നോരോഗങ്ങള്‍ക്കടിപ്പെട്ട മനോരോഗചികിത്സകര്‍ പലരുണ്ട്.  രോഗത്തിന്റെ സ്വഭാവവും തീവ്രതയുമനുസരിച്ച് അവരുടെ വ്യക്തിജീവിതവും ജോലിയുമെല്ലാം പലവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും സ്വകാര്യജീവിതത്തിന്റെ പരിമിതമായ ചുറ്റളവുകളില്‍ ഒതുങ്ങിനിന്ന സഹനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ അപൂര്‍വം ചിലര്‍ തങ്ങളുടെ രോഗാനുഭവങ്ങളുടെ ആത്മനിഷ്ഠമായ ഉള്‍ക്കാഴ്ചകളെ മനോരോഗശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ ജ്ഞാനമണ്ഡലത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിജയിച്ചവരാണ്. മനോരോഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ അനുഭവ-ജ്ഞാന വിനിമയം സവിശേഷമായ വെല്ലുവിളികളും അനന്യമായ സാധ്യതകളും നിറഞ്ഞ ഒരു പ്രക്രിയയാണ്.  ജ്ഞാനോത്പാദനം നടത്തേണ്ട അവയവം തന്നെയാണ് ഇവിടെ രോഗബാധിതമാകുന്നത്.  അതുകൊണ്ടുതന്നെ രോഗാനുഭവങ്ങളെ ജ്ഞാനത്തിന്റെ തലത്തിലേക്കു വികസിപ്പിക്കാനുള്ള മാനസിക ബൗദ്ധികശേഷികള്‍ പരിമിതമായിരിക്കാന്‍ സാധ്യതയുണ്ട്.  

അതേസമയംതന്നെ രോഗാനുഭവത്തിന്റെ ആത്മനിഷ്ഠതലത്തെ മനോരോഗ വിജ്ഞാനീയത്തിന്റെ ഫിനോമിനോളജിക്കല്‍ തലവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനുള്ള ഒരു അസുലഭ സാഹചര്യവുമാകാമിത്.  ഇത്തരത്തില്‍ മനോരോഗശാസ്ത്രവുമായി ബന്ധപ്പെടുത്തി തങ്ങളുടെ രോഗാനുഭവങ്ങളെ വികസിപ്പിച്ചെടുത്തവരാണ് വിക്ടര്‍ കാന്‍ഡിന്‍സ്‌കിയും (Victor Kandinsky) കേ റെഡ്ഫീല്‍ഡ് ജാമിസണും (Kay Redfield Jamison).

കാന്‍ഡിന്‍സ്‌കിയും സ്‌കിസോഫ്രീനിയയും
വിക്ടര്‍ കാന്‍ഡിന്‍സ്‌കി 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു റഷ്യന്‍ സൈക്യാട്രിസ്റ്റായിരുന്നു. പട്ടാളത്തില്‍ ഡോക്ടറായാണ് അദ്ദേഹം ജോലി ആരംഭിച്ചത്.  1877- ലെ റഷ്യന്‍-ടര്‍ക്കിഷ് യുദ്ധത്തിന്റെ സമയത്താണ് അദ്ദേഹത്തിന് മാനസികപ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.  അപ്പോള്‍ അദ്ദേഹത്തിന് 28 വയസ്സാണ്. അദ്ദേഹത്തിന് വിവിധതരത്തിലുള്ള മിഥ്യാനുഭവങ്ങള്‍ - ഹാല്യൂസിനേഷന്‍സ് (Hallucinations) വരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മൂഡിനും വ്യത്യാസം കണ്ടുതുടങ്ങി.  കടലില്‍ച്ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച കാന്‍ഡിന്‍സ്‌കിക്ക് മെലന്‍കോളിയ (Melancholia) എന്ന അവസ്ഥയാണ് എന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.  എന്നാല്‍ തന്റെ രോഗാവസ്ഥ അതല്ല എന്നും ഇന്ന് നാം സ്‌കിസോഫ്രീനിയ എന്ന് വിളിക്കുന്ന രോഗാവസ്ഥയ്ക്ക് സമാനമായ ഒന്നാണെന്നും കാന്‍ഡിന്‍സ്‌കി വിലയിരുത്തി. പിന്നീട് രോഗം താത്കാലികമായി ശമിച്ച അവസരത്തില്‍ കാന്‍ഡിന്‍സ്‌കി സെയ്ന്റ് പീറ്റേര്‍സ്ബര്‍ഗിലെ സെയ്ന്റ് നിക്കോളാസ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ സൂപ്പരിന്റന്റ് ആയി ജോലി ചെയ്തു.  ഈ കാലത്ത് സൈക്കോട്ടിക് രോഗലക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തുകയും പ്രസിദ്ധീകരിക്കുകയുമുണ്ടായി.  സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്യൂഡോഹാല്യൂസിനേഷന്‍സി(Pseudohallu- cinations) നെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളും നല്‍കിയ വിവരണങ്ങളും അസാമാന്യമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതായിരുന്നു.  പക്ഷേ പിന്നീട് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ താന്‍ മെഡിക്കല്‍ സൂപ്രണ്ടായി ജോലി ചെയ്ത അതേ ആസ്പത്രിയില്‍ ത്തന്നെ അദ്ദേഹം രോഗിയായി പ്രവേശിക്കപ്പെടുകയും പിന്നീട് ഓപ്പിയം അമിതമായി കഴിച്ച് നാല്‍പ്പതാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ഉന്മാദത്തിന്റെ തീ തൊട്ട ഒരു ജീവിതം

കേ റെഡ്ഫീല്‍സ് ജാമിസണ്‍ ഒരു അമേരിക്കന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്.  ജോണ്‍ ഹോപ്കിന്‍സിലെ സൈക്യാട്രി പ്രൊഫസറാണ് ജാമിസണ്‍.  സൈക്യാട്രിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ട ലോകത്തിലെ ഏക ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഒരു പക്ഷേ ജാമിസണായിരിക്കും.  ചെറുപ്പത്തിലേ മെഡിസിന്‍ പഠനത്തില്‍ തത്പരയായിരുന്ന ജാമിസണ്‍, വൈദ്യപഠനം ആരംഭിച്ചെങ്കിലും ഇടയ്ക്കിടെ വരുന്ന മാനസിക പ്രശ്‌നങ്ങള്‍ കാരണം വൈദ്യപഠനം നിര്‍ത്തുകയും ക്ലിനിക്കല്‍ സൈക്കോളജിയിലേക്ക് മാറുകയുമാണുണ്ടായത്. പിന്നീടാണ് തന്റെ മാനസിക പ്രശ്‌നം ബൈപോളാര്‍ മൂഡ് ഡിസോര്‍ഡറാണ് എന്ന് ജാമിസണ്‍ തിരിച്ചറിയുന്നത്.  ഉന്മാദവും ( Mania) വിഷാദവും (Depression) മാറിമാറി വരുന്ന ഒരു രോഗാവസ്ഥയാണ് ബൈപോളാര്‍ മൂഡ് ഡിസോര്‍ഡറെന്ന് പൊതുവേ പറയാം.  
മൂഡ് അഥവാ ഭാവത്തിന്റെ അസന്തുലിതാവസ്ഥയാണിത്.  സാധാരണഗതിയില്‍ ഒരാളുടെ മൂഡ് അമിതമായ ആഹ്ലാദമോ അമിതമായ വിഷാദമോ ഇല്ലാത്ത ഒരു സ്വാഭാവികാവസ്ഥയിലായിരിക്കും.  സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസ്സില്‍ ആഹ്ലാദവും സങ്കടകരമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വ്യസനവും ഉണ്ടാകുന്നത് സ്വാഭാവികമാണ്.    

എന്നാല്‍ മൂഡ് വ്യതിയാനങ്ങള്‍ അനിയന്ത്രിതവും അമിതവുമായി മാറുന്ന അവസ്ഥയാണ് ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍. ചിലപ്പോഴത് അമിതമായ ആഹ്ലാദവും ഉന്മാദവും (Mania) ആയിരിക്കും.  മറ്റു ചിലപ്പോള്‍ അത് തീവ്രമായ വിഷാദമായിരിക്കും (Depression) ചിലപ്പോള്‍ ഉന്മാദവും വിഷാദവും ഇടകലര്‍ന്ന (Mixed) അവസ്ഥയുമാവാം.  ഉന്മാദത്തിന്റെ അവസ്ഥയില്‍ രോഗി അമിതാഹ്ലാദവാനായിരിക്കും ചിലപ്പോള്‍ അമിതമായ ദേഷ്യത്തിലുമായിരിക്കും.  ശരീരത്തിനും മനസ്സിനും നല്ല ഊര്‍ജം അനുഭവപ്പെടും.  ഉറങ്ങണമെന്നോ വിശ്രമിക്കണമെന്നോ തോന്നില്ല, തീരെ ക്ഷീണം തോന്നില്ല, സംസാരംകൂടും. അമിതമായ ആത്മവിശ്വാസം കാണിക്കും. തനിക്ക് ദൈവികമായ ശക്തികളുണ്ടെന്നും രാഷ്ട്രീയവും ഔദ്യോഗികവുമായ വലിയ അധികാരങ്ങളുണ്ട് എന്നുമൊക്കെ ചിലപ്പോള്‍ അവകാശപ്പെടും.  വലിയ സാമ്പത്തികസ്ഥിതിയുണ്ട് എന്ന് സ്വയം തോന്നുകയും ആ തോന്നലിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക ഇടപാടുകളും മറ്റും നടത്തി കുഴപ്പത്തില്‍പ്പെടുകയും ചെയ്യാറുമുണ്ട്. ഉന്മാദത്തിന്റെ നേരേ വിപരീതാവസ്ഥയാണ് വിഷാദം.  

ഉന്മാദം ആനന്ദാനുഭവത്തിന്റെ പരകോടിയായിട്ടായിരിക്കും രോഗിയ്ക്ക് അനുഭവപ്പെടുക.  അതുകൊണ്ടുതന്നെ അത്തരമൊരാവസ്ഥയെ മരുന്നുകൊണ്ടു നിയന്ത്രിക്കാന്‍ പലപ്പോഴും രോഗികളിഷ്ടപ്പെടാറില്ല. നിയന്ത്രിതമായ ഉന്മാദാവസ്ഥയില്‍ (Hypomania) താരതമ്യേന വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ പലര്‍ക്കും കഴിയാറുണ്ട്.  

മാത്രവുമല്ല ഈയവസ്ഥയില്‍ സാധാരണയിലധികം ഊര്‍ജവും ആത്മവിശ്വാസവും ആനന്ദാനുഭവവും ഉണ്ടാവുമെന്നുള്ളതുകൊണ്ട് കൂടുതല്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനും സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ നടത്താനും പലര്‍ക്കും സാധിക്കാറുണ്ട്. 

കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും പലപ്പോഴും ഈ നിയന്ത്രിതമായ ഉന്മാദം (Hypomania) സര്‍ഗാത്മകമായി ഗുണപരമാവാനിടയുണ്ട്.  ഇത്തരം ആളുകളെക്കുറിച്ച് -Touched with fire-manic depressive illness and the artistic temperamentഎന്ന പുസ്തകത്തില്‍ ജാമിസണ്‍ വിശകലനം ചെയ്യുന്നുണ്ട്.  താനനുഭവിച്ച മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അശാന്തമായൊരു മനസ്സ് (An unquiet mind) എന്ന ഓര്‍മക്കുറിപ്പില്‍ ഒരു ക്ലിനീഷ്യന്റെ ഉള്‍ക്കാഴ്ചയും ഒരു രോഗിയുടെ ആത്മാനുഭവങ്ങളുട സംവേദന സൂക്ഷ്മതയും സമന്വയിപ്പിച്ചുകൊണ്ട് ജാമിസണ്‍ വിശദീകരിക്കുന്നുണ്ട്.

ഉന്മാദവും നിയന്ത്രിത ഉന്മാദവും (Hypomania)) മിക്കപ്പോഴും വ്യക്തികളെ സംബന്ധിച്ചിടത്തോളം ആനന്ദകരവും അതുകൊണ്ടുതന്നെ അഭിലഷണീയവുമായ അവസ്ഥകളാണ്. Exuberance എന്നാണ് ജാമിസണ്‍ ഈ മാനസികാവസ്ഥയെ വിശേഷിപ്പിക്കുന്നത്.  (Exuberance is an abounding, ebullient effervescent emotion എന്ന് ജാമിസണ്‍) ഇത്തരമൊരവസ്ഥയെ മരുന്നുകഴിച്ച് ഇല്ലാതാക്കാന്‍ പലരും താത്പര്യപ്പെടാറില്ല.  തനിക്ക് നിര്‍ദേശിക്കപ്പെട്ട ലിഥിയം എന്ന മരുന്ന് കഴിക്കാതിരുന്നെങ്കിലോ എന്ന് പലപ്പോഴും ജാമിസണ്‍ ചിന്തിച്ചുപോവുന്നുണ്ട്. പക്ഷേ പലപ്പോഴും അനിവാര്യമായും സംഭവിക്കാവുന്ന വിഷാദാവസ്ഥകളെ മറികടക്കാനും അനിയന്ത്രിതമായ ഉന്മാദത്തിന്റെ അപകടങ്ങളെ ഇല്ലാതാക്കാനും മരുന്നുകള്‍ നിര്‍ബന്ധമാണ് എന്ന് ജാമിസണ്‍ തിരിച്ചറിയുന്നുണ്ട്.  

അതുകൊണ്ടു തന്നെ ഒരു രോഗി എന്ന നിലയ്ക്കുള്ള തന്റെ മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ ഒരു ചികിത്സകയുടെ സ്ഥിരപ്രജ്ഞയോടെ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടു പോവാന്‍ ജാമിസണിന് കഴിയുന്നുണ്ട്.  അതോടൊപ്പം തന്നെ ഇതു രണ്ടും സമന്വയിപ്പിച്ചുകൊണ്ട് സവിശേഷമായൊരു ജ്ഞാനമണ്ഡലം കൂടി അവര്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്.