വേ​ഗത്തിൽ നടന്നാലോ പടി കയറുമ്പോഴോ കഠിനമായ മുട്ടുവേദന; കാരണങ്ങളും ചികിത്സയും


പി.വി സുരാജ്

3 min read
Read later
Print
Share

തെറ്റായ ആഹാര-ജീവിതശീലങ്ങളും വ്യായാമക്കുറവും എല്ലാമാണ് മുട്ടുവേദന കൂടാൻ ഇടയാക്കിയത്. 

Representative Image| Photo: Gettyimages.in

രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേ​ഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്. മധ്യവയസ്സായ സ്ത്രീകൾക്കിടയിൽ മുട്ടുവേദന വല്ലാതെ കൂടുന്നുണ്ട്.

മുൻപെല്ലാം വാർധക്യമാകുമ്പോഴായിരുന്നു മുട്ടുവേദന വരാറുണ്ടായിരുന്നത്. ഇപ്പോൾ ചെറുപ്രായക്കാരിൽ പോലും ഇത് കാണുന്നു. തെറ്റായ ആഹാര-ജീവിതശീലങ്ങളും വ്യായാമക്കുറവും എല്ലാമാണ് മുട്ടുവേദന കൂടാൻ ഇടയാക്കിയത്.

പൊതുവേ അമിതവണ്ണമുള്ളവരിലാണ് മുട്ടുവേദന കഠിനമാകാറുള്ളത്. 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ മുട്ടിന് മുൻഭാ​ഗത്ത് വേദന(Chondromalacia patella) കാണാറുണ്ട്. ചിരട്ടയുടെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് കാരണം. ​ഗർഭകാലത്തിന്റെ അവസാനഘട്ടത്തിൽ സ്ത്രീകളിലെ സന്ധികളെല്ലാം തന്നെ അയഞ്ഞിരിക്കാറുണ്ട്. അതിന്റെ ഭാ​ഗമായും മുട്ടുവേദന വന്നേക്കാം. ചിലരിൽ പ്രസവശേഷമായിരിക്കും വേദന. ആർത്തവവിരാമം, അസ്ഥിക്ഷയം, പേശികൾ, ലി​ഗമെന്റുകൾ എന്നിവയിലെ തകരാറുകൾ എന്നിവയെല്ലാം സ്ത്രീകളിൽ മുട്ടുവേദനയ്ക്ക് കാരണമാണ്.

വേദന വന്നാൽ

Also Read

നിസ്സാരമല്ല ലൂപസ്;ആന്തരിക അവയവങ്ങളെ സാരമായി ...

മുട്ടുവേദനയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ വേദനയുടെ കാഠിന്യം കുറയ്ക്കാൻ കഴിയും. വേദന അനുഭവപ്പെട്ടു തുടങ്ങിയാൽ ജനറൽ മെഡിസിൻ ഡോക്ടറെയോ ഫിസിക്കൽ മെഡിസിൻ സ്പെഷലിസ്റ്റിനെ(ഫിസിയാട്രിസ്റ്റ്)യോ സമീപിക്കാം. എക്സറേ പരിശോധനയിലൂടെ പ്രധാന പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയും. ലി​ഗമെന്റ്, പേശികൾ എന്നിവയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചിലപ്പോൾ എം.ആർ.ഐ സ്കാൻ ആവശ്യമായേക്കാം.

ജീവിതശൈലി മാറ്റാം

മുട്ടുവേദന കുറയ്ക്കാൻ ജീവിതശൈലീ ക്രമീകരണമാണ് പ്രധാനം. ശരീരഭാരം കൂടുമ്പോൾ കാൽമുട്ടിന് സമ്മർദം വർധിക്കും. അതുകൊണ്ട് അമിതവണ്ണം നിയന്ത്രിക്കണം. എത്ര ഭക്ഷണം കഴിക്കാം, എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം എന്നുള്ള കാര്യം ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കണം.

ബ്രേസുകൾ ഉപയോ​ഗിക്കാം

  • മുട്ടുവേദനയുള്ളവരിൽ ദൈനംദിനപ്രവർത്തനങ്ങൾ സു​ഗമമായി നടത്താൻ ബ്രേസുകൾ സഹായിക്കും
  • മുട്ടിന് സംരക്ഷണം നൽകുന്ന പ്രത്യേകമായി നിർമിച്ച ഉറകളാണ് ബ്രേസുകൾ.
  • ഇവ മുട്ടിനെ പൂർണമായി പൊതിഞ്ഞുസംരക്ഷിക്കുന്നു. ചിരട്ടയുടെ ഭാ​ഗം പുറത്തേക്ക് കാണും വിധമുള്ളത്, ഒട്ടിക്കുന്ന തരത്തിലുള്ളത് തുടങ്ങി പലതരത്തിലുള്ള ബ്രേസുകൾ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം വേണം ഇവ ഉപയോ​ഗിക്കാൻ.
പെട്ടെന്നുള്ള മുട്ടുവേദനയ്ക്ക്

  • പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കൽ എന്നീ മാർ​ഗങ്ങൾ ഫലപ്രദമാണ്.
  • ഐസ്ക്യൂബുകൾ ഒരു തുണിയിൽ കെട്ടി വേദനയുള്ള ഭാ​ഗത്ത് അമർത്തിവെക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കിൽ ഏറ്റവും ഫലപ്രദമായ മാർ​ഗമാണ് ഇത്. മുട്ടിന്റെ മുൻഭാ​ഗത്തും പിൻഭാ​ഗത്തും ഐസ്പാക്ക് വയ്ക്കണം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതുവരെ ഇതുതുടരാം.
  • കാൽമുട്ടിന് നീരില്ലെങ്കിൽ തുണി ചൂടുവെള്ളത്തിൽ മുക്കിയോ ഹോട്ട്ബാ​ഗ് ഉപയോ​ഗിച്ചോ ചൂടുപിടിക്കാം
മുട്ടിനുള്ള വ്യായാമങ്ങൾ

  • മുട്ടുവേദനയുള്ള ചിലരെങ്കിലും വേദന കുറയ്ക്കാനായി തീരെ അനങ്ങാതിരിക്കുകയോ പൂർണവിശ്രമമെടുക്കുകയോ ചെയ്യാറുണ്ട്. ഇത് ശരിയല്ല. ഒട്ടും നടക്കാതിരുന്നാൽ കാൽമുട്ടിനെ സഹായിക്കുന്ന പേശികളുടെ ബലം കുറഞ്ഞേക്കാം. അതുകൊണ്ടുതന്നെ പേശികൾക്ക് ബലം നൽകുന്ന ലഘുവ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.
  • ഒരു കസേരയിൽ ഇരുന്നശേഷം കാലുകൾ കഴിയുന്നത്ര പിന്നോട്ടും മുന്നോട്ടും ചലിപ്പിക്കുക
  • ചരിഞ്ഞുകിടന്ന് കാൽ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അതുപോലെ മുന്നിലേക്കും ചലിപ്പിക്കാം.
  • കാൽനീട്ടിയിരിക്കുക. മുട്ടിന് അടിയിൽ ചെറിയൊരു ടവൽ ചുരുട്ടിവവെക്കാം. ഇതിൽ കാൽമുട്ടിന്റെ ഭാ​ഗംകൊണ്ട് അമർത്താം
ചികിത്സകൾ

  • മുട്ടുവേദന കുറയ്ക്കാൻ സഹായിക്കുന്ന ലേപനങ്ങളും ​ഗുളികകളുമുണ്ട്. അവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ.
  • വേദനസംഹാരികൾ മുട്ടുവേദന കുറച്ചുസമയത്തേക്ക് കുറച്ചേക്കാം. എന്നാൽ അവയുടെ ദീർഘകാല ഉപയോ​ഗം നല്ലതല്ല.
  • തരുണാസ്ഥിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വിറ്റാമിൻ സപ്ലിമെന്റുകൾ നല്ലതാണ്.
  • മരുന്നുകളിലൂടെ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ മുട്ടിൽ കോർട്ടിക്കോസ്റ്റിറോയ്ഡ് കുത്തിവെപ്പ് ചെയ്യാറുണ്ട്. നീർക്കെട്ട് കുറയ്ക്കാനാണിത്.
  • മുട്ടുതേയ്മാനം തടയുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ(പി.ആർ.പി) റീജനറേറ്റീവ് തെറാപ്പിയും ഫലപ്രദമാണ്.
മുട്ടു മാറ്റിവെക്കാം

  • മരുന്നുകളും വ്യായാമങ്ങളും മറ്റു ചികിത്സകളും ഫലിക്കാതെ വരുമ്പോൾ കാൽമുട്ട് മാറ്റിവെക്കുകയാണ് വഴി. വേദനയുള്ള കാൽമുട്ടിന് പകരം പ്രത്യേകതരം ലോഹ​സങ്കരങ്ങൾ ചേർത്തുണ്ടാക്കിയ കൃത്രിമമുട്ട് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
  • എക്സറേ, എം.ആർ.ഐ പരിശോധനകളിലൂടെ മുട്ടിന്റെ സ്ഥിതി ആദ്യം പരിശോധിക്കും, തുടർന്നാണ് കൃത്രിമമുട്ട് ഘടിപ്പിക്കുന്നത്.
  • ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുമുതൽ അഞ്ചുമാസത്തിനകം തന്നെ രോ​ഗിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയും.
  • രണ്ട് മുതൽ രണ്ടരലക്ഷം രൂപ വരെ ചെലവുള്ളതാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ. ഉപയോ​ഗിക്കുന്ന ഇംപ്ലാന്റിന്റെ ​ഗുണനിലവാരമനുസരിച്ച് ഇതിൽ മാറ്റം വരാം.
  • മുട്ട് മാറ്റിവെച്ച ശേഷവും ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ ചെയ്യേണ്ടി വരും.
വിവരങ്ങൾക്ക് കടപ്പാട്

ഡോ.സൂരജ് രാജ​ഗോപാൽ‌
അസോസിയേറ്റ് പ്രൊഫസർ
ഫിസിക്കൽ മെഡിസിൻ& റീഹാബിലിറ്റേഷൻ
​ഗവ. മെഡിക്കൽ കോളേജ്
കോഴിക്കോട്

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: knee pain symptoms causes and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

3 min

അടിക്കടിയുള്ള തലവേദന, വ്യക്തിത്വ മാറ്റങ്ങള്‍, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

Jun 8, 2023


vomiting

5 min

രാവിലെ ഉണരുമ്പോഴുള്ള ഛർദി, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ; ബ്രെയിൻ ട്യൂമർ, ലക്ഷണങ്ങളും ചികിത്സയും

Jun 7, 2023


headache

4 min

ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?

Jun 8, 2023

Most Commented