റ്റപ്പെടല്‍, വിഷാദം, ആത്മഹത്യ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പൊതുവേയുള്ള പറച്ചില്‍ 'അഹങ്കാരം' എന്നാണ്. സ്വന്തം മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവര്‍ എന്ന കുറ്റപ്പെടുത്തലും. എത്ര പറഞ്ഞാലും വിഷാദത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ലെന്നതാണ് വിഷാദരോഗത്തിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.

നിങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ ഓറഞ്ച് റൂമിലേക്ക് വരാം. നിങ്ങളെ വിലയിരുത്താതെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തുറന്ന കാതുകള്‍ ഷെറിന്‍ നൂറുദ്ദീന്‍ വാഗ്ദാനം ചെയ്യുന്നു. മനസ്സിലെ ഭാരം ഇറക്കിവെച്ച് ഇവിടെനിന്നു പുറത്തിറങ്ങാം. ജൂലായ് ഒന്നിനാണ് 'ലെറ്റ്സ് ലിവ്' എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വഴുതയ്ക്കാട് ഓറഞ്ച് റൂം പ്രവര്‍ത്തനം തുടങ്ങിയത്.

ഓറഞ്ച് റൂം

പേരുപോലെ തന്നെ ഓറഞ്ച് നിറത്തിലുള്ള മുറി. അല്പം മങ്ങിയ വെളിച്ചം, ഭിത്തിയിലെ അലമാരയില്‍ കുറച്ച് പുസ്തകങ്ങള്‍. തറയില്‍ ഇരിക്കാന്‍ പുല്‍പ്പായും കുഷ്യനും. കയറിച്ചെല്ലുമ്പോള്‍ തന്നെ മറ്റൊരു ലോകത്തെത്തിയ പ്രതീതി. ഇവിടേക്കാണ് ഷെറിനും കൂട്ടരും നിങ്ങളെ സ്വാഗതം ചെയ്യുന്നത്. നിരാശരായി സഹായംതേടി ഇവിടെയെത്തുന്നവരോട് ചോദ്യങ്ങള്‍ ഒന്നുമില്ല. പകരം നിങ്ങള്‍ക്ക് പറയാം. മനസ്സിലുള്ളത് എന്തും. എല്ലാം പറഞ്ഞുകഴിയുമ്പോള്‍ തിരികെ ഉപദേശവും കുറ്റപ്പെടുത്തലും ഒന്നുമില്ല. മനസ്സ് നിറയുന്ന പുഞ്ചിരിമാത്രം തിരികെ തരും.

ഓരോ തവണയും ഓറഞ്ച് റൂമിലെത്തുന്നവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തി പരസ്പരം പരിചയപ്പെടുത്തും. ഇത്തരം കൂട്ടായ്മകളിലൂടെ ആരും കേള്‍ക്കാനും മനസ്സിലാക്കാനുമില്ലെന്ന പ്രധാന പ്രശ്‌നം ഓറഞ്ച് റൂമില്‍ അവസാനിക്കും.

ലെറ്റ്സ് ലിവ്

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കിടയിലെ ആത്മഹത്യ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നരവര്‍ഷം മുന്‍പാണ് ഷെറിന്‍ 'ലെറ്റ്സ് ലിവ്' ആരംഭിക്കുന്നത്. കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് മാനസ്സികാരോഗ്യ ബോധവത്കരണം. ഷെറിന് രണ്ട് സഹായികളുമുണ്ട്. പേരൂര്‍ക്കട ലോ അക്കാദമിയിലെ വിദ്യാര്‍ഥികളായ അര്‍ജുനും ഐഷും.

സംഘടനയുടെ നേതൃത്വത്തില്‍ പ്രതിവാര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സൗഹൃദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഓഗസ്റ്റില്‍ നടത്തുന്നത്. സത്യസന്ധമായ ആത്മാര്‍ഥമായ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗഹൃദവും മാനസ്സികാരോഗ്യവും മുന്‍നിര്‍ത്തിയാണ് പരിപാടികള്‍.

സേവനം സൗജന്യം

ആദ്യത്തെ തവണ സേവനം തികച്ചും സൗജന്യമാണ്. എന്നാല്‍, നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിന്നീട് ഓരോ തവണയും ഓറഞ്ച് റൂമിലെത്തുമ്പോള്‍ സംഭാവന നല്‍കാം. മുറിക്കുള്ളില്‍ ഇതിനായി ഒരു പെട്ടി വെച്ചിട്ടുണ്ട്. 'നിങ്ങള്‍ക്കുള്ള സേവനത്തിന് മുന്‍പ് വന്ന ആള്‍ പണം നല്‍കി, അടുത്ത ആളുടെ പണം നിങ്ങള്‍ക്ക് നല്‍കാം'- ഷെറിന്‍ പറയുന്നു.

ഇവിടെ എത്തുന്നവര്‍ക്കെല്ലാം തുളസിയിലയിട്ട കട്ടനും ബിസ്‌കറ്റും നുണഞ്ഞ് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാം. മൊബൈലിന്റെ സ്ഥാനം ഈ ഓറഞ്ച് മുറിക്ക് പുറത്താണ്. വഴുതയ്ക്കാട് സ്വന്തമായി ഒരു മുറി ലഭിക്കുന്നതുവരെ കനകക്കുന്ന് പോലുള്ള പൊതുസ്ഥലങ്ങളിലായിരുന്നു ഒത്തുചേരലുകള്‍. ജൂലായ് ഒന്നിന് വഴുതയ്ക്കാട് റോസ്‌കോട്ട് ലെയ്നിലെ ഒരു മുറിയില്‍ ഓറഞ്ച് റൂം പ്രവര്‍ത്തനം തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരമാണ് പ്രധാനമായും പ്രവര്‍ത്തനം. കൂടാതെ മറ്റ് ദിവസങ്ങളിലും ആവശ്യമെങ്കില്‍ മുന്‍കൂട്ടി സമയം ഉറപ്പിച്ച് ഇവിടെ എത്താം.

വിഷാദത്തെ അതിജീവിച്ച ഷെറിന്‍

എന്‍ജിനീയറിങ് ബിരുദധാരിയായ ഷെറിന്‍ വിഷാദത്തെ അതിജീവിച്ച വ്യക്തിയാണ്. ആറാമത്തെ വയസ്സില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തതും മനസ്സിനെ ബാധിച്ചതായി ഷെറിന്‍ പറയുന്നു. പത്തുവര്‍ഷത്തോളം ജോലിയും പഠനവുമായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമായിരുന്നു ഷെറിന്‍. ജോലിയില്‍ മടുപ്പ് തോന്നിയതോടെ തിരികെ നാട്ടിലെത്തി.

'എം.എസ്.ഡബ്ല്യു പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. അതോടെയാണ് മാനസ്സികാരോഗ്യ മേഖലയില്‍ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്കെത്തിയതെന്ന് ഷെറിന്‍ പറയുന്നു. വിഷാദത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള ഘട്ടത്തില്‍ ആവശ്യമായ സഹായം കിട്ടിയാല്‍ ആത്മഹത്യാ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാവും. മാനസ്സിക പ്രശ്‌നങ്ങളായ സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കണം-ഷെറിന്‍ പറഞ്ഞു.

സന്നദ്ധസംഘടന ആരംഭിക്കണമെന്ന ആഗ്രഹം ഷെറിനെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ 'കാന്താരി'യില്‍ എത്തിച്ചു. സന്നദ്ധ സംഘടന തുടങ്ങുന്നതിനെക്കുറിച്ചും അതെങ്ങനെ നടത്തണം എന്നതിനെക്കുറിച്ചുമുള്ള കോഴ്സ് ചെയ്തു. അതിനുശേഷമാണ് 'ലെറ്റ്സ് ലിവ്' ആരംഭിക്കുന്നത്.

മാനസ്സികാരോഗ്യ വിദഗ്ധരുടെ പട്ടിക

മാനസ്സികാരോഗ്യ വിദഗ്ധരെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും ഒരു പട്ടിക തയ്യാറാക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ജില്ലയിലെ മികച്ച സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍, വിലാസം, സേവനം ലഭ്യമാകുന്ന സമയം എന്നിവയാണ് ശേഖരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ള വിദഗ്ധരുടെ പട്ടിക പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹാഫ് വേ കഫേ

'ഹാഫ് വേ കഫേ' എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഓറഞ്ച് റൂമിന്റെ വലിയൊരു പതിപ്പാണ് ഇതിലൂടെ നടപ്പാവുക. മനസ്സിന് പിന്തുണവേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വരാനും ഇരിക്കാനും ഒരിടം. അതാണ് ഹാഫ് വേ കഫേ.

ഇതിന് ധനസഹായം ലഭിക്കുന്നതിന് സാമൂഹികനീതി വകുപ്പില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഓറഞ്ച് റൂമിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം അപേക്ഷ പരിഗണിക്കാമെന്ന് വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. 

Content Highlight: Lets live Orange Room