കാറും കോളും കൊണ്ട് ആകെ അലങ്കോലമായ ഈ കഴിഞ്ഞ ആഴ്ച ഒരു മെസേജ് വന്ന് വാതില്‍ക്കല്‍ മുട്ടി. ആവശ്യമല്ല, അത്യാവശ്യമാണ്.. ഒരു കരള്‍ വേണം...ഞെട്ടിയോ? ങാ, ഞാനും ഞെട്ടി... തൊട്ടടുത്ത ദിവസങ്ങളിലൊരിക്കല്‍ അവയവദാനത്തെക്കുറിച്ച് എഴുതിയതുകണ്ട് പ്രിയപ്പെട്ടവരിലാരുടെയോ ആവശ്യം നിറവേറാന്‍ എന്തെങ്കിലും വഴികളുണ്ടോ എന്നറിയാന്‍ എല്ലാ വാതിലുകളും മുട്ടുന്ന കൂട്ടത്തില്‍ ഇവിടെയും എത്തിയതാണ്.

പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഒന്ന് ജീവനുള്ള ദാതാവില്‍നിന്ന് കരള്‍ ലഭിക്കുക. അതിനു ശ്രമിക്കുമ്പോള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ തയ്യാറാവണം. അവരില്‍നിന്ന് ലഭിക്കാതെവന്നാല്‍ സന്മനസ്സുള്ള മറ്റുള്ളവര്‍. ഇനി അതല്ല എങ്കില്‍ മരണാനന്തര അവയവദാനമാണ് അടുത്ത വഴി.

''അതേ, ഒരു കാര്യം ചോദിച്ചാ വഴക്കു പറയല്ല്'' പ്രസവമൊക്കെക്കഴിഞ്ഞ് കുഞ്ഞുമായി ഇരിക്കുന്ന നല്ല പാതിയെ കാണാന്‍ ഒരിക്കല്‍ വീട്ടില്‍ പോയപ്പൊ പതിവുപോലെ അവള്‍ സംസാരത്തിനു തുടക്കമിട്ടു... ''ഉം, അപ്പൊ എന്തോ വള്ളിക്കെട്ടാണ്. അല്ലെങ്കില്‍ എന്തോ കുനഷ്ട് ഒപ്പിച്ചിട്ടുണ്ട്...''

''ങാ, പറ. എന്നിട്ട് തീരുമാനിക്കാം''-കിടക്കട്ടെ ഒരു മുന്‍ കരുതല്‍..

''ഈ വൃക്കേം കരളുമൊക്കെ എടുക്കാന്‍ ഓരോരുത്തരെ വണ്ടി ഇടിപ്പിച്ച് കൊല്ലുംന്ന് കേട്ടതൊക്കെ ശരിയാണോ?'' ...ദേ കെടക്കുന്നൂ ചട്ടീം കലോം. എന്നോട് ചോദിച്ചത് ഇരിക്കട്ടെ, വേറാരോടും ഇനി ഈ ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞശേഷം ഒരു തുടരന്വേഷണം നടത്തിയ വഴിക്കാണ് മനസ്സിലായത് വാട്‌സാപ് വഴി പ്രചരിച്ചുവന്ന ഒരു കഥയാണത്രേ അത്..

സോഷ്യല്‍ മീഡിയ ഒരു നല്ല കാര്യത്തെ എങ്ങനെ ചവിട്ടിയരയ്ക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് കേരളത്തിലെ മരണാനന്തര അവയവദാനക്കണക്കുകള്‍. മസ്തിഷ്‌കമരണം സംഭവിച്ചയാളില്‍നിന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ശേഷം ബന്ധുക്കളുടെ സമ്മതത്തോടെ നിശ്ചിത സമയത്തിനുള്ളില്‍ അവയവങ്ങള്‍ സ്വീകരിച്ച് സ്വീകര്‍ത്താവിലേക്ക് നല്‍കുന്ന രീതിയെയാണ് മരണാനന്തര

അവയവദാനമെന്ന് പറയുന്നത്.

വെറുതേ ഒരാള്‍ അങ്ങ് ചെന്ന് ചോദിച്ചാല്‍ അവയവം ലഭിക്കില്ല. മരണാനന്തര അവയവദാനം വളരെയധികം നിബന്ധനകള്‍ക്ക് വിധേയമായി സുതാര്യമായി നടക്കുന്ന ഒന്നാണ്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ് (KNOS) അഥവാ മൃതസജ്ജീവനി വഴിയാണ് കേരളത്തില്‍ മരണാനന്തര അവയവദാനം സാധ്യമാക്കുന്നത്. മസ്തിഷ്‌കമരണം നിര്‍ണയിക്കുന്നതും സര്‍ക്കാര്‍ ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധരുടെ ഒരു പാനലാണ്.

എന്നുവച്ചാല്‍ വണ്ടിയിടിച്ച് കൊല്ലുന്നതൊക്കെ സിനിമയിലേ നടക്കൂ എന്ന്...

ഒരാളുടെ അവയവങ്ങള്‍ ഒന്നിലധികം പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്.

കേരള പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ വാഹനാപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ഒരു വര്‍ഷം 4000-ത്തിനു മുകളിലാണ്. എന്നുെവച്ചാല്‍ വീട്ടില്‍ നിന്നിറങ്ങുന്ന പതിനായിരത്തിലൊരാള്‍ തിരിച്ചെത്തുന്നില്ല എന്ന്. ഇതില്‍ കുറെപ്പേര്‍ക്കെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചെന്നിരിക്കാം. അപകടമരണങ്ങള്‍ കാരണമല്ലാതെ അസുഖങ്ങള്‍ കൊണ്ട് മസ്തിഷ്‌കമരണം സംഭവിക്കുന്നവര്‍ വേറെയുണ്ട്. പക്ഷേ, അവര്‍ക്ക് മരണശേഷവും ജീവിക്കാന്‍ അവസരമുണ്ടാകണമെങ്കില്‍

ജീവിച്ചിരിക്കുന്നവര്‍ കനിയണം. അതൊരു വല്ലാത്ത അവസ്ഥയാണ്. ചോദിക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും.

പ്രിയപ്പെട്ടയാള്‍ നഷ്ടപ്പെട്ട ദുഃഖത്തിലിരിക്കുന്നവരോടാണ് അവരുടെ പ്രിയപ്പെട്ടവരുടെ ഒരു ഭാഗം മറ്റൊരാള്‍ക്ക്, ഒരുപക്ഷേ, ഒരിക്കലും അറിയുകപോലുമില്ലാത്ത ആരോ ഒരാള്‍ക്ക് നല്‍കാമോ എന്ന് ചോദിക്കേണ്ടത്. ആ ദുഃഖം മറികടന്നാണ് അവരത് നല്‍കേണ്ടതും. കൗണ്‍സലിങ്ങടക്കം നല്‍കേണ്ടതുണ്ട്. അവയവം മാറ്റിവെക്കുന്നതും മസ്തിഷ്‌കമരണം നിര്‍ണയിച്ചതിനു ശേഷം അതുവരെ ദാതാവിന്റെ അവയവങ്ങള്‍ക്ക് കേടുപാടുണ്ടാവാതെ കാത്തുെവക്കുന്നതും അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതും തുടര്‍ന്നുള്ള ചികിത്സകളും സങ്കീര്‍ണതകളുള്ളത് തന്നെയാണ്. അത് രോഗിയെയും കൂടെയുള്ളവരെയും ബോധ്യപ്പെടുത്തിത്തന്നെയാണ് നടത്തുന്നതും.

അവിടേക്ക് സംശയങ്ങളും കുപ്രചരണവും കലക്കിയാലോ? അവയവദാനം നടക്കില്ല അത്രതന്നെ. എല്ലാം മണ്ണോട് മണ്ണായിച്ചേരും. പലതായിരുന്നു ഏഷണികള്‍. അവയവം മാറ്റിവെക്കപ്പെട്ടവരെല്ലാം ഉടനടി മരിക്കുകയാണെന്ന രീതിയിലെ കുപ്രചാരണം പൊളിക്കാന്‍ അവയവം സ്വീകരിച്ചവര്‍ തന്നെ മുന്നോട്ടുവന്നത് നാം കാണുകയുണ്ടായി കഴിഞ്ഞ വര്‍ഷം. അവയവദാനത്തെക്കുറിച്ചുള്ള അവബോധം കൂടുന്നതനുസരിച്ച് ബോധവത്കരണത്തിന്റെയും മസ്തിഷ്‌കമരണം സര്‍ട്ടിഫൈ ചെയ്യുന്നതിന്റെയും നിരക്ക് ക്രമമായി ഉയരുമെന്നത് ഒരു ലളിതമായ യുക്തി മാത്രമാണ്. എന്നാല്‍, അതും കഥകളുടെ ഭാഗമായി.

സ്വീകരിച്ചുകഴിഞ്ഞുള്ള ജീവിതത്തിലെ മരുന്നുകളെക്കുറിച്ചും മുന്‍ കരുതലുകളെക്കുറിച്ചും പറയുന്നവര്‍ മറന്നേ പോകുന്ന ഒരു ചെറിയ കാര്യമുണ്ട്. അവയവദാനം നടന്നില്ലെങ്കില്‍ ഒരുപക്ഷേ, ജീവന്‍ അവര്‍ക്കുണ്ടാകാനിടയില്ല എന്നത്. വൃക്ക മാറ്റിവെച്ച രോഗികളില്‍ രണ്ടുപേരുടെ ഗര്‍ഭധാരണത്തിനും പ്രസവത്തിനുമൊക്കെ നേരിട്ട് സാക്ഷിയാകാനുള്ള നിയോഗവുമുണ്ടായിരുന്നു. ആ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും സന്തോഷം വേണ്ടാ എന്ന് പറയാന്‍ ആര്‍ക്കാണവകാശം?

ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. മരണാനന്തരം അവയവങ്ങള്‍ നല്‍കാന്‍ താത്പര്യമുണ്ടെങ്കില്‍ http://knos.org.in/DonorCard.aspx എന്ന വെബ് സൈറ്റില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ദാതാവിനുള്ള ഡോണര്‍ കാര്‍ഡ് ലഭിക്കും. അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കുക. അത്രമാത്രം...