യാദൃച്ഛികമായാണ് തനിക്ക് മുഖാമുഖം വരുന്ന അപകടാവസ്ഥയെ 48 വയസ്സുള്ള ക്രിസ്റ്റഫര്‍ കോബ് തിരിച്ചറിഞ്ഞത്. ചിക്കാഗോ ബ്ലേസ് ക്ലബ്ബിലെ ഒന്നാംനിര റഗ്ബി കളിക്കാരനാണ് കോബ്. തികഞ്ഞ കായികതാരം. റഗ്ബി പോലെ കഠിനതരമായ മത്സരത്തില്‍ സജീവമാകണമെങ്കില്‍ പൂര്‍ണാരോഗ്യവാനായിരിക്കുക തന്നെവേണം. ഒരുദിവസം സുഹൃത്തായ മാര്‍ക്ക് തനിക്കുണ്ടായ അനുഭവം ക്രിസ്റ്റഫറുമായി പങ്കുവെച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയ സംഭവമായിരുന്നു അത്.
പക്ഷേ തനിക്ക് യാതൊരുവിധ ആപത്ഘടകങ്ങളോ ദുശ്ശീലങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ക്രിസ്റ്റഫര്‍ ആത്മവിശ്വാസം പുലര്‍ത്തി. എങ്കിലും സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇ.സി.ജി. എടുത്തു. അത് നോര്‍മല്‍. ട്രെഡ്മില്‍ പരിശോധനയില്‍ ചില വ്യതിയാനങ്ങള്‍. പിന്നീട്, ധമനികളില്‍ കാത്സ്യത്തിന്റെ അളവ് വിലയിരുത്തുന്ന സി.ടി. ആന്‍ജിയോഗ്രാഫിയും കരോട്ടിട് ഡോപല്‍റും ചെയ്തു. അപ്പോഴാണ് ഹൃദയധമനികളിലും മറ്റ് രക്തക്കുഴലുകളിലും കാത്സ്യത്തിന്റെ തോത് ക്രമാതീതമായി കൂടിയിരിക്കുന്നതായി കണ്ടത്. താമസിയാതെ ആന്‍ജിയോഗ്രഫി ചെയ്തു. രണ്ട് പ്രധാനപ്പെട്ട ആര്‍ട്ടറികളില്‍ (ലെഫ്റ്റ് മെയിന്‍, എല്‍.എ.ഡി.) 90 ശതമാനം വീതം ബ്ലോക്ക്, മറ്റ് ധമനികളില്‍ 65 ശതമാനം ബ്ലോക്ക്. ട്രിപ്പിള്‍ വെസല്‍ ഡിസീസ്. ഉടന്‍ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു.

ഇപ്പോള്‍ ക്രിസ്റ്റഫര്‍ തന്റെ സുഹൃത്തായ മാര്‍ക്കിനെ സ്തുതിക്കുകയാണ്. മരണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയതിന്. പൂര്‍ണാരോഗ്യവാനെന്ന് കരുതി എല്ലാ കഠിനതരം പ്രവൃത്തികളും ചെയ്ത് മുന്നോട്ടുപോയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

സൂചന തരാത്ത ഹാര്‍ട്ട്അറ്റാക്ക്

ഹാര്‍ട്ട്അറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ഹാര്‍ട്ട്അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികള്‍ക്കും സാധാരണ ആപത്ഘടകങ്ങള്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് ഹൃദ്രോഗ പ്രതിരോധം ഏറെ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിന് പ്രധാനമായി അഞ്ച് കാരണങ്ങളാണുള്ളത്.

  1. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊന്നൊടുക്കുന്ന ഭീതിദമായ രോഗാവസ്ഥയായി ഹൃദ്രോഗം മാറിക്കഴിഞ്ഞു.
  2. ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങള്‍ മൂലം ഈ രോഗത്തെ വലിയൊരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
  3. ധമനികളില്‍ ജരിതാവസ്ഥ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും. ഈ വേളയില്‍ രോഗസാധ്യത കണ്ടുപിടിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ അവസരം ലഭിക്കും.
  4. രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഹാര്‍ട്ട്അറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.
  5. ധമനികളില്‍ ജരിതാവസ്ഥയും ബ്ലോക്കും ഗുരുതരമായാല്‍ ശാശ്വത പരിഹാരമില്ലെന്ന് പറയാം. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി തുടങ്ങിയ ചികിത്സാവിധികള്‍ ചെയ്ത് ആയുസ്സ് ഒരുപരിധിവരെ ദീര്‍ഘിപ്പിക്കാമെന്ന് മാത്രം.

പൊതുകാരണങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ പോരാ

രോഗം ഗുരുതരമായവര്‍ക്ക് വളരെ ചെലവേറിയ ചികിത്സ നല്കുന്ന സമ്പ്രദായമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്ക് നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മകവും ചെലവ് കുറഞ്ഞതുമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്ന പ്രവണത കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.
രോഗാവസ്ഥ മൂര്‍ച്ഛിച്ച് ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചികിത്സാപദ്ധതി സംവിധാനംചെയ്യാന്‍ അത്ര പ്രയാസമില്ല. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്ത അവസ്ഥയില്‍, രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അത് ഗുരുതരമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.

അമിത രക്തസമ്മര്‍ദം, പുകവലി, വര്‍ധിച്ച കൊളസ്ട്രോള്‍, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അപര്യാപ്തതകളുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹാര്‍ട്ട്അറ്റാക്കുണ്ടായ 695 രോഗികളെ ഉള്‍പ്പെടുത്തി സിഡ്നി യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍ 132 പേര്‍ക്ക് യാതൊരു ആപത്ഘടകങ്ങളും ഉണ്ടായിരുന്നില്ല.
 
തിരിച്ചറിയാന്‍

ഹൃദയധമനികളിലെ ജരിതാവസ്ഥ ബാല്യകാലത്തില്‍ ആരംഭിക്കും. അതിന്റെ വളര്‍ച്ചയും അപകടാവസ്ഥയും വിലയിരുത്താന്‍, ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് (IVUS), പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (PET), മള്‍ട്ടിഡിറ്റെക്ടര്‍ കംപ്യൂട്ടഡ് ടോമോഗ്രഫി (MDCT) തുടങ്ങിയ ആധുനിക പരിശോധനാസംവിധാനങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഹൈവ്സ്, പെറ്റ്, എം.ഡി.സി.ടി. എന്നീ പരിശോധനകള്‍കൊണ്ട് കരോട്ടിഡ് ധമനിയുടെയും (കരോട്ടിഡ് ഡോപല്‍) ഹൃദയത്തിലെ കൊറോണറികളുടെയും ഘടനാവ്യതിയാനങ്ങളും കാത്സ്യം സ്‌കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയില്‍ ഹാര്‍ട്ട്അറ്റാക്കും ഹൃദയപരാജയവും പെട്ടെന്നുള്ള മരണംതന്നെയും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താന്‍ പറ്റുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'പെറ്റ്' പരിശോധനകൊണ്ട് ഹൃദയധമനികളിലെ രക്തപര്യയനത്തിന്റെ പാളിച്ചകളും വ്യക്തമായി മനസ്സിലാക്കാം.

സൈലന്റ് ഹാര്‍ട്ട്അറ്റാക്ക്

ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശ്ശബ്ദ ഹാര്‍ട്ട് അറ്റാക്ക്. നെഞ്ചുവേദനയ്ക്കുപകരം ചിലരില്‍ ഓക്കാനം, ദഹനപ്രശ്നങ്ങള്‍, ഗ്യാസ്, തളര്‍ച്ച തുടങ്ങിയ അസ്പഷ്ട ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ ഇത് കൂടുതലായി കാണുന്നു; 21 ശതമാനം. പ്രമേഹമില്ലാത്തവരില്‍ 14 ശതമാനവും. പ്രമേഹബാധിതരില്‍ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകള്‍ക്കുണ്ടാകുന്ന അപചയമാണ് (ഓട്ടോണമിക് ന്യൂറോപതി). ഈ വ്യതിയാനം കാരണം ഹൃദയവീക്കത്തിന്റെ അനന്തരഫലങ്ങള്‍ മസ്തിഷ്‌കത്തിന് തിരിച്ചറിയാനാകാതെ പോകുന്നു. സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധമനോഭാവമാണ് (ഡിനയല്‍ സിന്‍ഡ്രോം), രോഗാവസ്ഥ, അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന.

എത്രയായാലും ഹാര്‍ട്ട് അറ്റാക്കിനുപിന്നില്‍ ഇനിയും അറിയപ്പെടാത്ത പല നിഗൂഢതകളും സംഭവിക്കുന്നുണ്ടെന്ന രീതിയില്‍ ആപദ്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നു. പറയത്തക്ക അപകടഘടകങ്ങളുടെ അഭാവത്തിലുള്ള ഹൃദയാഘാതത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഏറെ ശാരീരിക ഫിറ്റ്‌നസ് ഉള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടുവര്‍ഷംകൊണ്ട് (20062014) 11ല്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണം സ്ഥിരീകരിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും അപ്രതീക്ഷിതമായി ഹൃദയധമനികളില്‍ കൊഴുപ്പുനിക്ഷേപമുണ്ടാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.

ജനിതകസ്വാധീനം എത്രത്തോളം

ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ?  ഹൃദയാഘാതമുണ്ടാക്കുന്നതില്‍ ജനിതകസ്വാധീനം എത്രത്തോളമുണ്ടെന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി നടത്തിയ ഒരു ഗവേഷണ പരമ്പരയുടെ ഫലം 'ന്യൂ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിസിനി'ല്‍ 2016 ഡിസംബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ജനിതക പ്രവണതയും ആപദ്ഘടകങ്ങളുടെ സ്വാധീനവും വേര്‍തിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂര്‍ധന്യാവസ്ഥയിലായിരുന്ന വ്യക്തികളില്‍ ഹൃദ്രോഗസാധ്യത 91 ശതമാനംവരെ ഉയര്‍ന്നുകണ്ടു. ഇക്കൂട്ടരില്‍ സുപ്രധാന ആപദ്ഘടകങ്ങള്‍ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടവരില്‍ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറയുന്നതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപദ്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോള്‍ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി. തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്, എന്നാല്‍ കാഞ്ചിവലിക്കുന്നത് ആപദ്ഘടകങ്ങളാണ്. അതായത് ജനിതകവിധിയെ മാറ്റിമറിക്കാന്‍ ജീവിതശൈലിയുടെ കര്‍ശനമായ നിയന്ത്രണംകൊണ്ട് ഒരുപരിധിവരെ സാധിക്കുമെന്ന് സാരം. അതിന് കഴിയാതെ വരുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.

ഒരു ജീനല്ല, പല ജീനുകളുടെ സംയുക്തമാണ് ഹൃദ്രോഗത്തിനുള്ള വിത്ത് വിതയ്ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200-ല്‍പ്പരം ജനിതകസൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

കൊളസ്ട്രോള്‍ നോര്‍മല്‍, പക്ഷേ..

ഹൃദ്രോഗമുണ്ടാക്കുന്നതില്‍ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്‌ട്രോള്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനംപേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഗം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്ര സംഘടനകളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ പരമാവധി കുറയ്ക്കാനാണ്. നവജാത ശിശുക്കളില്‍ എല്‍.ഡി.എല്‍. 25 മില്ലിഗ്രാം/ഡെസിലിറ്ററാണ്. അതുകൊണ്ട് നവജാതര്‍ക്ക് ഹൃദയാഘാതമേ ഉണ്ടാകുന്നില്ല എന്ന് വാദിക്കുന്നു. ഹാര്‍ട്ടറ്റാക്ക് വന്നവരില്‍ എല്‍.ഡി.എല്‍. 39 മില്ലിഗ്രാം/ഡെസിലിറ്റര്‍ കുറച്ചപ്പോള്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 22 ശതമാനമായി കുറഞ്ഞു. അതുപോലെ മരണനിരക്ക് 14 ശതമാനം കുറഞ്ഞു. ഹൃദ്രോഗമുണ്ടായിട്ടില്ലാത്തവരില്‍ എല്‍.ഡി.എല്‍. 39 മില്ലിഗ്രാം/ഡെസിലിറ്റര്‍ കുറഞ്ഞപ്പോള്‍ അറ്റാക്കുണ്ടാകാനുള്ള സാധ്യത 30 ശതമാനമായി കുറഞ്ഞു. അപ്പോള്‍ ഹൃദ്രോഗമെന്ന കീറാമുട്ടിയെ ഒഴിച്ചുനിര്‍ത്താന്‍ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ എത്രയും കുറയ്ക്കാമോ അത്രയും നന്ന് എന്ന് പലരും വാദിക്കുന്നു. പക്ഷേ, അപ്പോഴൊക്കെ പ്രസക്തമാകുന്ന ചോദ്യം കൊളസ്‌ട്രോള്‍ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍? അത് തികച്ചും നിഗൂഢമായ ശരീരശാസ്ത്രത്തിന്റെ ഏടുകളിലേക്ക് നമ്മെ കൊണ്ടുപോകും.

ഈ സാഹചര്യങ്ങളിലാണ് ഹൃദ്രോഗ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.

നേരത്തെ കണ്ടെത്താന്‍ സൂചകങ്ങള്‍

ഹൃദയധമനികളിലെ പരോക്ഷമായ ജരിതാവസ്ഥ (Subclinical atherosclerosis) യുടെ പ്രാധാന്യം എത്രത്തോളമുണ്ട്?
കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി. റിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി.) ഇന്റര്‍ലൂക്കിന്‍-6, ഫോസ്‌ഫോലിപെയ്‌സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എല്‍.ഡി.എല്‍., നൈട്രോതൈറോസിന്‍, ലൈപ്പോ പ്രോട്ടീന്‍-എ, ഡി. ഡൈമര്‍, ഹോമോസിസ്റ്റിന്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ഹൃദയ പരാജയമുണ്ടാകുമ്പോള്‍ കാണുന്ന എന്‍ടി പ്രോ ബി.എന്‍.പി, കോശനാശമുണ്ടാകുമ്പോള്‍ രക്തത്തില്‍ കുമിഞ്ഞുകൂടുന്ന ട്രൊപോണിന്‍. മേല്പറഞ്ഞ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് പല മാനസിക- ശാരീരിക ജനിതക ഘടകങ്ങളുടെ ഉദ്ദീപന പ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാത ഘടകങ്ങളും ഈ രോഗാതുരതയ്ക്കുപിന്നില്‍ ഉത്തേജകമാകുന്നു. ആര്‍ക്കൊക്കെ അറ്റാക്ക് വരും ആര്‍ക്ക് വരില്ല എന്ന് കൃത്യമായി പറയാന്‍ എളുപ്പമല്ല. ഒന്നുംഒന്നും രണ്ട് എന്ന് കണക്ക് കൂട്ടുന്നതുപോലെ ഈ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ സാധ്യമല്ലെന്നോര്‍ക്കണം.

ബ്ലോക്കില്ലെങ്കിലും ഹാര്‍ട്ട്അറ്റാക്ക്

ഹൃദയധമനികളില്‍കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതമുണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ 'മിനോക്ക' (Minoca) എന്ന് പറയുന്നു. 5-6 ശതമാനം ആള്‍ക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്, പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍.

ഇതിനുള്ള കാരണങ്ങള്‍ ഇവയൊക്കെ
യാണ്:

  • താത്കാലികമായ ചെറിയ ബ്ലോക്കുകള്‍ (കൊഴുപ്പുനിക്ഷേപങ്ങള്‍) ഹൃദയധമനികളിലുണ്ടായി അവിടെ ചെറിയ രക്തക്കട്ടകള്‍ പ്രത്യക്ഷപ്പെടുന്നു.
  • കുറച്ചുനേരത്തേക്ക് ഹൃദയധമനികള്‍ ചുരുങ്ങുന്ന (Spasm) അവസ്ഥ ഉണ്ടാകുന്നു.
  • സൂക്ഷ്മലോമികകളെ ബാധിക്കുന്ന 'മൈക്രോവാസ്‌കുലര്‍ രോഗം'. ഈ സാഹചര്യത്തില്‍ ഉപരിതലധമനികളില്‍ ബ്ലോക്കുകള്‍ കണ്ടെന്നുവരില്ല.
  • പെട്ടെന്ന് ഹൃദയധമനി വിണ്ടുകീറുന്ന അവസ്ഥ (ഡൈസെക്ഷന്‍) ഉണ്ടാകുന്നു.
  • ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ചെറിയ രക്തക്കട്ടകള്‍ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.

ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രാഫി ചെയ്താല്‍ 50 ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍ മാത്രമേ കാണുകയുള്ളൂ. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകില്ല. ഹൃദയഭിത്തികളില്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ പരിക്കുകളുണ്ടാകുകയുള്ളൂ.

(എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: Is there any link between exercise and heart attack, Puneeth rajkumar's death

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌