'അച്ഛന്റെ ആരോഗ്യശീലത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക ഞങ്ങളൊക്കെ കുട്ടികളായിരുന്ന കാലം തൊട്ടേ കാണുന്ന ഒരു കാര്യമാണ്- പുലര്‍ച്ചെ എഴുന്നേറ്റ് കുളക്കടവിലിരുന്ന് അച്ഛന്‍ സൂര്യനമസ്‌കാരം ചെയ്യുന്ന കാഴ്ച. രാവിലെ അഞ്ചുമണി മുതല്‍ രണ്ടുമണിക്കൂറോളം നീളുന്ന ജപവുമുണ്ട് അച്ഛന്. ഈ ശീലങ്ങള്‍ ഒരിക്കലും തെറ്റിക്കാറില്ല.- 'ദേശാടനം' മുതല്‍ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി മാറിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആരോഗ്യശീലങ്ങളെക്കുറിച്ച് ഇളയമകന്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

എറണാകുളത്ത് എന്റെ അടുത്ത് വന്നാല്‍, അച്ഛന്‍ എത്തി എന്ന് അയല്‍ക്കാര്‍ക്ക് മനസ്സിലാകുമായിരുന്നു. കാരണം അതിരാവിലെ അച്ഛന്‍ ഉറക്കെ ജപം തുടങ്ങും. എന്നും ഉറക്കെയാണ് ജപിക്കുക. കുട്ടിക്കാലം മുതല്‍ ഇത് കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് ആ ജപമന്ത്രങ്ങളെല്ലാം കേട്ടുകേട്ട് മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പില്‍ക്കാലത്ത് സിനിമയുടെ തിരക്കുകള്‍ക്കിടയിലും അച്ഛന്‍ ഈ ശീലങ്ങള്‍ അതേപടി നിലനിര്‍ത്തി.'

justice
 ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

അച്ഛനുണ്ടായിരുന്നു സ്വന്തമായൊരു ജിം

ആരോഗ്യത്തിന്റെ കാര്യത്തില്‍ അച്ഛന് പണ്ടുമുതല്‍തന്നെ വലിയ ശ്രദ്ധയായിരുന്നു. ബോഡിബില്‍ഡറായിരുന്നു. ഫിറ്റ്നസില്‍ നല്ല താത്പര്യമായിരുന്നു. ശരീരം നന്നായി സൂക്ഷിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. കുട്ടികളായ ഞങ്ങളോടും എന്നും അച്ഛന്‍ ഇക്കാര്യം പറയും. അക്കാലത്തുതന്നെ അച്ഛന് സ്വന്തമായൊരു ജിം ഉണ്ടായിരുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങായിരുന്നു പ്രധാനം. ഓര്‍ത്തുനോക്കൂ, അത്രയും വര്‍ഷം മുന്‍പുതന്നെ അദ്ദേഹം വെയ്റ്റ് ലിഫ്റ്റിങ് പരിശീലിച്ചതിനെക്കുറിച്ച്. സ്വന്തമായി പരിശീലിക്കുകമാത്രമല്ല ചെയ്തിരുന്നത്. ഞങ്ങളെയൊക്കെ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അതൊന്നും തുടര്‍ന്ന് പോകാനായില്ല- ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മൂത്തമകന്‍ ഭവദാസന്‍ നമ്പൂതിരിയും സംസാരത്തില്‍പങ്കുചേര്‍ന്നു. 

ഷുഗറില്ല, പ്രഷറും

96-ാം വയസ്സിലും അച്ഛന്റെ ഷുഗറും പ്രഷറുമെല്ലാം നോര്‍മലാണ്. എറണാകുളത്ത് വന്നാല്‍ ഡോക്ടറെ കാണാന്‍ അച്ഛന്‍തന്നെ പറയുമായിരുന്നു. അങ്ങനെ ഞാന്‍ കൊണ്ടുപോയി പരിശോധന നടത്തും. എല്ലാം പെര്‍ഫെക്ടാണ്. ജീവിതശൈലി രോഗങ്ങള്‍ എന്നുപറയുന്ന പ്രശ്‌നങ്ങളൊന്നും അച്ഛനില്ല. പ്രായത്തിന്റെതായ പ്രയാസങ്ങള്‍ മാത്രമേയുള്ളൂ.

പഞ്ചസാരയില്ലാതെ അച്ഛന് ഭക്ഷണം കഴിക്കാനാവില്ല. ഇഡ്ഡലിയായാലും ചപ്പാത്തിയായാലും ഒപ്പം പഞ്ചസാര വേണം. ഉച്ചയ്ക്ക് ചിലപ്പോള്‍ ചോറിനൊപ്പംപോലും പഞ്ചസാര കഴിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് പഞ്ചസാര കഴിക്കാന്‍ പേടിയാണ്. ചിരിച്ചുകൊണ്ടാണ് രണ്ടുമക്കളും അക്കാര്യം വെളിപ്പെടുത്തിയത്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആരോഗ്യവിശേഷങ്ങള്‍ കൂടുതല്‍ അറിയാന്‍ മേയ് ലക്കം മാതൃഭൂമി ആരോഗ്യമാസിക വായിക്കുക..
ഇത് കൂടാതെ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍പോളി, ഉണ്ണിമുകുന്ദന്‍ തുടങ്ങിയ താരങ്ങളുടെ ഫിറ്റ്‌നസ് വിശേഷങ്ങളും ഒപ്പമുണ്ട്. വേനല്‍ക്കാലത്തും അവധിക്കാലത്തും ആരോഗ്യ കാര്യങ്ങളില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, മൂത്രക്കല്ലിന്റെ ചികിത്സകള്‍ എങ്ങനെ? ഗര്‍ഭാശയമുഴയുടെ ആയുര്‍വേദ ചികിത്സകള്‍ എന്നിവ കൂടാതെ കോവിഡ്- 19 ന്റെ അനുഭവങ്ങള്‍ നമ്മളെ എങ്ങനെ മുന്നോട്ട് നയിക്കും എന്നും ഈ ലക്കം ആരോഗ്യമാസികയില്‍ വിശദമാക്കുന്നുണ്ട്.  ഇന്ത്യയിലെ നമ്പര്‍വണ്‍ ആരോഗ്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആരോഗ്യമാസിക ലഭിക്കാന്‍ മാതൃഭൂമി ഏജന്റിനോട് ആവശ്യപ്പെട്ടാല്‍ മതി.

arogya
പുതിയ ലക്കം മാതൃഭൂമി ആരോഗ്യമാസിക വാങ്ങാം

Content Highlights: Justice PV Kunjikrishnan speaks about his father's healthy lifestyle, Health