരിച്ചത്. യഥാര്‍ഥ ലോകത്തിലെ എല്ലാവരേയും ഒഴിവാക്കി ഓണ്‍ലൈന്‍ ലോകത്തിന്റെ പിടിയിലാവുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിമപ്പെടുത്താന്‍ ഇടയാക്കുന്ന ഏതു ലഹരിയും ,ശീലവും ഊരാക്കുടുക്കായി മാറാം. ഇവിടേയും അത് സംഭവിച്ചിരിക്കുന്നു. ഞാന്‍ കള്ളുകുടിയിലേക്ക് പോയില്ലല്ലോയെന്നത് ഒരു ആശ്വാസവാക്കല്ല. 

മറ്റുള്ളവരുടെ മെച്ചപ്പെട്ട അവസ്ഥകളെക്കുറിച്ച് ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും അറിയുമ്പോള്‍ ഇദ്ദേഹത്തിന് നിരാശ. അവരെക്കാളൊക്കെ മിടുക്കനായിരുന്നുവെന്നത് നോവുന്ന ഓര്‍മയാകും. ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ പോന്ന ഒരു ചിത്രം വരച്ചുകാട്ടി സംതൃപ്തി നേടുവാനുള്ള ഉള്‍പ്രേരണയും ഉണ്ടാകും. ഇത്രയും മിടുക്കുള്ള ഒരാള്‍ വിചാരിച്ചാല്‍ കുട്ടികളെ സൂപ്പറാക്കാന്‍ പറ്റും. പക്ഷേ, അതിന് ശ്രമിക്കാതെ മക്കള്‍ സൂപ്പര്‍ പിള്ളേരെന്ന് പോസ്റ്റ് ചെയ്യുന്നതില്‍ മാത്രം എന്തുകാര്യം? അവനവനായിത്തന്നെ നില്‍ക്കുകയും ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നതാണ് ശരിയായ രീതി. അന്യന്റെ ജീവിതം കണ്ട് നിരാശപ്പെടാന്‍ പോയാല്‍ അതിന് കഴിയില്ല. യാഥാര്‍ഥ്യങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള അവസരമെന്ന മട്ടില്‍ മൊബൈല്‍ഫോണിലേക്ക് ചേക്കേറുന്ന രീതി മാറ്റണം. ഇദ്ദേഹത്തിന്റെ ഊഷ്മള ഇടപെടലുകള്‍ കുട്ടികള്‍ക്കും ഭാര്യയ്ക്കും വേണം. എങ്കിലേ ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാനാകൂ.

കുട്ടികള്‍ ഇദ്ദേഹത്തെപ്പോലെ പഠിക്കുന്നില്ലെന്നതാണ് ഒരു ആവലാതി. സ്വയം നിന്ദിക്കലിന്റെ കെണിയില്‍പ്പെട്ടുപോകുന്ന പിതാവ് എങ്ങനെ ഈ കുട്ടികള്‍ക്ക് പ്രചോദനമേകും? എനിക്ക് അങ്ങനെയാരും ഉണ്ടായിരുന്നില്ലല്ലോയെന്നാവും മറുചോദ്യം. ചിലര്‍ക്ക് സ്വയം ഉത്തേജിതരാകാന്‍ കഴിയും. എന്നാല്‍ ചില കുട്ടികളെ ഉണര്‍ത്താന്‍ മറ്റൊരാളുടെ പ്രോത്സാഹനം വേണ്ടിവരും. ആ റോള്‍ ഏറ്റെടുത്താല്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹത്തോടെ പഠിച്ചേക്കും. ഞാനൊരു സാദാ യു.ഡി. ക്ലാര്‍ക്കെന്ന് ചൊല്ലി താഴേണ്ട ആവശ്യമില്ല. ഓരോ ജോലിക്കും അതിന്റെതായ മഹത്ത്വമുണ്ട്. അതില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ ഉണ്ടാക്കണം. പഴയ ഉത്സാഹത്തെ തിരിച്ചുകൊണ്ടുവരണം. ഇല്ലെങ്കില്‍ മധ്യവയസ്സിലെ സ്വയംവിലയിരുത്തലുകള്‍ നമ്മെ നൈരാശ്യത്തിന്റെ ആഴക്കടലില്‍ മുക്കിയേക്കും. ഉറ്റവരും ഉടയവരുമായുള്ള ബന്ധം സജീവമാക്കണം. ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ട് കര്‍മനിരതരായിരിക്കുകയും വേണം.

വിശകലനം ചെയ്യുമ്പോള്‍ വിഷാദരോഗസാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. എന്തിനാണ് ജീവിക്കുന്നതെന്ന വിചാരവും ഉത്സാഹമില്ലായ്മയുമൊക്കെ അതിന്റെ സൂചനകളാണ്. സാമാന്യം സുസ്ഥിരമായ ഇപ്പോഴത്തെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടാത്ത വിധത്തില്‍ ദൗര്‍ഭാഗ്യങ്ങളുടെ ഒരു തിരക്കഥ രചിക്കുന്ന പ്രവണതയുമുണ്ട്. വിദഗ്ധനായ മാനസികാരോഗ്യ സഹായംകൂടി ഇത്തരം ഗതിമാറ്റങ്ങളില്‍ പരിഗണിക്കണമെന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. 


ഡോ. സി.ജെ. ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്, 
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.

 Content Highlights: letter to the doctor

 

PRINT
EMAIL
COMMENT
Next Story

ഇതാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉള്ളടക്കം; സംഭരണം ഇങ്ങനെ

കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ രാജ്യത്ത് .. 

Read More
 

Related Articles

മദ്യലഹരിയില്‍ പോലീസ് വാഹനവുമായി കടന്നുകളഞ്ഞ യുവ ഡോക്ടര്‍ അറസ്റ്റില്‍
Crime Beat |
Crime Beat |
7 വയസ്സുകാരിക്ക് അമിതമായ അളവില്‍ മരുന്ന് നല്‍കി വഴിയില്‍ ഉപേക്ഷിച്ചു; ഡോക്ടറായ അമ്മ പിടിയില്‍
Youth |
നഴ്സസ് ക്വാട്ടയിൽ നീറ്റെഴുതി ഡോക്ടറായി; ഇത് സ്വപ്‌നസാക്ഷാത്കാരം
Health |
വാര്‍ധക്യത്തില്‍ ഉണ്ടാകാനിടയുള്ള നാല് പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍
 
  • Tags :
    • letter to the doctor
    • Doctor
    • Depression
More from this section
Close up of doctor hand and the vaccine of Corona virus Covid-19 - stock photo
ഇതാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉള്ളടക്കം; സംഭരണം ഇങ്ങനെ
Covid Vacination
കോവിഡ് വാക്‌സിനേഷന് തുടക്കമായി; വാക്‌സിനേഷനെക്കുറിച്ച് വിശദമായി അറിയാം
Closeup Asian female Doctor wearing face shield and PPE suit and praying for stop Coronavirus outbre
അടുത്ത മഹാമാരിയാണോ ഡിസീസ് എക്‌സ്?
doctor
കുറിപ്പടിയിലെ കൈയക്ഷരത്തെ പരിഹസിച്ചവർ അറിയാൻ, ഞങ്ങൾ നിസ്സഹായരാണ്; വൈറലായി ഡോക്ടറുടെ കുറിപ്പ്
health
നാല്‍പ്പതുകള്‍ കഴിഞ്ഞോ? ആരോഗ്യത്തിന് വേണം ഈ തീരുമാനങ്ങള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.