Representative Image| Photo: Canva.com
എല്ലാ വർഷവും ജനുവരി 15 കേരളത്തിൽ സാന്ത്വന പരിചരണ ദിവസമായി ആചരിച്ചു വരുന്നു. ആരെയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്ന അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ദിനം ആചരിച്ചു വരുന്നത്.
പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം പാലിയർ (Palliere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. പുതപ്പ് അഥവാ ആവരണം എന്നാണ് ഈ പദത്തിന്റെ അർത്ഥം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണം.
പാലിയേറ്റീവ് പരിചരണത്തിന്റെ പ്രവർത്തനം
ഡോക്ടർമാർ, പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച നഴ്സുമാർ, ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങിയ ഒരു കൂട്ടായ്മയാണ് ഓരോ പാലിയേറ്റീവ് കെയർ യൂണിറ്റും.
ആശുപത്രികളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ രോഗിയുടെ വീട്ടിലോ ചികിത്സകൾ നൽകാം.
പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷാ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അവ പരിശോധിക്കാം.
- വേദനയിൽ നിന്നും മറ്റ് ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകുക.
- ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക.
- മരണം നീട്ടിവയ്ക്കുന്നതിനോ ത്വരിതപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക.
- രോഗശുശ്രൂഷയിൽ മാനസികമായ വശങ്ങളെ കൂടി സമന്വയിപ്പിക്കുക.
- മരണംവരെ രോഗിക്ക് ഊർജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കുക.
- രോഗിയുടെ ബന്ധുക്കളെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കുക.
- രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസിലിങ് അടക്കമുള്ള സംയോജിത മാർഗങ്ങൾ നിർദേശിക്കുക, അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക.
- കാൻസർ രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ രോഗശമന ഉപാധികൾ ഉപയോഗപ്പെടുത്തി ക്ലേശപൂർണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
അസുഖത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നതിലുപരി രോഗിയുടെ അസ്വസ്ഥകളെ ചികിൽസിക്കാനായി റേഡിയോതെറാപ്പി, കീമോതെറാപ്പി, സർജറി എന്നിവ ഒറ്റയ്ക്കോ ഒരുമിച്ചോ ആയി ചെയ്യുന്നത് പാലിയേറ്റീവ് പരിചരണത്തിലെ പ്രധാന ഘട്ടമാണ്.
റേഡിയോതെറാപ്പിയുടെ പങ്ക്
- 50 മുതൽ 60% വരെ രോഗികൾക്കും റേഡിയോതെറാപ്പി ആവശ്യമാണ്.
- വേദന കുറയ്ക്കാൻ (പ്രത്യേകിച്ച് മജ്ജ വേദന), രക്തസ്രാവം കുറയ്ക്കാൻ, കുമിളകളും വ്രണങ്ങളും ഉണക്കാൻ റേഡിയോതെറാപ്പി സഹായിക്കുന്നു. മജ്ജയിലേക്കും തലച്ചോറിലേക്കും നടുവിലേക്കും പടർന്നിട്ടുള്ള കാൻസറുകൾക്കാണ് റേഡിയോതെറാപ്പി കൂടുതലായും ചെയ്യാറുള്ളത്.
ഗുണവും ദോഷവും താരതമ്യം ചെയ്ത് ഗുണമാണ് കൂടുതൽ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർജറി നിർദേശിക്കാറുള്ളൂ.
പലപ്പോഴും വലിയ മുഴകൾ കാരണം പല അവയവങ്ങളിലും തടസ്സം സംഭവിക്കാം. അത് ശ്വാസം നിൽക്കാനും മൂത്ര സംബന്ധമായ തടസ്സങ്ങൾക്കും കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ അത്യാവശ്യമായി വരാറുണ്ട്. മെഡിക്കൽ തെറാപ്പി/റേഡിയോതെറാപ്പി ഫലം കാണാതെ വരുമ്പോൾ കയ്യിലോ കാലിലോ വ്യാപിച്ചു പടർന്ന രോഗങ്ങൾ ഉണ്ടെങ്കിൽ സർജറി ചെയ്ത് നീക്കം ചെയ്യാറുണ്ട്
കെട്ടിക്കിടക്കുന്ന ദ്രാവകം പുറന്തള്ളാനുള്ള പ്രക്രിയകൾ, വലിയ മുഴകളുടെ നീക്കം ചെയ്യൽ, രക്തസ്രാവം തടയാനുള്ള വാസ്കുലാർ ലൈഗേഷൻസ്, മജ്ജയിൽ വ്യാപിച്ചിട്ടുള്ള ക്യാൻസർ രോഗം ഫിക്സ് ചെയ്യൽ, പാലിയേറ്റീവ് റീ സെക്ഷൻ, ബൈപ്പാസ് പ്രൊസീജറുകൾ, സ്റ്റോമ, stending, വെർട്ടിബ്രോ പ്ലാസ്റ്റി (Vertebroplasy), കൈഫോ പ്ലാസ്റ്റി (kyphoplasty) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ
കീമോതെറാപ്പിയുടെ പങ്ക്
കൺവെൻഷണൽ സിസ്റ്റമിക് തെറാപ്പി കൂടാതെ മെട്രോണോമിക് തെറാപ്പി (metronomic chemotherapy)ആണ് പുതിയതായി ചെയ്തുവരുന്നത്. ഡോസുകൾ കുറവുള്ള വായിൽ കൂടെ കൊടുക്കാവുന്ന celcoxib, tamoxifen, thalidomide എന്നിവയാണ് കൊടുത്തു വരുന്നത്.
ആദ്യകാലങ്ങളിൽ പാലിയേറ്റീവ് പരിചരണം ലഭിച്ചിരുന്നത് അർബുദരോഗികൾക്കു മാത്രമായിരുന്നു. എന്നാൽ ഇന്ന് ശ്വാസകോശരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്കെല്ലാം പാലിയേറ്റീവ് കെയർ നൽകിവരുന്നു. മരണഭീതിയുള്ള രോഗങ്ങൾക്കടിമപ്പെട്ട കുട്ടികൾക്കായും പ്രത്യേക വിഭാഗം നടത്തിവരുന്നു.
(കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസറാണ് ലേഖിക)
Content Highlights: kerala palliative care day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..