ധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ, തലച്ചോറിലെ ട്യൂമറിനുള്ള ചികിത്സ വളരെയധികം ഫലപ്രദമായി തീര്‍ന്നിട്ടുണ്ട്. ഹൈ റസല്യൂഷന്‍ എം.ആര്‍.ഐ.സ്‌കാന്‍, മൈക്രോന്യൂറോ സര്‍ജറി, ന്യൂറോ മോണിറ്ററിങ്, ഇന്‍ട്രാ ഓപ്പറേറ്റീവ് എം.ആര്‍.ഐ., ഗാമ നൈഫ്, സൈബര്‍ നൈഫ്, പ്രോട്ടോണ്‍ ബീം തെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാരീതികളിലൂടെ മിക്ക ട്യൂമറുകളും ചികിത്സിച്ചു മാറ്റാനോ നിയന്ത്രിച്ചുനിര്‍ത്താനോ കഴിയുന്നു.

ബ്രെയിന്‍ ട്യൂമര്‍ എന്നാല്‍ മരണം എന്ന ധാരണ തിരുത്തപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ അതിന്റെ വളര്‍ച്ച അനിയന്ത്രിതമായി, ജീവഹാനിയും പരാലിസിസും അബോധാവസ്ഥയും സംഭവിക്കാമെന്നും ഓര്‍ക്കേണ്ടതുണ്ട്.

എന്താണ് ബ്രെയിന്‍ ട്യൂമര്‍

തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ ബാധിക്കുന്ന കാന്‍സറാണിത്. രണ്ട് തരത്തിലുണ്ട്. തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ നേരിട്ട് ഉണ്ടാക്കുന്ന കാന്‍സര്‍ മുഴകളെ പ്രൈമറി ട്യൂമര്‍ (Primary Tumor) എന്ന് പറയുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെ ബാധിച്ച കാന്‍സര്‍ തലച്ചോറിലേക്ക് പടരുന്നതിനെ സെക്കണ്ടറി ട്യൂമര്‍ (Secondary Tumor) എന്നുപറയുന്നു.

മെറ്റാസ്റ്റാറ്റിക് ട്യൂമര്‍ (Secondary/ Metastatic tumor): ശ്വാസകോശം, വൃക്കകള്‍, സ്തനം തുടങ്ങിയവയെ ബാധിച്ച കാന്‍സറില്‍ നിന്നാണ് സാധാരണമായി ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത്. തലച്ചോറിലെ വളര്‍ച്ചയെയും ആദ്യമുണ്ടായ കാന്‍സറിനെയും ഒരുമിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇവയെ നിയന്ത്രിക്കാനാവൂ. ഇവ പലപ്പോഴും ഒന്നില്‍കൂടുതല്‍ മുഴകളായി കാണുന്നു. പൊതുവായി ബ്രെയിന്‍ ട്യൂമറുകളെ കോശങ്ങളുടെ (Cell type) ഘടനയും വളര്‍ച്ചയുടെ വേഗവും (Grade) കണക്കിലെടുത്ത് ഒന്നുമുതല്‍ നാലുവരെ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ചികിത്സാരീതികളെ തീരുമാനിക്കാന്‍ വളരെയേറെ ഉപകരിക്കുന്നു.

കാരണങ്ങള്‍

ബ്രെയിന്‍ ട്യൂമറിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. ചില പാരമ്പര്യരോഗങ്ങളുടെകൂടെ കണ്ടുവരുന്നുണ്ടെങ്കിലും ഇതൊരു പാരമ്പര്യരോഗമായി കരുതേണ്ടതില്ല. വ്യക്തമായ കാരണങ്ങള്‍ അറിയാത്തതിനാല്‍ വളരെ നേരത്തേ കണ്ടുപിടിച്ച് ശസ്ത്രക്രിയയും മറ്റ് തുടര്‍ചികിത്സാവിധികളും സ്വീകരിക്കുന്നതാണ് ഉത്തമം.

ലക്ഷണങ്ങള്‍

തലച്ചോറിലെ കാന്‍സര്‍ മുഴകള്‍ തലവേദന, അപസ്മാരം, പരാലിസിസ്, നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. കൂടാതെ, ഏത് ഭാഗത്താണോ കാന്‍സര്‍ മുഴ വളരുന്നത്, ആ ഭാഗം പ്രവര്‍ത്തനരഹിതമാക്കാം. ഉദാഹരണത്തിന്, തലച്ചോറിന്റെ ഇടത് മുന്‍ഭാഗത്തെ ട്യൂമറുകള്‍ വലത് കൈകാലുകള്‍ക്ക് തളര്‍ച്ചയും സംസാരശേഷിക്കുറവും ഉണ്ടാക്കുന്നു. തലച്ചോറിലെ ആവരണങ്ങളിലുണ്ടാകുന്ന ട്യൂമറിനും ഇതേ ലക്ഷണങ്ങള്‍ കാണാം.

തലയോട്ടിയുടെ ഉള്ളില്‍ (Closed cranial cavity) സ്ഥലം പരിമിതമായതുകൊണ്ട് ട്യൂമര്‍ വളരുമ്പോള്‍ സമ്മര്‍ദം (Raised itnracranial tension) കൂടി തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കേള്‍വിക്ക് സഹായിക്കുന്ന നാഡികളില്‍ (Acoustic Neuroma) ഉണ്ടാകുന്ന ട്യൂമറുകള്‍ കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം, വെര്‍ട്ടിഗോ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.

തലച്ചോറിന്റെ അടിവശത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാഴ്ചയുടെ ഫീല്‍ഡ് കുറവും ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലം വളര്‍ച്ചക്കൂടുതല്‍ (Gigantism), വളര്‍ച്ചക്കുറവ് (Dwarfism) തുടങ്ങിയവയും സ്റ്റിറോയ്ഡിന്റെ കൂടുതല്‍കൊണ്ടുള്ള കുഷിങ്സ് സിന്‍ഡ്രോം (Cushing's Syndrome) തുടങ്ങിയവയും ഉണ്ടാക്കുന്നു.

കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍

മാറാത്ത തലവേദന, അപസ്മാരം, പക്ഷാഘാതം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ വളര്‍ച്ചയുടെ വ്യതിയാനങ്ങള്‍ എന്നിവ കണ്ടാല്‍ ന്യൂറോസര്‍ജനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ക്ലിനിക്കല്‍ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങള്‍ അനുസരിച്ചാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നത്.

സി.ടി.സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, എം.ആര്‍. സ്പെക്ട്രോസ്‌കോപി (MR Spectroscopy), പെറ്റ് സ്‌കാന്‍ തുടങ്ങിയ വയിലൂടെയും ഓഡിയോമെട്രി, വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിങ്, ഹോര്‍മോണ്‍ അസേ (Hormone assay) മുതലായവയില്‍ക്കൂടിയും രോഗം കൃത്യമായി നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും സാധിക്കുന്നു.

ശസ്ത്രക്രിയയിലെ മുന്നേറ്റങ്ങള്‍

ബ്രെയിന്‍ ട്യൂമര്‍ ചികിത്സയില്‍ ശസ്ത്രക്രിയയാണ് പ്രഥമമായിട്ടുള്ള മാര്‍ഗം. ശസ്ത്രക്രിയയില്‍ വളരെയേറെ മുന്നേറ്റം ഉണ്ടായിക്കഴിഞ്ഞു. അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും തലച്ചോറിലെ മറ്റ് കോശങ്ങളെ ബാധിക്കാതെ കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യംവെക്കാന്‍ കഴിയുംവിധം സങ്കേതിക വിദ്യകള്‍ വികസിച്ചിട്ടുണ്ട്.

മൈക്രോ സര്‍ജറി

ഓപ്പറേറ്റിങ് മൈക്രോസ്‌കോപ് (Operating Microscope) ഉപയോഗിച്ച് വളരെ വിശദമായി വീക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ ചെയ്യാനാവുന്നതിനാല്‍ തലച്ചോറിനുണ്ടാകാനിടയുള്ള തകരാര്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നു. ഏറ്റവും ആധുനികമായ ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പില്‍ ഐ.സി.ജി. ആന്‍ജിയോഗ്രഫി പോലുള്ള സംവിധാനത്തിലൂടെ രക്തക്കുഴലിന്റെ ഘടനയും ട്യൂമറിലെ രക്തയോട്ടവും മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും.

എന്‍ഡോസ്‌കോപിക് സര്‍ജറി

ഈ രീതി പൊതുവേ പിറ്റിയൂട്ടറി ഗ്രന്ഥിയുടെ ട്യൂമറുകള്‍ക്കും ചില തലയോട്ടിയുമായി ചേര്‍ന്നുള്ള ട്യൂമറുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. മൂക്കിലൂടെ എന്‍ഡോസ്‌കോപ് കടത്തി തലയോട്ടിയുടെ കീഴ്ഭാഗത്ത് എത്തിച്ച് ട്യൂമര്‍ നീക്കംചെയ്യുന്ന രീതിയാണ് ഇത്. ഇതിന് റോബോട്ട് സഹായം ഉപയോഗിക്കുന്ന ആധുനികരീതിയും ഉണ്ട്.

സ്റ്റിരിയോടാക്സി (Stereotaxy)

തലച്ചോറിന്റെ ഏറ്റവും ഉള്‍വശത്തുള്ള ട്യൂമറുകള്‍ എം.ആര്‍ഐ. അല്ലെങ്കില്‍ സി.ടി. സ്‌കാന്‍ സാഹായത്തോടെ ബയോപ്സി ചെയ്യുന്ന രീതിയാണ് ഇത്. തലയോട്ടിയില്‍ ചെറുദ്വാരം ഇട്ടശേഷം സ്റ്റിരിയോടാക്റ്റിക് നീഡില്‍ ഉപയോഗിച്ച് ട്യൂമര്‍ ബയോപ്സി ചെയ്യുന്നതാണ് രീതി. ഇതിന് റോബോട്ട് ഉപയോഗിച്ച് നിര്‍ദേശം നല്‍കുന്ന ആധുനിക സംവിധാനവുമുണ്ട്.

റേഡിയോ സര്‍ജറി

റേഡിയോ സര്‍ജറി എന്ന ആധുനിക ചികിത്സാരീതിയില്‍ ഹൈഡോസ് ഫോക്കസ്ഡ് റേഡിയേഷന്‍ കാന്‍സര്‍ മുഴയിലേക്ക് കടത്തിവിടുകയും അതിന്റെ വളര്‍ച്ച നിയന്ത്രിക്കുകയും ചെയ്യുന്നു. റേഡിയോ സര്‍ജറിയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

സ്റ്റിരിയോടാക്സിറ്റിക് റേഡിയോ സര്‍ജറി (SRS): തലയോട്ടിയില്‍ ഒരു ടൈറ്റാനിയം ഫ്രെയിം (titanium frame) ഘടിപ്പിച്ച്, സി.ടി. അല്ലെങ്കില്‍ എം.ആര്‍. ഐ. സ്‌കാന്‍ ചെയ്ത് കാന്‍സര്‍ മുഴയുടെ വളരെ കൃത്യമായ സ്ഥാനം മനസ്സിലാക്കി റേഡിയേഷന്‍ നല്‍കുന്ന രീതിയാണിത്.

സൈബര്‍നൈഫ് (Cyber Knife): എസ്.ആര്‍.എസ്. പോലെതന്നെ കംപ്യൂട്ടര്‍ സഹായത്തോടെ ട്യൂമറിന്റെ സ്ഥാനം കണ്ടുപിടിച്ച് റേഡിയേഷന്‍ നല്‍കുന്ന രീതിയാണ്. എന്നാല്‍ എസ്.ആര്‍.എസില്‍ നിന്നുള്ള വ്യത്യാമുള്ളത്, ഇതില്‍ തലയോട്ടിയില്‍ മെറ്റല്‍ ഫ്രെയിം ഘടിപ്പിക്കേണ്ട ആവശ്യമില്ല. ഇത് കിടത്തിചികിത്സ ഇല്ലാതെതന്നെ ചെയ്യാവുന്നതാണ്. സൈബര്‍ നൈഫ് എല്ലാ ശരീരഭാഗത്തെ ട്യൂമറുകള്‍ക്കും ഉപയോഗിക്കാവുന്നതാണ.

ഗാമാ നൈഫ് (Gamma knife): തലച്ചോറിന്റെയും കഴുത്തിന്റെയും ട്യൂമറുകള്‍ക്കുമാത്രമേ ഈ രീതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഇവയെല്ലാം അതിസൂക്ഷ്മമായി റേഡിയേഷന്‍ നല്‍കാന്‍ കഴിയുന്ന സാങ്കേതികവിദ്യയായതുകൊണ്ട് പാര്‍ശ്വഫലങ്ങളും തലച്ചോറിലെ മറ്റ് ഭാഗങ്ങളില്‍ റേഡിയേഷന്‍ കൊണ്ടുണ്ടാകാവുന്ന തകരാറുകളും കുറയ്ക്കാന്‍ കഴിയുന്നു.

പ്രോട്ടോണ്‍ ബീം തെറാപ്പി (Proton beam therapy): ഇതില്‍ റേഡിയേഷന് പകരം പോസിറ്റീവ് ചാര്‍ജുള്ള ഹൈ എനര്‍ജി പ്രോട്ടോണ്‍ കണങ്ങളാണ് ഉപയോഗിക്കുന്നത്. മറ്റ് കാര്യങ്ങളെല്ലാം സൈബര്‍ നൈഫില്‍ ചെയ്യുന്നത് പോലെയാണ്. ഇതും ആശുപത്രിവാസമില്ലാതെ തന്നെ ചെയ്യാവുന്നതാണ്.

സാങ്കേതിക വിദ്യകള്‍
ട്യൂമര്‍ ശസ്ത്രക്രിയയുടെ സൂക്ഷ്മത വര്‍ധിപ്പിക്കാനായി നിരവധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.

ഇന്‍ട്രാഓപ്പറേറ്റീവ് മോണിറ്ററിങ് (intraoperative monitoring)

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ വൈദ്യുതതരംഗങ്ങള്‍ (Somatic Sensory/ Motor Evoked Potential) സ്റ്റിമുലേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ഉറപ്പാക്കി ട്യൂമര്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് ഉപയോഗിക്കുമ്പോള്‍ തലച്ചോറില്‍ ശസ്ത്രക്രിയമൂലമുണ്ടാകുന്ന ക്ഷതം വളരെ കുറയ്ക്കാന്‍ കഴിയുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ ട്യൂമര്‍ എത്രവരെനീക്കംചെയ്യാമെന്ന് തീരുമാനിക്കാനും (functional boundary) സാധിക്കുന്നു.

എവയ്ക് സര്‍ജറി (Awake surgery)

രോഗിയോട് നിരന്തരം സംസാരിച്ചുകൊണ്ട്, സംസാരശേഷി നിരീക്ഷിച്ച് ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണ് ഇത്. തലയോട്ടി തുറന്ന് തലച്ചോറിന്റെ ട്യൂമര്‍ നീക്കംചെയ്യുന്നതുവരെ അനസ്തേഷ്യയുടെ ആധുനിക സാങ്കേതികരീതി ഉപയോഗിച്ച് വേദനയില്ലാതെ ശസ്ത്രക്രിയചെയ്യുന്നു.

ഇന്‍ട്രാ ഓപ്പറേറ്റീവ് നര്‍വ് ഇന്റഗ്രിറ്റി മോണിറ്ററിങ് (Intraoperative Nerve Integrity Monitoring)

ഈ സാങ്കേതികവിദ്യ ചെവിയുടെയും മറ്റും നാഡികളില്‍നിന്നുള്ള (Acoustic Schwannoma Nerve Sheath Tumor) ട്യൂമറുകള്‍ നീക്കംചെയ്യുമ്പോള്‍ നാഡികളുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ശസ്ത്രക്രിയചെയ്യാന്‍ സഹായിക്കുന്നു.

ന്യൂറോ നാവിഗേഷന്‍

പേര് പോലെതന്നെ ശസ്ത്രക്രിയയുടെ കൃത്യത ഉറപ്പാക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. തലച്ചോറില്‍ എവിടെ, എങ്ങോട്ടാണ് സര്‍ജറി ചെയ്യേണ്ടത് എന്നൊക്കെയുള്ള കൃത്യമായ വഴി ഇതിലൂടെ ലഭിക്കുന്നു.

റോബോട്ടിക് സര്‍ജറി

റോബോട്ടിന്റെ സഹായത്തോടെ തലച്ചോറിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അതിസൂക്ഷ്മതയോടെ ശസ്ത്രക്രിയചെയ്യാന്‍ സഹായിക്കുന്നു. ഇത് ശസ്ത്രക്രിയയിലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യയാണ്.

നീക്കംചെയ്ത ട്യൂമര്‍ ബയോപ്‌സി പരിശോധനയ്ക്ക് വിധേയമാക്കി അതിന്റെ സെല്‍ ടൈപ്പും ഗ്രോത്ത് റേറ്റും മനസ്സിലാക്കി അതിന്റെ ഗ്രേഡും (14) തരംതിരിച്ച് തുടര്‍ചികിത്സ തീരുമാനിക്കാന്‍ സാധിക്കുന്നു.

റഗുലര്‍ ഹിസ്റ്റോപാത്തോളജിക്കല്‍ പരിശോധന (Regular Histopathological Examination), കൂടാതെ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) ഇവ ഉപയോഗിച്ച് കോശങ്ങളുടെ സൂക്ഷ്മഘടന മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ ക്രോമസോംവിശകലനം, ജനിറ്റിക് അനാലിസിസ് എന്നിവ നടത്തി ട്യൂമറിന്റെ വളര്‍ച്ചാശേഷിയും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം പരിശോധിച്ച് തുടര്‍ചികിത്സ തീരുമാനിക്കാനും കഴിയുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം ട്യൂമറിന്റെ ഗ്രേഡ് കൂടിയതും (High grade tumor) തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുഴുവന്‍ നീക്കംചെയ്യാന്‍ കഴിയാത്തതുമായ കേസുകളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയോതെറാപ്പിയും കീമോതെറാപ്പിയും ആവശ്യമായി വരാം.
     
ട്യൂമര്‍ നീക്കം ചെയ്തുകഴിഞ്ഞാലും കൃത്യമായ തുടര്‍ചികിത്സയും നിര്‍ദേശിച്ചിട്ടുള്ള സമയത്തെ സ്‌കാനിങ്ങും പരിശോധനകളും അത്യാവശ്യമാണ്. വീണ്ടും വളര്‍ച്ച ഉണ്ടായാല്‍ അത് നേരത്തേ കണ്ടുപിടിക്കാനും വളരെ വലുപ്പമെത്തുന്നതിനുമുന്‍പേ നിയന്ത്രിക്കാനും ഇതുകൊണ്ട് സാധിക്കും.

ശസ്ത്രക്രിയചെയ്ത ട്യൂമറുകളുടെ സൂക്ഷ്മ പരിശോധനയിലൂടെ ട്യൂമറിന്റെ ഘടനയും വളര്‍ച്ചാനിരക്കും മനസ്സിലാക്കാനും ട്യൂമര്‍ വീണ്ടും വളരാനുള്ള സാധ്യത ഇമ്മ്യുണോഹിസ്റ്റോകെമിസ്ട്രി, ജീന്‍/ക്രോമസോം വിശലനത്തിലൂടെ കണ്ടെത്താനും കഴിയുന്നു. തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇത് പ്രധാനപ്പെട്ട കാര്യമാണ്.

(എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സ്‌കള്‍ ബേസ് & എന്‍ഡോവാസ്‌കുലര്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ന്യൂറോസര്‍ജനാണ് ലേഖകന്‍)

Content Highlights: Latest Brain Tumor Surgery, Health, New surgery to remove only cancer cells without affecting brain functions

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്