പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അനേകം ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ പ്രളയജലമിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണും വെള്ളവും മലിനമായ ഈ അവസ്ഥയിലാണ് എലിപ്പനി പടരാനുള്ള സാധ്യതയുള്ളത്. 

പ്രളയമേഖലകളില്‍ ശുദ്ധജലം ലഭിക്കാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ് എലിപ്പനി പടര്‍ന്നുപിടിക്കുന്നത്. മലിനജലവുമായുള്ള സമ്പര്‍ക്കംഎലിപ്പനിക്ക് ഇടയാക്കും. പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരും പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 

എന്താണ് എലിപ്പനി?

 • ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. 
 • അതിനാല്‍ എലിപ്പനി ശാസ്ത്രീയമായി അറിയപ്പെടുന്നത് ലെപ്‌റ്റോസ്‌പൈറോസിസ് എന്നാണ്. 
 • എലിപ്പനിയെ വീല്‍സ് ഡിസീസ്(Weil's Disease) എന്നും പറയുന്നു. എലിപ്പനി കരളിനെയും വൃക്കയെയും ബാധിക്കുമ്പോഴാണ് അത് വീല്‍സ് ഡിസീസ് ആയി മാറുന്നത്.  
 • എലി, പശു, ആട്, പന്നി, കുതിര, നായ മുതലായ മൃഗങ്ങളുടെ മൂത്രത്തിലൂടെ ഈ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. 
 • ഇത്തരത്തില്‍ രോഗാണുക്കള്‍ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ചവിട്ടി നടക്കുമ്പോള്‍ ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ ശരീരത്തില്‍ പ്രവേശിക്കുന്നു.
flood
Photo: ANI

രോഗം പകരുന്നത്

 • ചൊറിച്ചില്‍ മൂലമോ മറ്റോ ചര്‍മത്തില്‍ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. രോഗം പകരാന്‍ വലിയ മുറിവുകള്‍ വേണമെന്നില്ല. 
 • രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. 
 • എലിപ്പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്  പകരാറില്ല. 

എന്തൊക്കെയാണ്​ രോഗലക്ഷണങ്ങള്‍

 • രണ്ട് മുതല്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. 
 • വിറയലോടെയുള്ള പനി 
 • ശക്തമായ പേശീവേദന 
 • തലവേദന 
 • കണ്ണുചുവപ്പ്
 • മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. 
 • ശരീരവേദനയും കണ്ണിന്റെ വെള്ളഭാഗത്തിന് (കണ്‍ജങ്ടിവ) ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം.
 • എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാല്‍ അത് ഗുരുതരമായി മാറും. 

രോഗം പുരോഗമിക്കുന്നത് രണ്ട് ഘട്ടങ്ങളായി

 • എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. 
 • പനി, വിറയല്‍, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് എലിപ്പനിയുടെ ആദ്യഘട്ടത്തില്‍ കാണുക. ഈ ഘട്ടത്തില്‍ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗംബാധിക്കാന്‍ സാധ്യതയുണ്ട്. 
 • രണ്ടാം ഘട്ടത്തില്‍ രോഗിയുടെ വൃക്കകള്‍, കരള്‍ എന്നിവ തകരാറിലാകാനിടയുണ്ട്. 
 • തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിനും സാധ്യതയുണ്ട്. 
 • രോഗം ഏതാനും ദിവസം മുതല്‍ മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാം.

രോഗം ഗുരുതരമാകുന്നത് ആര്‍ക്കൊക്കെ?

 • പ്രായമായവര്‍, 
 • മറ്റ് രോഗങ്ങളുള്ളവര്‍, 
 • മദ്യപിക്കുന്നവര്‍, 
 • ചികിത്സ ആരംഭിക്കാന്‍ വൈകുന്നവര്‍ എന്നിവരില്‍.
 • ഇത്തരം രോഗികളില്‍ കരള്‍, വൃക്ക, ഹൃദയം(മയോകാര്‍ഡൈറ്റിസ്), ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം താറുമാറാകാന്‍ ഇടയുണ്ട്. രോഗം ഗുരുതരമായാല്‍ ഡയാലിസിസ് വേണ്ടിവരാന്‍ സാധ്യതയുണ്ട്. 
flood
Photo: AFP

രോഗം പിടിപെടാന്‍ സാധ്യത കൂടിയവര്‍ ആരൊക്കെ?

 • കര്‍ഷകര്‍ 
 • അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍ 
 • അറവുശാലകളിലെ ജോലിക്കാര്‍ 
 • മൃഗങ്ങളെ പരിപാലിക്കുന്നവര്‍ 
 • മീന്‍പിടുത്തക്കാര്‍ 
 • മലിനമായ നദികള്‍, തടാകങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീന്തുന്നവര്‍
 • പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍
 • പ്രളയ മേഖലകളില്‍ ശുചീകരണം നടത്തുന്നവര്‍
 • മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍.

രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ എന്തൊക്കെ?

 • രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. 
 • രോഗം കണ്ടെത്തിയാല്‍ സ്ഥിരീകരണത്തിനായി കാര്‍ഡ് ടെസ്റ്റ്, എലിസ ടെസ്റ്റ് എന്നിവ ചെയ്യാം. 
 • രോഗതീവ്രത അറിയാന്‍ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് കൂടെ ചെയ്യാറുണ്ട്

എന്താണ് ചികിത്സ?

 • രോഗം തിരിച്ചറിഞ്ഞാല്‍ ഒട്ടും വൈകാതെ ചികിത്സ തുടങ്ങണം. 
 • ഡോക്സിസൈക്ലിന്‍, പെന്‍സിലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് നല്‍കേണ്ടത്. 
 • ഗുരുതരാവസ്ഥയിലാണെങ്കില്‍ രോഗിക്ക് ഞെരമ്പിലൂടെ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടിവരും. 
 • ആശുപത്രിയില്‍ കിടത്തി തന്നെ ചികിത്സിക്കണം. വീട്ടില്‍ വെച്ചുള്ള ചികിത്സ പാടില്ല. ഹൃദയത്തിനും വൃക്കയ്ക്കുമൊക്കെ തകരാറുകള്‍ വരാനിടയുണ്ട് എന്നതിനാല്‍ ഇ.സി.ജി., യൂറിന്‍ ടെസ്റ്റുകള്‍ തുടങ്ങിയ നിരവധി പരിശോധനകള്‍ നിരന്തരമായി ചെയ്യേണ്ടതുണ്ട്. 
 • എലിപ്പനി പ്രതിരോധിക്കാന്‍ വാക്സിന്‍ ഇല്ല. 
flood
Photo: ANI

എലിപ്പനി പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

 • മലിനമായ മണ്ണിലും വെള്ളത്തിലും പ്രളയ മേഖലകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍, കയ്യുറ, മുട്ട് വരെയുള്ള ബൂട്ട് പോലെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ധരിക്കുക.
 • കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുത്.
 • വെള്ളത്തിലിറങ്ങി കയറിയാല്‍ ഉടന്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
 • വൃക്തിശുചിത്വം പാലിക്കണം. 
 • പരിസരം വൃത്തിയായി സൂക്ഷിക്കുക. അഴുക്കും വേസ്റ്റും കെട്ടിക്കിടക്കുന്നത് ഒഴിവാക്കി യഥാസമയം സംസ്‌ക്കരിക്കുക. 
 • കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
 • രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്താതിരിക്കുക. 
 • ചെളിവെള്ളവുമായും മറ്റും ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും  വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ആഴ്ചയില്‍ ഒരു ദിവസം എന്ന തോതില്‍ ആറാഴ്ചത്തേക്ക് 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കാം. 
 • ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് കഴിക്കേണ്ടത്. 
 • മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതിനാല്‍ ഓരോരുത്തരും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ പ്രതിരോധിക്കണം. 
 • ലക്ഷണങ്ങളിലെ സാമ്യം മൂലം എലിപ്പനിയെ ഡെങ്കിപ്പനിയോ മഞ്ഞപ്പിത്തമോ ഒക്കെ ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ രോഗം ബാധിച്ചാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തി ചികിത്സ തേടണം. 
 • പാരസെറ്റമോളോ മറ്റ് പനിഗുളികകളോ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വാങ്ങിക്കഴിക്കരുത്. 
 • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ വൈകാതെ ഡോക്ടറെ കാണണം. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ

Content Highlights: Kerala Flood 2021, How to prevent the spread of leptospirosis in flood affected areas, Health, Leptospirosis, Elippani