നുഷ്യശരീരത്തിൽ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം. അതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഏറ്റവുമധികം മാറ്റങ്ങൾ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്. ശ്വാസകോശത്തിന്റെ കവാടം എന്ന് വിശേഷിപ്പിക്കാവുന്ന മൂക്കു മുതൽ ചെറിയ സഞ്ചികൾ പോലെയുള്ള ആൽവിയോളൈ വരെയാണ് ശ്വാസകോശം. ശ്വാസകോശത്തിലേക്ക് വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യങ്ങൾ വരെ ഉള്ളിലേക്ക് എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുവാൻ ഏറെ സാധ്യതയുള്ള അവയവവുമായിത്തീരുന്നു ശ്വാസകോശം.

ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാക്കുന്ന അസുഖങ്ങൾ ആസ്ത്മ, സി.ഒ.പി.ഡി., അലർജി, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ക്ഷയം പോലുള്ള അണുബാധകളും ശ്വാസകോശത്തെ ബാധിക്കുന്നു. പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവ കാൻസറിന് കാരണമാകുന്നു.

ആസ്ത്മ

ശ്വാസകോശ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആസ്ത്മ. ഒരു ആസ്ത്മ രോഗിയാണെന്ന് കേൾക്കുമ്പോൾ മിക്കവരിലും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്. എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു?, ഇത് പൂർണമായും മാറുമോ? എന്റെ കുടുംബത്തിൽ ആർക്കുമില്ലാത്ത അസുഖം എനിക്ക് എങ്ങിനെ വന്നു? ഞാൻ ഇൻഹേലർ ഉപയോഗിച്ചാൽ അതിനോട് അഡിക്ഷൻ ആകുമോ? എന്നിങ്ങനെ പല സംശയങ്ങളും ഉണ്ടാകാം.

ആസ്ത്മ മിക്കപ്പോഴും അലർജിയോട് കൂടെയാണ് പ്രകടമാകുക. ഇതിന്റെ ലക്ഷണങ്ങൾ വലിവ്, രാവിലെ ഉള്ള ചുമ, രാത്രി ചുമ/ശ്വാസ തടസം മൂലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുക, കഫത്തോടു കൂടിയ ചുമ, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് എന്നിവയാണ്. ആസ്ത്മയുണ്ടാകാനുള്ള പ്രധാന കാരണം അലർജിയാണെങ്കിലും നോൺ അലർജിക് ആസ്ത്മ, അഡൽറ്റ് ഓൺസെറ്റ് ആസ്ത്മ, അമിതവണ്ണം മൂലമുണ്ടാകുന്ന ആസ്ത്മ എന്നീ വകഭേദങ്ങൾ ഉണ്ട്. ആസ്ത്മ ഒരു ഇൻഹെറിറ്റഡ് ഡിസീസ് മാത്രമല്ല. ചുമ മാത്രമായും ആസ്ത്മ പ്രകടമാകാം. (കഫ് വേരിയന്റ് ആസ്ത്മ എന്ന് വിശേഷിപ്പിക്കാം). സ്പെറോമെട്രി പരിശോധന വഴിയാണ് ആസ്ത്മയുടെ സ്ഥിരീകരണം നടത്തുന്നത്. ബ്രോങ്കിയൽ പ്രൊവോക്കേഷൻ ടെസ്റ്റ്, അലർജി ടെസ്റ്റ് എന്നിവയാണ് മറ്റ് പരിശോധനകൾ.

ചികിത്സ

ബ്രോങ്കോ ഡയലേറ്റർ മരുന്നുകളാണ് ഉപയോഗിക്കുക. ഇത് ഇൻഹേലർ രൂപത്തിലാണ് ഏറ്റവും സുരക്ഷിതത്വവും ഫലപ്രദവും. മരുന്നുകൾ സാൽമെറ്ററോൾ, ഫോർമെറ്ററോൾ എന്നിവയാണ്. മറ്റ് ഗുളികകൾ അസുഖം മൂർച്ഛിക്കുമ്പോൾ ഉപയോഗിക്കേണ്ടി വരാം. മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണ് ആസ്ത്മ. ഈ നിയന്ത്രണം ചിലരിൽ വളരെ കാലം വരെ നീണ്ടുനിൽക്കാം. എന്നാൽ അണുബാധ, അമിതമായ കാലാവസ്ഥാ വ്യതിയാനം എന്നിവ നിയന്ത്രണം കുറയാൻ കാരണമാകുന്നു. ഇൻഹേലർ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കുക. അത് അസുഖത്തിന്റെ കൺട്രോൾ അനുസരിച്ചാണ് കുറിക്കുക. ഒരു ക്രമത്തിൽ മരുന്നുകൾ എടുത്തിട്ടും അസുഖം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് അഡ്വാൻസ്ഡ് ചികിത്സാ രീതികൾ ഇന്ന് സാധ്യമാണ് (ബയോളജിക്കൽസ് ഒമലിസുമബ്, ബ്രോങ്കിയൽ തെർമ്മോപ്ലാസ്റ്റി എന്നിങ്ങനെ). പെട്ടെന്ന് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് അസ്താലിൻ/സൽബുതമോൾ. ഇവ സ്വയം ചികിത്സയ്ക്ക് ഉപയോഗിച്ച് അസുഖം നിയന്ത്രിക്കാൻ കഴിയാത്തപക്ഷം പൾമനോളജിസ്റ്റിനെ കാണണം. ഇല്ലെങ്കിൽ ശ്വാസകോശത്തിലെ ബീറ്റ റിസെപറ്ററുകൾ കുറയുകയും അസുഖം ക്രമീകരിക്കാൻ കഴിയാത്ത പക്ഷം അനിയന്ത്രിതമാകുകയും ചെയ്യും. ചിലർ ഇതിനെ ഇൻഹേലർ അഡിക്ഷൻ എന്ന് വിലയിരുത്തുന്നു.

സി.ഒ.പി.ഡി.

സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ദീർഘകാല ശ്വാസതടസ്സ രോഗം പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ്. മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു വില്ലൻ രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്നം.

രോഗകാരണങ്ങൾ

1. പുകവലി ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡി. ഉണ്ടാകാൻ കാരണമാകുന്നു.
2. സ്ത്രീകളിലും സി.ഒ.പി.ഡി. ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽ നിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.
3. നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും സി.ഒ.പി.ഡിക്ക് കാരണമാകും.

പ്രധാന ലക്ഷണങ്ങൾ

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടൽ എന്നിവയാണ്. വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.

ചികിത്സാരീതികൾ

പുകവലി നിർത്തുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. രോഗികൾക്ക് ബ്രോങ്കോ ഡയലേറ്റേഴ്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സി.ഒ.പി.ഡി. രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷനുകൾ എടുക്കേണ്ടതാണ്. ഇൻഫ്ളുവൻസ, ന്യുമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളുടെയും കൈകാലുകളുടെ പേശികളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.

ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്/ഐ.എൽ.ഡി.

ഇവ അനേകം രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. സന്ധിവാതം (CTD-ILD) മുതൽ പ്രത്യക കാരണം കണ്ടുപിടിക്കാൻ കഴിയാത്ത (IPF) തരം ഐ.എൽ.ഡി. വരെ ഇന്നുണ്ട്. ചെറിയ ശ്വാസതടസ്സം, നടക്കുമ്പോഴുള്ള ശ്വാസംമുട്ടൽ, വരണ്ട ചുമ എന്നിവയാണ് ആരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവർ ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമതയും സ്കാനും (ഡോക്ടർ ആവശ്യമുണ്ടെന്ന് നിർദേശിച്ചാൽ) എടുക്കേണ്ടതാണ്. രോഗം നിർണയിച്ചതിന് ശേഷം വർധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്റിഫൈബ്രോട്ടിക് മരുന്നുകൾ ഇന്ന് ലഭ്യമാണ്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഈ അസുഖത്തിന് നിർദ്ദേശിക്കാവുന്നതാണ്.

ന്യുമോണിയ

അനേകം ആൽവിയോളൈകളെ ബാധിക്കുന്ന ഇൻഫെക്ഷനുകളെയാണ് ന്യുമോണിയ എന്ന് പറയുന്നത്. ശക്തിയായ പനി, കഫക്കെട്ട്, വിറയൽ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലോവർ ന്യുമോണിയ മുതൽ മൾട്ടി ലോവർ ന്യുമോണിയ വരെ ഉണ്ടാകാൻ ശക്തിയുള്ള അണുക്കൾ ഇന്ന് അന്തരീക്ഷത്തിലുണ്ട്. ഒരു വ്യക്തിയുടെ ശാരീരിക ഘടനയേയും ആശ്രയിച്ചിരിക്കും ന്യുമോണിയയുടെ ശക്തി. പ്രമേഹം, സി.ഒ.പി.ഡി., വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുള്ളവരിൽ ശക്തിയായ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആന്റിബയോട്ടിക്സ് ആണ് മരുന്ന്. ബാക്ടീരിയ പോലെ വൈറസുകളും ന്യുമോണിയ ഉണ്ടാക്കുന്നു. തീവ്രമായ ന്യുമോണിയ ഉണ്ടായാൽ അണുബാധ രക്തത്തിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. അതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

ക്ഷയം

നമ്മളിൽ ആർക്കു വേണമെങ്കിലും ക്ഷയരോഗം വരാം. പ്രത്യേകിച്ച് ആരോഗ്യം ക്ഷയിക്കുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ചുമ, പനി, ശരീരഭാരം കുറയുക, രക്തം തുപ്പുക, കഴലകൾ വരുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ചെസ്റ്റ് എക്സ്റേ, കഫപരിശോധന എന്നിവ നിർബന്ധമായും ചെയ്യണം. അണുക്കളെ കണ്ടെത്തിയാൽ ആന്റി ടി.ബി. ട്രീറ്റ്മെന്റ് ആറു മാസം എടുത്താൽ അസുഖം പൂർണമായും മാറ്റാൻ സാധിക്കും. ഇന്ന് എം.ഡി.ആർ.ടി.ബി. അഥവാ മരുന്നുകളോട് പ്രതിരോധിക്കാത്ത അണുക്കൾ വർധിക്കുകയാണ്. രോഗനിർണയം നടത്തിയാൽ അണു എം.ഡി.ആർ.ടി.ബി. ആണോ എന്ന് സ്ഥിരീകരിക്കാം. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ചുമ ക്ഷയരോഗത്തിനുള്ള പരിശോധന നടത്താനുള്ള പ്രാഥമിക സൂചനയാണ്. ചികിത്സയിലുള്ള രോഗികൾ ശരീരത്തിന്റെ പ്രതിരോധം കൂട്ടുകയും വേണം. ഇതിനായി നല്ല ആഹാരം, നിത്യ വ്യായാമം എന്നിവ ആവശ്യമാണ്.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ പൾമനോളജി & അലർജി കൺസൾട്ടന്റ് ആണ് ലേഖിക)

Content Highlights:know about these Lung diseases, Asthma, COPD, Pneumonia, Interstitial Lung Disease,Tuberculosis,