ലോക്ഡൗൺ കാലത്ത് അവശ്യമരുന്ന് കിട്ടാത്തവരുടെ മനസ്സിലെ തീയണച്ച് അഗ്നിരക്ഷാസേന. കോവിഡ്കാലത്ത് പുതിയൊരു സേവനവഴി സ്വന്തമായി കണ്ടെത്തിയ സേന 12 ദിവസത്തിനിടെ മരുന്നെത്തിച്ചത് 5423 പേർക്ക്. അത്യാഹിതങ്ങളുണ്ടായാൽ വിളിക്കുന്ന 101 എന്ന നമ്പറിൽ വിളിച്ചാൽ മരുന്നുമായി സേനാംഗങ്ങൾ വീട്ടുവാതിൽക്കലെത്തും.

സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കൺട്രോൾ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്. 101 എന്ന നമ്പറിലേക്ക് വിളിച്ചാൽ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവർ മരുന്ന് വിവരം രേഖപ്പെടുത്തും. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ മരുന്നെത്തിച്ച അനുഭവങ്ങളുമുണ്ട്. ആർ.സി.സി.യിൽനിന്നുള്ള മരുന്നാണ് ഇതിലേറെയും. മരുന്ന് എവിടെ കിട്ടുമോ ആ സ്റ്റേഷനെയാണ് വാങ്ങാൻ ചുമതലപ്പെടുത്തുക. അവർ അത് തൊട്ടടുത്ത സ്റ്റേഷനിലെത്തിക്കും. അതൊരു ഇടമുറിയാത്ത യാത്രയായി രോഗിയുടെ വീടുവരെ.

തുടക്കമിങ്ങനെ

മാർച്ച് 29-നാണ് സേന ഈ വഴിയിലേക്ക് തിരിയുന്നത്. അതിന് ഇടയാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കിട്ടിയ ഒരു നിർദേശം. നെടുമങ്ങാടുള്ള ഒരു രോഗിക്ക് അവശ്യമരുന്ന് കിട്ടുന്നില്ലെന്ന് വിളിച്ചുപറഞ്ഞു. വളരെ അത്യാവശ്യമായതിനാൽ അഗ്നിരക്ഷാസേനയെ ചുമതലപ്പെടുത്തി. വളരെവേഗം ടൗണിൽനിന്ന് മരുന്നുമായി സേനാംഗങ്ങളെത്തി. ഇതോടെ ഈ സേവനം സേന ഏറ്റെടുത്തു.

ആദ്യം കാസർകോടുള്ള രോഗിക്ക് മരുന്നുമായി പോയത് തിരുവനന്തപുരത്തുള്ള വണ്ടിയാണ്. ഇത് പിന്നീട് പരിഷ്കരിച്ച് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രീതിയാക്കി. തൃപ്പൂണിത്തുറയിൽ മരുന്ന് കിട്ടാതെ അവശനിലയിൽ കിടന്ന രോഗിക്ക് തിരുവനന്തപുരത്തുനിന്ന് മരുന്നുമായിച്ചെന്ന് ജീവൻ രക്ഷിച്ചതാണ് മറക്കാൻ കഴിയാത്ത അനുഭവം.

മരുന്ന് വരുന്നവഴി ഇങ്ങനെ

  1. രോഗി 101 ലേക്ക് വിളിക്കുക. ഇത് രോഗിയുടെ തൊട്ടടുത്ത സ്റ്റേഷനാണ്. കുറിപ്പടിക്ക് വാട്സാപ്പ് നമ്പർ നൽകും. വാട്സാപ്പ് വഴി കുറിപ്പടി ഇല്ലെങ്കിലും കുഴപ്പമില്ല. മരുന്നിന്റെ സ്പെല്ലിങ് ശരിയാകണം.
  2. മരുന്ന് എവിടെ കിട്ടുമെന്ന് പരിശോധന. അടുത്ത് കിട്ടുമെങ്കിൽ ഉടൻ വാങ്ങി സേനാ വാഹനത്തിൽ വീട്ടിലേക്ക്
  3. ദൂരെയാണെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കും. ജില്ലാ ആസ്ഥാനത്ത് കിട്ടുമോ എന്നവർ പരിശോധിക്കും.
  4. ജില്ലാ ആസ്ഥാനത്ത് കിട്ടില്ലെങ്കിൽ സംസ്ഥാനതല കൺട്രോൾ റൂമിലേക്കറിയിക്കും. അവർ മരുന്ന് വാങ്ങി സ്റ്റേഷൻ ടു സ്റ്റേഷൻ രീതിയിൽ വീടുവരെ.
  5. രോഗി മരുന്നിന്റെ വില നൽകി മരുന്ന് കൈപ്പറ്റുന്നു. പാവപ്പെട്ടവർക്ക് ജീവനക്കാർതന്നെ ചെലവ് വഹിച്ച് മരുന്നുനൽകിയ അനുഭവവും ഉണ്ട്.

മരുന്ന് മാത്രമല്ല

  • പെൻഷൻ ട്രഷറിയിൽനിന്ന് വാങ്ങാൻ പോകാൻ പ്രയാസപ്പെട്ട വ്യക്തിക്ക് അവരുടെ കത്ത് വാങ്ങി പെൻഷൻ സ്വീകരിച്ചെത്തിച്ച് കൊടുത്തത് വയനാട്ടിൽ.
  • തിരുവനന്തപുരത്ത് ഉറ്റവർ ആരുമില്ലാത്ത വീട്ടിലെ മരണത്തിൽ സംസ്കാരത്തിനും സഹായികളായി.
  • ആംബുലൻസും രോഗീസേവനത്തിൽ.

Content Highlights: Kerala Fire Services delivers essential Medicines