കോവിഡ് വാക്സിൻ വിതരണത്തോട് അനുബന്ധിച്ച് നിരവധി സംശയങ്ങളാണ് ലോകത്തെങ്ങുമുള്ളത്. ഈ സാഹചര്യത്തിലാണ് കോവിഡ് വാക്സിനെക്കുറിച്ചുള്ള ആളുകളുടെ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകാമോ എന്നത്.

ഗർഭിണികളിലും മുലയൂട്ടുന്നവരിലും വാക്സിൻ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഗർഭിണികൾ അവരുടെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ എന്നിവരുമായി ചർച്ച ചെയ്ത് വാക്സിൻ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നിർദേശിച്ചിരിക്കുന്നത്.

ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനെ മുൻപ് ലോകാരോഗ്യ സംഘടന എതിർത്തിരുന്നു. എന്നാൽ അടുത്തിടെ അത് നീക്കി വാക്സിൻ ഗർഭിണികൾക്ക് വേണമെങ്കിൽ നൽകാം എന്ന് മാർഗനിർദേശം നൽകിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്നും അതിനുശേഷവും മുലയൂട്ടൽ തുടരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കുന്നതു മൂലം ഗർഭിണികൾക്ക് ഉണ്ടാകുന്നതിനേക്കാൾ ബുദ്ധിമുട്ടുകൾ കോവിഡ് ബാധിച്ചാൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ വാക്സിൻ മൂലം ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടില്ലെന്നും നോർത്ത കരോലിന സർവകലാശാലയിലെ ഡോ. ആനി ലയർലി പറയുന്നു.

1960 കൾ മുതൽ ഇന്‍ഫ്‌ലുവന്‍സയ്ക്കും മറ്റ് രോഗങ്ങൾക്കും എതിരെ ഗർഭിണികൾ വാക്സിൻ സ്വീകരിച്ചിരുന്നു. ശക്തി കുറഞ്ഞ വൈറസുകളെ ഉപയോഗിച്ച് തയ്യാറാക്കുന്ന ലൈവ് വാക്സിനുകളാണ് അന്ന് സ്വീകരിച്ചിരുന്നത്. എന്നാൽ കോവിഡ് വാക്സിനുകളിൽ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഗർഭിണികളിൽ ഇത് പരീക്ഷിക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകണമോ എന്ന കാര്യത്തിൽ അതത് രാജ്യത്തെ ഭരണകൂടവും ആരോഗ്യസംവിധാനവും ചേർന്നാണ് തീരുമാനമെടുക്കുക. നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നില്ല

Content Highlights:Is the vaccine safe for women who are pregnant or breastfeeding, Health, Covid19, Covid Vaccine