ഫ്ലാവിവൈറസ് ഗണത്തിൽ പെട്ട സിക്ക വൈറസ് ആണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇതും ഒരു കൊതുകുജന്യ രോഗമാണ്. ഡെങ്കി വൈറസ്, യെല്ലോ ഫീവർ വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഫ്ലാവിവൈറസുകളുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. 

സിക്ക വൈറസ് അണുബാധ തലച്ചോറിനെ ബാധിക്കുന്ന സങ്കീർണതകൾ ഉണ്ടാക്കുന്നു. സ്ത്രീകളിൽ ഗർഭകാലത്ത് ഈ രോഗം ബാധിച്ചാൽ ജനിക്കുന്ന കുഞ്ഞിന് തലച്ചോറ് ചെറുതാകുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. ഇവ കൂടാതെ സുഷുമ്ന നാഡിയെയും ഞരമ്പുകളെയും ഇവ ബാധിച്ചേക്കാം. 

1947 ൽ ഉഗാണ്ടൻ വനത്തിൽ കുരങ്ങുകളിലാണ് ഇവ ആദ്യമായി കണ്ടെത്തിയത്. ആ വനത്തിന്റെ പേരിലാണ് സിക്ക വൈറസ് അറിയപ്പെടുന്നത്. 

സിക്ക വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ  

ചെറിയ പനി ശരീരത്തിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ, സന്ധിവേദന, കണ്ണുകൾ ചുവക്കുക എന്നിവയാണ് സാധാരണഗതിയിൽ കാണുന്നത്. പേശിവേദന, തലവേദന, കണ്ണിന് പിറകിലായി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. 

ലൈംഗിക സംക്രമണം വഴിയും രോഗബാധ ഉണ്ടാകാം. ശുക്ലത്തിലും സ്ത്രീ ജനനേന്ദ്രിയ സ്രവങ്ങളിലും വൈറസ് നിലനിൽക്കാം. രക്തത്തിലൂടെയും അവയവദാനത്തിലൂടെയും സിക്ക വൈറസ് പകരാം. 

രോ​ഗനിർണയം

സിക്ക വൈറസ് അണുബാധ ഉണ്ടെന്ന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് വഴിയാണ് നിർണയിക്കുന്നത്. 

ചികിത്സ

സിക്ക വൈറസ് അണുബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. പനി, വേദന എന്നിവ ഭേദമാകാൻ പാരസറ്റമോൾ ഗുളികയും, നിർജ്ജലീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ദ്രാവകങ്ങൾ ഉൾപ്പെടെയുള്ള ചികിത്സയും, വിശ്രമവും രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയും ഇതിന്റെ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു. 

രോ​ഗപ്രതിരോധത്തിന് ചെയ്യേണ്ടത്

  • പകരാനുള്ള സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തികൾ വ്യക്തിഗത സംരക്ഷണവും പരിസ്ഥിതി നിയന്ത്രണ നടപടികളും ഉൾപ്പെടെയുള്ളവ സ്വീകരിക്കണം. 
  • കൊതുക് കടിയേൽക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. 
  • ഈഡെസ് കൊതുകുകൾ പകൽ സമയത്തും സന്ധ്യയിലും സാധാരണയായി കടിക്കുന്നത്. 
  • ഇവ കെട്ടിനിൽക്കുന്ന വെള്ളത്തിൽ (പ്രത്യേകിച്ച് മനുഷ്യനിർമ്മിത പാത്രങ്ങളിൽ) പ്രജനനം നടത്തുന്നു. അതിനാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. 
  • ദേഹം മുഴുവൻ മൂടുന്ന രീതിയിലുള്ള വസ്ത്രധാരണം ചെയ്യുക. 
  • കൊതുകുകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ജലസംഭരണിക്കൾ മൂടണം. 
  • കൂടാതെ നിശ്ചലമായതോ നിൽക്കുന്നതോ ആയ വെള്ളം അനുവദിക്കുന്ന അഴുക്കുചാലുകൾ ഇല്ലാതാക്കണം. 

വാക്സിൻ വികസനത്തിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നു വരുന്നു. ഭാവിയിൽ ഇവ വന്നേക്കാം. ഇപ്പോൾ ഡെങ്കിപ്പനി പോലെയും മറ്റു വൈറൽ പനികൾ പോലെയും ശരിയായ സമയത്തുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് നമുക്ക് മുന്നിൽ ഉള്ളത്. പനി വന്നാൽ ഈ കോവിഡ് കാലഘട്ടത്തിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യാതിരിക്കുക.

(പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: Zika Virus, Health, Zika Fever