Representative Image| Photo: Gettyimages
അസ്ഥികളുടെ ബലക്കുറവും തേയ്മാനവുമാണ് മുട്ടുവേദനയുടെ കാരണങ്ങളില്‍ മുഖ്യം. മുട്ടിനുകൂടുതല്‍ ആയാസം വരുന്ന രീതിയിലുള്ള ജോലിയിലേര്‍പ്പെടുന്നത് തേയ്മാനത്തിലേക്കും അതുവഴി മുട്ടുവേദനയിലേക്കും നയിക്കുന്നു. തണുത്ത അന്തരീക്ഷം, ഇരുന്നുകൊണ്ടുള്ള ജോലി മുതലായവ വേദനയ്ക്ക് ആക്കം കൂട്ടുന്നു.
വളരെയേറെ തണുപ്പുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും മുട്ടുവേദനയിലേക്ക് നയിക്കാം.
ചെറുപ്രായം മുതല്‍ ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ പ്രായം വര്‍ധിക്കുംതോറും സന്ധികളുടെ ആരോഗ്യത്തില്‍, പ്രത്യേകിച്ചും കാല്‍മുട്ടിന് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍
- കാല്‍മുട്ടിനുചുറ്റും നീര് കാണാം. പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതാവില്ല ഇത്. വളരെപ്പതുക്കെ, വേദനയോടൊപ്പം നീരും കൂടിവരുകയാണ് ചെയ്യുക. ചിലരില്‍ നീരുള്ള ഭാഗത്ത് ചുവപ്പുനിറവും തൊടുമ്പോള്‍ വേദനയും കാണാറുണ്ട്.
- നടക്കുമ്പോള്‍ ഉള്ളില്‍ എന്തോ പൊട്ടുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്നുവെന്ന് ചിലര്‍ പറയാറുണ്ട്. ഇതിനെ തേയ്മാനത്തിന്റെ ലക്ഷണമായി കണക്കാക്കാം.
- കാല്‍മുട്ടുവേദനയുടെ കൂടെത്തന്നെ മറ്റ് സന്ധികളിലും വേദന, പ്രത്യേകിച്ച് കൈ വിരലുകളിലും കാല്‍വിരലുകളിലും. ഇത്തരത്തിലുള്ള വേദനകള്‍ വാതരക്തത്തിന്റെ ലക്ഷണമാകാം.
മുട്ടുവേദനയുടെ ചികിത്സയ്ക്ക് മൂന്നുഘട്ടങ്ങളുണ്ട്.
- മുട്ടില്‍ നീര്, ചുവപ്പ് എന്നിവയുണ്ടെങ്കില്‍ അത് പരിഹരിക്കുക.
- ഇതിനായി മരുന്നരച്ചുപുരട്ടല്‍, ധാര തുടങ്ങിയ ചികിത്സാരീതികള്‍ അവലംബിക്കാറുണ്ട്.
- വേദന ഇല്ലാതാക്കുക. മുട്ടില്‍ അനുഭവപ്പെട്ടിരുന്ന നീര് തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാതായശേഷം വേദന മാറ്റാനായി മരുന്നുകള്‍ പ്രയോഗിക്കാം. എണ്ണ പുരട്ടല്‍ പോലുള്ളവ ഈ ഘട്ടത്തില്‍ ഫലപ്രദമായിരിക്കും.
- ചലനശേഷി വീണ്ടെടുക്കുക. വേദനമൂലം മുട്ടിന് അധികം ചലനങ്ങള്‍ ഇല്ലാതിരിക്കുന്നതോടെ ചുറ്റുമുള്ള പേശികള്‍ക്കും ക്ഷീണം ഉണ്ടാകാം. അതിനാല്‍ വേദന മാറിയാലും ചലനശേഷി സ്ഥിതിയില്‍ എത്തുകയില്ല. ചലനശേഷി വീണ്ടെടുക്കാനായി ചില വ്യായാമമുറകള്‍ ശീലിക്കുന്നത് പ്രയോജനകരമാണ്.
രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍, അല്ലെങ്കില്‍ സങ്കീര്‍ണമല്ലാത്ത സാഹചര്യങ്ങളില്‍ മരുന്നുകള്‍ സേവിക്കുന്നത് കൊണ്ടുതന്നെ ഫലപ്രാപ്തി ലഭിക്കാം. രാസ്‌നാസപ്തകം കഷായം, ധന്വന്തരം കഷായം, രാസ്‌നേരണ്ഡാദി കഷായം, യോഗരാജ ഗുഗ്ഗുലു മുതലായവ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ്. എല്ലാ മുട്ടുവേദനയ്ക്കും ഇവയാണ് മരുന്ന് എന്ന് ഇതിനര്‍ഥമില്ല. ശരീരത്തിന്റെ ആന്തരിക അന്തരീക്ഷം കൂടെ പരിഗണിച്ചതിനുശേഷമായിരിക്കും മരുന്നുകള്‍ നിശ്ചയിക്കുന്നത്.
എണ്ണതേച്ചാല്‍ മുട്ടുവേദന മാറുമോ?
പൊതുവേയുള്ള ധാരണയാണ് മുട്ടുവേദനയ്ക്ക് എണ്ണതേച്ചാല്‍ മതിയെന്ന്. ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല.
നീര്, തൊടുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങളുള്ളപ്പോള്‍ തൈലം പുരട്ടുന്നത് സുഖകരമാകണം എന്നില്ല. കൂടാതെ ദേഹത്തിന്റെ അവസ്ഥയും കാല്‍മുട്ടിലെ രോഗത്തിന്റെ സ്ഥിതിയും കണക്കാക്കി ആയിരിക്കും തൈലം നിര്‍ദേശിക്കുന്നത്. തുടര്‍ച്ചയായി അതുതന്നെ ഉപയോഗിക്കുന്നതും ഉചിതമല്ല.
ചിഞ്ചാദിതൈലം, സഹചരാദിതൈലം, ധാന്വന്തരം തൈലം, കേതകീമൂലാദി തൈലം തുടങ്ങിയ മുട്ടുവേദനയ്ക്ക് പ്രയോജനപ്പെടുന്നവയാണ്.
കിടത്തിചികിത്സയുടെ പ്രസക്തി
മുട്ടുവേദന ദീര്‍ഘകാലമായി തുടരുകയും എല്ലുകളുടെ സ്വാഭാവികതയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മരുന്നുകള്‍ സേവിച്ചതുകൊണ്ടുമാത്രം നല്ല വ്യത്യാസം ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ സാഹചര്യങ്ങളില്‍ ക്രിയാക്രമങ്ങള്‍ പ്രയോഗിക്കാവുന്നതാണ്.
വസ്തി
വാതം എന്ന ഘടകമാണ് ശരീരത്തിന്റെ ചലനത്തെയും അസ്ഥിസന്ധികളുടെ ആരോഗ്യത്തെയും നിലനിര്‍ത്തുന്നത്. വസ്തി(അഥവ ഗുദമാര്‍ഗത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ഔഷധങ്ങളിലൂടെ) വാതത്തെ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഉത്തമമാണ്.
കിഴികള്‍
പൊടിക്കിഴി, ഇലക്കിഴി, നാരങ്ങക്കിഴി, നവരക്കിഴി തുടങ്ങിയവ അവസ്ഥയ്ക്കനുസരിച്ച് പ്രയോഗിക്കാം. ഇവ സര്‍വശരീരഗതമായും കാല്‍മുട്ടില്‍ മാത്രം എന്ന രീതിയില്‍ സ്ഥാനികമായും പ്രയോഗിക്കാറുണ്ട്.
ജാനുവസ്തി
കാല്‍മുട്ടിന് മുകളില്‍ ഒരു തടം ഉണ്ടാക്കി അതിനുള്ളില്‍ ചൂടുള്ള തൈലം നിലനിര്‍ത്തുന്ന ചികിത്സാരീതിയാണിത്.
ജാനുധാര
ചൂടുള്ള തൈലം കാല്‍മുട്ടിന് മുകളിലൂടെ പിഴിഞ്ഞുവീഴ്ത്തുന്ന രീതി.
വീണ്ടും വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍
മിക്കവാറും രോഗികളില്‍ കാല്‍മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണമായി കാണുന്നത് എല്ലുകളുടെ തേയ്മാനമാണ്. അതുകൊണ്ടുതന്നെ വീണ്ടും വേദന അധികരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതൊഴിവാക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം.
- കാല്‍മുട്ടിന്റെ ചലനശേഷിയും അതിനുചുറ്റുമുള്ള പേശികളുടെ ആരോഗ്യവും നിലനിര്‍ത്തുന്ന രീതിയിലുള്ള വ്യായാമമുറകള്‍ ശീലിക്കുക.
- ആഹാരങ്ങളില്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഹിതകരമായവ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
- സ്ഥിരമായി ഒരേ രീതിയില്‍ മുട്ടുവെക്കുന്നത് കഴിവതും ഒഴിവാക്കുക.
മുട്ടിന് ഏല്‍ക്കുന്ന പരിക്കുകള്‍
ആയുര്‍വേദത്തില്‍ മര്‍മസ്ഥാനമായാണ് കാല്‍മുട്ടുസന്ധിയെ കണക്കാക്കുന്നത്. അടി, ഇടി, വീഴ്ച എന്നിവ മൂലം ജാനുമര്‍മസ്ഥാനങ്ങളിലുണ്ടാകുന്ന ക്ഷതങഅങള്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ സ്ഥിരവൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വീഴ്ചമൂലം മുട്ടിനുണ്ടാകുന്ന പരിക്കുകളെ ഘടനാപരമായി രണ്ടായി തരംതിരിക്കാവുന്നതാണ്.
സോഫ്റ്റ് ടിഷ്യുവിലുണ്ടാകുന്ന പരിക്കുകള്‍
ലിഗ്മെന്റുകളിലുണ്ടാകുന്ന കീറലുകള്‍, ഉളുക്ക്, മെനിസ്‌കസുകളില്‍ സംഭവിക്കുന്ന വിള്ളലുകള്‍, ബഴ്‌സയിലുള്ള വീക്കങ്ങള്‍, സ്‌നായുക്കള്‍ അസ്ഥിയില്‍ നിന്ന് വിട്ടുപോകുന്ന, അഥവാ വലിഞ്ഞുപോകുന്ന, അവസ്ഥ എന്നിവയെല്ലാം സോഫ്റ്റ് ടിഷ്യു പരിക്കുകളുടെ ഗണത്തില്‍പ്പെടുന്നു.
ഹാര്‍ഡ് ടിഷ്യു പരിക്കുകള്‍
കാല്‍മുട്ടുമായി ബന്ധപ്പെട്ട അസ്ഥിയിലുണ്ടാകുന്ന പരിക്കുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. തുടയെല്ല്, കണങ്കാല്‍ എല്ല്, മുട്ടുചിരട്ട എന്നീ അസ്ഥികളിലുണ്ടാകുന്ന ഒടിവ്, വീഴ്ച മൂലം അസ്ഥികളിലുണ്ടാകുന്ന സ്ഥാനഭ്രംശം ഇവയെല്ലാം കാല്‍മുട്ടുസന്ധിയില്‍ ഗുരുതരമായ പരിക്കുകളുണ്ടാക്കുന്നു.
പരിക്കുകളുടെ അടിസ്ഥാനത്തില്‍ കാല്‍മുട്ടിനുണ്ടാകുന്ന പ്രശ്‌നങ്ങളെ രണ്ടായി തരംതിരിക്കാം. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, വീഴ്ച എന്നിവമൂലം കാല്‍മുട്ടിലെ സോഫ്റ്റ് ടിഷ്യുവിലും എല്ലുകളിലുമുണ്ടാവുന്ന തകരാറുകള്‍ അഥവാ, അക്യൂട്ട് ഇന്‍ജുറി എന്നിങ്ങനെ.
പെട്ടെന്നുണ്ടാകുന്ന പരിക്കുകളില്‍ ആദ്യത്തെ ലക്ഷണം വേദനയാണ്. വേദനയോടൊപ്പം മുട്ടിനുചുറ്റും നീര്‍ക്കെട്ടും ഉണ്ടാകാം. കാല്‍മുട്ടിന് മുന്‍വശം, ചിരട്ടയുടെ രണ്ടുവശങ്ങള്‍, കാല്‍മുട്ടിന്റെ പിറകുവശം എന്നിവിടങ്ങളിലാണ് സാധാരണയായി നീര്‍ക്കെട്ടുണ്ടാകാറുള്ളത്.
കാല്‍മുട്ട് പൂര്‍ണമായും മടക്കാനും നിവര്‍ത്താനുമുള്ള ബുദ്ധിമുട്ട്, മുട്ട് മടക്കുകയും നിവര്‍ത്തുകയും ചെയ്യുമ്പോള്‍ മുട്ടിനുള്ളില്‍ നിന്നും ചെറിയ ശബ്ദം, നടക്കുകയും പടികള്‍ കയറുകയും ചെയ്യുമ്പോള്‍ മുട്ടിനുണ്ടാകുന്ന ബലക്കുറവ്, ദീര്‍ഘനേരം നടക്കുമ്പോള്‍ ഇടയ്ക്കിടെ കാല്‍മുട്ട് മടങ്ങിപ്പോവുക എന്നിവയൊക്കെയാണ് പരിക്കിന്റെ അനുബന്ധ ലക്ഷണങ്ങള്‍.
ചികിത്സ
രോഗിയുടെ ശാരീരികമായ പ്രത്യേകതകള്‍ വ്യക്തമായി വിലയിരുത്തിയതിനുശേഷമാണ് ആയുര്‍വേദത്തില്‍ ചികിത്സാവിധി തീരുമാനിക്കുന്നത്. പലപ്പോഴും ചികിത്സ പൂര്‍ണമാകുന്നത് എക്‌സര്‍സൈസ് തെറാപ്പിയും ചേരുമ്പോഴാണ്.
അക്യൂട്ട് ഇഞ്ചുറി വന്നാല്‍ ചെയ്യാവുന്ന ചികിത്സാരീതികള്‍
- വീഴ്ചയ്ക്കുശേഷം കാലുകള്‍ അനക്കാതിരിക്കുക/ കാല്‍മുട്ടു സന്ധിക്ക് കൂടുതല്‍ ചലനം കൊടുക്കാതിരിക്കുകയെന്നതാണ് ചികിത്സയുടെ ആദ്യഭാഗം.
- വീഴ്ച പറ്റിയ ഉടന്‍തന്നെ ഐസ് വെക്കുന്ന രീതിയാണുള്ളത്. മെഡിക്കേറ്റഡ് ഐസെന്ന രീതിയില്‍ മുറിവെണ്ണ ഐസ് രൂപത്തിലാക്കി കാല്‍മുട്ടിലുപയോഗിക്കുന്നതും നല്ലതാണ്.
- വ്യക്തമായി പരിശോധിച്ച് നീര്‍ക്കെട്ടും വേദനയും കുറയ്ക്കാനായി മര്‍മ്മാണി ഗുളിക, നാഗാരാദിചൂര്‍ണം മുതലായ മരുന്നുകള്‍ കാല്‍മുട്ടില്‍ ലേപനം ചെയ്യുന്നു.
- നീര്‍ക്കെട്ട് കുറഞ്ഞതിനുശേഷം കാല്‍മുട്ടില്‍ മുറിവെണ്ണ ഉപയോഗിച്ച് മെഡിക്കേറ്റഡ് ബാന്‍ഡേജ് ചെയ്യുന്നു.
- വീഴ്ചമൂലമുണ്ടാവുന്ന ചെറിയ ചതവുകള്‍, ഉളുക്കുകള്‍ എന്നിവ 10 മുതല്‍ 14 ദിവസത്തെ ചികിത്സാരീതികള്‍ കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്തിയെടുക്കാവുന്നതാണ്.
- ലിഗ്മെന്റ് ടിയറുകളിലും മെനിസ്‌കസ് ടിയറുകളിലും തുടക്കത്തില്‍ മേല്പറഞ്ഞ ചികിത്സാവിധികള്‍ തന്നെയാണ് അവലംബിക്കുന്നത്. ശേഷം, രോഗിയുടെ ലക്ഷണവും കാല്‍മുട്ടിന്റെ അവസ്ഥയും മനസ്സിലാക്കി ജാനുധാര, ജാനുവസ്തി, നവരതേപ്പ്, അഭ്യംഗം എന്നീ ചികിത്സാമുറുകള്‍ ചെയ്യുന്നു.
Content Highlights: Knee Pain symptoms treatments, Knee Pain Ayurveda Management
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..