ഫോട്ടോ: എ.എഫ്.പി.
കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യത്തില്‍ 2020 മാര്‍ച്ച് 25 നാണ് പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇപ്പോള്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുകയാണ്. മാസ്ക് ഇനി ആവശ്യമുണ്ടോ എന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
ഇതിനിടയില്‍ കോവിഡിന്റെ നാലാം തരംഗം അടുത്തുതന്നെ ഉണ്ടാകുമെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഇത്തരം സംശയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കോവിഡ് വിദഗ്ധ സമിതി അംഗമായ ഡോ. അനീഷ് ടി.എസ്.
മാസ്ക് ഒഴിവാക്കാന്‍ സമയമായോ. എന്തായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍?
സാധാരണ ജീവിതത്തിലേക്ക് നീങ്ങാറായോ, മാസ്ക് ഉപേക്ഷിക്കാന്‍ സമയമായോ, വൈറസിന്റെ ശക്തി കുറഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ മനസ്സിലാകുന്നത് നാം ഏറെക്കുറെ സാധാരണ ജീവിതത്തിലേക്ക് അതായത് കോവിഡിന് മുന്‍പുള്ള ജീവിതത്തിലേക്കുള്ള മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു എന്നാണ്. എന്നാല്‍ പൂര്‍ണമായിട്ടും മടങ്ങി വന്നിട്ടില്ല. ഇപ്പോഴും വളരെ വ്യാപകമാണ് മാസ്കിന്റെ ഉപയോഗം. മാസ്കുകള്‍ തീരെ ഉപേക്ഷിക്കേണ്ട ഒന്നല്ല എന്നുള്ളതാണ് വസ്തുത. കാരണം, ഇനിയങ്ങോട്ട് പൊതുവില്‍ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയിട്ടാണെങ്കിലും രോഗ ബാധയുണ്ടാക്കാന്‍ സാധ്യതയുള്ളിടങ്ങളില്‍ ആയിരിക്കുമ്പോഴും ആളുകള്‍ ഇനിയും മാസ്ക് ധരിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കോവിഡ് മഹാമാരിക്ക് ശേഷവും ആളുകള്‍ മാസ്കുകള്‍ ഉപയോഗിക്കും. പക്ഷേ നിര്‍ബന്ധമായും മാസ്ക് ഉപയോഗിച്ചിരിക്കണം എന്നുള്ള അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്ന് തുടങ്ങുകയാണ്. നിലവില്‍ നമ്മള് മാസ്ക് ഉപയോഗിക്കുന്നത് നമ്മുടെ ഒരു ചോയ്സ് അല്ല. സമൂഹം മാസ്ക് ഉപയോഗിക്കാന്‍ നമ്മുടെ മേല്‍ ഒരു സമ്മര്‍ദം ചെലുത്തുന്നുണ്ട്. രോഗത്തിന്റെ വ്യാപനം വളരെയധികം കുറയുന്ന സാഹചര്യത്തില്‍ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും സ്കൂളില്‍ ഉള്‍പ്പടെ മാസ്ക് ഉപേക്ഷിച്ചുതുടങ്ങുന്ന ഒരു സാഹചര്യത്തില്‍ നമ്മളും അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന സമയമായി എന്ന് പറയാന്‍ കഴിയും.
.jpg?$p=36301ea&&q=0.8)
കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് മാസ്ക്. ഈ രോഗത്തിന്റെ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ മാസ്ക് പോലെ സഹായിച്ചിട്ടുള്ള മറ്റൊന്നില്ല. പെട്ടെന്ന് ഈ മാസ്ക് എല്ലാവരും ഉപേക്ഷിക്കുകയാണെങ്കില്‍ രോഗം പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഘട്ടം ഘട്ടമായി മാസ്ക് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. അതായത്, രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സമയത്ത് മാസ്ക് തീര്‍ച്ചയായും ഉപയോഗിക്കുകയും അതേസമയം രോഗം ബാധിക്കാനുള്ള സാധ്യത കുറയുന്ന സമയത്ത് മാസ്കിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം.
ഉദാഹരണത്തിന്, കുടുംബാംഗങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന സമയത്തോ അല്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കുന്ന സമയത്തോ, ആരും അടുത്തേക്ക് വരാന്‍ സാധ്യതയില്ലാത്ത സമയത്തോ മാസ്കിന്റെ ഉപയോഗം അത് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മാത്രമായി ചുരുക്കാം. അതേസമയം, ഒട്ടനവധി അപരിചിതരായ ആളുകള്‍ ഒത്തുകൂടുന്ന ഒരു സാഹചര്യമുണ്ടായാല്‍ (ഉത്സവങ്ങള്‍, ചടങ്ങുകള്‍ പോലുള്ളവ) തീര്‍ച്ചയായും മാസ്കുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. രോഗനത്തെ നിരീക്ഷിക്കുകയും രോഗവ്യാപനം കുറഞ്ഞിരിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാസ്ക് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ കുറച്ചുകുറച്ചായി മാറ്റാനായി നമുക്ക് കഴിയണം.
കോവിഡിന് ഒരു നാലാം തരംഗം ഉണ്ടാകുമോ?
കോവിഡിന് ഒരു നാലാം തരംഗം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം. തീര്‍ച്ചയായും കോവിഡിന് ഒരു നാലാം തരംഗം ഉണ്ടാകാനാണ് സാധ്യത. നാലോ അഞ്ചോ കോവിഡ് തരംഗങ്ങള്‍ ഉണ്ടായേക്കാം. കോവിഡ് 19 ഒരു എന്‍ഡമിക് ആകുന്നതിന് മുന്‍പ് തന്നെ ഇനിയുമൊരു ഒന്നോ രണ്ടോ തരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പിന്നീട് അത് ഒരു എന്‍ഡമിക് രോഗമായി അവിടവിടെ മാത്രം കാണുന്ന രീതിയില്‍ പരിണമിക്കാം. നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ടൈഫോയ്ഡ് പോലെ അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ പോലെ വളരെ കൂടുതല്‍ പടര്ന്നുപിടിക്കുകയൊന്നും ചെയ്യാതെ സമൂഹത്തില്‍ രോഗം അടങ്ങി നില്ക്കുന്ന അവസ്ഥയാണ് എന്‍ഡെമിക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
എന്നാല്‍ നാലാം തരംഗം എപ്പോള്‍ ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. ജൂണില്‍ അടുത്ത തരംഗം ഉണ്ടാകും എന്ന് പറയുന്നത് ഇതുവരെയുള്ള തരംഗങ്ങള്‍ തമ്മിലുള്ള കാലവ്യത്യാസം നോക്കി അതേ കാലവ്യത്യാസം തന്നെ അടുത്ത തരംഗത്തിലും സംഭവിക്കും എന്നുള്ള രീതിയില്‍ നടത്തുന്ന പ്രവചനങ്ങള്‍ മൂലമാണ്. ഗണിതശാസ്ത്ര രീതികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. അത് കൃത്യമായിട്ടും അങ്ങനെ സംഭവിക്കണമെന്നില്ല. അതിനാല്‍ തന്നെ ജൂണില്‍ തന്നെയാകുമോ അതോ അതിന് ശേഷമായിരിക്കുമോ അടുത്ത തരംഗം എന്നതിനെക്കുറിച്ച് കൃത്യമായി പറയാനാകില്ല.
പക്ഷേ, ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള നാലാം തരംഗം ആണെങ്കിലും അഞ്ചാം തരംഗം ആണെങ്കിലും അത് ഇതുവരെ വന്ന കോവിഡ് തരംഗങ്ങളേക്കാള്‍ അപകടസ്വഭാവം കുറഞ്ഞതാവാനാണ് സാധ്യത. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കോവിഡിലെ രണ്ടാം തരംഗം അഥവ ഡെല്‍റ്റ വകഭേദം ഉണ്ടാക്കിയതുപോലെ ഗുരുതര രോഗങ്ങളുടെ ആധിക്യമുള്ള വളരെ വലിയ തരംഗങ്ങള്‍ കോവിഡില്‍ ഇനി സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ്. പക്ഷേ കോവിഡ് 19 മഹാമാരിയുടെ സ്വഭാവം പൂര്‍ണമായും നമുക്ക് പിടിതരാത്തതാണ്. ഇതില്‍ ഒരു അപ്രവചനീയത നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ നിലവിലുള്ള തെളിവുകളെ വെച്ചുനോക്കുമ്പോള്‍ ഇനി ഉണ്ടാകുന്ന കോവിഡ് തരംഗങ്ങള്‍ നമ്മുടെ ജീവനും സ്വത്തിനും വലിയ ഭീഷണി ഉയര്‍ത്താനുള്ള സാധ്യതയില്ല.
ആദ്യം കോവിഡ് ബാധിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകടസാധ്യതയേക്കാള്‍ കുറവായിരിക്കും വീണ്ടും കോവിഡ് വരുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യത. വാക്സിനെടുക്കാത്ത ഒരാള്‍ക്ക് രോഗം അപകടം ഉണ്ടാക്കാനുള്ള സാധ്യതയേക്കാള്‍ കുറവായിരിക്കും വാക്സിനെടുത്തയാള്‍ക്ക് കോവിഡ് ബാധിക്കുന്ന സമയത്ത് ഉണ്ടാകാനിടയുള്ള അപകട സാധ്യത. അതിനാല്‍ തന്നെ ഇത്രത്തോളം ആളുകള്‍ക്ക് ഇതിനകം തന്നെ പല ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കോവിഡ് രോഗബാധ ഉണ്ടാവുകയും, വളരെ വ്യാപകമായി നാട്ടിലൊക്കെ വാക്സിനേഷന് നടക്കുകയും ചെയ്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന നാലാം തരംഗമാണെങ്കിലും അഞ്ചാം തരംഗമാണെങ്കിലും അത് വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത കുറവാണ് എന്നാണ് കാണേണ്ടത്.
അതേസമയം തന്നെ, ഇനിയും തരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കാരണം, ഇതൊരു മഹാമാരിയാണ്. മഹാമാരിക്കാലത്ത് വൈറസും മനുഷ്യനും തമ്മില്‍ ഒരു വടംവലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ രോഗപ്രതിരോധ ശക്തി വിജയിക്കുന്ന സമയത്ത് രോഗികള്‍ വളരെയധികം എണ്ണത്തില്‍ കുറയുകയും എന്നാല്‍ അതേസമയം തന്നെ വൈറസിനുണ്ടാകുന്ന ചില ജനിതകവ്യതിയാനങ്ങള്‍ വൈറസിനെ താത്ക്കാലികമായി ശക്തികൊടുക്കുകയും ചെയ്യുന്ന പ്രതിഭാസം ഇനിയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
കരുതല്‍ ഡോസ് വാക്സിന് ആവശ്യമാണോ?
വാക്സിനുകളുടെ ഉപയോഗം കോവിഡ് കാലത്ത് കോവിഡ് മരണങ്ങളും സങ്കീര്‍ണതകളും കുറയ്ക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. വാക്സിന് എടുക്കാത്ത ആളുകളില്‍ വാക്സിന് എടുത്തിട്ടുള്ള ആളുകളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലായിരുന്നു. അത് ലോകമെമ്പാടുമുള്ള പഠനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നിട്ടുമുണ്ട്. പക്ഷേ ഒരു ഡോസ് വാക്സിനെടുത്ത് അതുകാരണം സംരക്ഷണം ലഭിക്കാത്ത ആളുകള്‍ക്ക്, അതായത്, സംരക്ഷണം എന്ന് പറയുമ്പോള്‍ രോഗാണുബാധയില്‍ നിന്നുള്ള സംരക്ഷണം എന്നുള്ളതിനേക്കാള്‍ രോഗം തീവ്രമാകാതിരിക്കാനുള്ള സംരക്ഷണം കൂടിയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒരു ഡോസ് വാക്സിന് കൊണ്ട് സംരക്ഷണം നേടാനാവാത്ത ആളുകള്‍ക്ക് തീര്‍ച്ചയായും രണ്ടാമത്തെ ഒരു ഡോസ് കൂടി എടുത്ത് കഴിയുന്നതും പൂര്‍ണമായും സംരക്ഷിക്കുക എന്നതാണ് നാം അവലംബിച്ചത്. പക്ഷേ, ഈ കാലത്ത് ചില കാര്യങ്ങള്‍ സംഭവിച്ചു.
ഒന്ന്, വൈറസുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചു. അങ്ങനെ വാക്സിന് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളില്‍ നിന്ന് അവയ്ക്ക് രൂപമാറ്റം സംഭവിച്ചപ്പോള്‍ രോഗാണുബാധയെ പൂര്‍ണമായും തടയാനായി വാക്സിനുകള്‍ക്ക് സാധിക്കാതെ വന്നു. അതേസമയം, വാക്സിന് ഉയര്‍ത്തുന്ന ഭാഗികമായ പ്രതിരോധശക്തി മരണത്തിലേക്കും മറ്റ് അവശതകളിലേക്കും പോകുന്നതില്‍ നിന്നും വളരെയധികം ആളുകളെ സംരക്ഷിക്കുന്നുണ്ടായിരുന്നു; എങ്കില്‍പ്പോലും രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു. മാത്രവുമല്ല, രണ്ട് ഡോസ് വാക്സിനെടുത്തിട്ട് ഏതാണ്ട് എട്ടോ ഒന്‍പതോ മാസം കഴിഞ്ഞിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മറ്റ് ജീവിതശൈലി രോഗങ്ങളോ അപകടമുണ്ടാകാന്‍ സാധ്യതയുള്ള ഘടകങ്ങളോ ഉണ്ടെങ്കില്‍ അവരെ രക്ഷിക്കുക എന്നൊരു കാര്യം കൂടി മുന്‍നിര്‍ത്തിയാണ്് കരുതല്‍ ഡോസ് എന്ന രീതിയില്‍ മൂന്നാമതൊരു ഡോസ് കൂടി കൊടുക്കാന്‍ തീരുമാനിച്ചത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ കരുതല്‍ ഡോസ് കാലേക്കൂട്ടി കൊടുക്കുകയും അതിന്റെ ഗുണം അവര്‍ക്ക് കിട്ടുകയും ചെയ്തു. പക്ഷേ, ഇവിടെ കരുതല്‍ ഡോസ് കുറച്ച് താമസിച്ചാണ് വന്നത്. രോഗവ്യാപനവും കരുതല്‍ ഡോസും ഏറെക്കുറെ ഒരേസമയത്താണ് വന്നുതുടങ്ങിയത്. അതിനാല്‍ തന്നെ ഇപ്പോള്‍ രോഗം വന്ന് പൂര്‍ണമായും പിന്മാറുന്ന ഒരു അവസ്ഥയാണുള്ളത്. വളരെ ശക്തമായ ഒരു രോഗവ്യാപനം സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നില്ല.
നിലവില്‍ കുട്ടികള്‍ക്ക് വാക്സിന് നല്കാന് ശ്രമിക്കുന്നുണ്ട്. പക്ഷേ, കോവിഡ് 19 പൊതുവേ കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന രോഗമല്ല. വാക്സിന് തീര്‍ച്ചയായിട്ടും ഗുണനിലവാരമുള്ളതും അതോടൊപ്പം തന്നെ സുരക്ഷിതവുമാണ്. അതിലൊന്നും സംശയമില്ല. നിലവിലുള്ള തെളിവുകള്‍ അനുസരിച്ച് കുട്ടികള്‍ക്കുള്ള വാക്സിനുകള്‍ സുരക്ഷിതമാണ്. ഇപ്പോള്‍ തീരെ ചെറിയ കുട്ടികള്‍ക്ക് കൊടുക്കുന്ന വാക്സിന് പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്സിന് വിഭാഗത്തില്‍പ്പെടുന്ന വാക്സിനാണ്. അത് നേരത്തെ തന്നെ ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ളവയ്ക്ക് പരക്കെ കൊടുത്തുകൊണ്ടിരിക്കുന്ന വാക്സിനാണ്. അതുകൊണ്ടുതന്നെ വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. എങ്കിലും കുട്ടികള്‍ക്ക് അപകടസാധ്യത കുറവുള്ള രോഗമാണ് എന്നുള്ളതുകൊണ്ട് ഒരു പക്ഷേ, മുതിര്‍ന്ന ഒരാളേക്കാള്‍ പ്രാധാന്യം കുറവായിരിക്കും കുട്ടികളുടെ വാക്സിന്.
രണ്ട് ഡോസ് വാക്സിനെടുത്ത് കോവിഡ് ഒരു തവണ വന്നിട്ടുമുള്ള ആളെ സംബന്ധിച്ചിടത്തോളം ഇനിയും കൂടുതല്‍ വാക്സിന് ഡോസ് എടുക്കുന്നത് മൂലം വളരെ വലിയ ഗുണം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ കോവിഡ് വന്നിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം കരുതല്‍ ഡോസ് സ്വീകരിക്കുന്നത് ഒരു പക്ഷേ നന്നായിരിക്കും. കരുതല്‍ ഡോസിനെ സംബന്ധിച്ചിടത്തോളം മറ്റ് അപകടസാധ്യതകള്‍ ഉള്ളവര്‍ അതായത് പ്രായാധിക്യമുള്ളവര്‍, വൃക്കരോഗമുള്ളവര്‍, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍, കാന്‍സര്‍ ബാധിച്ചവര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും കരുതല്‍ ഡോസ് സ്വീകരിക്കുന്നത് നന്നായിരിക്കും. പൊതുവേ നോക്കിയാല്‍ ആദ്യത്തെ രണ്ട് ഡോസിനേക്കാള്‍ പ്രാധാന്യം കുറവാണ് കരുതല്‍ ഡോസിന്.
Content Highlights: Covid19, Corona Virus, Health, Face Mask
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..