ആ രാത്രി അറിഞ്ഞു, നിപ വീണ്ടും എത്തിയിരിക്കുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനുഭവക്കുറിപ്പ്


9 min read
Read later
Print
Share

പേരാമ്പ്ര സൂപ്പിക്കടയിലെ അനുഭവം മുന്നില്‍ ഉണ്ട്. നാട്ടുകാരെ ഭയപ്പെടുത്താതെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും?

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ എത്തിക്കുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ

നിപ രോഗം വന്നു ഹാഷിം എന്ന ബാലന്‍ മരണപ്പെട്ടിട്ട് 42 ദിവസം കഴിഞ്ഞശേഷം വാര്‍ഡ് നിപ ഫ്രീ ആയി പ്രഖ്യാപനം നടക്കാനിരിക്കുകയാണ്. ആ ദിവസങ്ങളില്‍ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ ചൂലൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഷീദ് ഇ. പങ്കുവയ്ക്കുന്നു.

സെപ്റ്റംബര്‍ മാസം 4 ന് സമയം രാത്രി 8 മണി ആയിട്ടുണ്ടാവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ സര്‍ ഫോണില്‍ വിളിച്ചു മുഹമ്മദ് ഹാഷിം എന്ന കുട്ടിയുടെ വിവരങ്ങള്‍ ചോദിക്കുന്നു. ഓഗസ്റ്റ് 31 ന് പനിയും എന്‍സെഫലൈറ്റിസ് ലക്ഷണത്തോടെയും ഈ കുട്ടിയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോയ വിവരം വാര്‍ഡ് ആര്‍.ആര്‍.ടി. അംഗം അനീസ്‌കയില്‍ നിന്നും അറിഞ്ഞതിനാലും, പിന്നെ മെഡിക്കല്‍ കോളേജില്‍ നിന്നും സെപ്റ്റംബര്‍ ഒന്നിന് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക്കും കൊണ്ടുപോയെന്ന വിവരം അറിയുന്നതിനാലും പ്രഥമിക വിവരം ഡോക്ടര്‍ക്ക് കൈമാറി. വൈകാതെ മറ്റ് വിവരങ്ങള്‍ കൂടി ആശ വര്‍ക്കര്‍ നുസ്രത്തില്‍ നിന്നും, കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ വയോളി അബ്ദുല്‍ മജീദ്ക്കയില്‍ നിന്നും ചോദിച്ചറിഞ്ഞു വിവരങ്ങള്‍ വീണ്ടും ഡോക്ടര്‍ക്ക് കൈമാറി. പിന്നെ ആകാംഷയുടെ രണ്ട് മണിക്കൂറുകള്‍. 10 മണിയോടെ നിപ ആണെന്ന ഞെട്ടിപ്പിക്കുന്ന വിവരം ഡോക്ടറില്‍ നിന്നും ലഭിച്ചപ്പോള്‍ രക്തം തണുത്തുറഞ്ഞപോലെ തോന്നി.. തലക്ക് വല്ലാത്ത ഒരു ഭാരം. എവിടെയും ഇരിക്കാന്‍ കഴിയുന്നില്ല. ഔദ്യോ​ഗികമായി അറിയിക്കുന്നതുവരെ, ആരോടും പറയരുത് എന്ന ഡോക്ടറുടെ ഉപദേശവും. എന്ത് ചെയ്യണം? ഈ രാത്രി ആരോട്? എങ്ങനെ ഈ വിവരം പറയും? പേരാമ്പ്ര സൂപ്പിക്കടയിലെ അനുഭവം മുന്നില്‍ ഉണ്ട്. നാട്ടുകാരെ ഭയപ്പെടുത്താതെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കും?

Muhammed Hashim
നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിം

നൂറുകൂട്ടം ചിന്തകള്‍ മനസ്സിലൂടെ പോയി. ഒരു കാര്യം ഉറപ്പിച്ചു. പാഴൂരില്‍ ഇപ്പോള്‍ തന്നെ പോവണം. ആരെ ഒപ്പം കൂട്ടണം? പലരെയും മനസ്സില്‍ വന്നു? പെങ്ങളുടെ ഭര്‍ത്താവ്, മറ്റു കുടുംബക്കാര്‍ എല്ലാവരും അവിടെ ഉണ്ട്. വിവരങ്ങള്‍ പുറത്ത് അറിയാതിരിക്കാന്‍ നല്ലത്, കോവിഡ് 19 മുതല്‍ ഏത് കാര്യത്തിലും എനിക്ക് പാഴൂരില്‍ തുണ ഉണ്ടായിരുന്ന വാര്‍ഡ് ആര്‍.ആര്‍.ടി. അംഗം അനീസ്‌ക്ക ആണെന്ന് മനസ്സിലാക്കി അവരെ 10.15 മണിയോടെ വിളിച്ചു. കാര്യം ഒന്നും പറഞ്ഞില്ല. രോഗം ബാധിച്ച കുട്ടിയുടെ വീടിന് അടുത്ത് വരെ പോവണം എന്നു മാത്രം പറഞ്ഞു. രാത്രി വൈകിയെങ്കിലും യാതൊരു മടിയും കൂടാതെ അദ്ദേഹം വരാമെന്നേറ്റു. മനസ്സില്‍ ഇത് പറയാത്തതിന്റെ കുറ്റബോധം ഉണ്ടായിരുന്നു. സ്ഥലത്ത് പോയപ്പോഴും മറ്റുള്ളവരുമായി അനീസ്‌ക കൂടുതല്‍ അടുക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. രാത്രി 10.40 ന് അനീസ്‌ക്കയുടെ കൂടെ ഈ വീടിന് അടുത്ത് എത്തി. അവിടെ കുട്ടിയുടെ വിവരം അറിയാന്‍ കാത്തിരിക്കുന്ന അയല്‍വാസികളെ ആണ് കാണാന്‍ കഴിഞ്ഞത്. മുക്കം പര്‍ദ്ദ ഇന്‍ ഉടമ മുസ്തഫ കമാല്‍ക്കയുടെ വീട്ടില്‍ വണ്ടി നിര്‍ത്തി അവരെയും കൂട്ടി ഈ വീടിനു അടുത്തുള്ള കുട്ടിയുടെ അയല്‍വാസി വയോളി സഈദ്ക്കയുടെ വീട്ടില്‍ പോയി വിവരങ്ങള്‍ ആരാഞ്ഞു. ഈ വീട്ടിലെ കുട്ടികളായ ഹാദില്‍ മുഹമ്മദ്, ഹാനി മുഹമ്മദ് എന്നീ കുട്ടികളുമായാണ് മുഹമ്മദ് ഹാഷിം അവസാനമായി കളിച്ചത്. ഈ കുട്ടികളുടെ ഉമ്മയായ ജംഷീറയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് നിപ ആണെന്ന് അറിഞ്ഞിട്ടും, ഭര്‍ത്താവ് ജോലിക്ക് പോയി മറ്റൊരു സ്ഥലത്ത് ക്വാറന്റീന്‍ ആയിട്ടും, അസാമാന്യ ധൈര്യം ആണ് ഈ സ്ത്രീയും കുട്ടികളും കാണിച്ചത്. മനസ്സിനുള്ളില്‍ ഇവരെ പറ്റിയുള്ള വേവലാതിയും. എന്റെ കൂടെ വന്നവര്‍ക്ക് എന്റെ കാരണത്താല്‍ ഇവരില്‍ നിന്നും രോഗം പകരുമോ എന്ന ഭയത്താലും മനസ്സ് വളരെ പിരിമുറുക്കത്തിലായിരുന്നു. പറവകളില്‍ നിന്നും മറ്റും ഉണ്ടാവുന്ന ഒരു രോഗം ആണെന്ന് സംശയം ഉണ്ടെന്ന് മാത്രം പറയുകയും മരിച്ച കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു. ഹാഷിമിന്റെ വീടും അവന്‍ ഉപയോഗിച്ച സൈക്കിള്‍, ആടുകള്‍ എന്നിവ ഒരു മിന്നായം പോലെ ഇരുട്ടത്ത് കണ്ടു. അടുത്തുള്ള വീട്ടുകാരോട് എല്ലാം വീട്ടില്‍ ക്വാറന്റീന്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്നും അനീസ്‌കയുടെ കൂടെ 11.15 ന് തിരിച്ചു പോന്നു. തിരിച്ചു വരുമ്പോള്‍ അനീസ്‌കയോട് നിപ ആവാനും സാധ്യത ഉണ്ടെന്നും ആരോടും പറയേണ്ട എന്നും സൂചന ഞാന്‍ നല്‍കി. അത് പറയാതിരിക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.

rasheed
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഷീദ്

വീട്ടില്‍ വന്നിട്ടും ഉറക്കം കിട്ടിയില്ല. സമ്പര്‍ക്ക പട്ടികയുടെ പണി ആരംഭിച്ചു. മനസ്സിന്റെ പിരിമുറുക്കം വയറിനു കൂടി ബാധിച്ചു. ശക്തമായ വയറു വേദന. എന്ത് കുടിച്ചിട്ടും വേദന പോവുന്നില്ല. ഭാര്യയുടെ കട്ടന്‍ ചായക്കും ഇതിനു ശമനം തരാന്‍ കഴിഞ്ഞില്ല. ഉറങ്ങാന്‍ ഭാര്യ ഉപദേശിച്ചിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഫോണില്‍ പത്രക്കാരുടെ വിളികള്‍. ഒന്നിനും മറുപടി നല്‍കിയില്ല. 11.30 ന് മെമ്പര്‍ വത്സല ചേച്ചിയുടെ ഫോണ്‍, വാര്‍ഡ് അടയ്ക്കാന്‍ പോലീസ് വരുന്നു. വകഭേദം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തു എന്ന് പോലീസ് വിളിച്ചു പറഞ്ഞു എന്ന് അറിയിച്ചു. അപ്പോഴും ഡോക്ടറുടെ നിര്‍ദേശം തെറ്റിക്കാതിരിക്കാന്‍ മെമ്പരോടും ഈ വിവരം പറഞ്ഞില്ല. ഞാനും അറിഞ്ഞു എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. 12 മണിക്ക് ചൂലൂരില്‍ 12 വയസ്സുകാരന് നിപ എന്ന് ചാനലില്‍ ഫ്‌ളാഷ് ന്യൂസ് വന്നു എന്ന് ഭാര്യ പറഞ്ഞു. അതൊന്നും എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ലായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച്, രാവിലെ അഞ്ച് മണിക്ക് ആ ദുഃഖ വാര്‍ത്ത അജ്മല്‍ പുലകുത്തിന്റെ ഫോണില്‍ കൂടി എത്തി. ഹാഷിം 4.45 ന് മരണപെട്ടിരിക്കുന്നു. മനസ്സ് ഒന്ന് കൂടി മരവിച്ചു. ഡോക്ടറെ വിവരം അറിയിച്ചു. രാവിലെ 7 മണിക്ക് തന്നെ പാഴൂരില്‍ എത്തി. അപ്പോഴേക്കും വാര്‍ഡ് മെമ്പര്‍മാര്‍ പോലീസ്, ആര്‍.ആര്‍.ടി. എന്നിവര്‍ റോഡുകള്‍ ബ്ലോക്ക് ആക്കിയിരുന്നു. പിന്നെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ തുടങ്ങി. കിട്ടിയ വിവരങ്ങള്‍ വെച്ച് ഓരോരുത്തരെയും വിളിച്ചു വിവരം ആരാഞ്ഞു. പ്രൈമറി കോണ്‍ടാക്റ്റ് ലിസ്റ്റ്, സെക്കണ്ടറി കോണ്‍ടാക്റ്റ് ലിസ്റ്റ്, എന്നീ ലിസ്റ്റുകള്‍ ഉണ്ടാക്കി. വൈകാതെ ജെ.പി.എച്ച്.എന്‍. രജിഷ, ആശ വര്‍ക്കര്‍ നുസ്രത്ത്, ജെ.എച്ച്.ഐ. ബാബു എന്നിവര്‍ എത്തിയതോടെ മനസ്സിന്റെ ടെന്‍ഷന്‍ കുറച്ച് കുറഞ്ഞു.

രോഗത്തിന്റെ ഗൗരവം അറിയാത്ത കുറച്ചു പേര് അങ്ങാടിയില്‍ അപ്പോഴും ഉണ്ടായിരുന്നു. വൈകാതെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ സര്‍, ഡി.എസ്.ഒ. ഡോ. പിയൂഷ് നമ്പൂതിരി സര്‍ എന്നിവര്‍ എത്തി. അവര്‍ക്ക് പ്രഥമിക റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ഓഫീസര്‍ ഡോ. സരള മാഡത്തിന് ലൊക്കേഷന്‍ മാപ്പ് ചെറിയ രൂപത്തില്‍ നല്‍കി. കുട്ടിയുടെ റൂട്ട് മാപ് നല്‍കി. വാര്‍ഡ് മെമ്പര്‍ ഇ.പി. വത്സല,പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ക്ക, മാവൂര്‍ പോലീസ് എന്നിവരില്‍ നല്ല പിന്തുണ കിട്ടി. വാര്‍ഡ് ആര്‍.ആര്‍.ടി. അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാഴൂര്‍ സബ് സെന്റര്‍ ആശമാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍... പേരുകള്‍ എഴുതുന്നില്ല. കണ്ടെയ്ന്‍മെന്റ് അവസാനിക്കുന്നത് വരെ ഈ വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ടി ഓടിനടന്ന ഒരുപാട് നല്ല മനസ്സുള്ള ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

nipah
Photo: AP

പകര്‍ന്നത് റംബൂട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് സൂചന കിട്ടിയതിനാല്‍ ചക്കലന്‍ കുന്നത്ത് സഹപ്രവര്‍ത്തകരുടെ കൂടെ പോയി വിവരങ്ങള്‍ ശേഖരിച്ചു. വവ്വാല്‍ കടിച്ചെന്നു സംശയിക്കുന്ന റംബൂട്ടന്‍ പഴങ്ങള്‍ കാണാന്‍ സാധിച്ചു.

വളരെയേറെ ശ്രമിച്ചെങ്കിലും മരണപ്പെട്ട കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല. ഇ.എ. നാസര്‍ക്ക അതിനു വേണ്ടി വളരെ ശ്രമിച്ചു. മെഡിക്കല്‍ ഓഫീസര്‍ പരിധിയില്‍ നിന്ന് ഡോ. സുനില്‍കുമാര്‍ സാറിന് ചെയ്യാന്‍ പറ്റാത്ത വിഷയമായതിനാല്‍ ഞാനും നിസ്സഹാ യകനായിരുന്നു. വളരെ ദു:ഖഭാരത്തോടെ മൊബൈലില്‍ കൂടി കുട്ടിയുടെ മരണാനന്തര ചടങ്ങ് വീക്ഷിക്കേണ്ടി വന്നു. തുടര്‍ന്നും ജില്ലാ ഓഫീസര്‍ ഡോ. സരള മാഡത്തിന് ഡാറ്റ കൈമാറി കൊണ്ടിരുന്നു.

ജില്ലാ മീറ്റിങ്ങില്‍ നിന്നും പി.എച്ച്.സി. ഡോക്ടറുടെ കോള്‍ വന്നു കൊണ്ടിരിക്കുന്നു. വൈകീട്ട് നാല് മണിയോടെ കേന്ദ്ര സംഘം, (ഡോ. രവീന്ദ്രന്‍ സര്‍, രാഘു സര്‍, ജെ.എ.എം.ഒ. ഡോ. അനുരാധ) ഡി.എസ്.ഒ. ഡോ. പിയൂഷ് നമ്പൂതിരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരുടെ കൂടെ ക്വാറന്റീന്‍ വീടുകളും, റംബുട്ടാന്‍ മരത്തിന്റെ പരിസരവും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു. രോഗനിയന്ത്രണത്തില്‍ മാധ്യമ പ്രവര്‍ത്തകരും നിര്‍ണ്ണായക പങ്കുവഹിച്ചു. കോവിഡ് ബാധിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കേന്ദ്ര സംഘത്തിന്റെ കൂടെ ചെറുവാടി ഉമ്മിണിയില്‍ വീട് സന്ദര്‍ശിച്ചു. അവിടെ ആയിരുന്നു കുട്ടിയുടെ അച്ഛനും അമ്മയും മറ്റ് കുടുംബക്കാരും ക്വാറന്റീന്‍ നിന്നത്. അതിനു ശേഷം എന്റെ നാടായ വലിയപറമ്പിലെ മുഹമ്മദ് ഡോക്ടറുടെ ക്ലിനിക്കിലേക്ക് കേന്ദ്ര സംഘത്തെയും കൊണ്ട് പോയി. (അവിടെ ആയിരുന്നു കുട്ടി പനി ബാധിച്ചു ഓഗസ്റ്റ് 29 ന് ആദ്യമായി പോയത്) തുടര്‍ന്ന് മുക്കം ഇ.എം.എസ്. ഹോസ്പിറ്റലില്‍ പോയി. (രോഗം കൂടി, ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് രോഗിയെ കൊണ്ട് പോയത് ഇവിടേക്ക് ആണ്). തുടര്‍ന്ന് കേന്ദ്ര സംഘം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് പോയപ്പോള്‍ അതുവരെ ഈ സംഘത്തെ അനുഗമിച്ച ഡോ. സുനില്‍കുമാര്‍ സര്‍ ആശ വര്‍ക്കര്‍ നുസ്രത്തിനെയും എന്നെയും ഡോക്ടറുടെ കാറില്‍ രാത്രി 7 മണിയോടെ കൂളിമാടില്‍ എത്തിച്ചാണ് കള്ളന്‍തോടിലെ വീട്ടിലേക്ക് മടങ്ങിയത്.

Nipah
Photo: ANI

കേന്ദ്ര സംഘത്തെ ഡോ. മനുലാല്‍ (മെഡിക്കല്‍ ഓഫീസര്‍ ചെറുവാടി സി.എച്ച്.സി.) പി.ആര്‍.ഒ. മുഹ്സിന്‍, കൊടിയത്തൂര്‍ വാര്‍ഡ് മെമ്പര്‍മ്മാര്‍ എന്നിവര്‍ തുടര്‍ന്ന് അനുഗമിച്ചു. സമ്പര്‍ക്ക ലിസ്റ്റ്, പുതിയ വിവരങ്ങള്‍ ശേഖരിച്ചു ഒന്നുകൂടി വിപുലീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളെയും പിതാവിന്റെ സഹോദരനെയും രാത്രി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം തുടര്‍ന്ന് മാറ്റി. സെപ്റ്റംബര്‍ ആറ്‌ന് ക്വാറന്റീന്‍ വീടുകള്‍ സന്ദര്‍ശിച്ചു. അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കി. ജെ.എച്ച്.ഐ. സുധീരരാജ്, ജെ.എച്ച്.ഐ. ഫെമിമോള്‍ എന്നിവര്‍ ഡെത്ത് റിപ്പോര്‍ട്ട് അയക്കാനും പഴയ ഡി.ഐ.ആര്‍. തയ്യാറാക്കാനും ആവശ്യമായ ഫയല്‍ തയ്യാറാക്കാനും സഹായിച്ചു. ജെ.എച്ച്.ഐ. സിന്ധുവും ആവശ്യമായ സഹകരണം നല്‍കി. ഫാര്‍മസിസ്റ്റ് ശ്രീമതി സുമിതയും മാജിതയും സ്റ്റാഫ് നഴ്സ് സുനിത സിസ്റ്ററും പാഴൂര്‍ സബ്സെന്ററിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സമയബന്ധിതമായി എത്തിച്ചു നല്‍കി.

തെറ്റായ വാര്‍ത്തകര്‍ വരുന്നതിനാല്‍ കുട്ടിയുടെ ഉമ്മയെ നേരിട്ട് വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞു. ഒരു ചാനലിന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി നാടിന്റെ ശരിയായ അവസ്ഥ വിവരിച്ചു. ആര്‍.ആര്‍.ടി. അംഗം അനീസ്‌ക്കയും ആവശ്യമായ മറുപടി നല്‍കി. പ്രസിഡന്റ് ഗഫൂര്‍ക്കയും തെറ്റായ വാര്‍ത്തകള്‍ക്കെതിരെ മറുപടി നല്‍കി. വൈകീട്ട് മെഡിക്കല്‍ ഓഫീസര്‍ വാര്‍ഡ് പൂര്‍ണ്ണമായും സര്‍വ്വേ നടത്തണമെന്ന ജില്ലാ നിര്‍ദ്ദേശം അറിയിച്ചു. വിവരം വാര്‍ഡ് മെമ്പറെ വിളിച്ചു പറഞ്ഞു. ഉടനെ തന്നെ മെമ്പറുടെ നിര്‍ദേശം കിട്ടിയ സജീര്‍ മാസ്റ്റര്‍ പെട്ടെന്ന് തന്നെ ബന്ധപ്പെട്ടവരെ വിളിച്ചു ലിസ്റ്റ് പെട്ടെന്ന് നല്‍കി. വൈകീട്ട് കിട്ടിയ സര്‍വ്വേ ഫോം രാത്രി തന്നെ ചൂലൂർ ആരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ച് ഒരു വ്യക്തിക്ക് വേണ്ടി ഉണ്ടാക്കിയ ഫോം ഒരു വീടിനു ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി. വാര്‍ഡ് ഒമ്പതിലേക്ക് ആവശ്യമായ എണ്ണം ഡി.ടി.പി. പ്രിന്റ് എടുത്തു. സര്‍വ്വേയ്ക്ക് ആവശ്യമായ മറ്റു സാമഗ്രികള്‍ വാങ്ങി. ജില്ലയുടെ നോട്ടീസ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി സര്‍ മുക്കത്തേക്ക് എത്തിച്ചു. സെപ്റ്റംബര്‍ ഏഴിന് രാവിലെ 9 മണിക്ക് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ സുനില്‍കുമാര്‍ സര്‍, എച്ച്.ഐ. സിജു കെ നായര്‍ എന്നിവര്‍ ജെ.എച്ച്.ഐ.മാര്‍, ജെ.പി.എച്ച്.എന്‍മാര്‍, പാഴൂര്‍ സബ് സെന്റര്‍ ആശമാര്‍, ആര്‍.ആര്‍.ടി. സന്നദ്ധ പ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചേഴ്‌സ്, കോവിഡ് 19 സ്‌പെഷ്യല്‍ സ്റ്റാഫ് എന്നിവര്‍ക്ക് ഡോക്ടര്‍ ആവശ്യമായ ട്രെയിനിങ് നല്‍കി. ഫോം ഫില്ലിംഗ് നിര്‍ദേശവും വ്യക്തിഗത പ്രൊട്ടക്ഷന് ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും നല്‍കി.

nipah
Photo: ANI

നിപ രോഗത്തിന്റെ ഭീകരത അറിഞ്ഞിട്ടും ആത്മാര്‍ഥമായി സൗജന്യ സേവനത്തിനു വന്ന നാട്ടുകാരും ചൂലൂര്‍ പി.എച്ച്.സിയിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും, ആശമാരും, അംഗന്‍വാടി ടീച്ചര്‍മാരും അകമഴിഞ്ഞ പിന്തുണ നല്‍കി. 60 ആളുകള്‍, 25 ടീം ആയി തിരിഞ്ഞ് എല്ലാവിധ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളും സ്വീകരിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തന്നെ എല്ലാവരും സര്‍വ്വേ പൂര്‍ത്തിയാക്കി. 2758 ആളുകളുടെ വിവരം ശേഖരിച്ചു. 11 പനി കേസ് കണ്ടെത്തി. അവരില്‍ കുറച്ചു പേര്‍ക്ക് മുന്നൂര്‍ മദ്രസ്സയില്‍ വെച്ച് തന്നെ കോവിഡ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി. മൂന്നു മണിയോടെ വീണ്ടും വന്ന കേന്ദ്ര സംഘത്തിന്റെ കൂടെ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടി.എ. സുരേഷ് സര്‍ ഉണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ അവലോകനം നടത്തി. പിറ്റേ ദിവസം തന്നെ ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണ്ണമായും സര്‍വ്വേ ചെയ്യാന്‍ കേന്ദ്ര സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സംഘത്തോട് കൂടെയും സര്‍വ്വേയിലും, സജീവമായി പങ്കെടുത്ത അജ്മല്‍ പുലകുത്ത് തന്നെ സ്റ്റാഫിന് വേണ്ട ഭക്ഷണംകൂടി സംഘടിപ്പിച്ചു തന്നു. എടുത്തു പറയേണ്ടത് ചൂലൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ സാറിന്റെ സജീവ സാന്നിധ്യം ആണ്. അത് എല്ലാ പ്രവത്തനങ്ങള്‍ക്കും ചടുലത നല്‍കുന്നത് ആയിരുന്നു.

സെപ്റ്റംബര്‍ എട്ട്, ഒന്‍പത്, പത്ത് എന്നീ ദിവസങ്ങളില്‍ മറ്റു വാര്‍ ഡുകളിലും യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി. ആകെ 12222 വീടുകളില്‍ ഫീവര്‍ സര്‍വ്വേ നടത്തി 50032 പേരുടെ പനി വിവരങ്ങള്‍ ശേഖരിച്ചു. ആകെ 75 പനി കേസ് കണ്ടെത്തി. സെപ്റ്റംബര്‍ എട്ടിന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ടീം രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം സന്ദര്‍ശിച്ചു.

വീണ്ടും പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം എല്ലാ വാര്‍ഡിന്റെയും പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപെടുത്തി. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി സാറും പി.എച്ച്.സി. സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 8 മണി വരെ ജില്ലാ മൊബൈല്‍ ടെസ്റ്റിംഗ് ടീമിന്റെ കൂടെ( വാര്‍ഡിലെ പനി കേസുകളുടെ നിപ ടെസ്റ്റിന് വേണ്ടിയുള്ള സ്വാബ് കളക്ഷന്‍, ) ഞാനും, ജെ.പി.എച്ച്.എന്‍. രജിഷ, ആശ വര്‍ക്കര്‍ നുസ്രത്ത് എന്നിവര്‍ ഇവരെ അനുഗമിച്ചു ആവശ്യമായ സഹായം നല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് എന്റെ അഭാവത്തില്‍ ജെ.പി.എച്ച്.എന്‍. രജിഷ, ആശ നുസ്രത്ത് എന്നിവര്‍ ടീമിന്റെ കൂടെ പോയി ആവശ്യമായ സഹായം നല്‍കി. എല്ലാ സാമ്പിള്‍ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയത് വലിയ ആശ്വാസം നല്‍കി. വാര്‍ഡിലെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളവരുടെ നിരീക്ഷണത്തിന് ഓരോ വ്യക്തികളെ ചുമതലപെടുത്തുകയും അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

nipah
ഫയല്‍ ഫോട്ടോ

ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുവാനും പല വീട്ടുകാരും, വ്യക്തികളും വളരെ കഷ്ടപെട്ടു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തും വാര്‍ഡ് മെമ്പര്‍മാരും പ്രത്യേകിച്ചു കണ്ടെയ്ന്‍മെന്റ് വാര്‍ഡ് (പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ വാര്‍ഡ് 11, വാര്‍ഡ് 10 മെമ്പര്‍ റഫീഖ്, വാര്‍ഡ് 12 മെമ്പര്‍ ശിവദാസന്‍, വാര്‍ഡ് 8 മെമ്പര്‍ റീന, വാര്‍ഡ് 7 മെമ്പര്‍ പ്രസീന, വാർഡ് 9 ടി.വത്സല), പോലീസ്, വിവിധ വാര്‍ഡ് ആര്‍.ആര്‍.ടിമാര്‍, ആരോഗ്യവകുപ്പിന് ആവശ്യമായ പിന്തുണ നല്‍കി. മൃഗസംരക്ഷണ വകുപ്പും അവരുടേതായ രൂപത്തില്‍ സ്വന്തമായി പ്രവര്‍ത്തനം നടത്തി. ജില്ലാ ആരോഗ്യവകുപ്പും ആവശ്യമായ പിന്തുണ നല്‍കി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ചൂലൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസറെ നേരിട്ട് വിളിച്ച് പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. പേരാമ്പ്ര ചങ്ങാരോത്ത് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എച്ച്.ഐ. ആയിരുന്ന രാജന്‍ സര്‍ നിരന്തരം വിളിച്ചു പിന്തുണ നല്‍കി. അതുപോലെ കെ.എച്ച്.ഐ.യു. ജില്ലാ കമ്മറ്റിയും അവശ്യമായ പിന്തുണ അറിയിച്ചു.

21 ദിവസം പൂര്‍ത്തിയായപ്പോള്‍ ആണ് മനസ്സിലെ ആധി പൂര്‍ണ്ണമായും ഇല്ലാതായത്. 42 ദിവസത്തിന് ശേഷം പാഴൂര്‍ പ്രദേശം നിപ ഫ്രീ ആയി പ്രഖ്യാപനം വരാനിരിക്കെ ഓര്‍മയില്‍ ഉള്ളത് എഴുതിയതാണ്. ആധിയൊഴിഞ്ഞെങ്കിലും ഇനിയും നമ്മള്‍ ജാഗ്രത പാലിക്കണം. നിപ വാഹകരായ വവ്വാല്‍ നാട്ടില്‍ ഉണ്ടെന്ന കാര്യം മറക്കരുത്.

Content Highlights: Junior Health Inspector Abdurasheed shares his experience with Nipah virus outbreak at kozhikode, Health, Nipah 2021

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

2 min

ഉത്കണ്ഠാരോ​ഗത്തെ മറച്ചുവെക്കേണ്ട, മറികടക്കാൻ സഹായിച്ചത് ഈ ടെക്നിക്- ആലിയ ഭട്ട്

Aug 17, 2023


kidney

3 min

വൃക്കരോഗലക്ഷണങ്ങൾ പലപ്പോഴും നേരത്തേ പ്രകടമാകില്ല, അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കപ്പെടുക

Mar 9, 2023


shigella

3 min

ഷി​ഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് കാരണമാകുന്നത്? ലക്ഷണങ്ങളും പ്രതിരോധവും

Apr 28, 2022

Most Commented