പസ്മാരനിര്‍ണയത്തിലും ചികിത്സാരീതിയിലും അടുത്തകാലത്തായി വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. ഈ മുന്നേറ്റത്തിലൂടെ ഒട്ടേറെ രോഗികള്‍ക്ക് അവരുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുമുണ്ട്. സന്നി അഥവാ സീഷര്‍ നിയന്ത്രിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതികളിലും ഒട്ടേറെ പുരോഗതിയുണ്ടായി. മരുന്നുകൊണ്ട് സന്നി നിയന്ത്രിക്കാന്‍ സാധിക്കാതെവരുന്ന സന്ദര്‍ഭങ്ങളിലാണ് സര്‍ജറി ആവശ്യമായിവരുന്നത്. സന്നി ഇല്ലാതാക്കുകയോ സന്നിയുടെ തീവ്രത കുറയ്ക്കുകയോ ആണ് അപസ്മാരശസ്ത്രക്രിയകൊണ്ട് ലക്ഷ്യമിടുന്നത്.

വിവിധ തരം ശസ്ത്രക്രിയകള്‍

ആന്റീരിയര്‍ ടെംപറല്‍ ലോബക്ടമി

സന്നിയുടെ ഉദ്ഭവസ്ഥാനം തലച്ചോറിലെ ടെംപറല്‍ ലോബിലാണെങ്കില്‍ അതിനിടയാക്കുന്ന കോശങ്ങളെ നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് ആന്റീരിയര്‍ ടെംപറല്‍ ലോബക്ടമി. 80 ശതമാനത്തോളം പേരില്‍ ഈ സര്‍ജറിക്കുശേഷം സന്നിയുണ്ടാകുന്നില്ല എന്നാണ് കണക്കാക്കുന്നത്. കേള്‍വി, ഓര്‍മ, സംസാരം, വികാരങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമാണ് ടെംപറല്‍ ലോബ്. ഇവയെയൊന്നും ബാധിക്കാത്ത തരത്തില്‍ കൃത്യമായി സന്നിയുടെ ഉദ്ഭവസ്ഥാനം കണ്ടെത്തിയാണ് ശസ്ത്രക്രിയ ചെയ്യുക.

എക്സ്ട്രാ ടെംപറല്‍ റിസെക്ഷന്‍

സന്നിയുടെ ഉദ്ഭവസ്ഥാനം പ്രധാനമായും ടെംപറല്‍ ലോബിലാണെങ്കിലും തലച്ചോറിന്റെ മറ്റുഭാഗങ്ങളിലും ഇത് കാണാറുണ്ട്. സെറിബ്രത്തിന്റെ നാല് ലോബുകളാണ് ഫ്രോണ്ടല്‍ ലോബ്, പരൈറ്റല്‍ ലോബ്, ഓക്സിപിറ്റല്‍ ലോബ്, ടെംപറല്‍ ലോബ് എന്നിവ. ഇതില്‍ ടെംപറല്‍ ലോബിനുപുറത്ത് മറ്റുലോബുകളില്‍ കാണുന്ന സന്നിയുടെ ഉദ്ഭവസ്ഥാനങ്ങള്‍ കണ്ടെത്തി കോശങ്ങള്‍ നീക്കംചെയ്യുന്ന ശസ്ത്രക്രിയയെയാണ് എക്സ്ട്രാ ടെംപറല്‍ റിസക്ഷന്‍ എന്നുപറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കാതെ സന്നിയുണ്ടാകുന്ന കോശങ്ങളെ മാത്രം നീക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

മള്‍ട്ടി ലോബുലാര്‍ റിസക്ഷന്‍

തലച്ചോറിലെ ഒന്നിലധികം ലോബുകളില്‍ സന്നിയുടെ ഉദ്ഭവകേന്ദ്രങ്ങളുണ്ടാവുകയോ അല്ലെങ്കില്‍ സന്നിയുടെ പ്രഭവകേന്ദ്രത്തില്‍ ഒന്നിലധികം ലോബുകള്‍ ഉള്‍പ്പെടുകയോ ചെയ്യാം. അത്തരം സാഹചര്യത്തില്‍ ഒരു സര്‍ജറിയിലൂടെത്തന്നെ ഒന്നിലധികം പ്രഭവകേന്ദ്രങ്ങളിലെ കോശങ്ങള്‍ നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് മള്‍ട്ടി ലോബുലാര്‍ റിസക്ഷന്‍.

ഹെമിസ്ഫിയറക്ടമി

സെറിബ്രത്തിന് നെടുകെ രണ്ടുഭാഗങ്ങളാണുള്ളത്. ഇതിനെയാണ് സെറിബ്രല്‍ ഹെമിസ്ഫിയറുകളെന്നുവിളിക്കുന്നത്. ഈ രണ്ടുഭാഗങ്ങള്‍ തമ്മിലുള്ള സന്ദേശക്കൈമാറ്റം നടക്കുന്നത് ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന അസംഖ്യം നാഡികള്‍വഴിയാണ്. ഒരു ഹെമിസ്ഫിയറിലുണ്ടാകുന്ന സന്നി രണ്ടാമത്തെ ഹെമിസ്ഫിയറിലേക്ക് വ്യാപിക്കാതെ തടയാനുള്ള ശസ്ത്രക്രിയയാണ് ഹെമിസ്ഫിയറക്ടമി. വളരെ അപൂര്‍വമായി നടത്തുന്ന ശസ്ത്രക്രിയയാണിത്.

കോര്‍പസ് കലോസോട്ടമി

മസ്തിഷ്‌കത്തിന്റെ ഇടത്-വലത് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാഡികളുടെ കൂട്ടമാണ് കോര്‍പസ് കലോസം. മസ്തിഷ്‌കത്തിലെ ഇരുഭാഗങ്ങളും തമ്മിലുള്ള ആശവിനിയമയം നടക്കുന്നത് ഇതിലൂടെയാണ്. ഇതിലൂടെ സന്നി വ്യാപിക്കുന്നത് തടയുകയാണ് ഈ ശസ്ത്രക്രിയയുടെ ലക്ഷ്യം. കുട്ടികളില്‍ സന്നിവന്ന് പെട്ടെന്ന് താഴെവീണുപോകുന്ന അവസ്ഥയുണ്ടാകാം. ഇത്തരം സന്നികള്‍ നിയന്ത്രിക്കാനാണ് ഈ ശസ്ത്രക്രിയ പ്രയോജനപ്പെടുത്താറ്.

ന്യൂറോ സ്റ്റിമുലേഷന്‍ തെറാപ്പി

ശസ്ത്രക്രിയയില്‍ എന്നപോലെ അപസ്മാരനിയന്ത്രണത്തില്‍ മറ്റുചില മേഖലകളില്‍ കൂടി ഒട്ടേറെ മുന്നേറ്റമുണ്ടായിട്ടുണ്ട്. അതിലൊന്നാണ് ന്യൂറോ സ്റ്റിമുലേഷന്‍ തെറാപ്പി. പ്രത്യേക വൈദ്യുതസ്പന്ദനങ്ങളുപയോഗിച്ച് സന്നിയെ നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റു പാര്‍ശ്വഫലങ്ങളില്ലാതെതന്നെ സന്നിയെ നിയന്ത്രിക്കാനാകുന്നുവെന്നതുകൊണ്ട് ഈരംഗത്ത് കൂടുതല്‍ ശ്രദ്ധ കൈവന്നിട്ടുണ്ട്.

വേഗസ് നേര്‍വ് സ്റ്റിമുലേഷന്‍

പേസ്‌മേക്കറിന് സമാനമായ ഒരു ഉപകരണം ഘടിപ്പിച്ച് വേഗസ് നേര്‍വിനെ ഉത്തേജിപ്പിക്കുന്ന രീതിയാണിത്. തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങളെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കെത്തിക്കുന്നത് വേഗസ് നേര്‍വ് വഴിയാണ്. ഇടതുവശത്ത് നെഞ്ചിന്റെ മുകളിലായി ചെറിയൊരു ശസ്ത്രക്രിയയിലൂടെ ഈ ഉപകരണം ചര്‍മത്തിനടിയിലുറപ്പിക്കും. ഇതേഭാഗത്ത് വേഗസ് നേര്‍വിനോടുചേര്‍ന്ന് ഇലക്ട്രോഡും ഉറപ്പിക്കും. സ്റ്റിമുലേറ്ററും ഇലക്ട്രോഡും തമ്മില്‍ നേര്‍ത്ത വയറുപയോഗിച്ച് ചര്‍മത്തിനടിയിലൂടെ ബന്ധിപ്പിക്കും. സ്റ്റിമുലേറ്റര്‍ നല്‍കുന്ന വൈദ്യുതസ്പന്ദനങ്ങള്‍ ഇലക്ട്രോഡ് വഴി വേഗസ് നേര്‍വിലൂടെ തലച്ചോറിലെത്തും. ഈ സ്പന്ദനങ്ങളിലൂടെ സന്നിയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍

തുടര്‍ച്ചയായുണ്ടാകുന്ന സന്നി നിയന്ത്രിക്കുന്നതിനാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രയോജനപ്പെടുത്തുന്നത്. സന്നിക്കിടയാക്കുന്ന തലച്ചോറിലെ പ്രത്യേക കേന്ദ്രങ്ങളില്‍ ഇലക്ട്രോഡുകള്‍ സ്ഥാപിക്കും. ഇതില്‍നിന്നുള്ള വൈദ്യുതസ്പന്ദനങ്ങള്‍ സന്നിയെ നിയന്ത്രിക്കാന്‍ സഹായിക്കും. 18 വയസ്സിനുമുകളിലുള്ള, മരുന്നുകൊണ്ട് സന്നി നിയന്ത്രിക്കാന്‍ കഴിയാത്തവരിലാണ് ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേറ്റര്‍ ഉപയോഗിക്കുന്നത്.

റെസ്പോണ്‍സീവ് ന്യൂറോ സ്റ്റിമുലേഷന്‍

ന്യൂറോ സ്റ്റിമുലേറ്റര്‍ തലയോട്ടിയിലുറപ്പിക്കും. തലയോട്ടിയെ പൊതിഞ്ഞുനില്‍ക്കുന്ന ചര്‍മത്തിനടിയിലാണ് ഇതുറപ്പിക്കുക. ഇതില്‍നിന്നുള്ള രണ്ട് വയറുകള്‍ സന്നിയുടെ സാധ്യതാസ്ഥലങ്ങളിലും ഉറപ്പിക്കും. സന്നിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉപകരണം ഉടന്‍തന്നെ വൈദ്യുതസ്പന്ദനങ്ങള്‍വഴി അതിനെ നിയന്ത്രിക്കും.

ലേസര്‍ തെറാപ്പി

അപസ്മാരചികിത്സയില്‍ ലേസര്‍ ചികിത്സയുടെ സാധ്യതകള്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. അതിലൊന്നാണ് തെര്‍മല്‍ അബ്ലേഷന്‍ അല്ലെങ്കില്‍ ലേസര്‍ ഇന്റര്‍സ്റ്റീഷ്യല്‍ തെര്‍മല്‍ തെറാപ്പി (LITT). തലച്ചോറിലുണ്ടാകുന്ന മുഴകളുംമറ്റും അപസ്മാരത്തിന് കാരണമാകാം. അത്തരം മുഴകള്‍ നീക്കംചെയ്യാനാണ് ഈ ലേസര്‍ ചികിത്സ പ്രയോജനപ്പെടുത്തുന്നത്. സൂക്ഷ്മമായ ഒരുപകരണം തലച്ചോറിലേക്കു കടത്തി സന്നിയുണ്ടാകുന്ന ഭാഗത്തെത്തിച്ച് അവിടെയുള്ള സന്നിയുണ്ടാകുന്ന കോശങ്ങളെ നീക്കംചെയ്യുകയാണ് ചെയ്യുന്നത്. പ്രത്യേക ലൈറ്റിന്റെ ചൂടുപയോഗിച്ചാണ് മുഴ നീക്കംചെയ്യുന്നത്. കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ലേസര്‍ ഉപയോഗിക്കേണ്ട തലച്ചോറിലെ ഭാഗം കൃത്യമായി കണ്ടെത്താനും അതിസൂക്ഷ്മതയോടെ അനാവശ്യകോശങ്ങളെ നീക്കംചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

സാധാരണ ശസ്ത്രക്രിയയെക്കാള്‍ കൃത്യത നേടാന്‍ ലേസര്‍ ശസ്ത്രക്രിയയിലൂടെ സാധിക്കുന്നുണ്ടെന്നതാണ് പ്രധാന മെച്ചം. മറ്റ് സങ്കീര്‍ണതകളും കുറവാണ്. സാധാരണ ശസ്ത്രക്രിയയില്‍ തലയോട്ടിയില്‍ മുറിവുണ്ടാക്കി തലച്ചോറിലെ മുഴ നീക്കംചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ തലച്ചോറിന് കുറേക്കൂടി ഉള്‍ഭാഗത്താണ് ഇതെങ്കില്‍ സാധാരണ ശസ്ത്രക്രിയയിലൂടെ അത് നീക്കംചെയ്യാന്‍ പ്രയാസം നേരിടുകയുംചെയ്യും.
തലച്ചോറിലെ അസ്വാഭാവികകോശങ്ങളോ മുഴകളോ കാരണം സന്നിയുണ്ടാകുന്ന കുട്ടികളില്‍ അത് പരിഹരിക്കാന്‍ ലേസര്‍ ശസ്ത്രക്രിയ ഫലപ്രദമായി പ്രയോജനപ്പെടുന്നുണ്ട്. രണ്ടുവയസ്സുമുതലുള്ളവരില്‍ ലേസര്‍ സര്‍ജറി ചെയ്യാറുണ്ട്. എന്നാല്‍, ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചശേഷമാണ് ലേസര്‍ സര്‍ജറി വേണോ എന്നകാര്യം തീരുമാനിക്കുന്നത്.

  • മരുന്നുകള്‍കൊണ്ടും മറ്റു ചികിത്സകള്‍കൊണ്ടും സന്നി നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം.
  • മുഴയുടെ വലുപ്പം. ലേസര്‍ അബ്ലേഷന്‍ ശസ്ത്രക്രിയ കൂടുതല്‍ ഫലപ്രദമാകുന്നത് ചെറിയ മുഴകളിലാണ്. കാരണം ചെറിയ സ്ഥലത്ത് മാത്രമേ പ്രോബില്‍നിന്നുള്ള ചൂടെത്തുകയുള്ളൂ.
  • മുഴയുടെ സ്ഥാനം. സന്നിക്കു കാരണമാകുന്ന മുഴ ചിലപ്പോള്‍ തലച്ചോറിന്റെ ഉള്‍വശത്തായിരിക്കും. അത്തരം സാഹചര്യത്തില്‍ സാധാരണ ശസ്ത്രക്രിയകൊണ്ട് അത് നീക്കംചെയ്യാന്‍ സാധിക്കണമെന്നില്ല.

തെര്‍മല്‍ അബ്ലേഷന്‍ ചെയ്യുന്ന വിധം

  • ജനറല്‍ അനസ്തേഷ്യ നല്‍കിയ ശേഷമാണ് ലേസര്‍ അബ്ലേഷന്‍ സര്‍ജറിയും ചെയ്യുന്നത്.
  • തലയോട്ടിയില്‍ വളരെ നേര്‍ത്ത മുറിവുണ്ടാക്കും. അതിലൂടെ വളരെ നേര്‍ത്ത, ഫ്‌ളക്‌സിബിളായ ട്യൂബ് തലച്ചോറിലേക്ക് കടത്തിവിടും. ഇതിന്റെ അറ്റത്ത് പ്രകാശം പുറപ്പെടുവിക്കാന്‍ സംവിധാനമുള്ള അതിസൂക്ഷ്മമായ പ്രോബുണ്ടാകും.
  • എം.ആര്‍.ഐ.യുടെ സഹായത്തോടെ പ്രോബ് എത്തേണ്ട സ്ഥലം കൃത്യമായി നിര്‍ണയിക്കും. അതിനുശേഷം പ്രോബില്‍നിന്ന് ലൈറ്റ് പുറപ്പെടുവിക്കും. കോശങ്ങളിലേക്ക് എത്ര ചൂട് നല്‍കുന്നുണ്ടെന്ന് കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ തിരിച്ചറിയാനാകും. സന്നിക്കു കാരണമാകുന്ന മുഴയെ കരിച്ചുകളഞ്ഞശേഷം തലച്ചോറില്‍നിന്ന് പ്രോബ് തിരിച്ചെടുക്കുന്നു. തലയോട്ടിയിലുണ്ടാക്കിയ മുറിവിന് ഒരു സ്റ്റിച്ച് മാത്രമേ ആവശ്യമായിവരാറുള്ളൂ.

ഗാമ നൈഫ് സര്‍ജറി

ഗാമ നൈഫ് റേഡിയോ സര്‍ജറി ലേസര്‍ അബ്ലേഷന്‍ ശസ്ത്രക്രിയയില്‍ നിന്ന് വ്യത്യസ്തമാണ്. ശരീരത്തിനു പുറത്തുനിന്ന് പ്രത്യേക ഉപകരണമുപയോഗിച്ച് കിരണങ്ങള്‍ തലച്ചോറിലെ സന്നിക്കു കാരണമാകുന്ന മുഴയിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്.

(തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ചീഫ് എപ്പിലെപ്‌റ്റോളജിസ്റ്റും ന്യൂറോളജി പ്രൊഫസറുമാണ് ലേഖിക)

Content Highlights: Laser therapy and surgery to cure epilepsy, Health, Epilepsy

മാതൃഭൂമി ആരോഗ്യമാസിക വാങ്ങാം