രു കൊച്ചുകുഞ്ഞിനെയെന്നപോലെ ഡോ. സഖി ജോണിന്റെ നെഞ്ചോരം ചേർന്നുനിന്നു സെൽഫിയെടുക്കുമ്പോൾ ഷാജുവിന്റെ മിഴികൾ നനഞ്ഞിരുന്നു. “അഞ്ചുവർഷംമുമ്പ് മരണത്തിലേക്കു യാത്രയായ എനിക്കു പുതിയൊരു ജീവിതം തന്നയാളാണിത്. എന്റെ ഓരോ ശ്വാസവും ഡോക്ടറുടെ ദാനമാണ്”- വാക്കുകൾ ഇടറുമ്പോൾ ഷാജുവിനെ ഡോ. സഖി ഒന്നുകൂടി ചേർത്തുപിടിച്ചു. അരികിലുണ്ടായിരുന്ന അവരുടെ പ്രിയതമമാരും നനഞ്ഞ കണ്ണുകളോടെ ചിരിച്ചു.

ഡൽഹി ജാമിയ ഹംദർദ് സർവകലാശാലയിലെ അധ്യാപകനായ ഡോ. സഖി ജോൺ തൃശ്ശൂർ പീച്ചി സ്വദേശിയായ ബസ് തൊഴിലാളി ഷാജുവിനു വൃക്ക നൽകാനിടയായത് ഒരു കഥയാണ്. “എന്റെ അപ്പച്ചൻ നൈനാൻ ജോണിന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനംചെയ്തിരുന്നു. പത്തുവർഷങ്ങൾക്കുശേഷം അന്നു നേത്രദാനശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ഞാൻ കണ്ടുമുട്ടി. നിന്റെ അപ്പച്ചനിലൂടെ രണ്ടുപേർ ഇന്നു ലോകം കാണുന്നുവെന്നു ഡോക്ടർ പറഞ്ഞത് മനസ്സിൽകൊളുത്തി. അപ്പോഴാണ് മരണത്തിലേക്കു കടന്നുപോയിക്കൊണ്ടിരിക്കുന്ന ഷാജുവിന്റെ കഥ ഞാൻ കേട്ടത്’’- ഡോ. സഖി ജോൺ പറഞ്ഞു.

2016 ഡിസംബറിലാണ് ഡോ. സഖിയുടെ വൃക്ക ഷാജുവിന്റെ ശരീരത്തിൽ തുന്നിപ്പിടിപ്പിച്ചത്. ശേഷം എല്ലാവർഷവും ഒരുദിവസം ഷാജുവിനെ കാണാൻ ഡോ. സഖി എത്താറുണ്ട്. കഴിഞ്ഞതവണ കോവിഡായതിനാൽ കേരളത്തിലെത്തിയിട്ടും ഷാജുവിനെ കാണാൻ പറ്റിയില്ല. ഇത്തവണ എത്തിയത് സകുടുംബം.

ഷാജുവിനു സർക്കാരിനോട് ഒരുസങ്കടം പറയാനുണ്ട്- “മരണംവരെ ഒരുദിവസംപോലും ഇനി മരുന്ന് മുടക്കാനുമാകില്ല എനിക്ക്. മരുന്നിന് വലിയ തുകയാണ് ജി.എസ്.ടി.യായി നൽകേണ്ടിവരുന്നത്. അതു താങ്ങാൻ ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്കുപറ്റില്ല.’’ ഷാജുവിന്റെ ഈ സങ്കടത്തിന് ഡോ. സഖി ജോണിനും ഉത്തരമില്ല.

Content Highlights: Kidney Transplant, Organ Donation, Health