Image credit: Getty
വൃക്കകളിലോ മൂത്രവാഹിനിക്കുഴലുകളിലോ മൂത്രസഞ്ചിയിലോ കാണുന്ന ഖരരൂപത്തിലുള്ള പദാര്‍ഥമാണ് കല്ലുകള്‍, കാഠിന്യമേറിയവയായതുകൊണ്ടാണ് കല്ലുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ ഉപാപചയ പ്രക്രിയയിലൂടെ കോശങ്ങളില്‍ നിന്ന് ധാതുലവണങ്ങള്‍ നിരന്തരം രക്തത്തില്‍ എത്തുന്നുണ്ട്. ഇതില്‍ ശരീരത്തിന് ആവശ്യമില്ലാത്തവ മൂത്രത്തിലൂടെ പുറത്തുപോവുകയാണ് പതിവ്. ഈ പുറന്തള്ളല്‍ ജോലി ചെയ്യുന്നത് വൃക്കകളാണ്. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്സലേറ്റ്, ഫോസ്ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. വൃക്കയില്‍ രൂപംകൊള്ളുന്ന കല്ലുകള്‍ പിന്നീട് നീങ്ങി മാത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ എത്താം.
ചികിത്സ കല്ലിന്റെ വലുപ്പവും നോക്കി
കല്ലിന്റെ സ്ഥാനം, വലുപ്പം, അത് വൃക്കയില്‍ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതില്‍ താഴെയുള്ളതോ ആയ കല്ലാണ് എങ്കില്‍, വൃക്കയ്ക്ക് ബ്ലോക്കില്ല എങ്കില്‍ അത് മൂത്രത്തിലൂടെ പോകുന്നുണ്ടോ എന്ന് നാല് ആഴ്ചവരെ നോക്കാം. അപ്പോള്‍ ധാരാളം വെള്ളം കുടിക്കാനും ഭക്ഷണനിയന്ത്രണത്തിനും നിര്‍ദേശിക്കും. ഇതോടൊപ്പം മൂത്രവാഹിനിക്കുഴല്‍ അല്പം വികസിപ്പിക്കാന്‍ സഹായിക്കുന്ന ചില മരുന്നുകള്‍ (ആല്‍ഫ ബ്ലോക്കറുകള്‍) നല്‍കാറുണ്ട്. കല്ല് തടസ്സംകൂടാതെ മൂത്രവാഹിനിക്കുഴലിലൂടെ കടന്നുപോകാന്‍ ഇത് സഹായിക്കും. കല്ല് തടസ്സപ്പെടുന്ന ഭാഗത്തെ നീര്‍ക്കെട്ട് ഒഴിവാക്കാനും മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. കല്ല് നീക്കാന്‍ ഓപ്പണ്‍ സര്‍ജറി ഇപ്പോള്‍ ആവശ്യമായി വരുന്നില്ല എന്നുതന്നെ പറയാം. പുതിയ രീതികള്‍ നിലവിലുണ്ട്.
കല്ല് പൊടിക്കല്‍
കല്ലുള്ള ഭാഗത്തേക്ക് ഷോക് തരംഗങ്ങള്‍ കടത്തിവിട്ട് അത് പൊടിച്ചുകളയുന്ന ചികിത്സയാണ് എക്സ്ട്രാ കോര്‍പോറിയല്‍ ഷോക്വേവ് ലിത്തോട്രിപ്സി (ESWL). രണ്ട് സെന്റീമീറ്റര്‍ വരെയുള്ള കല്ലുകള്‍ ഇങ്ങനെ പൊടിക്കാം.
വൃക്കകളുടെ പ്രവര്‍ത്തന വൈകല്യം കാര്യമായി ഉണ്ടാകാത്ത അവസ്ഥയില്‍ മാത്രമേ ഈ രീതിയില്‍ കല്ല് പൊടിച്ച് നീക്കാനാകൂ. മാത്രമല്ല, കല്ലിന്റെ കെമിക്കല്‍ ഘടകങ്ങള്‍ അനുസരിച്ചും പൊടിച്ചെടുക്കാന്‍ പ്രയാസം നേരിടും. ഉദാഹരണമായി സിസ്റ്റീന്‍ കല്ലുകള്‍ പൊട്ടില്ല.
ചിലരില്‍ കല്ല് മുഴുവനായും പൊടിയണമെങ്കില് രണ്ടോ മൂന്നോ തവണ ഷോക് വേവ് ചെയ്യേണ്ടിവരും. വൃക്ക, മൂത്രവാഹിനിക്കുഴലിന്റെ മുകള്‍വശം എന്നിവിടങ്ങളിലെ കല്ലുകള്‍ പൊടിക്കാന്‍ മാത്രമേ ഈ രീതി സഹായിക്കൂ. കല്ലിന്റെ പൊടികള്‍ മൂത്രത്തിലൂടെത്തന്നെ പുറത്തേക്ക് പോവും. ഇതിന് പൊതുവേ നാലുമുതല്‍ ആറ് ആഴ്ചകള്‍വരെ വേണ്ടിവരും. ചിലപ്പോള്‍ അത് മൂന്നുമാസം വരെയെടുക്കാം. അതുകൊണ്ട് തുടര്‍ പരിശോധനകള്‍ ആവശ്യമാണ്.
പി.സി.എന്‍.എല്‍.
ചെറിയ സുഷിരമുണ്ടാക്കി അതിലൂടെ നെഫ്രോസ്കോപ് കടത്തി കല്ല് പൊടിച്ച് പുറത്തേക്ക് എടുക്കുന്ന രീതിയുണ്ട്. പെര്‍ക്യൂട്ടേനിയസ് നെഫ്രോലിതോട്ടമി (PCNL) എന്നാണ് ഇതിന്റെ പേര്. ലേസര്‍, അള്‍ട്രാസൗണ്ട്, ബാലിസ്റ്റിക്, ലിതോട്രിപ്സി (എയര്‍പവര്‍) എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്നത്. വലിയ കല്ലുകളും ഇതിലൂടെ നീക്കാം.
എന്‍ഡോസ്കോപ്പി
മൂത്രനാളി വഴി എന്ഡോസ്കോപ് കടത്തി മൂത്രസഞ്ചിയിലെ കല്ലുകള്‍ പൊടിച്ച് പുറത്തേക്കെടുക്കാം. ഇതിനെ സിസ്റ്റോലിതോട്രിപ്സി എന്നുപറയും. വലിയ കല്ലുകളെയും ഇങ്ങനെ നീക്കാം. അള്‍ട്രാസൗണ്ട്, ബാലിസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് പൊടിക്കുക. വലിയ കല്ലുകളാണെങ്കില്‍ കീഹോള്‍ രീതിയിലും നീക്കം ചെയ്യാം.
യുറിറ്ററോ റീനോസ്കോപി
മൂത്രനാളി, മൂത്രസഞ്ചി എന്നിവ വഴി യൂറിറ്ററോസ്കോപ് കടത്തി മൂത്രവാഹിനിക്കുഴലിലെ കല്ലുകള്‍ നീക്കുന്ന രീതിയാണിത്. കല്ലുകള്‍ നേരിട്ടോ പൊടിച്ചോ എടുക്കാനാകും.
വൃക്കയ്ക്കുള്ളിലെ കല്ല് നീക്കാന്‍
വൃക്കയുടെ ഉള്‍വശത്തെ കല്ലുകള്‍ ഫ്ളക്സിബിള്‍ യുറിറ്ററോസ്കോപ് ഉപയോഗിച്ച് നീക്കം ചെയ്യാം. റിട്രോഗ്രേഡ് ഇന്ട്രീറീനല് സര്‍ജറി (RIRS) എന്നാണ് ഇതിന് പേര്. വൃക്കയിലെ അറകളിലെ (calyces) കല്ലുകള്‍ ഇതിലൂടെ നീക്കാം. ലേസറാണ് ഇതില്‍ ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ ഒരു സെന്റീമീറ്റര്‍ വരെയുള്ള കല്ലുകള്‍ ഇങ്ങനെ നീക്കാവുന്നതാണ്. കല്ല് പൊടിച്ച തരികള്‍ മൂത്രത്തിലൂടെ പുറത്ത് പോവുകയും ചെയ്യും. ഇങ്ങനെയുള്ള തരികള്‍ കൃത്യമായി പുറത്ത് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അബ്ദുള്‍ അസീസ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്
യൂറോളജി വിഭാഗം
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്
Content Highlights: Kidney stone Urinary tract stone new treatments, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..