-
108 ദിവസത്തിനുള്ളില്‍ 66 കുട്ടികളുടെ ആത്മഹത്യ. ഇതൊരു മുന്നറിയിപ്പാണ്. സമൂഹത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് ഭീതിയോടെ ഓര്‍ക്കാന്‍ ഒരു മുന്നറിയിപ്പ്. അതിനുള്ള കാരണങ്ങള്‍ ഒറ്റനോട്ടത്തില്‍ നിസ്സാരമാകാം.
മലപ്പുറം ഇരിമ്പിളിയത്ത് ഒന്‍പതാംക്ലാസുകാരി ദേവിക ജീവനൊടുക്കിയതിന്റെ വാര്‍ത്തയോടെയാണ് ഇക്കൊല്ലം സ്‌കൂള്‍ വര്‍ഷം തുടങ്ങിയതുതന്നെ. ടെലിവിഷന്‍ പ്രവര്‍ത്തിക്കാതിരുന്നതിനാലും സ്മാര്‍ട്ട്ഫോണിന്റെ റീച്ചാര്‍ജ്കാലാവധി അവസാനിച്ചതിനാലും ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയതിന്റെ സങ്കടമായിരുന്നു കാരണം.
ദേവികയെപ്പോലെ മരണവഴി തിരഞ്ഞെടുത്ത 65 പേര്‍ക്കും ഇത്തരത്തില്‍ ഓരോ കാരണങ്ങളുണ്ടായിരുന്നു. മിക്കവയും പരിഹരിക്കപ്പെടാവുന്നവയും. അത് സമയത്ത് കണ്ടറിഞ്ഞ് പോംവഴിയുണ്ടാക്കാന്‍, കുട്ടികള്‍ക്ക് താങ്ങാവാന്‍ കഴിയാതെപോയി. എവിടെയൊക്കെയോ വീഴ്ചപറ്റിയെന്നര്‍ഥം.
അവഗണിക്കപ്പെടുന്ന മനസ്സ്
ശാരീരികാരോഗ്യത്തിന് ഊന്നല്‍നല്‍കുന്നകാലത്ത് മാനസികാരോഗ്യം തീരെ അവഗണിക്കപ്പെടുന്നു. ഇത് അതിഗുരുതരമാണെന്ന് ആരോഗ്യ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ചൂണ്ടിക്കാട്ടുന്നു. വേനലവധിയും കളിയും യാത്രകളും മറ്റു സന്തോഷങ്ങളും നഷ്ടപ്പെട്ട കുട്ടികളുടെ മനസ്സ് തളര്‍ന്നെന്നത് നേരാണ്. മാതാപിതാക്കളോട് പങ്കിടാനാവാത്ത അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും കൂട്ടുകാരോടോ അധ്യാപകരോടോ മറ്റാരോടെങ്കിലുമോ പറയാനാവാതെ കുട്ടികളും ലോക്കിലായി. അവരുടെ സ്വഭാവത്തില്‍, പെരുമാറ്റത്തില്‍, ചലനത്തില്‍ ഒക്കെ മാറ്റംവന്നു. കോവിഡ് കാലത്തെ മാറ്റങ്ങള്‍ കുട്ടികളെ വല്ലാതെ സമ്മര്‍ദത്തിലാക്കിയെന്നു ചുരുക്കം.
മരണം ഒഴിവാക്കാമായിരുന്നതാണോ എന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ആശുപത്രികളില്‍ ഡെത്ത് ഓഡിറ്റ് ഇപ്പോഴുണ്ട്. ഒപ്പം ഒന്നുകൂടി വേണമെന്ന് ഡോ. എം.കെ.സി. നായര്‍ പറയുന്നു, അത് മനഃശാസ്ത്രപരമായ പോസ്റ്റ്മോര്‍ട്ടമാണ്. കുട്ടികളുടെ ഫോണുകള്‍, ബുക്കുകള്‍, ഡയറികള്‍, സാമൂഹികമാധ്യമങ്ങളിലെ ഉപയോഗം, കൂട്ടുകാര്‍ എന്നിവയില്‍നിന്നൊക്കെ ഇത് സാധ്യമാക്കാം.
ശൈലി മാറണം
വീടുകളിലുള്ള പ്രശ്‌നങ്ങളുടെ ലക്ഷണമാണ് കുട്ടികളിലൂടെ കാണപ്പെടുന്നതും പുറത്തുവരുന്നതും. അവര്‍ നേരിടുന്ന പ്രതിസന്ധി കോവിഡ് കാലത്ത് മാത്രമുള്ളതുമല്ല. വിദ്യാലയങ്ങള്‍ അടച്ചിട്ടപ്പോള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞതിന്റെ ആദ്യത്തെ സന്തോഷം ക്രമേണ കുറഞ്ഞിരിക്കണം. അച്ഛനമ്മമാര്‍ക്ക് അപ്പുറത്തൊരു ബദല്‍ അവര്‍ക്കില്ലാതായി. നിസ്സാരകാര്യംമതി അവരുടെ സംഘര്‍ഷം കൂടാനും ജീവിതം വലിച്ചെറിയണമെന്നു തോന്നാനുമെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണ്‍ പറയുന്നു. അതിനാല്‍ കുട്ടികള്‍ക്കുവേണ്ടത് പ്രത്യേക കരുതലാണ്, അവരെ അറിഞ്ഞുള്ള ഇടപെടലാണ്. ഇതിന് മാതാപിതാക്കള്‍ ബോധവാന്മാരാകണം.
ജീവനില്ലാത്ത ഓണ്‍ലൈന്‍
ക്ലാസ്മുറികളിലെ പതിവ് പഠനവുമായി ഓണ്‍ലൈന്‍ ക്ലാസുകളെ താരതമ്യംചെയ്തിട്ടു കാര്യമില്ല. ക്ലാസുകളില്‍ കുട്ടികള്‍ക്കു കിട്ടുന്ന നിരീക്ഷണം ഓണ്‍ലൈന്‍ ക്ലാസില്‍ കിട്ടില്ലെന്നത് സാരമായ പോരായ്മയാണ്. സ്‌കൂളിലെത്തി പഠനം തുടങ്ങുന്നതോടെ, കൂട്ടുകാരുമൊത്തുള്ള കളികളോടെ രാവിലെ മനസ്സില്‍ കയറിക്കൂടിയ സംഘര്‍ഷമൊക്കെ പെട്ടെന്നില്ലാതാകും. വീട്ടിലെ പ്രശ്‌നങ്ങളും മറക്കും. കടുത്തസംഘര്‍ഷമോ ഇച്ഛാഭംഗമോ ഉള്ള കുട്ടികളെ അധ്യാപകരോ സഹപാഠികളോ കണ്ടെത്തുകയും ചെയ്യും. സഹപാഠിയോടുള്ള, ഇഷ്ടപ്പെട്ട കൂട്ടുകാരോടുള്ള മനസ്സുതുറക്കല്‍ ഏറെ പ്രധാനമാണ്.
കാര്യം നിസ്സാരമോ?
66 പേരുടെ മരണകാരണമെടുക്കാം. മാതാപിതാക്കളുടെ ശകാരം, പരീക്ഷയ്ക്കു പഠിക്കാത്തതിന് വഴക്കുപറഞ്ഞത്, സൈക്കിള്‍ വാങ്ങാത്തതിന്റെ വിഷമം, മോഹഭംഗം, പ്രണയം, കുടുംബപ്രശ്‌നം തുടങ്ങിയവയും മറ്റുതരത്തിലുള്ള മാനസിക സമ്മര്‍ദവുമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. 25 പേര്‍ക്ക് പലതരത്തിലുള്ള മാനസികസംഘര്‍ഷം കാരണമായി. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതും സഹോദരങ്ങള്‍ ഫോണ്‍ നല്‍കാത്തതുമൊക്കെ. ഒന്നോ രണ്ടോ പേര്‍ക്ക് പ്രണയം വിഷയമായി. വീട്ടിലെ വഴക്കാണ് 14 പേരെ വിഷമത്തിലാക്കിയതും മരണത്തിലേക്കു തള്ളിവിട്ടതും.
(തുടരും)
Content Highlights: Kids Suicides in Kerala Lockdown, Covid19, Corona Virus outbreak, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..