കീറ്റോഡയറ്റ് ഇപ്പോൾ വിവാദത്തിലാണ്. ബോളിവുഡ് താരം മിഷ്തി മുഖർജിയുടെ ആത്മഹത്യ കീറ്റോഡയറ്റിന്റെ പാർശ്വഫലങ്ങളേ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങൾ കാരണമാണെന്ന് ആരോപിച്ച് അവരുടെ ബന്ധുക്കൾ തന്നെ രംഗത്തെത്തിയിരുന്നു. കീറ്റോ ഡയറ്റിനെ തുടർന്ന് മിഷ്തിയുടെ വൃക്കകൾക്ക് തകരാർ സംഭവിച്ചിരുന്നു. ഇത്തരത്തിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ ഡയറ്റ് ശരിക്കും വില്ലനാണോ എന്നാണ് ഫിറ്റ്നസ്സ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.

എന്താണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്

ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ ഫാറ്റ് കണ്ടെന്റ് കൂടുതലും കാർബോ ഹൈഡ്രേറ്റ്സിന്റെയും പ്രോട്ടീനിന്റെയും അളവ് കുറവുമായിരിക്കും. സാധാരണ ഡയറ്റിൽ ഫാറ്റിന്റെ അളവാണ് കുറയ്ക്കുക. കാർബോഹൈഡ്രേറ്റ്സ് ഒരു 65 ശതമാനം പ്രോട്ടീൻ 16-19 ശതമാനവും ബാക്കി മാത്രമാണ് ഫാറ്റ്. കീറ്റോജെനിക് ഡയറ്റിൽ ഫാറ്റ് മാത്രം 75 ശതമാനമാണ്. കാർബോഹൈഡ്രേറ്റ്സ് അഞ്ച് ശതമാനവും പ്രോട്ടീൻ 20 ശതമാനവുമാണ് ഉണ്ടാവുക.

ഭക്ഷണരീതി

കാർബോഹൈഡ്രേറ്റ്സ് കൂടുതലുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കും. അരി, ഗോതമ്പ് പോലുള്ള എല്ലാ ധാന്യവർഗങ്ങളും കിഴങ്ങുവർഗങ്ങൾ മധുരമുള്ള സാധനങ്ങൾ എല്ലാം ഒഴിവാക്കും. മാംത്സ്യാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. അതും ഫ്രൈ ചെയ്തവ. ഫാറ്റ് കൂടാൻ വേണ്ടിയാണ് ഇത്. മുട്ട, ഇറച്ചി, മീൻ ഇവയാണ് കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കീറ്റോ ഡയറ്റ് ചെയ്യേണ്ടത് ആരെല്ലാം

ഇത് സാധാരണ ഡയറ്റിങ് ശീലങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നല്ല. ആരോഗ്യ മേഖലയിൽ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡയറ്റാണ് ഇത്. അപസ്മാരം, ഫിറ്റ്സ് പോലുള്ള രോഗങ്ങളുള്ളവരിൽ പ്രത്യേകിച്ചും കുട്ടികളിലാണ് ഈ ഡയറ്റ് ചെയ്യാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. അതും വിട്ടുമാറാത്തവിധം ഇത്തരം രോഗബാധയുണ്ടെങ്കിൽ മാത്രം. രോഗികളിൽ മരുന്നുകൾക്കൊപ്പം ഒരു ഡയറ്റീഷന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഡോക്ടർമാർ ഇത് ചെയ്യാൻ ആവശ്യപ്പെടുന്നത്.

ഈ ഡയറ്റിന് ഒരുപാട് പാർശ്വഫലങ്ങളുണ്ട്. അതുകൊണ്ട് തന്നെ രോഗികളോട് ആദ്യം തന്നെ ഡയറ്റ് ചെയ്ത് തുടങ്ങാൻ ഡോക്ടർമാർ നിർദേശിക്കാറില്ല. മരുന്നുകൾകൊണ്ട് രോഗം നിയന്ത്രണവിധേയമായ ശേഷം മാത്രമാണ് കീറ്റോ ഡയറ്റ് ചെയ്യാൻ അനുവദിക്കുന്നത്.

ദോഷങ്ങൾ

1. ശരിക്കും ഈ ഡയറ്റിന്റെ ഒരു പാർശ്വഫലമാണ് ശരീരഭാരം കുറയുക എന്നത്. അല്ലാതെ ഗുണമല്ല.
2. ഈ ഡയറ്റ് പിന്തുടരുന്ന ആൾക്ക് മുറിവുകൾ ഉണ്ടായാൽ അവ ഉണങ്ങുന്നതിന് കൂടുതൽ സമയമെടുക്കും. ഒപ്പം അണുബാധയ്ക്കുള്ള സാധ്യതയേറെയാണ്.
3. കൊളസ്ട്രോൾ അമിതമാകുന്നതു കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത ഏറുന്നു. അത്തരം രോഗങ്ങൾ ഉള്ളവരാണെങ്കിൽ ഈ ഡയറ്റ് ഒരിക്കലും പിന്തുടരുത്.
4. കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ ചർമപ്രശ്നങ്ങളുണ്ടാകുന്നതായി അമേരിക്കയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ഡയറ്റിങ് ചെയ്യുമ്പോൾ

ഏത് തരം ഡയറ്റ് സ്വീകരിക്കുന്നതിന് മുമ്പും ഒരു ഡയറ്റീഷന്റെ നിർദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്. നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള ഡയറ്റ് പിന്തുടരാൻ ഇത് സഹായിക്കും. ഏത് ഡയറ്റായാലും നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കുന്നതാണ് നല്ലത്. ഇതിനെല്ലാമൊപ്പം 45 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യായാമം നിർബന്ധമാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം.

കടപ്പാട്: രഹന രാജൻ
സീനിയർ ക്ലിനിക്കൽ ഡയറ്റീഷൻ
ആസ്റ്റർ മെഡ്സിറ്റി
കൊച്ചി


Content Highlights:keto diet is good or bad for health