മികവിന്റെ പാതയില്‍ കുതിക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (സി.സി.ആര്‍.സി.)... 2016 നവംബര്‍ ഒന്നിന് ആരംഭിച്ച കേന്ദ്രം മൂന്നുവര്‍ഷംകൊണ്ട് ആരോഗ്യരംഗത്ത് തങ്ങളുടേതായ സ്ഥാനംനേടാനുള്ള പ്രയാണത്തിലാണ്. 'ഓരോ സാധാരണക്കാരനും വളരെ വേഗത്തില്‍ മികച്ച ചികിത്സ നല്‍കണം' എന്ന ഉദ്ദേശ്യത്തോടൊപ്പം അര്‍ബുദം എന്ന രോഗത്തെക്കുറിച്ചുള്ള ഗവേഷണവും പ്രതിരോധവുമെല്ലാം സി.സി.ആര്‍.സി.യുടെ ലക്ഷ്യങ്ങളാണ്.

സി.സി.ആര്‍.സി.

ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഇന്നും എറണാകുളം മെഡിക്കല്‍ കോളേജുമായി സഹകരിച്ച്, ഒരു താത്കാലിക കെട്ടിടത്തിലാണ് സി.സി.ആര്‍.സി. പ്രവര്‍ത്തിക്കുന്നത്. 2014 ഓഗസ്റ്റ് 18-നാണ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ കേന്ദ്രത്തിന് തറക്കല്ലിട്ടത്.

മൂന്നുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളേജിലെ ഒരു കെട്ടിടത്തില്‍ ഒ.പി. വിഭാഗവും കീമോതെറാപ്പിയും ആരംഭിച്ചു. പ്രധാന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിട്ടുള്ളത്. ഇതിനായി 390 കോടി രൂപയാണ് 'കിഫ്ബി' ഫണ്ട് ആയി ലഭിച്ചിരിക്കുന്നത്.

2018-ലാണ് പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2020 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ പ്രവര്‍ത്തനം നടക്കുന്നത്. ചെന്നൈയിലെ 'പി ആന്‍ഡ് സി' കണ്‍സ്ട്രക്ഷന്‍സിനായിരുന്നു കരാര്‍.

ഒരുവര്‍ഷത്തിന് ശേഷം ഓഗസ്റ്റ് നാലിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ അവലോകനയോഗത്തില്‍ ഒരു വര്‍ഷത്തിനിടെ 11 ശതമാനം മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നിയമസമിതി പരിശോധന നടത്തുകയും നിര്‍മാണ ജോലികള്‍ വേഗത്തിലാക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ നിര്‍മാണ ജോലികള്‍ പതുക്കെയാണെന്ന് സി.സി.ആര്‍.സി. ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് പറഞ്ഞു.

സൗകര്യങ്ങള്‍

ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 20 പേര്‍ക്ക് കിടത്തിച്ചികിത്സ സാധ്യമാകുന്ന രീതിയില്‍ ചികിത്സ ആരംഭിച്ചു. നിലവില്‍ 96 ജീവനക്കാരാണ് ഐ.പി., ഒ.പി. വിഭാഗത്തിലായി സേവനമനുഷ്ഠിക്കുന്നത്.

* എഫ്.എന്‍.എ.സി., ബയോപ്സി, എന്‍ഡോസ്‌കോപ്പി, രക്തപരിശോധന

* ഗര്‍ഭാശയ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള കോള്‍പോസ്‌കോപ്പ്

* രക്തത്തില്‍ കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം അറിയാനുള്ള ഇമ്മ്യൂണോ അനലൈസര്‍

* ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഹിസ്റ്റോപാതോളജി

* അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീന്‍

* മാമോഗ്രാം മെഷീന്‍

ആധുനിക സൗകര്യങ്ങളോടെ എട്ടുനിലയുള്ള കെട്ടിടം

സി.സി.ആര്‍.സി. കേന്ദ്രത്തിനായി 35 ഏക്കറില്‍ എട്ട് നിലയുടെ കെട്ടിടമാണ് പ്ലാനിലുള്ളത്. ഇതില്‍ ആദ്യനിലയുടെ നിര്‍മാണജോലികളാണ് നടക്കുന്നത്. അഞ്ചുനില മുകളിലേക്കും മൂന്നുനില താഴേക്കും എന്ന നിലയിലാണ് നിര്‍മാണം. ഇതേരീതിയില്‍ നാല് ബ്ലോക്കുകളിലായിരിക്കും കേന്ദ്രം നിര്‍മിക്കുന്നത്.

പ്രധാന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ചികിത്സയ്ക്കുവേണ്ട എല്ലാ അത്യാധുനിക സൗകര്യങ്ങളും സ്ഥാപനത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും. നിലവില്‍ താത്കാലിക കെട്ടിടമാണെന്നതിനാല്‍ പല ഉപകരണങ്ങളും ഉപയോഗിക്കാനോ സ്ഥാപിക്കാനോ സാധിക്കാത്ത നിലയുണ്ട്.

നിലവില്‍ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ എന്നീ ചികിത്സകള്‍ സി.സി.ആര്‍.സി.യില്‍നിന്ന് ചെയ്യാന്‍ സാധിക്കും.

സര്‍ജന്മാരായ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ്, സൂപ്രണ്ട് ബാലഗോപാല്‍, ന്യൂറോ സര്‍ജനായ ഫിഷ എലിസബത്ത്, വനിതാ സര്‍ജന്‍ നീത ശ്രീധരന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രേം രവിവര്‍മ, റേഡിയേഷന്‍ ഡോക്ടര്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ആശ്രയം മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് കാന്‍സര്‍ സെന്ററിലേക്ക് വേണ്ട പലവിധ ടെസ്റ്റുകളും നടത്തുന്നത്. കാന്‍സര്‍ സെന്ററിലേക്ക് എത്തുന്ന രോഗികള്‍ക്ക് മറ്റു ടെസ്റ്റുകള്‍ക്കുവേണ്ടി മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. തുടങ്ങിയവയെല്ലാം ചെയ്യണമെങ്കില്‍ കാന്‍സര്‍ സെന്ററില്‍നിന്ന് മെഡിക്കല്‍ കോളേജില്‍ എത്തണം. അവിടെനിന്ന് ഫലവുമായി തിരികെ കാന്‍സര്‍ സെന്ററില്‍ എത്തി ഡോക്ടറെ കണ്ടാല്‍ മാത്രമേ ചികിത്സയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ രോഗിക്ക് സാധിക്കുകയുള്ളു.

കൈകോര്‍ക്കണം, ഒരുമിച്ച്

നിലവിലെ സഹകരണത്തിനുമപ്പുറം എറണാകുളം മെഡിക്കല്‍ കോളേജും കൊച്ചി കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനായി സി.സി.ആര്‍.സി. വളരുന്നതോടൊപ്പം മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും പൂര്‍ത്തിയാക്കണം.

ഗാസ്ട്രോ എന്ററോളജി, കാര്‍ഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടും സി.സി.ആര്‍.സി.യില്‍ എത്തുന്ന രോഗികള്‍ക്ക് സഹായകമാകും.

ചികിത്സ മാത്രമല്ല, ഗവേഷണവും

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ചികിത്സ മാത്രമല്ല, ഈ രംഗത്ത് ഗവേഷണവും ബോധവത്കരണവുമെല്ലാം സി.സി.ആര്‍.സി. ലക്ഷ്യമിടുന്നുണ്ടെന്ന് ഡയറക്ടര്‍ മോനി കുര്യാക്കോസ് പറഞ്ഞു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് മാസമായി ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്.

'ഇന്ന് 60-70 ശതമാനം ആളുകളും അഡ്വാന്‍സ്ഡ് സ്റ്റേജിലെത്തിയതിന് ശേഷമാണ് കാന്‍സര്‍ തിരിച്ചറിയുന്നതുതന്നെ. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിനായി, ശരിയായ അറിവ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് വേണ്ടത്. സാധാരണക്കാര്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്ക് രോഗലക്ഷണം തിരിച്ചറിയാനുള്ള അറിവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്' -അദ്ദേഹം പറഞ്ഞു.

രോഗസംശയം തോന്നുന്നവര്‍ക്ക് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ 'ബയോപ്സി' ചെയ്യാനുള്ള സംവിധാനമാണ് 'ഡിസ്ട്രിക്ട് കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം' വഴി നടത്തുന്നത്. ജില്ലയിലെ ഏഴ് താലൂക്ക് ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.

സ്റ്റാര്‍ട്ട് അപ്പ് മിഷനും കാന്‍സര്‍ സെന്ററും

ഗവേഷണം കേന്ദ്രീകരിച്ചും കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജനങ്ങളിലേക്ക് ഗവേഷണം എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. 'ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്നൊവേഷന്‍ ഇന്‍ കാന്‍സര്‍' ('ബ്രിക്') എന്ന പേരിലാണ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ലഭ്യമാണ്. എന്നാല്‍, അവ കേരളത്തില്‍ എത്തിക്കുക എന്നത് ഏറെ ചെലവേറിയ കാര്യമാണ്. അതിനാല്‍ത്തന്നെ അത്തരം ഉപകരണങ്ങള്‍ കേരളത്തില്‍ വികസിപ്പിക്കുക എന്ന ചിന്തയിലാണ് ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്.

ഡോക്ടേഴ്സ് ആപ്പ്

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് 'കേരള കാന്‍സര്‍ ഗ്രിഡ്'. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാന്‍സറിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചികിത്സകള്‍ വേണമെന്ന നിര്‍ദേശമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു പുസ്തക മാതൃകയിലാണ് നിലവില്‍ ഈ നിര്‍ദേശങ്ങളുള്ളത്. ഇവ ഒരു ആപ്പ് ആയി തയ്യാറാക്കാനുള്ള ഉദ്ദേശ്യത്തിലാണ് സി.സി.ആര്‍.സി.യും സ്റ്റാര്‍ട്ട് അപ്പ് മിഷനും. ആപ്പ് നിലവില്‍ വരുന്നതോടെ ഒറ്റക്ലിക്കില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിക്കും.

വരുംനാളുകളിലെ സി.സി.ആര്‍.സി.

* അന്താരാഷ്ട്ര തലത്തിലുള്ള കാന്‍സര്‍ ചികിത്സ-ഗവേഷണ കേന്ദ്രം

* ചികിത്സ, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം

* മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സര്‍വിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി എന്നീ പി.ജി. കോഴ്സുകള്‍

* പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട്

Content Highlights: kochi cancer research centre