ഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാനസികരോഗാസ്പത്രിയില്‍ സ്‌കൂള്‍ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും  സ്ഥിരമായി കാണാറുണ്ട്.  അവരില്‍ പലരും ജീവിതത്തിലാദ്യമായിട്ടായിരിക്കും ഇത്തരമൊരു സ്ഥലത്ത് വരുന്നത്. അതിന്റെ ഒരു പരുങ്ങലും അമ്പരപ്പും കൗതുകവുമെല്ലാം കുട്ടികളുടെ മുഖങ്ങളില്‍ കാണാനായിരുന്നു.  പഠനവൈകല്യത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് ഇവര്‍ മാനസികരോഗാസ്പത്രിയില്‍ വരുന്നത്.  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പഠനവൈകല്യത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പത്താതരം പരീക്ഷയില്‍ പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. പരീക്ഷ എഴുതാന്‍ അധികസമയം, ചിലര്‍ക്ക്  ഒരു സ്‌ക്രൈബിനെ വെച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് ലഭ്യമാകും.

പത്താംതരത്തിലുള്ള കുട്ടികളാണ് ഭൂരിഭാഗം പേരും. പഠനത്തില്‍ പിറകിലാണ് എന്ന അധ്യാപകരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുട്ടികള്‍ ആസ്പത്രിയിലെത്തുന്നത്. അവരുടെ പഠനത്തിലെ പിന്നാക്കാവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകും.  പഠിക്കാനുള്ള താത്പര്യക്കുറവ്, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ.  ഒരു ചെറിയ ശതമാനത്തിന് പഠനവൈകല്യം അഥവാ ലേണിങ് ഡിസോര്‍ഡറും (learning disorder) കാണും. പഠിത്തത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കെല്ലാം പഠനവൈകല്യം എന്ന മസ്തിഷ്‌കസംബന്ധിയായ പ്രശ്‌നം ഉണ്ടായിരിക്കുമെന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.  പഠനവൈകല്യമുള്ളവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അവരെ അതിനുള്ള പരിഹാര ചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്യണം.  എന്നാല്‍ മറ്റുകാരണങ്ങള്‍  കുടുംബപ്രശ്‌നങ്ങള്‍, സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ മുതലായവ കൊണ്ട് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നല്‍കേണ്ടത്.

പഠനവൈകല്യമുള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും വായിക്കുന്നതിലാണ് പ്രശ്‌നങ്ങള്‍ കാണുന്നത്.  ഡിസ്‌ലെക്‌സിയ(Dyslexia)എന്നാണ് ഈ അവസ്ഥയ്ക്ക് പറയാറുള്ളത്.  ഇതൊരു ന്യൂറോ ഡെവലെപ്‌മെന്റല്‍ പ്രശ്‌നമാണ്.  ഇതുള്ളവര്‍ക്ക് വായന എന്നത് വളരെ ശ്രമകരമായിരിക്കും.  വളരെ പതുക്കെയുമായിരിക്കും. പലപ്പോഴും തെറ്റിച്ചായിരിക്കും  വായിക്കുന്നത്. വാക്കുകളുടെ ഉച്ചാരണം തെറ്റും. അക്ഷരങ്ങള്‍ വിട്ടു പോകും. പലപ്പോഴും അവസാനത്തെ അക്ഷരങ്ങള്‍ ഊഹിച്ചു വായിക്കാന്‍ ശ്രമിക്കും.  ചിലപ്പോഴൊക്കെ കൃത്യമായി വായിച്ചാലും വായിച്ചതിന്റെ അര്‍ഥം മനസ്സിലാവില്ല.  വായന ശരിയാവാത്തതുകൊണ്ട് പലര്‍ക്കും എഴുത്തിലും പ്രശ്‌നങ്ങളുണ്ടാകും.  പക്ഷേ മിക്കവര്‍ക്കും വലിയ പ്രശ്‌നങ്ങളില്ലാതെ കണക്കുകൂട്ടാനും സംഖ്യകള്‍ കൈകാര്യം ചെയ്യാനും പറ്റും. ബുദ്ധിശക്തിയിലും പ്രശ്‌നങ്ങളൊന്നും കാണില്ല.  പ്രായോഗികമായ ശേഷികളിലും വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പൊതുവെ മിടുക്കന്മാരും മിടുക്കികളുമായിരിക്കും ഇവര്‍.  അക്ഷരങ്ങള്‍ വായിക്കുന്നതില്‍ മാത്രമായിരിക്കും പ്രശ്‌നങ്ങളുള്ളത്.

വായനയുടെ മസ്തിഷ്‌കശാസ്ത്രം
വായന ഒരു ആര്‍ജിതശേഷിയാണ്.  പഠിച്ചെടുക്കേണ്ട ഒന്ന്.  മസ്തിഷ്‌കത്തില്‍ സ്വാഭാവികമായി സന്നിഹിതമായ രണ്ടുതരത്തിലുള്ള ന്യൂറല്‍ സര്‍ക്യൂട്ടുകളുടെ സംയോജിതമായ പ്രവര്‍ത്തനമാണ് വായന എന്ന പ്രക്രിയ സാധ്യമാക്കുന്നത്.  ഭാഷാശേഷികളെ നിര്‍ണയിക്കുന്ന സ്‌പോക്കണ്‍ ലാംഗ്വേജ് നെറ്റ്‌വര്‍ക്കും കാഴ്ചയെ സാധ്യമാക്കുന്ന വിഷ്വല്‍ റെക്കഗ്‌നീഷ്യന്‍ സര്‍ക്യൂട്ടുകളുമാണിവ.  അക്ഷരങ്ങളുടെ ഉച്ചാരണത്തെ തത്തുല്യമായ ലിഖിതരൂപങ്ങളോട് ബന്ധപ്പെടുത്താനുള്ള കഴിവാണ് വായനയുടെ അടിസ്ഥാനം.  അക്ഷരങ്ങളുടെ ശബ്ദരൂപത്തെ ഫൊണീം (phoneme) എന്നും ലിഖിത രൂപത്തെ ഗ്രാഫീം (Grapheme) എന്നുമാണ് വിളിക്കുന്നത്.  ഫൊണീമും, ഗ്രാഫീമും തമ്മിലുള്ള പരസ്പര പൊരുത്തത്തെ മനസ്സിലാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വായനാശേഷി വികസിച്ചു വരുന്നുത്. കുട്ടികളിലെ വായനശേഷി വിവിധ ഘട്ടങ്ങളിലൂടെയാണ് വികസിച്ച് വരുന്നത് എന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടീഷ് ഗവേഷകയായ ഉതാഫ്രിത്ത് (Uta frith) മൂന്നു ഘട്ടങ്ങളായാണ് വായനാശേഷിയുടെ വികാസത്തെ ക്രമപ്പെടുത്തുന്നത്.  ഒന്നാമത്തേത് ചിത്രഘട്ടമാണ് (Pictorial Stage). ഇതില്‍ കുട്ടികള്‍ അക്ഷരങ്ങളുടെ രൂപത്തെ ദൃശ്യപരമായി മനസ്സിലാക്കുന്നു. വാക്കുകളെയും മൊത്തത്തിലുള്ള ഒരു ചിത്രം പോലെയാണ് ഈ ഘട്ടത്തില്‍ കുട്ടികള്‍ മനസ്സിലാക്കുന്നത്.  രണ്ടാമത്തേത് സ്വനഘട്ടമാണ്. (Phonological Stage). ഈ ഘട്ടത്തില്‍ മസ്തിഷ്‌കം അക്ഷരങ്ങളുടെ ലിഖിത രൂപത്തില്‍നിന്ന് അതിന്റെ ശബ്ദ രൂപത്തെയും തിരിച്ചും ഡികോഡ് ചെയ്‌തെടുക്കാന്‍ പഠിക്കും.  അക്ഷരങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്ത് വായിക്കുന്ന ഘട്ടമാണിത്.  അപ്പോള്‍ കൂടുതല്‍ അക്ഷരങ്ങള്‍ ചേര്‍ന്ന വലിയ വാക്കുകള്‍ വായിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും.  മൂന്നാമത്തെ ഘട്ടം ഓര്‍ത്തോ ഗ്രാഫിക് ഘട്ടമാണ് (Orthographic stage).  ഇതില്‍ വേഗത്തിലും കൃത്യമായും വാക്കുകളെ മൊത്തത്തില്‍ സ്‌കാന്‍ ചെയ്തു വായിക്കാനുള്ള ശേഷി മസ്തിഷ്‌കത്തിന് കൈവരും.  ഓരോ അക്ഷരവും പെറുക്കി വായിക്കുന്ന രീതിയല്ല, മറിച്ച് ഒരു വാക്ക് മൊത്തത്തില്‍ ഒറ്റനോട്ടത്തില്‍ വായിക്കുന്ന രീതിയാണിത്.  അതുകൊണ്ടുതന്നെ വലിയ വാക്കുകളും ചെറിയവാക്കുകളും ഒരേ വേഗത്തില്‍ത്തന്നെ വായിക്കാന്‍ സാധിക്കും. തീര്‍ത്തും അപരിചിതമായ വാക്കുകള്‍ വായിക്കേണ്ടി വരുമ്പോള്‍ പക്ഷേ കൂടുതല്‍ സമയമെടുക്കാനിടയുണ്ട്.  ഇങ്ങനെയാണ് വായനാശേഷി സാധാരണരീതിയില്‍ വികസിച്ചുവരുന്നത്. എന്നാല്‍ ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് ഈ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ പ്രശ്‌നങ്ങള്‍ വരും.  അക്ഷരത്തിന്റെ ലിഖിത രൂപവും സ്വനരൂപവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിലുള്ള ആശയക്കുഴപ്പമാണ് ഒരു കാരണം (Phoneme-grapheme dyscorrespondence) എന്നാല്‍ സ്വന തലത്തിലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും ഡിസ്‌ലെക്‌സിയയിലെ വായനാപരിമിതിക്ക് കാരണം.   (Phonological processing deficit). 

ശബ്ദങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് വാക്കുകള്‍ക്ക് രൂപം നല്‍കാനും (phonemic blending) വാക്കുകളെ അവയുടെ ഘടക ശബ്ദങ്ങളിലേക്ക് വേര്‍തിരിച്ചെടുക്കാനുമുള്ള (phonemic segmentation) കഴിവുകള്‍ ഡിസ്‌ലെക്‌സിയക്കാര്‍ക്ക് വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ വായനയുടെ സ്വനഘട്ടം (phonological stage) ഇവരില്‍ വേണ്ട വിധം വികസിക്കില്ല.  ഇതിന്റെ ഫലമായി അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പ്രയാസപ്പെടും.  ഓരോ അക്ഷരവും പെറുക്കി വായിക്കാന്‍ കഴിയുമെങ്കിലും അവ ചേര്‍ന്നുണ്ടാകുന്ന വാക്ക് വായിച്ചെടുക്കാന്‍ സാധിക്കില്ല.  വാക്കിന്റെ വലിപ്പം കൂടുംതോറും ഈ പ്രയാസവും വര്‍ധിക്കും.

മസ്തിഷ്‌കത്തിലെ ലെറ്റര്‍ബോക്‌സ്
ഒരു പ്രഭാതത്തില്‍ എഴുന്നേറ്റ് വരുമ്പോള്‍ നമ്മുടെ വായിക്കാനുള്ള ശേഷി പൊടുന്നനെ നഷ്ടപ്പെട്ടുപോയാല്‍ നാമെന്തുചെയ്യുമെന്ന് വ്‌ളാദിമിര്‍ നബോക്കോഫ് അദ്ദേഹത്തിന്റെ പെയ്ല്‍ ഫയര്‍ (Pale fire ) എന്ന നോവലില്‍ ആശങ്കപ്പെടുന്നുണ്ട്.  എന്നാല്‍ അത്തരമൊരവസ്ഥ അഭിമുഖീകരിക്കേണ്ടിവന്ന ഓരാളെക്കുറിച്ച് ജോസഫ് ജൂള്‍സ് ജെറൈന്‍ (Joseph Jules Dejerine) എന്ന ഫ്രഞ്ച് ന്യൂറോളജിസ്റ്റ് വിവരിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ രോഗി ജോലിയില്‍നിന്നും വിരമിച്ച, അത്യാവശ്യം പുസ്തകങ്ങളെല്ലാം വായിക്കുന്ന ഒരാളാണ്.  എന്നാല്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നും വായിക്കാന്‍ പറ്റുന്നില്ല.  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വലതു കൈയില്‍ ചെറിയൊരു തരിപ്പും ബലക്കുറവും അനുഭവപ്പെട്ടതായി അയാളോര്‍ക്കുന്നുണ്ട്.  പക്ഷേ ഇപ്പോള്‍ ആ പ്രശ്‌നമില്ല.  കൂടാതെ വസ്തുക്കളും മുഖങ്ങളും ചിത്രങ്ങളും അക്കങ്ങളും വരെ കാണാനും മനസ്സിലാക്കാനും പറ്റുന്നുണ്ട്.  എഴുതാന്‍ കഴിയും. സംസാരിക്കാന്‍ പറ്റും. 

 പക്ഷേ അക്ഷരങ്ങള്‍ തിരിച്ചറിയാനും വായിക്കാനും പറ്റുന്നില്ല.  അദ്ദേഹത്തിന് ഒരു സ്‌ട്രോക്ക് വന്നതാണ് എന്ന് ജെറൈന്‍ ക്ലിനിക്കല്‍ പരിശോധനകളിലൂടെ മനസ്സിലാക്കി. തലച്ചോറിന്റെ ഇടതുഭാഗത്ത് പിറകിലായുള്ള ഭാഗങ്ങളില്‍  ഓസിപ്പിറ്റല്‍ ലോബിലും ടെമ്പറല്‍ ലോബിന്റെ പുറകുവശത്തുമായിരുന്നു  ഈ സ്‌ട്രോക്ക്‌കൊണ്ട് ക്ഷതം സംഭവിച്ചിരുന്നത് എന്ന് രോഗിയുടെ മരണത്തിനുശേഷം നടത്തിയ ഓട്ടോപ്‌സി പരിശോധനയില്‍ ജറൈന്‍ തന്നെ പിന്നീട് കണ്ടെത്തി.  ശുദ്ധപദാന്ധത (Pure Alexia) എന്ന് പറയുന്ന ഒരവസ്ഥയാണിത്.  

തലച്ചോറിന്റെ ഒരു സവിശേഷ ഭാഗത്ത് ക്ഷതം വരുമ്പോള്‍ വായനശേഷി മാത്രം നഷ്ടപ്പെടുന്ന ഒരവസ്ഥ. സ്വഭാവികമായും വായനശേഷികളുടെ മസ്തിഷ്‌കപരമായ ഉറവിടം തലച്ചോറിലെ ഈ ഭാഗമായിരിക്കുമെന്ന അനുമാനത്തില്‍ പിന്നീട് ഗവേഷകരെത്തിച്ചേരുകയും ചെയ്തു.

Content Highlight: Learning disabilities,Brain Functioning, Learning disorders